UPDATES

ട്രെന്‍ഡിങ്ങ്

ആരാണ് എട്ടപ്പന്‍? യൂണിവേഴ്‌സിറ്റി കോളേജ് ഭരിക്കുന്ന ഗുണ്ടാ നേതാക്കന്‍മാര്‍

മാതാപിതാക്കളുടെ എട്ടാമത്തെ കുട്ടിയായതുകൊണ്ടാണ് മഹേഷിന് എട്ടപ്പന്‍ എന്ന പേര് വീണത്‌

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ തേര്‍വാഴ്ച വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളേജും അവിടുത്തെ എസ്എഫ്‌ഐ യൂണിറ്റും കാലാകാലങ്ങളായി ഗുണ്ടാ സംഘങ്ങളുടെ കൈകളിലാണ്. 2000ന്റെ തുടക്കത്തില്‍ കോളേജില്‍ നടന്ന ചാപ്പകുത്തലും മറ്റ് അക്രമ സംഭവങ്ങളുമെല്ലാം എസ്എഫ്‌ഐയിലെ ഗുണ്ടാ സ്വാധീനത്തിന്റെ തെളിവായാണ് കണക്കാക്കപ്പെടുന്നത്. ക്യാമ്പസില്‍ എത്തുന്ന പുതിയ വിദ്യാര്‍ത്ഥികളെ സംഘടനയ്‌ക്കൊപ്പം നിര്‍ത്താന്‍ ഇത്തരം വ്യക്തികളെ അവര്‍ക്ക് ആവശ്യമുണ്ട് താനും. കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയായ ഇവരാണ് എസ്എഫ്‌ഐയുടെയും യൂണിവേഴ്‌സിറ്റി കോളേജിന്റെയും ഭരണം നടത്തുന്നതെന്നാണ് പറയപ്പെടുന്നത്. രണ്ടായിരത്തിന്റെ ആദ്യ പകുതി വരെയും യൂണിവേഴ്‌സിറ്റി കോളേജ് അമ്പിളിയണ്ണന്‍ എന്നറിയപ്പെട്ടിരുന്ന എസ് പി സന്തോഷിന്റെ നിയന്ത്രണത്തിലായിരുന്നെങ്കില്‍ ഇപ്പോള്‍ അത് എട്ടപ്പന്‍ മഹേഷിന്റെ നിയന്ത്രണത്തിലാണ്. അമ്പിളിയണ്ണന് സഹായികളായി ആറ്റിങ്ങല്‍ അയ്യപ്പന്‍ എന്ന ഗുണ്ടയും അയാളുടെ സംഘവും ക്യാമ്പസിന് അകത്തും പുറത്തും പ്രവര്‍ത്തിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ഇവര്‍ക്ക് പ്രത്യേക മുറിയും പരിഗണനയും ലഭിച്ചിരുന്നു.

ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമവും വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റതുമെല്ലാം കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സംഭവം നടന്നത് യൂണിവേഴ്‌സിറ്റി കോളേജിലായതിനാല്‍ സ്വാഭാവികമായും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് എസ്എഫ്‌ഐ ആണ്. അതേസമയം വര്‍ഷങ്ങളായി യൂണിവേഴ്‌സിറ്റി കോളേജിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഗുണ്ടാ സംഘങ്ങളെയും അവര്‍ക്കിടയിലെ കുടിപ്പകയെയും കുറിച്ച് ആരും സംസാരിക്കുന്നതേയില്ല. ഒരുകാലത്ത് ആറ്റിങ്ങല്‍ അയ്യപ്പനെന്ന കുപ്രസിദ്ധ ഗുണ്ടയ്ക്കായിരുന്നു യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന്റെ നിയന്ത്രണം. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്കൊന്നും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് യൂണിവേഴ്‌സിറ്റി കോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ എന്തെങ്കിലും സംസാരിക്കാന്‍ തന്നെ ഈ വിദ്യാര്‍ത്ഥികള്‍ ഭയപ്പെടുന്നുമുണ്ട്. അധികാരം മാത്രം ലക്ഷ്യമാക്കി സംഘടനയുടെ പേരില്‍ ചിലര്‍ കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തികളാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

എസ്എഫ്‌ഐ ഭാരവാഹികളായ ശിവരഞ്ജിത്തും നസീമും കേസില്‍ കുറ്റം സമ്മതിച്ചെങ്കിലും രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നത്. എട്ടപ്പന്‍ മഹേഷ് എന്നറിയപ്പെടുന്ന മുട്ടത്തറ സ്വദേശി മഹേഷ് ആണ് യൂണിവേഴ്‌സിറ്റി കോളേജ് നിയന്ത്രിക്കുന്നതെന്ന് വിദ്യാര്‍ത്ഥികളും കോളേജും ഹോസ്റ്റലുമായി ബന്ധമുള്ള മറ്റു ചിലരും പറയുന്നു. മുമ്പൊരിക്കല്‍ പാളയത്തെ സംസം ഹോട്ടല്‍ അടിച്ചു തകര്‍ത്ത കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. കോളേജിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ മഹേഷ് 2011ല്‍ എസ്എഫ്‌ഐ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിഞ്ഞതായാണ് അറിയുന്നത്. എന്നാല്‍ നസീം ഉള്‍പ്പെടുന്ന പ്രശ്‌നങ്ങളിലെല്ലാം മഹേഷ് ഇടപെടുന്നുണ്ട്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ഡിസംബറില്‍ പാളയത്ത് വച്ച് തന്നെ മര്‍ദ്ദിച്ച കേസില്‍ നസീമിനെതിരെ കേസ് കൊടുത്ത ശരത് എന്ന പോലീസുകാരനെ കടയ്ക്കലിലെ വീട്ടിലെത്തി മഹേഷ് ഭീഷണിപ്പെടുത്തിയത്. മഹേഷിന്റെ വലംകൈയെന്നാണ് നസീം അറിയപ്പെടുന്നത് തന്നെ. കോളേജിലെ ഏത് കോഴ്‌സിനാണെങ്കിലും അഡ്മിഷന്‍ തരപ്പെടുത്തിക്കൊടുക്കാനുള്ള സ്വാധീനവും മഹേഷിനുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഒരു കാലത്ത് മഹേഷിന്റെ കൂട്ടാളിയായിരുന്ന മുന്‍ വിദ്യാര്‍ത്ഥിയും മഹേഷും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയപ്പെടുന്നു. മഹേഷിന് നിലവില്‍ പ്രത്യക്ഷത്തില്‍ കോളേജുമായി ബന്ധമില്ലെങ്കിലും മഹേഷിന്റെ വിശ്വസ്ഥനായ നസീമും കൂട്ടാളികളും എതിര്‍ സംഘവുമായി ഏതാനും നാളുകളായി സംഘര്‍ഷത്തിലേര്‍പ്പെടുന്നത് പതിവായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. മുട്ടത്തറ യൂണിവേഴ്‌സിറ്റി കോളേജിന് സ്വാധീനമുള്ള മേഖലയാണ്. ഇവിടെ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ എല്ലാക്കാലത്തും ആധിപത്യമുണ്ടാകുന്നതും പതിവായിരുന്നു. ഈ ആധിപത്യമാണ് മഹേഷും നിലനിര്‍ത്തി പോന്നത്. മാതാപിതാക്കളുടെ എട്ടാമത്തെ കുട്ടിയായതുകൊണ്ടാണ് എട്ടപ്പന്‍ എന്ന പേര് വീണതെന്ന് മഹേഷ് തന്നെ മുമ്പ് പറഞ്ഞിട്ടുള്ളതായി എസ്എഫ്‌ഐ നേതാവ് കൂടിയായിരുന്ന ഒരു മുന്‍ വിദ്യാര്‍ത്ഥി പറയുന്നു.

അതേസമയം തിരുവനന്തപുരത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സിപിഎം നേതൃത്വവുമായോ സംഘടനയുടെ സംസ്ഥാന നേതൃത്വവുമായോ കാര്യമായ ബന്ധമില്ലെന്നാണ് ചില മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നത്. മറ്റ് ജില്ലകളില്‍ പാര്‍ട്ടി ഓഫീസുകളും ഡിവൈഎഫ്‌ഐ ഓഫീസുകളും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കേന്ദ്രമാകുമ്പോള്‍ യൂത്ത് ഹോസ്റ്റല്‍, യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍, സ്റ്റുഡന്റ്‌സ് സെന്റര്‍ എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ പാര്‍ട്ടി നേതൃത്വത്തിന് ഇവര്‍ക്ക് മേല്‍ കാര്യമായ നിയന്ത്രണമില്ല. ഈ സാഹചര്യമാണ് എട്ടപ്പനെ പോലുള്ളവര്‍ ഉപയോഗിക്കുന്നത്.

ഇത് കൂടാതെ നിലവില്‍ എസ്എഫ്‌ഐ ഭാരവാഹിത്വത്തിലുള്ള മിക്കവര്‍ക്കും 25 വയസ്സില്‍ താഴെയാണ് പ്രായം. മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ക്കുള്ള സാധ്യതകളുണ്ടാകുമ്പോള്‍ സംഘടനയിലെ മുതിര്‍ന്ന നേതാക്കളുടെ പക്വമായ ഇടപെടലുകള്‍ അത് ഒഴിവാകാന്‍ സഹായിച്ചിരുന്നു. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതൃത്വത്തിന്റെ എടുത്തുചാട്ടവും പക്വതയില്ലായ്മയും നിരന്തര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Read More: യൂണിവേഴ്‌സിറ്റി കോളെജ്: നസീമും എസ്എഫ്‌ഐ സംഘവും മര്‍ദ്ദിച്ച പൊലീസുകാരന്‍ ആറ് മാസത്തിനുശേഷവും സസ്‌പെന്‍ഷനില്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍