UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ബുദ്ധിജീവികളറിയാൻ, ജേക്കബ്ബ്‌ വടക്കഞ്ചേരിയെ ഒരു തവണയല്ല പല തവണ പിടികൂടേണ്ടതാണ്‌

മുരിങ്ങക്കായും, പച്ചവെള്ളവും, ഉപവാസവും വെയില്‍ കൊള്ളലും കൊണ്ട്‌ പകര്‍ച്ചവ്യാധികളും വൈറസുകളും ഇല്ലാതാകുമെന്ന്‌ ഉപദേശിക്കുന്ന “ചികില്‍സാശാസ്‌ത്ര” ത്തിന്റെ അടിസ്ഥാനമെന്തെന്ന്‌ ഒന്ന്‌ പറഞ്ഞുതരാമോ

പ്രകൃതി ചികിത്സകൻ ജേക്കബ്ബ് വടക്കാഞ്ചേരിയെ അറസ്റ്റുചെയ്ത നടപടിയ്‌ക്കെതിരെ വിയോജിപ്പുമായി ധാരാളം പേർ രംഗത്തെത്തിയിരുന്നു. ജേക്കബ്ബ് വടക്കാഞ്ചേരിയുടെ അറസ്റ്റ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും അഭിപ്രായ സ്വാതന്ത്രത്തോടുള്ള കടന്നു കയറ്റം ആണെന്നും ഇവർ പറയുന്നു. ആധുനിക മരുന്നുകള്‍ക്കെതിരായിരുന്നു എന്നും ജേക്കബ്ബ് വടക്കാഞ്ചേരിയെന്നും വാക്‌സിനേഷന്‍, ആന്റി വൈറസ് ചികിത്സകള്‍, അതിന്റെ ചൂഷണ വ്യവഹാരങ്ങള്‍ എന്നിവയുള്‍പ്പെടെ അദ്ദേഹം എതിര്‍ത്തിരുന്നെന്നും ടി.ടി ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ, സിവിക് ചന്ദ്രൻ, പി കെ പോക്കർ തുടങ്ങിയവരും ജേക്കബ് വടക്കാഞ്ചേരിയെ പിന്തുണച്ചു രംഗത്തെത്തി. എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ പ്രചാരണം നടത്തിയതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ് എന്ത് കൊണ്ട് ഒരു ശരിയായ നടപടി ആകുന്നു, നാരായണൻ സി തളിയിൽ എഴുതുന്നു….

ജേക്കബ്ബ്‌ വടക്കഞ്ചേരിയെ ജയിലിലാക്കിയതില്‍ ഉല്‍കണ്‌ഠാകുലരാകു്‌ന്ന ബു.ജി.കളുടെ ശ്രദ്ധയ്‌ക്ക്‌.

1. വടക്കഞ്ചേരിയുടെത്‌ ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1)a പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിഷയമല്ല. ചികില്‍സാശാസ്‌ത്രമെന്ന വ്യാജേന അസത്യപ്രചാരണം നടത്തല്‍, വ്യാജ ബിരുദപ്പേര്‌ ഉപയോഗിച്ചുകൊണ്ടുള്ള തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ്‌.

2. വടക്കഞ്ചേരിയെ അറസ്‌ററ്‌ ചെയ്‌തതിനെ ന്യായീകരിച്ചാല്‍ പിന്നെ രണ്ടാഴ്‌ച മുമ്പ്‌ അഞ്ച്‌ പ്രമുഖ വ്യക്തികളെ രാജ്യത്ത്‌ പലയിടത്തു നിന്നുമായി നരേന്ദ്ര മോദിക്കെതിരെ ഗൂഢാലോചന ആരോപിച്ച്‌ പോലീസ് പിടിച്ച തുറുങ്കിലടയ്‌ക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ടോ എന്ന ചിന്ത കൊള്ളാം. ഒരു വ്യാജ ഡോക്ടര്‍, ഡോക്ടര്‍ എന്ന്‌ പേരിനൊപ്പം വെക്കാനുള്ള യോഗ്യത ഇല്ലാത്ത ആളെ, വ്യാജഡോക്ടര്‍മാരെ ക്രമിനല്‍ കുറ്റം ചാര്‍ത്തി ശിക്ഷിക്കുന്ന നിയമമുള്ള ഈ കേരളനാട്ടില്‍, വ്യാജഡോക്ടര്‍ ആയ ജേക്കബ്ബ്‌ വടക്കഞ്ചേരിയെ അറസ്‌റ്റ്‌ ചെയ്‌തതും യാഥാര്‍ഥത്തില്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ബുദ്ധിജീവികളും എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരുമായ വ്യക്തികളെ ഗൂഢാലോചന ആരോപിച്ച്‌ പിടികൂടുന്നതും ഒരേ സംഗതിയാണോ സാറമ്മാരേ ?!

3. മുരിങ്ങക്കായും, പച്ചവെള്ളവും, ഉപവാസവും വെയില്‍ കൊള്ളലും കൊണ്ട്‌ പകര്‍ച്ചവ്യാധികളും വൈറസുകളും ഇല്ലാതാകുമെന്ന്‌ ഉപദേശിക്കുന്ന “ചികില്‍സാശാസ്‌ത്ര” ത്തിന്റെ അടിസ്ഥാനമെന്തെന്ന്‌ ഒന്ന്‌ പറഞ്ഞുതരാമോ ബു.ജീസ്‌ ….

4. നിയന്ത്രിത ജീവിതരീതി കൊണ്ട്‌, ആഹാര നിയന്ത്രണം കൊണ്ട്‌, വേവിക്കാത്ത ഭക്ഷ്യവസ്‌തുക്കള്‍ കൊണ്ട്‌, ശരിയായ വ്യായാമവും ഉപവാസവും ഔഷധമൂല്യമുള്ള ഫലമൂലാദികള്‍ കൊണ്ട്‌ മനുഷ്യന്റെ പല പല ശാരീരിക ക്ലിഷ്ടതകളും ജീവിത ശൈലീ രോഗങ്ങളും ഇല്ലാതാക്കാന്‍ കഴിയും എന്ന കാര്യം ഒരു വടക്കഞ്ചേരിയും പറഞ്ഞുതരേണ്ട കാര്യമല്ല. അലോപ്പതി കൊണ്ടു മാത്രം ഫലപ്രദമായി നിയന്ത്രിക്കുകയോ സുഖപ്പെടുത്തുകയോ ചെയ്യാവുന്ന ഒട്ടേറെ രോഗങ്ങള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും പിടികൂടുന്നുണ്ട്‌. എല്ലാറ്റിനും ഒറ്റമൂലി പ്രകൃതി ചികില്‍സയാണ്‌ എന്ന വാദം അസത്യവും ആപല്‍ക്കരവുമാണ്‌.

5. പഴയ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ നിർദ്ദേശിച്ച് വ്യവസ്ഥ ചെയ്തതിൽ കാതലായ മാറ്റങ്ങൾക്കു വിധേയമാകാത്ത, ആധുനിക ഗവേഷണങ്ങള്‍ക്കും പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും സാധ്യത നാമമാത്രമായ, വളര്‍ച്ചയില്ലാത്ത ശാഖകളാണ്‌ ഈ പ്രകൃതിചികില്‍സയും, നാച്ചുറോപ്പതിയും, ആയുര്‍വേദവുമൊക്കെ. അലോപ്പതിയാകട്ടെ പുതിയ പുതിയ ഗവേഷണങ്ങളിലൂടെ വളരുന്ന ശാസ്‌ത്രവുമാണ്‌. നിപ വൈറസ്‌ ഉണ്ടാവുന്നത്‌ മിതഭക്ഷണം ശീലിക്കാത്തതിനാലാണ്‌ എന്നും വൈറസുകള്‍ ഉണ്ടെന്നു പറയുന്നതു തന്നെ കള്ളത്തരമാണ്‌ എന്നും ആഹാരം കുറച്ചു കഴിച്ചാല്‍ വൈറസുകള്‍ ചത്തുകൊള്ളും എന്നും പ്രചരിപ്പിക്കുന്ന വ്യക്തി ക്രൈം അല്ല ചെയ്യുന്നത്‌ എന്ന്‌ പറയാനാവുമോ.

അതിനാല്‍ വടക്കഞ്ചേരിയെ ഒരു തവണയല്ല പല തവണ പിടികൂടേണ്ടതാണ്‌. മുമ്പേ തന്നെ വേണ്ടതായിരുന്നു, ഈ വ്യാജഡോക്ടര്‍ക്കെതിരായ നടപടികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍