UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് വോട്ടുകൊണ്ട് കോണ്‍ഗ്രസുകാര്‍ പോലും ജയിച്ചിട്ടില്ല, പിന്നല്ലേ ബിജെപി: കെ മുരളീധരന്‍

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെടാന്‍ ത്രിപുരക്കാര്‍ ബിജെപിയെ ജയിപ്പിച്ചതാണെന്നും മുരളീധരന്‍

ഒരു കോര്‍പ്പറേഷന്റെ വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബിജെപിയെ നേരിടാനാകാത്ത സിപിഎം ആണ് രാജ്യത്ത് ബിജെപിയെ നേരിടാന്‍ പോകുന്നതെന്ന് കെ മുരളീധരന്‍ എംഎല്‍എ. ത്രിപുരയില്‍ സിപിഎമ്മും ബിജെപിയും മത്സരിച്ചപ്പോള്‍ സിപിഎം ജയിക്കണമെന്ന് ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ട് ബിജെപി ജയിച്ചെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയുടെ കണ്ടെത്തല്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഒരു കോണ്‍ഗ്രസുകാരന്‍ പോലും ജയിച്ചിട്ടില്ല. പിന്നെങ്ങനെ ബിജെപി ജയിക്കുമെന്ന് മുരളീധരന്‍ ചോദിക്കുന്നു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെടാന്‍ ത്രിപുരക്കാര്‍ ബിജെപിയെ ജയിപ്പിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു.

മട്ടന്നൂരിലെ ഷുഹൈബ് വധം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയുടെ ചെക്കു കേസ് ഒതുക്കി തീര്‍ക്കുന്നതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ നടത്തിയതാണോയെന്ന് സംശയിക്കണം. ഒരു രാഷ്ട്രീയ സംഘര്‍ഷവും ഇല്ലാതിരുന്ന സ്ഥലത്താണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അതിന്റെ തൊട്ടടുത്ത ദിവസം ബിനോയിയുടെ യാത്രാ വിലക്ക് ഇല്ലാതാകുകയും ചെയ്തു. ഈ കേസ് ഒതുക്കി തീര്‍ത്തതിന് പിന്നില്‍ ലോക കേരള സഭയില്‍ പങ്കെടുത്ത മുതലാളിമാരാണെന്നും മുരളീധരന്‍ ആരോപിക്കുന്നു.

ഷുഹൈബ് വധത്തോടെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ മുഴുവന്‍ വഴിമാറിയത് ശ്രദ്ധേയമാണെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോഴിക്കോട് യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍