UPDATES

ട്രെന്‍ഡിങ്ങ്

അയോധ്യയിൽ നിന്നും ശബരിമലയിലേക്കുള്ള ദൂരം; ലാലുവില്‍ നിന്നും പിണറായിയിലേക്കും

ശബരിമല വിഷയത്തിൽ കേരളത്തിലെ സംഘപരിവാരം പൊലീസ് ലാത്തിചാർജ്ജും ഒരൊറ്റ ബലിദാനിയേയും കാത്തിരിക്കുന്ന ഈ അവസരത്തിൽ ഇടതുപക്ഷത്തിന്റെ സർക്കാരിന് പ്യൂരിറ്റാനിസ്റ്റുകളുടെ കയ്യടിയിൽ താൽപ്പര്യമില്ല തന്നെ

പ്യൂരിറ്റാൻ ലെഫ്റ്റിസ്റ്റുകൾ അല്ലെങ്കിലും ഓർഗനൈസ്ഡ് ലെഫ്റ്റിന്റെ പരിപാടിയിലും ഇടപെടലുകളിലും പണ്ടേ തൃപ്തിയില്ലാത്തവരാണ്. ഇക്കൂട്ടർ രാവിലെ മുതൽ തുടങ്ങിയതാണ് പിണറായിയെ തെറിവിളിക്കുന്ന ഈ കലാപരിപാടി. ആഭ്യന്തര വകുപ്പ് നെടുമ്പാശ്ശേരി എയർ പോർട്ടിൽ സംഘപരിവാറുകാരെ ചവിട്ടിപ്പെരക്കിയിട്ട് തൃപ്തി ദേശായിയെ പൊലീസ് ജീപ്പിൽ പമ്പയിലെത്തിക്കുകയും തുടർന്ന് അവരെയുംകൊണ്ട് മലകയറി സന്നിധാനത്തെത്തിക്കുകയും ചെയ്യണമായിരുന്നെന്നാണ് ആവേശ കുമാരീകുമാരൻമാരുടെ വാദം.

1990ൽ രാമജന്മഭൂമി വിഷയത്തിൽ രഥയാത്രക്കിറങ്ങിയ അദ്വാനിയെ അറസ്റ്റുചെയ്യാൻ തയ്യാറായ ലാലു പ്രസാദ് യാദവിനെ കണ്ട് പിണറായി വിജയൻ പഠിക്കണമെന്നാണ് ഇക്കൂട്ടരുടെ ഉപദേശം. സംഘപരിവാരത്തെ ചെറുക്കാൻ മേലനങ്ങി യാതൊരു പണിയുമെടുക്കില്ലെങ്കിലും ഡയലോഗടിക്ക് ഈ പ്യൂരിറ്റാനിസ്റ്റുകളെ കഴിഞ്ഞേ ബാക്കി ആരുമുള്ളൂ. സംഘിനെതിരെ ആളെക്കൂട്ടാനോ ഗ്രൗണ്ട് ലെവലിൽ ചെറുക്കാനോ ഒന്നും ഇവരെക്കിട്ടില്ല. ആട്ടം, പാട്ട്, കൈകൊട്ടിക്കളി മുതലായ സെൽഫി സമരാഘോഷങ്ങളിലേ ഇവർക്ക് താൽപ്പര്യവുമുള്ളൂ.

ലാലു പ്രസാദ് അദ്വാനിയെ അറസ്റ്റുചെയ്ത ആ കാലത്ത് ഇന്നത്തെക്കൂട്ട് ലെഫ്റ്റ് പ്യൂരിറ്റാനിസ്റ്റുകൾ ഉണ്ടായിരുന്നുവെന്ന് വെറുതെ സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ ഇന്ന് പിണറായിയെ തെറിവിളിക്കുന്നതിലും ഭീകരമായി ലാലുവിനെ വിമർശിച്ചു കൊന്നേനെ ഇവർ. 1990 ഒക്ടോബർ 23 നാണ് ലാലുവിന്റെ പൊലീസ് സമഷ്ടിപൂരിലെ ഗസ്റ്റ് ഹൌസ് മുറിയിൽ വെച്ച് അദ്വാനിയെ അറസ്റ്റുചെയ്യുന്നത്. അതിന് അഞ്ചുദിവസങ്ങൾക്കുമുന്നേ ഒക്ടോബർ 18 ന് ഡൽഹിയിൽ വെച്ച് ലാലു അദ്വാനിയെ അയാളുടെ വസതിയിൽ പോയി കണ്ടിരുന്നു.

രഥയാത്രയിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടായിരുന്നു ലാലുവിന്റെ അന്നത്തെ ആ കൂടിക്കാഴ്ച. സ്‌ഥിതിഗതികൾ നിയന്ത്രണാതീതമായി മാറുന്നതുകൊണ്ടാണ് അങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് ലാലു തയ്യാറായത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഈ ഫോട്ടോ കാണുന്ന പ്യൂരിറ്റാനിസ്റ്റുകൾ അദ്വാനിയുടെ അറസ്റ്റ് കേവലം ലാലുവിന്റേയും അദ്വാനിയുടെയും നാടകമായി അക്കാലത്ത് വ്യാഖ്യാനിച്ചേനെ.

 

മതനിരപേക്ഷ പരിവേഷം കിട്ടാൻ ലാലുവും രക്തസാക്ഷി പരിവേഷം കിട്ടാൻ അദ്വാനിയും നടത്തിയ തിരക്കഥയാണ് സമഷ്ടിപൂരിലെ അറസ്റ്റെന്നാകും ഇവരുടെ തിയറി. ലാലു പ്രസാദ് ഒക്കെ ഭാഗ്യം ചെയ്തയാളാണ്, സംഘപരിവാറിനെ നേരിട്ട കാലത്ത് ഇതുമാതിരി എടങ്ങേറ് ടീമുകളെക്കൂടി സഹിക്കേണ്ട കഷ്ടപ്പാട് ലാലുവിനുണ്ടായിരുന്നില്ലല്ലോ.

ലാലുപ്രസാദ് യാദവിനെ സംഘ്പരിവാരത്തെ പിടിച്ചുകെട്ടിയ സെക്കുലർ ബിംബമായൊക്കെ അവതരിപ്പിക്കുന്നതിലും പ്രശ്നങ്ങളുണ്ട്. “അസലി രാം നെ നകലി രാം കോ പകട് കിയാ” എന്ന് തമാശരൂപേണ പറഞ്ഞുകൊണ്ടാണ് 90ൽ അന്നത്തെ ബിഹാർ മുഖ്യമന്ത്രി ലാലു സമഷ്ടിപൂരിൽവെച്ച് അദ്വാനിയെ അറസ്റ്റുചെയ്യിപ്പിച്ചത്. താനാണ് യഥാർത്ഥ രാമനെന്നും അദ്വാനി ഡ്യൂപ്ലിക്കേറ്റ് രാമനാണെന്നുമായിരുന്നു ലാലുവിന്റെ വിവക്ഷ. അതേ ലാലു പ്രസാദ് പിന്നീടെന്തായി എന്നും ഇന്ത്യ കണ്ടതാണ്. ലാലുവിന്റെ ഓ ബി സി രാഷ്ട്രീയം ബിഹാറിൽ സവർണ്ണ രാഷ്ട്രീയത്തിന് നൽകിപ്പോന്ന ഐക്യദാർഢ്യപ്രകടനങ്ങൾ മറക്കാൻ കഴിയില്ലല്ലോ.

1996-ൽ ലാലു സംസ്‌ഥാനം ഭരിക്കുമ്പോഴാണ് ബിഹാറിലെ ബഥാനി തോലയിൽ സവർണ്ണ ഭൂവുടമകളുടെ സായുധസേനയായ രണ്‍വീർ സേന 21 ദളിതരെ കൂട്ടക്കൊല ചെയ്തത്. ഭരണ കക്ഷി എന്ന നിലയിൽ സംഘപരിവാരത്തിന്റെ പ്രാദേശിക വകഭേദമായ രണ്‍വീർ സേനക്കെതിരെ ചെറുവിരലനക്കാൻ ലാലു മുതിർന്നിരുന്നില്ല. 97ൽ ലക്ഷ്മണ്‍പൂർ ബാതെയിൽ 58 ദളിതരെ രണ്‍വീർ സേന കൊന്നൊടുക്കിയപ്പോഴും ബീഹാർ ഭരിച്ചുകൊണ്ടിരുന്ന ലാലു നിശ്ശബ്ദനായിരുന്നു. മണ്ഡൽ Vs കമണ്ഡൽ പോരാട്ടത്തിൽ കമണ്ഡൽ രാഷ്ട്രീയത്തെ പ്രതിരോധിച്ച ലാലു പിന്നീട് പരിവാറിന് കീഴടങ്ങുകയായിരുന്നു ചെയ്തത്.

ലാലുവിന്റെ പൊലീസ് അന്ന് അദ്വാനിയെ അറസ്റ്റുചെയ്തത് ആർജ്ജവമുള്ള നിലപാടുതന്നെയായിരുന്നു. പക്ഷേ, രാമജന്മഭൂമി വിഷയം കത്തിച്ചുകൊണ്ട് ഹിന്ദു വികാരം ഇളക്കിവിടാൻ രഥയാത്രയുമായി പുറപ്പെട്ട അദ്വാനിയെ അറസ്റ്റുചെയ്യുമ്പോൾ മാധ്യമ പ്രവർത്തകർ ഒന്നും തന്നെ സമഷ്ടിപൂരിലെ ആ സർക്കാർ ഗസ്റ്റ് ഹൌസ് പരിസരത്തുണ്ടായിരുന്നില്ല. അതുകൊണ്ട് അറസ്റ്റു സമയത്തെ വിഷ്വൽസ് ഒന്നും തന്നെ ലഭ്യമല്ല. വിപി സിങ് സർക്കാർ താഴെ വീണെങ്കിലും അറസ്റ്റ് ചെയ്യുമ്പോൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെടാഞ്ഞതു മൂലം വിഷയം വിചാരിച്ച രീതിയിൽ കത്തിക്കാൻ സംഘിന് കഴിഞ്ഞില്ല. സമഷ്ടിപൂർ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ആയിരുന്ന രാജ്കുമാർ സിങ് ആണ് അന്ന് അദ്വാനിയെ അറസ്റ്റ് ചെയ്തത്. പിന്നീട് യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന രാജ്കുമാർ സിങ് തന്നെയാണ് മാലേഗാവ്-സംത്സോതാ എക്സ്പ്രസ് സ്ഫോടനക്കേസുകളിൽ പ്രതികളായ ആർ എസ് എസ് പ്രവർത്തകരുടെ പേരടങ്ങിയ ലിസ്റ്റ് പുറത്തുവിട്ടതും. എന്നാൽ അതേ രാജ്കുമാർ സിങ് ഇന്ന് മോദി സർക്കാരിലെ ഊർജ്ജസഹമന്ത്രിയാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.

1990ൽ നിന്ന് 2018 ലെത്തുമ്പോൾ അന്ന് ലാലു നേരിട്ട സംഘപരിവാരമല്ല അപ്പുറത്തുള്ളത്. ഔദ്യോഗിക ജീവിതത്തിലുടനീളം സെക്കുലർ നിലപാടെടുത്തുവെന്ന് കരുതുന്ന ഉദ്യോഗസ്ഥരെപ്പോലും തങ്ങളുടെ പാളയത്തിലെത്തിക്കാൻ പോന്ന ശക്തിയും സംവിധാനങ്ങളും അതിനൊത്ത ആക്രമണോത്സുകതയുമുണ്ട് ഇന്ന് പരിവാറിന്. പോരാത്തതിന് കേന്ദ്ര ഭരണമെന്ന ധൈര്യവും. പരിവാറിനെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലെ അയോധ്യയാണ് ശബരിമല.

ശബരിമല വിഷയത്തിൽ കേരളത്തിലെ സംഘപരിവാരം പൊലീസ് ലാത്തിചാർജ്ജും ഒരൊറ്റ ബലിദാനിയേയും കാത്തിരിക്കുന്ന ഈ അവസരത്തിൽ ഇടതുപക്ഷത്തിന്റെ സർക്കാരിന് പ്യൂരിറ്റാനിസ്റ്റുകളുടെ കയ്യടിയിൽ താൽപ്പര്യമില്ല തന്നെ. അത്യധികം ജാഗ്രതയോടെയാണ് ഈ ഘട്ടത്തിൽ സർക്കാരും പോലീസും പ്രവർത്തിക്കുന്നത് എന്നുവേണം പറയാൻ.

ചാനലുകളെല്ലാം കണ്ണുതുറന്നുവെച്ചിരിക്കുന്ന, ഓരോ മൊബൈൽ ഫോണും കാമറയാകുന്ന ഇന്ന് പൊലീസിന്റെ ചെറിയൊരു തള്ളുമതി ഇവിടെ കലാപം സൃഷ്ട്ടിക്കാൻ. നിയമക്കുരുക്കിട്ട് ഹിന്ദുത്വ തീവ്രവാദികളെ കുടുക്കുമ്പോഴും പൊലീസ് നേരിട്ടൊരു ആക്ഷന് മുതിരാത്തതിന്റെ കാരണം അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവുമെന്ന് തോന്നുന്നു, പ്യൂരിറ്റാൻ ലെഫ്റ്റിസ്റ്റുകൾക്കത് മനസ്സിലാവില്ല.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അയോധ്യയാകും ശബരിമല; സംഘപരിവാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരളമെന്ന ആശയം

ശബരിമല LIVE: ശശികലയെ കോടതിയില്‍ ഹാജരാക്കും; ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി ഇന്ന് നല്‍കില്ല

പതിനെട്ടാം പടിയിൽ കയറി നിന്ന് നൃത്തം ചവിട്ടിയവരൊക്കെ പ്രളയകാലത്ത് എവിടെയായിരുന്നു?

ജിതിന്‍ ഗോപാലകൃഷ്ണന്‍

ജിതിന്‍ ഗോപാലകൃഷ്ണന്‍

ഇൻസ്റ്റിറ്റ്യൂട് ഓഫ് സോഷ്യൽ ആൻഡ് എക്കണോമിക് ചേഞ്ചിലെ ഗവേഷണ വിദ്യാർത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍