UPDATES

ട്രെന്‍ഡിങ്ങ്

കൊലയാളികളായി മക്കള്‍ വീട്ടുമുറ്റത്ത്, അച്ഛന്‍ മാറി നിന്നു; അമ്പൂരി കൊലക്കേസില്‍ പോലീസിന് ജയ് വിളിച്ച് നാട്ടുകാര്‍

തൊണ്ടിമുതലുകള്‍ കാണിച്ചുകൊടുക്കുമ്പോഴും പ്രതികള്‍ക്ക് യാതൊരു കൂസലുമില്ലായിരുന്നു

കൊലക്കേസ് പ്രതികളായി മക്കളെ വീട്ടുമുറ്റത്തെത്തിച്ചപ്പോള്‍ അത് കാണാനാകാതെ അച്ഛന്‍ മാറി നിന്നു. അമ്പൂരി കൊലക്കേസ് പ്രതികളായ അഖിലിനെയും രാഹുലിനെയും തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോഴാണ് അച്ഛന്‍ രാജപ്പന്‍ നായര്‍ വാതില്‍ തുറന്നുകൊടുത്ത ശേഷം പിന്‍വശത്തെ മുറിയിലേക്ക് മാറി നിന്നത്. പൂവാര്‍ തിരുപുറം പുത്തന്‍കട സ്വദേശി രാഖിയെ കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പാണ് ഇന്ന് അമ്പൂരിയിലെ ഇവരുടെ വീട്ടില്‍ പൂര്‍ത്തിയായത്. കേസിലെ തൊണ്ടിമുതലുകള്‍ പോലീസ് കണ്ടെടുത്തു.

രാഖിയുടെ മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച പിക്കാസും മണ്‍വെട്ടിയും കണ്ടെടുത്തു. ഒന്നാം പ്രതി അഖിലിന്റെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. അഖില്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളും പോലീസിന് തൊണ്ടിമുതല്‍ കാണിച്ചുകൊടുത്തു. നാട്ടുകാരുടെ പ്രതിഷേധം മൂലം കഴിഞ്ഞ ദിവസം ഒന്നാം പ്രതിയായ അഖിലുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇത്തവണ പോലീസ് കൂടുതല്‍ കരുതലോടെയാണ് പ്രതികളെ കൊണ്ടുവന്നത്. കഴിഞ്ഞ തവണ അഖിലിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞിരുന്നു. ഇത്തവണ നാട്ടുകാര്‍ പോലീസിന് ജയ് വിളിച്ചു. രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ അഖിലിന്റെ വീട്ടിലായിരുന്നു തെളിവെടുപ്പ്. പിക്കാസും മണ്‍വെട്ടിയും പ്രതികള്‍ പോലീസിന് കാണിച്ചുകൊടുത്തു. തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞ രാഖിയുടെ ചെരുപ്പും കണ്ടെടുത്തു.

തൊണ്ടിമുതലുകള്‍ കാണിച്ചുകൊടുക്കുമ്പോഴും പ്രതികള്‍ക്ക് യാതൊരു കൂസലുമില്ലായിരുന്നു. രാഖിയുടെ മൃതദേഹം കുഴിച്ചിട്ട കുഴിയില്‍ വിതറാനായി ഉപ്പ് വാങ്ങിയ കടയിലും പോലീസ് തെളിവെടുപ്പ് നടത്തി. കേസിലെ രണ്ടാം പ്രതി രാഹുലിനെയാണ് കുടുംബ വീട്ടിലെത്തിച്ചത്. ആദ്യം പ്രതിയെ പുരയിടത്തിലേക്ക് കൊണ്ടു പോയ പോലീസ് ചെരുപ്പ് കണ്ടെടുത്ത ശേഷം കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. പ്രതിഷേധക്കാരെ ഭയന്ന് വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. തന്റെ മൊബൈല്‍ ഫോണും കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും രാഹുല്‍ പോലീസിന് കാണിച്ചുകൊടുത്തു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇയാളെ പുറത്തിറക്കി. പിന്നീട് കുഴിയെടുക്കാന്‍ ഉപയോഗിച്ച മണ്‍വെട്ടി പോലീസിന് കാണിച്ചുകൊടുത്തു. തെളിവെടുപ്പിന് ശേഷം ആദര്‍ശിന്റെ വീടിന്റെ പിന്‍ഭാഗത്ത് കൂടിയാണ് രാഹുലിനെ വാനിലേക്ക് കയറ്റിയത്.

രാഖിയെ കാറില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കയര്‍, രാഖിയുടെ ഒരു ചെരുപ്പ്, കുഴിയെടുക്കാന്‍ ഉപയോഗിച്ച മൂന്ന് മണ്‍വെട്ടി, ഒരു പിക്ക് ആക്‌സ്, ഒരു കമ്പിപ്പാര എന്നിവയും കണ്ടെത്തി. അതേസമയം കൊല്ലപ്പെട്ട ദിവസം രാഖി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. കൂടാതെ രാഖിയുടെ ബാഗും മൊബൈല്‍ഫോണും കണ്ടെത്തിയിട്ടില്ല. വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ കത്തിച്ച സ്ഥലം കണ്ടെത്തിയില്ല. വസ്ത്രങ്ങള്‍ ഡല്‍ഹി യാത്രക്കിടെ കുറ്റിക്കാട്ടിലും ബാഗ് നദിയിലും കളഞ്ഞെന്നാണ് അഖിലിന്റെ മൊഴി. രാഖിയുടെ മറ്റൊരു ചെരുപ്പും കണ്ടെത്തേണ്ടതുണ്ട്.

read more:അഭിമന്യു വധം: പിടികിട്ടാനുള്ള രണ്ടു പ്രതികളും എസ്ഡിപിഐയുടെ സംരക്ഷണത്തിലെന്ന് വെളിപ്പെടുത്തല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍