UPDATES

വായന/സംസ്കാരം

കമൽറാം സജീവ് എന്ന ജേർണലിസ്റ്റ് മാറി സുഭാഷ് ചന്ദ്രൻ എന്ന റൈറ്റർ എഡിറ്ററാവുന്ന മാതൃഭൂമി : ചില നിരീക്ഷണങ്ങൾ

സംഘർഷങ്ങളുടെ കാലത്ത് നീറ്റാവുന്നതും ഒരു പ്രതിരോധമാണ്. വിടാതെ വായിക്കുന്നതിലൊന്നും സ്ഥിരം വായനക്കാർക്ക് വിരോധം ഉണ്ടാവില്ല

കമൽറാം സജീവ് എന്ന ജേർണലിസ്റ്റ് മാറി സുഭാഷ് ചന്ദ്രൻ എന്ന റൈറ്റർ എഡിറ്ററാവുന്ന ട്രാൻസിഷൻ വീക്കിൽ ആഴ്ചപ്പതിപ്പിന്റെ വായനക്കാർ കൊണ്ട് നടന്ന സന്ദേഹങ്ങൾക്കൊരു തുടർച്ചയാണീ എളിയ നിരീക്ഷണങ്ങൾ.

1. മുഖചിത്രത്തിൽ അഞ്ച് പേരുടെ മുഖങ്ങൾ കാണാം. അതിൽ മുണ്ടും ജുബ്ബയുമിട്ട സി രാധാകൃഷ്ണനും ഷർട്ടും ജീൻസുമിട്ട ഫ്രാൻസിസ് നെറോണയും കളറിലാണ്. അതിന് താഴെ ടിഡി രാമകൃഷ്ണന്റെ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ വായിക്കാം, “മടങ്ങിയെത്തുന്നവരും തുടരുന്നവരും”. കമൽറാം കാലത്തെ വായനക്കാരെയും കമൽറാം പൂർവ്വ വായനക്കാരെയും ഒരു പോലെ അഭിവാദ്യം ചെയ്യുന്ന മൂന്നാം പേജിലെ പിവി ചന്ദ്രന്റെ ചെറുകുറുപ്പിനും ഇതെ തലക്കെട്ട് അനുയോജ്യമാണ്.

വായനയിലെ വിവിധ തുറവുകളോട് സംവദിക്കുന്ന ആ എഡിറ്റോറിയൽ നോട്ടിലെ സുപ്രധാനമായൊരു പ്രയോഗം കൂടി ഇവിടെ എടുത്തെഴുതണം “…ഗുരുത്വകേടുകളെ കേമത്തമെന്ന് തെറ്റിയെണ്ണുന്ന ഒരു കാലത്ത്, സർഗാത്മകതയുടെ വലിയ വെളിച്ചത്തിന് പ്രസക്തി ഏറുക തന്നെയാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” ഗുരുത്വകേടുകളുടെ നിഷേധാത്മകത ഒരു പിടി വായനക്കാരെ ആഴ്ചപ്പതിപ്പിൽ നിന്നും അകറ്റി മാറ്റിയിരുന്നുവല്ലൊ. അവർ മടങ്ങിയെത്തുമെന്നും അത്തരം നിഷേധാത്മകളുടെ ആളുകൾ തുടർന്ന് പോകുമെന്നും ആവാം എഡിറ്റോറിയൽ ബോർഡ് പ്രത്യാശിക്കുന്നത്. മുണ്ടും ജീൻസും ഇട്ടവർ ഒരുമിച്ച് തന്നെ മുന്നോട്ട് പോകുമെന്ന്. രണ്ട് ഭാവുകത്വങ്ങളെയും പ്രതിനിധാനം ചെയ്യുന്ന രണ്ട് പേരുടെ മുഖചിത്രവും അതിന്റെ സാംഗത്യത്തെ സമർത്ഥമായ് ധ്വനിപ്പിക്കുന്ന ലേഖനത്തലക്കെട്ടും മികച്ച ഒരു ഡിസൈൻ വർക്കാണെന്ന് പറയാതെ വയ്യ. മുകൾഭാഗതത്തായ് ഇ സന്തോഷ് കുമാർ, അഷിത, നമ്പൂതിരി തുടങ്ങിയവരുടെ ചിത്രങ്ങളും അനുബന്ധ അറിയിപ്പുകളും താഴെ ജോസഫിന്റെയും ജയദേവന്റെയും കവിതകളുണ്ടെന്ന വാർത്തയും കൊടുത്തിരിക്കുന്നു.

2. സാറാ ജോസഫിന്റെ ബുധിനി എന്ന നോവൽ തുടരൻ അടിക്കുമെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അത് ഇന്ത്യയൊട്ടാകെ ചർച്ചയാവുമെന്നും രണ്ടാം പേജിൽ കാണാം. നെഹ്റു ഇന്ത്യയെ കണ്ടെത്തി അര നൂറ്റാണ്ട് കഴിഞ്ഞ് നെഹ്റുവിനെ ഇന്ത്യ കണ്ടെത്തുന്ന ചരിത്രസന്ദർഭത്തിൽ സാറയുടെ നോവൽ അവസരോചിതമായിരിക്കും.

വായനക്കാർ എഴുതുന്നു എന്ന പംക്തിയിലെ ഒന്നാമത്തെ തലക്കെട്ട് “നെഹ്റുവിന്റെ ശാസ്ത്രബോധത്തെ വീണ്ടും വായിക്കുമ്പോൾ”, രണ്ടാമത്തെ തലക്കെട്ട് “അന്യമാകുന്ന നെഹ്റുവിയൻ ഇന്ത്യ” ഒക്കെ മികച്ച പശ്ചാത്തലഭംഗിയൊരുക്കുന്നുണ്ട്. ഒരു മോഡേണിസ്റ്റായ നെഹ്റുവിനെ മുന്നിലേക്ക് വെക്കുക എന്നാൽ കമൽറാം കാലത്തെ പോസ്റ്റ് മോഡേണിസ്റ്റ് റൈറ്റേഴ്സിനുള്ള കൃത്യമായൊരു സന്ദേശം കൂടിയായിരിക്കണം.

3. ഒമ്പതാമത്തെ പേജിൽ വികെഎന്നിന്റെ ഒരു പാസ്പോര്ട്ട് സൈസ് ചിത്രം ഉണ്ട്. പയ്യൻസ് ആയിരുന്ന ഒരു കാലം. നെഞ്ചിലെ രോമങ്ങളൊക്കെ കാണാം.

4. പത്താമത്തെയും പതിനൊന്നാമത്തെയും പേജിൽ മദനൻ ശക്തമായ് തിരിച്ച് വന്നിരിക്കുന്നു. സി രാധാകൃഷ്ണന്റെ കഥ “യക്ഷി.” പോസ്റ്റ് മോഡേൺ പ്രത്യയശാസ്ത്രരസികതയ്ക്ക് പകരം പച്ചപ്പ് കൊണ്ടൊരു തണുത്ത കൂടാരം. മദനന്റെ കാറ്റർപ്പില്ലർ ഒപ്പ് എത്ര കണ്ടാലും മതിയാവില്ല.

5. ജോസഫിന്റെ സത്യം എന്ന കവിതയ്ക്ക് ചേർത്തിരിക്കുന്ന ചിത്രം ആധുനികതയുടെ ചുവയുള്ളതാണ്. കടമ്മനിട്ടയുടെ ഏത് പുസ്തകത്തിനും പുറംചട്ടയാക്കാൻ കൊള്ളാം. “സത്യം ഒരു നാൽക്കവലയിൽ വണ്ടിക്കൂലിയില്ലാതെ നിൽക്കുന്നു/ ഒരു കള്ളനോട്ടടിക്കാരൻ കൊടുത്ത പണം കൊണ്ട് അത്/ എങ്ങോട്ടൊ വണ്ടി കയറുന്നു.” കൽപ്പറ്റയുടെ കവിതയിലില്ലാത്ത ഒരു പക്ഷപാതിത്വമാണ് ഈ കവിതയിലെ പോസ്റ്റ് ട്രൂത്ത് ആകുലതയിൽ കാണുന്നത്‌. കള്ളനോട്ടടിക്കാരൻ എന്ന് നിശിതമാക്കുമ്പൊഴും എങ്ങോട്ടൊ വണ്ടി കയറുന്നു എന്ന് ഒരു അലസസന്ദേഹം അവിടെ കവിത കൊണ്ട് വരുന്നുണ്ട്. അബ്രാഹ്മണിക്കൽ പക്ഷവും മാർക്സിസ്റ്റുകളും അപ്പുറമിപ്പുറം ഇരുന്ന് കണ്ടെത്തുന്നതെല്ലാം ചുമക്കണമെന്നില്ല ഫാസിസകാലത്ത് പ്രതിരോധം തീർക്കുന്ന കവിത. തെറി പറയണമെന്നുമില്ല.

6. തുടർന്ന് ഇ സന്തോഷ് കുമാറിന്റെ കഥ. നല്ലതാന്ന് കേൾക്കുന്നു.

7. ടിഡി രാമകൃഷ്ണൻ പതിവ് പോലെ മാധ്യമത്തിനയക്കാൻ വച്ച ലേഖനം പോസ്റ്റ്മാൻ മാതൃഭൂമിയിൽ തെറ്റി കൊടുത്തതൊന്നുമാവില്ല. തുടരുന്നവരെയും തൃപ്തിപ്പെടുത്താൻ എഡിറ്റോറിയൽ ബോർഡിന് ബാധ്യതയുണ്ടല്ലൊ. അവർ പോസ്റ്റ്മാനെ സ്വാധീനിച്ചതാവാം.

8. ഖസാക്കിനെ ആദരിക്കുക എന്നാൽ ഗുരുത്വകേടുകളെ കേമത്തമെന്ന് തെറ്റിയെണ്ണുന്ന ഒരു കാലത്ത് ആഴ്ചപ്പതിപ്പിന്റെ ലെജൻട്രി എഡിറ്ററായിരുന്ന എംടിയെ കൂടി ആദരിക്കുകയെന്നാണ്. വിജയനെ പറ്റി എഴുതുമ്പോൾ വിജയനെ പോലെ എഴുതുക എന്ന രീതി കെ ആർ വിനയനും പിന്തുടരുന്നു. പക്ഷേ സംഗതി ഗംഭീരമായി. ഒഎം അനുജൻ, നെറോണ, നമ്പൂതിരി ഇങ്ങനെ നാനാജാതിമതസ്ഥരും ഒടുവിൽ വിജയൻ തന്നെയും എഴുതിയിട്ടുണ്ട്. ഖസാക്കിലെ അപ്പുക്കിളി എന്ന അദ്ധ്യായമല്ല, അതിനും പത്ത് കൊല്ലം മുന്നെ വന്ന മുറുക്കം കുറഞ്ഞ ചെറുകഥ. പഴമയുടെ ഫീൽ കിട്ടാൻ മഞ്ഞത്താളുകൾ ഉപയോഗിക്കുന്നത് ആഴ്ചപ്പതിപ്പിന്റെ ഒരു ശൈലിയായിട്ടുണ്ട്. പക്ഷേ അതിൽ വലിയ കാര്യമൊന്നുമില്ല.

9. അറുപത്തിമൂന്നാം പേജിൽ ചാരി നിൽക്കുന്ന ഇപി രാജഗോപാലൻ അടുത്ത ലക്കവും വിജയനെ വിടാതെ പിടിക്കുന്നുണ്ട്. കർമ്മപലമാവും സാർ എന്ന് കുരുവ്.

10. അഷിതയുമായുള്ള അഭിമുഖം ആഴ്ചപ്പതിപ്പിന്റെ പഴയ വായനക്കാരികൾക്കിടയിൽ ഇതിനോടകം വലിയൊരു ട്രെൻഡായിട്ടുണ്ട്. അത് തീർച്ചയായും ആഴ്ചപ്പതിപ്പിന് ഗുണം ചെയ്യും. ത്ര ച്ചാ ആമിയെ തന്നെ പേർത്തും പേർത്തും.

11. നാടകത്തെ പ്രശാന്ത് നാരായണനും സിനിമയെ കെ ബി വേണുവും കൈകാര്യം ചെയ്യും. ഒന്നിടവിട്ട ലക്കങ്ങളിലെ ഉള്ളൂ. സിനിമ കേറ്റി ഓവറാക്കി ബോറടിപ്പിക്കയും വേണ്ട തീർത്തും ഒഴിവാക്കയും വേണ്ട എന്ന രാഹുൽ ഈശ്വർ ലൈനാരിക്കും. ശ്രീഹരി ശ്രീധരന്റെ കോളം ‘മാറ്റിനി’ ഒരു ഉച്ചപ്പടം പോലെ, മറ്റ് പല പംക്തികൾക്കൊപ്പം ആരോടും പറയാതെ മാറുകയാവാം.

12. ജയദേവന്റെ ജലശയനം എന്ന പദ്യത്തിന് ശേഷം അനുധാവനം എന്ന ഗദ്യം വായിക്കുക പരമ്പരാഗതവായനക്കാർ എന്ന പേരിൽ അവഹേളിക്കപ്പെടുന്നവർക്ക് ശ്ശി പാടാവും. അവർ ഒരിക്കൽ കൂടി ജലശയനം വായിക്കയെ ഉള്ളൂ.

13. രാമചന്ദ്രനെന്ന ഗുഹാമനുഷ്യനും അയാളുടെ അളന്ന് മുറിച്ച കോളവും തുടരുന്നുണ്ട്. കൂലിക്കെഴുതുന്നത് പോലല്ല സീനിയേഴ്സിന്റെ ഫ്രീലാൻസിംഗ്. കോൺട്രാക്ട് ഇസ് കോൺക്രീറ്റ്. മാറ്റമില്ല മാറ്റർ കൊടുത്തെ മതിയാവൂ. ഈ കോളം പരിഭാഷ ചെയ്യുന്നതാരാണാവൊ. നല്ലതാണ് ആ പരിഭാഷാഭാഷ.

14. സംഘപരിവാറിന്റെ സാംസ്കാരികരാഷ്ട്രീയത്തെ വിമർശിച്ച് ഒരു പരുവായതോടെയാണ് ഈ അഴിച്ച് പണി മൊത്തം എന്നാണല്ലൊ കരക്കമ്പി. അത് കൊണ്ടാവാം കെ സഹദേവൻ മോദിനോമിക്സിന്റെ നാലരവർഷത്തെ സാമ്പത്തിക ഡിങ്കോൾഫിക്കേഷൻസിനെ അനലൈസ് ചെയ്യുന്നതിലേക്ക് മോദി വിരുദ്ധത വെട്ടിച്ചുരുക്കിയിരിക്കുന്നത്. സാംസ്കാരികവിമർശനം സിപിഎമ്മിന്റെ നവോത്ഥാനം ഏതാണ്ട് ഹൈജാക്ക് ചെയ്തു. ഇളയിടത്തെ പ്ലേസ് ചെയ്യാൻ ആഴ്ചപ്പതിപ്പിനെ കരുവാക്കുകയും ചെയ്തു. ഇനി അതിനെ വെട്ടണമെങ്കിൽ നവോത്ഥാനത്തെ തള്ളിപ്പറയണം. അത് ആഴ്ചപ്പതിന്റെ മാതൃത്വത്തെ തന്നെ അവഹേളിക്കലും പിതൃത്വത്തെ നിഷേധിക്കലുമായിത്തീരും. അത് കൊണ്ട് അടുത്ത ലക്കത്തിൽ എംഎൻ പിയേഴ്സൺ എന്ന പഴയ പടക്കുതിരയൊക്കെയാണ് അങ്കം. ഈ ലക്കം മാർക്സിസ്റ്റുകളെ ഓപ്പൺ എൻഡിൽ വിട്ടത് ഒരു ടാക്ടിക്കൽ അപ്രോച്ചാവും. മനോരമ കഴിഞ്ഞാൽ മാർക്സിസ്റ്റുകൾ കുറ്റം പറയാൻ വായിക്കുന്നത് ആഴ്ചപ്പതിപ്പാണല്ലൊ. കുറ്റം പറയാനാണേലും ഇരുത്തി വായിക്കുന്ന അവരെ ആദ്യമെ വെറുപ്പിക്കണ്ട എന്ന് കരുതിക്കാണും.

15. കേന്ദ്രസർക്കാരിനെ അനുകരിച്ചെന്ന പോലെ മധുരച്ചൂരലിനെ എൻ ഗുരുവും ബാലപംക്തിയെ വാക്ക് വിത്തും ആക്കിയിട്ടുണ്ട്. ബാലപംക്തി ഒരു ബ്രാൻഡ് നേം ആയിരുന്നു. പാവം കുഞ്ഞുണ്ണി മാഷ്.

16. പുസ്തകുറിപ്പുകൾ അനുപേക്ഷണീയമാണല്ലൊ.

17. വംശീയതയിലേക്ക് തിരിച്ച് നടക്കുന്നവരെ പറ്റി ഗായത്രി സ്പിവാക്കിന്റെ വാക്കുകൾ “തുടരുന്നവർക്കുള്ള” ഒരു തലോടലാവണം. അസാമാന്യമാം വിധം സാധരണമായൊരു റിപ്പോർട്ട്. കൂടുതലൊന്നുമില്ല. കുറവുമില്ല.

18. ഷിജു മാവേലിക്കര എഴുതിയ ആൾമാറാട്ടം പുള്ളി മാതൃഭൂമിയിൽ എഴുതിയ ആദ്യകവിതയാണെന്ന് കാണുന്നു. ധൈര്യമുണ്ടേൽ ഒരിക്കൽ കൂടി എഴുതി കാണിക്ക് എന്നാണൊ വംഗ്യം?

19. ഷെരീഫിന്റെ വാക്ക് ഔട്ടിൽ തലച്ചോർ പട്ടി നക്കുന്നു, അതിന് തൊട്ടപ്പുറത്ത് 4 ൽ 3 പേർ മാതൃഭൂമി ന്യൂസ് കാണുന്നു.

20. അഷ്ടെവെദ്യ ഞരമ്പെണ്ണ, മുട്ടുവേദനയ്ക്കും എല്ലാവിധ സന്ധിവേദനകൾക്കും ആശ്വാസം. എല്ലാ ഇംഗ്ലീഷ് ആയുർവേദ മെഡിക്കൽ ഷോപ്പുകളിലും ലഭിക്കുന്നു.

പൊതുവെ സംഭവം നീറ്റാണ്. സംഘർഷങ്ങളുടെ കാലത്ത് നീറ്റാവുന്നതും ഒരു പ്രതിരോധമാണ്. വിടാതെ വായിക്കുന്നതിലൊന്നും സ്ഥിരം വായനക്കാർക്ക് വിരോധം ഉണ്ടാവില്ല. പഴയ പോലെ, വിമർശകപക്ഷത്തെ പ്രൈവറ്റ് മെസേജ് അയച്ച് വെറുപ്പിക്കാൻ ചാവേറുകളെ ഒന്നും വിടാതിരുന്നാൽ മതി.രാധാകൃഷ്ണനെറോണമാരെ ഒരുമിച്ച് നടത്താൻ ഉത്സാഹിക്കുന്ന പിവി സുഭാഷ്ചന്ദ്രന്മാർക്ക് ആശംസകൾ.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മാതൃഭൂമി.. ഇത് അശ്ലീലമല്ലാതെ മറ്റെന്ത്? മീ ടൂ കാമ്പെയ്‌നെതിരായ കാര്‍ട്ടൂണ്‍ വിവാദത്തില്‍

ഒടുവില്‍ മാതൃഭൂമി ആ എഡിറ്റോറിയല്‍ എഴുതി, പത്താമത്തെ ദിവസം; പക്ഷേ….

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍