UPDATES

ട്രെന്‍ഡിങ്ങ്

‘ഹജ്ജിനു പോകുന്ന മുസ്ലിങ്ങൾക്ക് സൗജന്യ യാത്ര, ശബരിമല തീർഥാടകർക്ക് ടിക്കറ്റിന് നൂറു രൂപ’: നുണ പ്രചരണം പൊളിയുന്നു

ഹജ്ജിന് പോകുന്നവർ‍ക്ക് മലപ്പുറത്ത് നിന്നും നെടുമ്പാശ്ശേരിയിലേക്ക് അനുവദിച്ച കെ എസ് ആർ ടി സി ബസ്സിലെ ടിക്കറ്റ് നിരക്ക് 350 രൂപയാണെന്ന വസ്തുത മറച്ച് വെച്ചുകൊണ്ടാണ് പ്രചരണം

“ഹജ്ജിന് പോകുന്ന മുസ്ലീമുകൾക്ക് എയർപോർട്ട് വരെ കെ എസ് ആർ ടി സിയിൽ സൗജന്യയാത്ര അനുവദിക്കുന്ന കമ്മ്യുണിസ്റ്റ് സർക്കാർ ഹിന്ദുക്കളായ ശബരിമല തീർഥാടകരിൽ നിന്ന് നിലക്കൽ മുതൽ പമ്പ വരെയുള്ള യാത്രക്ക് 100 രൂപ ടിക്കറ്റിന് ഈടാക്കുന്നു” ഇങ്ങനെ ഒരു വ്യാജ വാർത്ത നവമാധ്യമങ്ങളിൽ പരക്കെ പോസ്റ്ററുകളും, ട്രോളുകളും ആയി കറങ്ങി നടക്കുന്നുണ്ട്. നേരത്തെ ഒരു കൂട്ടർ പ്രചരിപ്പിച്ചിരുന്നത് അമ്പലങ്ങളിലെ പണം മുഴുവൻ സർക്കാരിലേക്കും, പള്ളികളിലെ പണം സർക്കാർ തൊടുന്നില്ലെന്നും ആയിരുന്നു, ഇത് തെളിവോടെ നിഷേധിച്ചിട്ടും ഒരു കൂട്ടർ ഇത് പ്രചരിപ്പിക്കുന്നുണ്ട്.

ഇത്തരം പോസ്റ്ററുകൾ വാട്സാപ്പിലും മറ്റും പ്രചരിപ്പിക്കുന്നവർ മനപ്പൂർവം സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാൻ ഉദ്ദേശിച്ച് മാത്രം ഇടപെടുന്നവർ ആണ് എന്ന് വ്യക്തം. ഈ പ്രചാരങ്ങളിൽ വീണു പോകുന്ന നിഷ്കളങ്കരും ഉണ്ട് എന്നതാണതിന്റെ ദുഖകരമായ മറ്റൊരു യാഥാർത്ഥം.

പി കെ കണ്ണന്റെ ഫേസ്ബുക് പോസ്റ്റ്:

“ഹജ്ജിന് പോകുന്ന മുസ്ലീമുകൾക്ക് എയർപോർട്ട് വരെ കെ എസ് ആർ ടി സിയിൽ സൗജന്യയാത്ര അനുവദിക്കുന്ന കമ്മ്യുണിസ്റ്റ് സർക്കാർ ഹിന്ദുക്കളായ ശബരിമല തീർഥാടകരിൽ നിന്ന് നിലക്കൽ മുതൽ പമ്പ വരെയുള്ള യാത്രക്ക് 100 രൂപ ടിക്കറ്റിന് ഈടാക്കുന്നു” എന്ന ഒരു വ്യാജവാർത്ത സംഘപരിവാറിന്റെ സൈബർ ടീം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഭക്തജനങ്ങളെ തീർത്തും തെറ്റിദ്ധരിപ്പിക്കുന്ന ഈ വ്യാജവാർത്തയുടെ നിജസ്ഥിതി അറിയിക്കുവാനാണ് ഈ ഫേസ്‌ബുക്ക് പോസ്റ്റ് കുറിക്കുന്നത്.

കഴിഞ്ഞ ഉത്സവകാലത്ത് 31 രൂപയായിരുന്നു നിലക്കൽ മുതൽ പമ്പ വരെയുള്ള ടിക്കറ്റിന് കെ എസ് ആർ ടി സി ഈടാക്കിയിരുന്നത്. അന്ന് ഡീസലിന്റെ വില ലിറ്ററിന് 63 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഡീസലിന്റെ വില ലിറ്ററിന് 80 രൂപയോളമാണ്. ഇക്കാലയളവിൽ 25 ശതമാനത്തോളമാണ് കേന്ദ്ര സർക്കാർ “കക്കൂസ് നിർമ്മാണ പദ്ധതിക്ക്” വേണ്ടി ഡീസലിന് വില വർദ്ധിപ്പിച്ചത്.

റിട്ട: ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2018 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ നിരക്കുകൾ പുനർ നിർണ്ണയിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. (G.O.(P) No.4/2018/TRANS dated 26-02-2018) 2018 ഫെബ്രുവരിക്ക് ശേഷം എല്ലാ റൂട്ടുകളിലെയും നിരക്കുകൾ കെ എസ് ആർ ടി സി വർദ്ധിപ്പിച്ചിരുന്നു. എല്ലാ സർവ്വീസുകൾക്കും ഈ വർദ്ധനവ് ബാധകമായിരുന്നുവെങ്കിലും മാരാമൺ കൺവെൻഷൻ, ശബരിമല മകരവിളക്ക്, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവ സീസണുകൾക്ക് വേണ്ടി ഷെഡ്യൂൾ ചെയ്ത സ്പെഷ്യൽ സർവീസ് ബസ്സുകളിൽ അവയുടെ ഷെഡ്യൂൾ ആരംഭിക്കുമ്പോൾ മാത്രമാണ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്. അതുകൊണ്ട് മാത്രമാണ് ശബരിമല ഉത്സവക്കാലത്ത് മാത്രമായി കെ എസ് ആർ ടി സി നടത്തുന്ന ഈ സ്‌പെഷ്യൽ സർവീസിന്റെ ടിക്കറ്റിലുണ്ടായ വർദ്ധനവ് ഷെഡ്യൂൾ ആരംഭിച്ചപ്പോൾ നടപ്പിലാക്കിയതും.

ഭീമാ പള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാൾ, മഞ്ഞണിക്കര പള്ളി പെരുന്നാൾ, മാരാമൺ കൺവെൻഷൻ, തൃശൂർ പൂരം, ഗുരുവായൂർ ഏകാദശി, ശബരിമല മകരവിളക്ക്, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങൾക്ക് കെ എസ് ആർ ടി സി നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സർവ്വീസ് നടത്താറുണ്ട്. കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വെബ്‌സൈറ്റിൽ ഈ സർവീസുകളുടെ വിവരങ്ങൾ ലഭ്യമാണ്.(https://mvd.kerala.gov.in/…/notif…/state/2018/not_4_2018.pdf)

നിലക്കൽ കെ എസ് ആർ ടി സി സ്റ്റേഷൻ മുതൽ പമ്പ ത്രിവേണി വരെ 21.5 കിലോമീറ്ററാണുള്ളത്. ആദ്യത്തെ അഞ്ച് കിലോമീറ്ററിന് പത്ത് രൂപയാണ് മിനിമം ചാർജ്ജ് ഈടാക്കുന്നത്. നിലക്കൽ മുതൽ പമ്പ വരെ ഒമ്പത് ഫെയർ സ്റ്റേജുകളാണ് നിലവിലുള്ളത്. ഫെയർ സ്റ്റേജുകൾക്ക് കിലോമീറ്ററിന് 80 പൈസയാണ് കെ എസ് ആർ ടി സി ഈടാക്കാറുള്ളത്. ഒമ്പത് ഫെയർ സ്റ്റേജുകൾക്ക് ആകെ വരുന്ന 22.5 കിലോമീറ്ററിൽ നിന്ന് മിനിമം ചാർജ്ജ് ഈടാക്കുന്ന ആദ്യത്തെ അഞ്ച് കിലോമീറ്റർ ദൂരം കുറച്ചുള്ള (22.5 – 5 = 17.5 ) ദൂരത്തിനാണ് കിലോമീറ്ററിന് 80 പൈസ എന്ന നിരക്കിൽ ( 17.5 x 0.80 = 14 രൂപ) ചാർജ്ജ് ഈടാക്കുന്നത്. ഇതടക്കം 24 രൂപയാണ് വരുന്നത്. ഈ 24 രൂപയുടെ 25 ശതമാനം ഗാട്ട് റോഡ് ഫെയർ ചാർജ്ജ് ആയി ഈടാക്കുന്നുണ്ട്. അതായത് 10 രൂപ (മിനിമം ചാർജ്ജ്) + 14 രൂപ (ഫെയർ ചാർജ്ജ്) + 6 രൂപ (ഗാട്ട് റോഡ് ഫെയർ ചാർജ്ജ് ) = 30 രൂപയാണ് ആകെ ഫെയർ. ഈ തുകയുടെ 30 ശതമാനം തുകയാണ് ഫെസ്റ്റിവൽ ഫെയർ ആയി ഈടാക്കുന്നത്. അതായത് 30 x 30% = 9 രൂപ. ഇത് കൂടാതെ സെസ് ഇനത്തിൽ 2 രൂപയും ഈടാക്കുന്നുണ്ട്.

അതായത് 10 രൂപ (മിനിമം ചാർജ്ജ്) + 14 രൂപ (ഫെയർ ചാർജ്ജ്) + 6 രൂപ (ഗാട്ട് റോഡ് ഫെയർ ചാർജ്ജ് ) + 9 രൂപ (ഫെസ്റ്റിവൽ ഫെയർ) + 2 രൂപ (സെസ്) = 41 രൂപയാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം യഥാർത്ഥത്തിൽ യാത്രക്കാരിൽ നിന്ന് ഈടാക്കേണ്ടിയിരുന്നത്. എന്നാൽ ഈ നിരക്കിൽ നിന്ന് ഒരു രൂപ കുറച്ചു കൊണ്ടാണ് 40 രൂപ നിരക്കിൽ കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നത്.

ഹജ്ജിന് പോകുന്നവർ‍ക്ക് മലപ്പുറത്ത് നിന്നും നെടുമ്പാശ്ശേരിയിലേക്ക് അനുവദിച്ച കെ എസ് ആർ ടി സി ബസ്സിലെ ടിക്കറ്റ് നിരക്ക് 350 രൂപയാണെന്ന വസ്തുത മറച്ച് വെച്ചുകൊണ്ടാണ് “ഹജ്ജ് യാത്രികർക്ക് സൗജന്യ യാത്ര” എന്ന രീതിയിൽ സംഘപരിവാർ നവമാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് .

പച്ചക്കള്ളവും വ്യാജവാർത്തകളും പടച്ചു വിട്ട് ആസൂത്രിതമായി നടപ്പിലാക്കിയ കലാപങ്ങൾ കൊണ്ട് മാത്രം രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ പ്രസ്ഥാനമാണ് സംഘപരിവാർ. എന്നും വ്യാജ വാർത്തകളാണ് സംഘപരിവാർ പ്രചാരണങ്ങൾക്കുപയോഗിക്കാറുള്ളത്. ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ‍ അത് സത്യമാണെന്ന് ജനങ്ങൾ‍ വിശ്വസിക്കുമെന്നായിരുന്നു ഹിറ്റ്ലറുടെ പ്രചരണ മന്ത്രിയായിരുന്ന ജോസഫ് ഗീബൽസിന്റെ സിദ്ധാന്തം. ഫാസിസത്തിന്റെ ഇന്ത്യൻ പ്രതിരൂപമായ സംഘപരിവാറും പിന്തുടരുന്നത് ഇതേ ചിന്താധാര തന്നെയാണ്. ഒരു നുണ നൂറാവർത്തി പറഞ്ഞ് സത്യമാക്കുന്ന ഗീബൽസിയൻ രീതിയാണ് ശബരിമല വിഷയത്തിലും സംഘപരിവാർ സ്വീകരിച്ചു പോരുന്നത്.

Facebook Post

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍