UPDATES

ട്രെന്‍ഡിങ്ങ്

രാഹുൽ ഈശ്വറിന്റെ പ്ലാൻ ബി; ക്ഷേത്ര ധ്വംസകരാകാൻ മടിയില്ലാത്തവരുടെ ഉളുപ്പില്ലായ്മ

സ്ത്രീകൾ കയറിയാൽ അയ്യപ്പന് സംഭവിക്കുന്ന ബ്രഹ്മചര്യാലോപത്തിലേ അവര്‍ക്ക് ഉൽകണ്ഠയുള്ളൂ, ചോര വീഴ്ത്തിയാൽ നഷ്ടപ്പെടുന്ന ബിംബശുദ്ധിയിലോ ക്ഷേത്ര ചൈതന്യ ലോപത്തിലോ തങ്ങൾക്കൊരു പ്രശ്നവുമില്ല

രാഹുൽ ഈശ്വറിന്റെ പ്ലാൻ ബി ഞെട്ടലോടെയാണ് കേട്ടത്. ഇത്തരമെന്തും ചെയ്യാൻ ഇവർക്ക് മടിയുണ്ടാകുമെന്ന് മുൻപും തോന്നാത്തതു കൊണ്ട് അത്ഭുതമൊന്നുമില്ല. എന്നാൽ അതു അഭിമാനകരമായൊരു കാര്യമെന്ന മട്ടിൽ പൊതുജനസമക്ഷം അവതരിപ്പിക്കുന്ന ആ ഉളുപ്പില്ലായ്മയിലാണ് ഞെട്ടൽ.

സന്നിധാനത്തിൽ രക്തം വീണാൽ അശുദ്ധമാകുമെന്ന തന്ത്രവിധിപ്രകാരം അശുദ്ധിയുണ്ടാക്കി ശബരിമലയിലെ സ്ത്രീ പ്രവേശം തടയാൻ അവിടെ ആൾക്കാർ നിൽപ്പുണ്ടായിരുന്നു എന്ന പ്ലാൻ ബിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനം ആഗമശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയുന്ന പ്രകാരശുദ്ധി, ബിംബശുദ്ധി എന്നിങ്ങനെയുള്ള സങ്കൽപ്പനങ്ങളാണ്. അമ്പലത്തിന് ചുറ്റുമുള്ള പൂർവ്വ നിശ്ചിതമായ ഒരു സ്ഥലപരിധിയാണ് ക്ഷേത്രപ്രാകാരം. ശബരിമലയുടെ ക്ഷേത്രപ്രാകാരം പതിനെട്ട് മലകളാണ്. ഈ പതിനെട്ട് മലകളുടെയും പ്രാകാരശുദ്ധി നിലനിർത്തുക എന്നാൽതന്നെ അസംബന്ധമാണ്. ബിംബശുദ്ധി എന്നത് പ്രാണപ്രതിഷ്ഠ നടന്നിട്ടുള്ള സ്ഥലമാണ്. അവിടെ സവിശേഷമായ ‘ശുദ്ധി’ കാത്തു സൂക്ഷിക്കണമെന്നാണ് വിധി. അവിടെ സംഭവിക്കുന്ന എത് ശുദ്ധിഭംഗവും വിഗ്രഹത്തിലെ ചെതന്യത്തെ ഇല്ലാതാക്കും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഓവിൽ ഓന്തു ചത്തു കിടന്നാൽ , ക്ഷേത്ര സോപാനത്തിൽ അറിയാതെയൊന്ന് ശാന്തിക്കാരന്റെ കാൽവിരൽ വെച്ചുകുത്തി മുറിഞ്ഞ് ഒരു തുള്ളി രക്തം വീണാൽ, ബിംബസമീപത്തിൽ എവിടെയെങ്കിലും എന്തെങ്കിലും വിസർജ്യത്തിന്റെ അംശം കണ്ടെത്തിയാൽ – ക്ഷേത്രം അശുദ്ധമായി. അങ്ങനെ അശുദ്ധമാക്കപ്പെട്ടാൽ ഉടനേ നടയടച്ചിട്ട് കലശമാടി ആവശ്യമെങ്കിൽ അഷ്ടബന്ധകലശം നടത്തി ദിവസങ്ങൾ നീളുന്ന ശുദ്ധിക്രിയകൾക്ക് ശേഷമേ നട തുറക്കാവൂ എന്നാണ് വിധി.

രണ്ട് തരത്തിൽ ശുദ്ധി ഭഞ്ജിക്കപ്പെടാം എന്ന് നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. ഒന്ന് ക്ഷേത്ര ശുദ്ധി ഭഞ്ജിക്കണം എന്ന മനപ്പൂർവ്വമായ ഉദ്ദേശത്തോടു കൂടിയല്ലാത്ത ശുദ്ധിഭഞ്ജനങ്ങൾ. ഓവറയിൽ ചത്തു കിടക്കുന്ന ഓന്തും അറിയാതെ കാലിടറി രക്തം പൊടിഞ്ഞ ശാന്തിക്കാരനും അറിയാതെ സംഭവിച്ച ഉണ്ണിമൂത്രവും എല്ലാം ഇതിന്റെ പരിധിയിൽ വരുന്നവയാണ്. ഇവ ശുദ്ധി ക്രിയകൾ വേണ്ടാത്തതാണ് എന്നല്ല. നിർബന്ധമായും വേണ്ടതാണ്. എന്നാൽ പുണ്യാഹക്രിയ പോലുള്ള പരിമിതമായ ശുദ്ധിക്രിയകൾ കൊണ്ട് അവയിൽ മിക്കതും പരിഹരിക്കപ്പെടുന്നതാണ്.

ശബരിമലയിൽ ഇത്തരം ശുദ്ധിഭഞ്ജനത്തെക്കുറിച്ച് പറയുകയാണെങ്കിൽ അനുദിനം അതു നടക്കുന്നുണ്ട് എന്നു പറയേണ്ടി വരും. കോളിഫോം ബാക്ടീരിയ ഇല്ലാത്ത ഒരു തുള്ളി വെള്ളം സന്നിധാനത്ത് കിട്ടാനില്ല. ഭക്തസഹസ്രങ്ങൾ തിക്കിത്തിരക്കി മല കയറുമ്പോൾ എത്ര പേരുടെ കാലിടറി ഒരു തുള്ളി രക്തം പൊടിഞ്ഞു കാണും എന്ന് പറയാനാവില്ല. ഇങ്ങനെ പലതുകൊണ്ടും അനുദിനം, അനുനിമിഷം ബിംബശുദ്ധിയിൽ ഭഞ്ജനം സംഭവിക്കുന്നു എന്ന് പറയാം. എന്നാൽ അവയൊന്നും ഇന്ന് അത്ര സാരമാക്കി എടുക്കാറില്ല . ആചാരം സൗകര്യപൂർവ്വം മാറ്റാനുള്ളതാണല്ലോ.

രണ്ടാമത്തെ വകുപ്പ് അങ്ങനെയല്ല. അത് മനപ്പൂർവ്വം ക്ഷേത്രത്തിന്റെ ശുദ്ധികൽപ്പനകൾക്ക് വിരുദ്ധമായി, അവിടെ അശുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ശുദ്ധിഭഞ്ജനമാണ്. അങ്ങനെ ചെയ്യുന്നവരെ ദസ്യുക്കൾ ( അസുരന്മാർ), ക്ഷേത്രധ്വംസകർ എന്നെല്ലാമാണ് ആഗമശാസ്ത്രം വിളിക്കുക. പുരാണേതിഹാസങ്ങളിൽ കാണുന്ന മഹർഷിമാരുടെ യജ്ഞവാടങ്ങൾ തകർക്കുകയും ഹവിസ്സിലേക്ക് രക്തവും മാംസവും നിക്ഷേപിക്കുകയും ചെയ്യുന്ന യാഗനിന്ദകരുടെ പാരമ്പര്യത്തിലാണ് അവർ പെടുന്നത്. അവരിൽ നിന്ന് പൗരോഹിത്യത്തെ സംരക്ഷിക്കുകയാണ് ക്ഷത്രിയരുടെ പ്രധാനദൗത്യങ്ങളിലൊന്ന്. ‘യാഗരക്ഷ’ ചെയ്ത് ഭൂദേവപരിപാലനം ചെയ്യുന്നവനാണ് ക്ഷത്രിയൻ.

ഒരുതരം ന്യായങ്ങളും മനപ്പൂർവ്വമായ ശുദ്ധി ഭഞ്ജനത്തിന് ന്യായമാകുന്നില്ല. മറ്റൊരാചാരത്തിന്റെ സംരക്ഷണത്തിനോ, ഇനി വിഗ്രഹം ആരെങ്കിലും കടത്തിക്കൊണ്ട് പോകുന്നെങ്കിൽ തന്നെയോ, രക്തം വീഴ്ത്തുന്ന ശുദ്ധിഭഞ്ജനം കടുത്ത ക്ഷേത്രാചാര വിരുദ്ധതയാണ്. അതിനെ ചെറുക്കാൻ ക്ഷത്രിയർ ബാദ്ധ്യസ്ഥരുമാണ്.

ഇതെല്ലാമാണ് ക്ഷേത്രത്തിന്റെ ശുദ്ധാശുദ്ധ സങ്കൽപ്പം. ഇവയൊന്നും ആധുനിക സമൂഹത്തിൽ തരിമ്പും ശരിയാണെന്നല്ല. വർണ്ണാശ്രമ കൽപ്പനയുടെ, ബ്രാന്മണിക്കൽ ഓഡർ നിലനിർത്തപ്പെടുന്നതിന്റെ നിശിതമായ രാഷ്ട്രീയ ആയുധമായിരുന്നു ശുദ്ധിവാദം. അതവിടെ നിൽക്കട്ടെ.

മേൽക്കാണിച്ച കാര്യങ്ങൾ മനസ്സിലാക്കിയാൽ ഏതു വിശ്വാസിക്കും ലളിതമായി മനസ്സിലാവും രാഹുൽ ഈശ്വറിന്റെയും സഹപ്രവർത്തകരുടെയും ലക്ഷ്യം. ക്ഷേത്രശുദ്ധിയോ ആചാരമോ അവരുടെ വിഷയമല്ല. അവർക്ക് ക്ഷേത്രധ്വംസകരാകാൻ മടിയുമില്ല. എന്നാലും ഒരു തന്ത്രശാസ്ത്രത്തിന്റെയും അടിസ്ഥാനമില്ലാത്തതും ഭരണഘടന ഉറപ്പുതരുന്ന തുല്യനീതിയിലതിഷ്ഠിതവുമായ സ്ത്രീപ്രവേശം ശബരിമലയിൽ നടന്നു കൂടാ. അതായത് ക്ഷേത്രധ്വംസനം ചെയ്താലും ഞങ്ങൾ സ്ത്രീകളെ കയറ്റില്ല എന്നാണ് വാശി. സ്ത്രീകൾ കയറിയാൽ അയ്യപ്പന് സംഭവിക്കുന്ന ബ്രഹ്മചര്യാലോപത്തിലേ തങ്ങൾക്ക് ഉൽകണ്ഠയുള്ളൂ, ചോര വീഴ്ത്തിയാൽ നഷ്ടപ്പെടുന്ന ബിംബശുദ്ധിയിലോ ക്ഷേത്ര ചൈതന്യ ലോപത്തിലോ തങ്ങൾക്കൊരു പ്രശ്നവുമില്ല.

അതായത്, രാഹുൽ നാഴികക്ക് നാൽപ്പത് വട്ടം നിരീശ്വരവാദികളുടെ സർക്കാർ എന്നു പറയും, ഇടക്കിടെ കോഴി കൂകുന്ന പോലെ ശരണം വിളിക്കും – എന്നാൽ ഏത് നിരീശ്വരവാദിയിലും കടുത്ത അവിശ്വാസിയും ക്ഷേത്ര ധ്വംസകനാകാൻ മടിയില്ലാത്തവനും ആണയാൾ. ഒരു ശതമാനം രാഹുലിന്റെ ശരണം വിളി ആത്മാർത്ഥമല്ല. അത് രണ്ട് ആടുകൾ തമ്മിലിടിക്കുമ്പോൾ ഇടയിൽ നിന്നു കിട്ടുന്ന ചോര കാത്തിരിക്കുന്ന പഴയ പഞ്ചതന്ത്ര കഥയിലെ കുറുക്കന്റെ ഓരിയിടലാണ്. എന്നാൽ മേഷയുദ്ധത്തിനിടയിൽ പെട്ട ജംബൂകത്തിന് അവസാനമെന്തു സംഭവിച്ചു എന്നറിയാൻ പഞ്ചതന്ത്ര കഥകളെങ്കിലും ഒന്നു വായിക്കുന്നത് നല്ലതാണ്.

ടിജി മോഹന്‍ ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

ശബരിമലയിൽ നിന്ന് സ്ത്രീകളെ ആട്ടിയകറ്റുന്നവർ ശാസ്താവിനെ ഹരിവരാസനം പാടി ഉറക്കാമോ? നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് നിഷിദ്ധമായത് എന്തൊക്കെ?

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

ശബരിമല: ‘ദൈവത്തിന്റെ സ്വന്തം നാട്’ പശു സംസ്ഥാനങ്ങളിൽ ഒന്നായി മാറുന്നോ?

ആക്ടിവിസ്റ്റുകളെ മല ചവിട്ടിക്കണ്ട, അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചാല്‍ മതി

നിങ്ങള്‍ പറിച്ചെറിഞ്ഞിട്ടും മാറു മറച്ച സ്ത്രീകളുടേതാണ് ചരിത്രം; ‘ആര്‍ത്തവലഹള’യും അത് തന്നെയാവും

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍