UPDATES

ട്രെന്‍ഡിങ്ങ്

തക്കുര്‍ത്ത വീണ്ടും പോരാട്ടവഴിയില്‍; അഴിമുഖം കോളവും ഉടന്‍ ആരംഭിക്കും

കോര്‍പറേറ്റ് ഇന്ത്യയുടെ താത്പര്യങ്ങളെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുന്നതിന്റെ ഉദാഹരണങ്ങളാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്

ചങ്ങാത്ത മുതലാളിത്തം (Crony Capitalism) എങ്ങനെയാണ് എതിര്‍പ്പുകളെ ഇല്ലാതാക്കുന്നത് എന്നതിന്റെ തെളിവുകള്‍ ദിവസംപ്രതി പുറത്തു വരുന്നുണ്ട്. കോര്‍പറേറ്റ് ഇന്ത്യയുടെ താത്പര്യങ്ങളെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുന്നതിന്റെ ഉദാഹരണങ്ങളാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നതും. 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഇകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി (EPW)യുടെ എഡിറ്റര്‍ പദവിയില്‍ നിന്ന് പരഞ്ചോയ് ഗുഹ തക്കൂര്‍ത്ത രാജി വയ്ക്കാനുള്ള സാഹചര്യവും ഇത്തരത്തിലൊന്നു തന്നെയാണ്. അദാനിയുടെ കമ്പനിക്ക് 500 കോടി രൂപയുടെ ലാഭമുണ്ടാകുന്ന വിധത്തില്‍ SEZ നിയമത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു എന്ന വാര്‍ത്ത തന്നെയാണ് അദ്ദേഹത്തിന്റെ പുറത്താക്കലിലേക്ക് നയിച്ചത് എന്നാണ് വിവരം.

ഇ.പി.ഡബ്ല്യു എഡിറ്ററായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് അഴിമുഖത്തില്‍ അദ്ദേഹം കോളം കൈകാര്യം ചെയ്തിരുന്നു. എഡിറ്റര്‍ പദവി ഒഴിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കോളം വീണ്ടും അഴിമുഖത്തില്‍ ആരംഭിക്കും. ഇന്ത്യന്‍ കോര്‍പറേറ്റ് നടക്കുന്ന കള്ളക്കളികളും എങ്ങനെയാണ് പൊതു സമ്പത്ത് ഈ കമ്പനികള്‍ കൊള്ളയടിക്കുന്നത് എന്നും ചൂണ്ടിക്കാണിക്കുന്നവയായിരുന്നു അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍. അതിനൊപ്പം രാഷ്ട്രീയ ചിന്തകന്‍ എന്ന നിലയില്‍ മോദി ഇന്ത്യയില്‍ വരുന്ന മാറ്റങ്ങളും അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ കാണാം.

Also Read: തക്കൂര്‍ത്ത ഇപിഡബ്ല്യു എഡിറ്റര്‍ സ്ഥാനം രാജി വച്ചു; അദാനിക്കെതിരെയുള്ള വാര്‍ത്ത കാരണമെന്ന് സൂചന

ഇന്നലെയാണ് ഡല്‍ഹിയില്‍ ചേര്‍ന്ന ഇ.പി.ഡബ്ല്യു നടത്തുന്ന സമീക്ഷ ട്രസ്റ്റിന്റെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം ഗൗതം അദാനിയുടെ കമ്പനികള്‍ക്കെതിരെ ഇ.പി.ഡബ്ല്യു പ്രസിദ്ധീകരിച്ച രണ്ടു ലേഖനങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. തക്കൂര്‍ത്ത കൂടി ചേര്‍ന്ന് എഴുതിയ ഈ ലേഖനങ്ങള്‍ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ അതിന് അനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി കമ്പനിയുടെ നോട്ടീസ് കിട്ടിയതിനു പിന്നാലെയായിരുന്നു നടപടി. ഇതോടെ എഡിറ്റര്‍ പദവിയില്‍ നിന്ന് ഒഴിവാകാന്‍ തക്കുര്‍ത്ത തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. ദീപക് നയ്യാരാണ് സമീക്ഷ ട്രസ്റ്റിന്റെ അധ്യക്ഷന്‍. ഹിസ്‌റ്റോറിയന്‍ റോമില ഥാപ്പര്‍, പൊളിറ്റിക്കല്‍ സയന്റിസ്റ്റ് രാജീവ് ഭാര്‍ഗവ, സോഷ്യോളജിസ്റ്റ് ദീപാങ്കര്‍ ഗുപ്ത തുടങ്ങിയവര്‍ ബോര്‍ഡ് അംഗങ്ങളാണ്.

35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ തക്കൂര്‍ത്ത ജോലിചെയ്തിട്ടുണ്ട്. കൂടാതെ അധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ‘ഗ്യാസ് വാര്‍’ എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. കല്‍ക്കരി മേഖലയിലെ ആധികാരിക പഠനങ്ങളിലൊന്നാണ് തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററി കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു.

തക്കൂര്‍ത്തയുടെതായി അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇവിടെ വായിക്കാം.

പരഞ്ചോയ് ഗുഹ തകുര്‍ത്ത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍