UPDATES

ട്രെന്‍ഡിങ്ങ്

ആരാച്ചാരുടെ പ്രതിഫലം അഞ്ഞൂറില്‍ നിന്നും രണ്ടു ലക്ഷമാക്കി: പക്ഷെ അടുത്തെങ്ങും വധശിക്ഷയില്ല

1992ല്‍ റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷയാണ് കേരളത്തില്‍ ഏറ്റവും ഒടുവില്‍ നടപ്പാക്കിയത്

ആരാച്ചാന്മാരുടെ പ്രതിഫലം അഞ്ഞൂറ് രൂപയില്‍ നിന്നും രണ്ടു ലക്ഷമാക്കി. പ്രതിഫലം വര്‍ധിപ്പിച്ചതോടെ ആരാച്ചാരാകാനുള്ള അപേക്ഷകളിലും വര്‍ധനവുണ്ടായി. 12 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ആരാച്ചാര്‍ തസ്തികയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അതേസമയം അടുത്തെങ്ങും വധശിക്ഷ നടപ്പാക്കാനില്ലാത്തതിനാല്‍ ഈ അപേക്ഷകളൊന്നും പരിഗണിക്കാനാകാത്ത അവസ്ഥയിലാണ് ജയില്‍ അധികൃതര്‍.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എല്ലാവരും അപ്പീല്‍ നല്‍കി കാത്തിരിക്കുകയാണ്. പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുമുറിയുള്ളത്. വധശിക്ഷാ മുറിയിലെ തൂക്കുമരത്തിന്റെ ലിവര്‍ വലിക്കുക മാത്രമാണ് ആരാച്ചാരുടെ ജോലി. കണ്ണൂരില്‍ ഒരേസമയം രണ്ട് പേരെ തൂക്കിലേറ്റാം. ഇവിടെയാണ് ഏറ്റവുമൊടുവില്‍ വധശിക്ഷ നടപ്പാക്കിയത്. 1992ല്‍ റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷയാണ് കേരളത്തില്‍ ഏറ്റവും ഒടുവില്‍ നടപ്പായത്. 15 പേരെ തലയ്ക്കടിച്ച് കൊന്ന കേസിലായിരുന്നു ശിക്ഷ. 1990ല്‍ കണ്ണൂരില്‍ തന്നെ വാകേരി ബാലകൃഷ്ണന്റെ വധശിക്ഷയും നടപ്പാക്കി. വയനാട്ടിലെ ഒരു കുടുംബത്തിലെ മുഴുവന്‍ പേരെയും കൊന്നതിനായിരുന്നു ശിക്ഷ. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 1971ല്‍ അഴകേശനെ തൂക്കിക്കൊന്ന ശേഷം വേറെ ശിക്ഷ നടപ്പാക്കിയിട്ടില്ല.

പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലായി 22 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. ഇതില്‍ കണ്ണൂരിലുള്ള രണ്ടു പേരുടെയും ശിക്ഷ സുപ്രിം കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. വധശിക്ഷ ലഭിച്ച ഗോവിന്ദച്ചാമി, ആന്റണി, രാജേഷ് എന്നിവരുടെ വധശിക്ഷ സുപ്രിംകോടതി ജീവപര്യന്തമാക്കി കുറച്ചു. ദിവസവും സമയവും രേഖപ്പെടുത്തി ജയില്‍ സൂപ്രണ്ടിന് ബ്ലാക്ക് വാറന്റ് ലഭിച്ചാലേ വധശിക്ഷ നടപ്പാക്കാനാകൂ. ശിക്ഷ വിധിച്ച കോടതിയാണ് ബ്ലാക്ക് വാറന്റ് നല്‍കേണ്ടത്. ബ്ലാക്ക് വാറന്റിന് നിരവധി നടപടിക്രമങ്ങളുണ്ട്. ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സുപ്രിംകോടതിയില്‍ വരെ അപ്പീല്‍ നല്‍കാം. അവിടെയും ശിക്ഷ ശരിവച്ചാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാം. ഇതും തള്ളിയാല്‍ മാത്രമാണ് ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കാന്‍ സാധിക്കൂ. വധശിക്ഷയ്‌ക്കെതിരെ ജനവികാരം ശക്തമായതിനാല്‍ വളരെ ശ്രദ്ധിച്ചാണ് സുപ്രിംകോടതിയും രാഷ്ട്രപതിയും തീരുമാനമെടുക്കുന്നത്. മുംബൈ സ്‌ഫോടനക്കേസ് പ്രതി അജ്മല്‍ കസബിനെയാണ് രാജ്യത്ത് ഏറ്റവുമൊടുവില്‍ തൂക്കിക്കൊന്നത്.

ആരാച്ചാരുടെ വിവരങ്ങള്‍ ജയില്‍ വകുപ്പ് പുറത്തുവിടാറില്ലെങ്കിലും പ്രതിഫലം അഞ്ഞൂറ് രൂപയായിരുന്നപ്പോള്‍ ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. പുതിയ ജയില്‍ ചട്ടത്തിന്റെ ഭാഗമായി ഇത് രണ്ട് ലക്ഷം രൂപയാക്കിയപ്പോള്‍ രണ്ട് ജയിലുകളിലേക്കായി 12 പേരുടെ അപേക്ഷ എത്തുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍