UPDATES

ട്രെന്‍ഡിങ്ങ്

പുറത്താക്കിയ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു

കൊലയാളി പൊലീസിനു കീഴടങ്ങി

അച്ചടക്കനടപടിയുടെ ഭാഗമായി പുറത്താക്കിയ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 12ല്‍ അധികം പേര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. പ്രതിയായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വടക്കന്‍ മിയാമിയില്‍ നിന്നും 72 കിലോമീറ്റര്‍ അകലെയായി പാര്‍ക് ലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന മെജോറിറ്റി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് അത്യാഹിതം നടന്നത്.
നിക്കോളസ് ക്രൂസ് എന്ന 19 കാരനാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നും ഇയാളെ അച്ചടക്കനടപടിയുടെ പേരില്‍ ഈ സ്‌കൂളില്‍ നിന്നും പുറത്താക്കിയതാണെന്നും പൊലീസ് പറയുന്നു. യുഎസ് സൈന്യം സ്‌പോണ്‍സര്‍ ചെയ്യുന്ന ജൂനിയര്‍ റിസര്‍വ് ഓഫിസേഴ്‌സ് ട്രെയിനിംഗ് കോര്‍പ്പ് പ്രോഗ്രാമിന്റെ ഭാഗമായിരുന്നു നിക്കോളസ് ക്രൂസ് എന്ന് ഇതേ പ്രോഗ്രാമിലെ മുന്‍ അംഗമായിരുന്ന ജില്ലിയന്‍ ഡേവിസ് എന്ന 19 കാരി റോയിട്ടേഴ്‌സിനോട് പറയുന്നുണ്ട്. ചിലസമയങ്ങളില്‍ ക്രൂസ് സ്‌കൂളില്‍ കത്തിയും തോക്കുമായൊക്കെ വരാറുണ്ടായിരുന്നുവെന്നും എന്നാല്‍ ആരുമവനെ കാര്യമായി എടുത്തിരുന്നുല്ലെന്നും ഡേവിസ് പറയുന്നു. തോക്കുകളോട് വല്ലാതെ ആവേശം കാണിച്ചിരുന്ന ക്രൂസ് പലപ്പോഴും ഒരു ക്രൂരനെപോലെയാണ് പെരുമാറിയിരുന്നതെന്നാണ് ചാഡ് വില്യംസ് എന്ന വിദ്യാര്‍ത്ഥിയും പറയുന്നത്.

വെടിവയ്പ്പിനുശേഷം ക്രൂസ് യാതൊരുവിധ ചെറുത്തുനില്‍പ്പും നടത്താതെ പൊലീസിനു കീഴടങ്ങുകയായിരുന്നുവെന്നും ഇയാളുടെ കൈവശം എആര്‍-15 മോഡല്‍ തോക്ക് ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആയുധങ്ങളെക്കുറിച്ചുള്ള ഒരു മാഗസിനും ഇയാളുടെ കൈയില്‍ ഉണ്ടായിരുന്നു.

ക്രൂസിന്റെ വെടിയേറ്റ് 12 പേര്‍ സ്‌കൂളിനകത്ത് തന്നെയും രണ്ടുപേര്‍ പുറത്തും ഒരാള്‍ സ്‌കൂള്‍ കോമ്പൗണ്ടിനും പുറത്തുമായാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ജീവന്‍ നഷ്ടപ്പെടുന്നത്. മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും സ്‌കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുമുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ അഞ്ചുപേരുടെ നിലഗുരതരമാണ്.

ഈ വര്‍ഷം അമേരിക്കയില്‍ നടക്കുന്ന 18 ആമത്തെ വെടിവയ്പ്പ് സംഭവമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍