UPDATES

വായിച്ചോ‌

പ്രായമായ പക്ഷികള്‍ മരിക്കാന്‍ പോകുന്നത് എവിടെയാണ്?

അരുന്ധതി റോയി എഴുതിയ ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്സിലെ ഏതാനും ഭാഗങ്ങള്‍

ജൂണ്‍ ആറിന് പുറത്തിറങ്ങുന്ന ബുക്കര്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയി എഴുതിയ രണ്ടാമത്തെ നോവലായ ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സില്‍ നിന്ന് ഏതാനും ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍.

അധ്യായം 1
പ്രായമായ പക്ഷികള്‍ മരിക്കാന്‍ പോകുന്നത് എവിടെയാണ്?

ശ്മശാനത്തില്‍ ഒരു മരം പോലെയാണ് അവള്‍ കഴിഞ്ഞത്. പുലരിയില്‍ അവള്‍ കാക്കകളെ യാത്രയയ്ക്കുകയും വവ്വാലുകള്‍ക്ക് സ്വാഗതമോതുകയും ചെയ്തു. സന്ധ്യക്കവള്‍ അത് തിരിച്ചാണ് ചെയ്തത്. ഇടവേളകളില്‍ തന്റെ കൊമ്പുകളില്‍ നിറഞ്ഞിരുന്ന കഴുകന്മാരുടെ പ്രേതങ്ങളുമായി അവള്‍ വര്‍ത്തമാനങ്ങളില്‍ മുഴുകി. അവയുടെ നഖങ്ങളുടെ നനുത്ത പിടി മുറിഞ്ഞുപോയൊരു അവയവത്തിലെ വേദന പോലെ അവള്‍ക്ക് തോന്നി. ഒഴിവുകഴിവ് പറഞ്ഞ് ഈ കഥയില്‍ നിന്നും പോയതില്‍ അവര്‍ വല്ലാതെ അസന്തുഷ്ടരല്ലെന്ന് അവള്‍ മനസിലാക്കി.

ആദ്യം എത്തിയപ്പോള്‍, ഒരു മരത്തെപ്പോലെ മാസങ്ങളോളം നീണ്ട സാധാരണമായ ക്രൂരതകള്‍ അവള്‍ സഹിച്ചു; ഒട്ടും ചൂളാതെ. ഏത് ചെറിയ ആണ്‍കുട്ടിയാണ് തന്നെ കല്ലെറിഞ്ഞതെന്ന് നോക്കാന്‍ അവള്‍ തിരിഞ്ഞില്ല, തന്റെ തടിപ്പുറത്ത് കോറിയിട്ട നിന്ദാവചനങ്ങള്‍ വായിക്കാന്‍ കഴുത്ത് നീട്ടിപ്പിടിച്ചില്ല. ആളുകള്‍ അവളെ അപഹസിച്ചപ്പോള്‍ ആ വേദന ഒരു നനുത്ത കാറ്റുപോലെ തന്റെ ശാഖികളിലൂടെ വീശിപ്പോകാന്‍ അവള്‍ അനുവദിച്ചു, ഇലകളുടെ മര്‍മ്മരങ്ങളുടെ സംഗീതം വേദനയെ തഴുകുന്ന ലേപനം പോലെ മാറ്റി.

ഫത്തേപുരി പള്ളിയിലെ അന്ധനായ ഇമാം സിയാവുദ്ദീന്‍, അവളുമായി കൂട്ടാവുകയും സന്ദര്‍ശിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് അവളെ ശല്യം ചെയ്യാതെ വിടാന്‍ സമയമായി എന്നു അയല്‍ക്കാര്‍ തീരുമാനിച്ചത്…

അധ്യായം 2
ഖ്വാബ്ഗാ

ചുറ്റുമതിലുകളുടെ നഗരമായ ഡല്‍ഹിയില്‍, ഷാജഹാന്‍ബാദില്‍ എണ്ണവിളക്കിന്റെ (വൈദ്യുതി പോയിരുന്നു) വെളിച്ചത്തില്‍, ജനുവരിയിലെ ഒരു തണുത്ത രാത്രിയില്‍, അഞ്ചു മക്കളില്‍ നാലാമതായിരുന്നു അവള്‍. രണ്ടു തുണികളിലായി പൊതിഞ്ഞെടുത്ത് അമ്മയുടെ കൈകളിലേക്ക് അവളെ ഏല്‍പ്പിച്ച വയറ്റാട്ടി അഹ്ലാം ബാജി പറഞ്ഞു,’ആണ്‍കുട്ടിയാണ്.’ അപ്പോഴത്തെ സാഹചര്യങ്ങള്‍ നോക്കിയാല്‍, അവരുടെ പിഴവ് മനസിലാക്കാവുന്നതേയുള്ളൂ.

ആദ്യഗര്‍ഭത്തിന്റെ ഒരു മാസം ആയപ്പോഴേക്കും കുട്ടി ആണാണെങ്കില്‍ അവന് അഫ്താബ് എന്ന് പേരിടണമെന്ന് ജഹ്‌നാര ബീഗവും ഭര്‍ത്താവും തീരുമാനിച്ചിരുന്നു. ആദ്യത്തെ മൂന്നും പെണ്ണായിരുന്നു. ആറ് കൊല്ലമായിരുന്നു അവര്‍ അഫ്താബിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. അവന്‍ പിറന്ന ദിവസമായിരുന്നു ജഹ്‌നാര ബീഗത്തിന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ളാദകരമായ ദിവസം. അടുത്ത പ്രഭാതത്തില്‍, സൂര്യനുദിച്ച് മുറി സുന്ദരവും ഊഷ്മളവും ആയിരുന്നപ്പോള്‍, അവള്‍ കുഞ്ഞ് അഫ്താബിനെ പൊതിഞ്ഞ തുണികളഴിച്ചു. അവന്റെ കുഞ്ഞുശരീരം അവള്‍ ഒന്നൊന്നായി നോക്കി കണ്ണുകള്‍, മൂക്ക, തല, കഴുത്ത്, കക്ഷം, വിരലുകള്‍, കാല്‍ വിരല്‍ത്തുമ്പുകള്‍ ഉള്‍നിറവോടെ, തിടുക്കപ്പെടാത്ത ആനന്ദത്തോടെ. അപ്പോഴാണ് അവള്‍ കണ്ടെത്തിയത്, അവന്റെ ആണ്‍കുട്ടിയുടെ ശരീരഭാഗങ്ങളുടെ അടിയില്‍ പതിഞ്ഞുകിടക്കുന്ന, രൂപംകൊള്ളാത്ത, പക്ഷേ സംശയമില്ലാത്ത തരത്തില്‍ ഒരു പെണ്‍ഭാഗം…

കൂടുതല്‍ വായിക്കാന്‍ https://goo.gl/fiy1C3

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍