UPDATES

ട്രെന്‍ഡിങ്ങ്

‘ഇത്രമാത്രം നെറികേട് നടക്കുമ്പോഴും ചുറ്റുമെല്ലാം സ്വാഭാവികമായി തോന്നിച്ചു’; കാസറഗോഡ് കേന്ദ്ര സര്‍വ്വകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ട അഖില്‍ താഴത്ത് എഴുതുന്നു

ഞാൻ ഇപ്പോൾ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ വിലക്കപ്പെട്ടവൻ

കാസറഗോഡ് കേരള കേന്ദ്ര സര്‍വ്വകലാശാലയിൽ നടക്കുന്ന അധികൃതരുടെ വിദ്യാർത്ഥി വിരുദ്ധ നടപടികളും, കാവിവത്ക്കരണ ശ്രമങ്ങളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. കേരള കേന്ദ്ര സർവ്വകലാശാലയുടെ ഉന്നതാധികാര കേന്ദ്രങ്ങളെല്ലാം ഒരു സംഘപരിവാർ ലോബിയുടെ പിടിയിലാണെന്നാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ആരോപിക്കുന്നത്. കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാലയില്‍ (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള) നടക്കുന്നത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ അധ്യാപകരും ജീവനക്കാരുമായി റിക്രൂട്ട് ചെയ്യല്‍ ആണെന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥി അഖില്‍ താഴത്ത് നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇന്‍റര്‍നാഷണല്‍ റിലേഷന്‍സിലെ വിദ്യാര്‍ഥി ആയിരുന്ന അഖിലിനെ, ദലിത് ഗവേഷക വിദ്യാര്‍ഥി നാഗരാജുവിനെ പൊലീസിലേല്‍പ്പിച്ച സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിലാണ് പുറത്താക്കിയത്. അഖിലിനെ ഡിസ്മിസ് ചെയ്യുകയും ചെയ്തു. ഇതേ വിഷയത്തില്‍ ഫേസ്ബുക്ക്‌ പോസ്റ്റിട്ടതിന്റെ പേരില്‍ ഇംഗ്ലീഷ് ആന്‍ഡ്‌ കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം എച്ച്ഒഡി ആയ ഡോ.പ്രസാദ്‌ പന്ന്യനെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. ഡിസ്മിസലിന് ശേഷം പുറത്താക്കല്‍ സംബന്ധിച്ചു അന്വേഷണ റിപ്പോര്‍ട്ടിനു വേണ്ടി സര്‍വ്വകലാശാല കയറിയിറങ്ങേണ്ടി വന്നതിനെ കുറിച്ചും അധികാരികളുടെ ഭാഗത്തുനിന്നും യൂണിവേഴ്സിറ്റി സെക്യൂരിറ്റി സ്റ്റാഫിന്റെ അടുക്കല്‍ നിന്നും നേരിട്ട അപമാനങ്ങളേയും ഭീഷണിയെയും വിശദീകരിക്കുകയാണ് അഖില്‍ താഴത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

‘ഞാൻ ഇപ്പോൾ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ വിലക്കപ്പെട്ടവൻ’

പുറത്താക്കിയതിൽ പിന്നെ എന്നോട്‌ യൂണിവേഴ്സിറ്റി മെയിൻ ഗേയ്റ്റിൽ എഴുതിവച്ചെ കയറാവു എന്ന് കർശനമായ നിർദ്ദേശമുണ്ടായിരുന്നു. എന്നെ പുറത്താക്കി കുറച്ചു നാൾ എനിക്ക് പ്രസ്തുത ‘പുറത്താക്കൽ’ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിന് വേണ്ടി എന്റെ എൻക്വയറി ഓഫീസർ മോഹൻ കുന്തർ, രജിസ്ട്രാർ, പ്രൊ വൈസ് ചാൻസലർ എന്നിവരുടെ ഓഫീസുകളിൽ കയറിയിറങ്ങുകയും വേണ്ടിയിരുന്നു. മോഹൻ കുന്തറിനോട് ചോദിച്ചപ്പോൾ അയാളെന്നോട് ഉത്തരം പറയാൻ ബാധ്യസ്ഥനല്ലെന്ന് പറഞ്ഞു. എന്നിട്ട് രജിസ്ട്രാറോട് പോയി ചോദിക്കാൻ പറഞ്ഞു. അവടന്ന് ദേഷ്യം പിടിച്ചിറങ്ങി നടന്ന് ഇടയ്ക്ക് കൂട്ടുക്കാരെയൊക്കെ കണ്ട് ഇത്തിരി വിഷമമൊക്കെ പറഞ്ഞ് ആശ്വാസമായി രജിസ്ട്രാറിന്റെ ഓഫീസിലെത്തിയപ്പോ മൂപ്പർടെ ഓഫീസിൽന്ന് പറഞ്ഞു പ്രൊ വി സിയാണ് വിദ്യാർത്ഥി വിഷയങ്ങളൊക്കെ കൈകാര്യം ചെയ്യുന്നതെന്ന്.

പ്രൊ വി സി ജയപ്രസാദിന്റെ ഓഫിലെത്തിയപ്പോ അകത്തിരുന്ന് അയാളുത്തരവിട്ടു “എനിക്ക് അവനെ കാണണ്ട…”. അതെന്താ പറ്റാത്തെ എന്ന് ചോദ്യം ചെയ്തപ്പോ സെക്യൂരിറ്റി വന്ന് എന്നോട് പറഞ്ഞു “ഇവടെ നിന്ന് അധികം വർത്തമാനം പറയാതെ ഇറങ്ങി പോ” എന്ന്. എന്നിട്ടെന്റെ സുഹൃത്തുകൾ അകത്ത് കയറി പ്രൊ വി സിയോട് ചോദിച്ചപ്പോ എൻക്വറി റിപ്പോർട്ട് തിങ്കളാഴ്ച്ച തരാം എന്ന് പറഞ്ഞു. അന്ന് ഹർത്താലായിരുന്നു. അത് കഴിഞ്ഞ് പിറ്റേ ദിവസം സമരവും.

അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് ‘ഗംഗോത്രി’ യ്ക്ക് മുമ്പിൽ വിദ്യാർത്ഥികൾ കൂട്ടം കൂടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. എന്നോടടക്കം മറ്റൊരു പാട് വിദ്യാർത്ഥികളോട് യൂണിവേഴ്സിറ്റി അധികാരികൾ ചെയ്തിട്ടുള്ള ക്രൂര നടപടികൾക്കെതിരെയുള്ള പ്രക്ഷോഭമായിരുന്നു അത്. അവിടെ പോലീസുമുണ്ടായിരുന്നു. അന്നെനിക്ക് ഞാനറിയാതെ തന്നെ വല്ലാതെ ഊർജ്ജവും സന്തോഷവും തെളിഞ്ഞു. പ്രതിഷേധ പരിപാടികൾ കഴിഞ്ഞ് ഞാൻ വളരെ ചുറുചുറുക്കോടെ വീണ്ടും എന്റെ അന്വേഷണ റിപ്പോർട്ട് ചോദിക്കാൻ പോയി. അപ്പോഴും മൂപ്പർക്കെന്നെ കാണാൻ പറ്റില്ലാത്രെ. ഞാന്‍ കാണാതെ പോവൂല്ലെന്ന് പറഞ്ഞു. അപ്പൊ എന്റെ കൂട്ടുക്കാർ ചായ കുടിക്കാൻ വിളിച്ചോണ്ട് പോയി.

പിന്നെ അറിയുന്നു അവിടെ പോലീസിനെ വിളിച്ചു വരുത്തി, മൂപ്പരെ ഘരാവോ ചെയ്തെന്ന് പരാതി കൊടുത്തിട്ട്. അതിനു ശേഷം സമരമെല്ലാമവസാനിച്ച് എനിക്കതുവരെയും കിട്ടാതിരുന്ന അന്വേഷണ റിപ്പോർട്ട് വാങ്ങൻ ഒരു ദിവസം രാവിലെ ഞാൻ യൂണിവേഴ്സിറ്റിയിൽ മെയിൽ ഗെയ്റ്റിൽ കാര്യ കാരണ സഹിതം എഴുതിവച്ച് കയറാൻ പോയി. അപ്പോഴിണ്ട് സെക്യൂരിറ്റി പറയുന്നു എന്നെ യാതൊരു കാരണവശാലും യൂണിവേഴ്സിറ്റിയിൽ കയറ്റാൻ പാടില്ലെന്ന് മേളീന്ന് അധികാരികൾ ഉത്തരവിട്ടിട്ടുണ്ടെന്ന്! ഞാനതിന്റെ ഓർഡർ കാണിക്കാൻ പറഞ്ഞപ്പൊ അവരെന്റെ ഡിസ്മിസൽ ഓർഡറെടുത്ത് കാട്ടി തരുന്നു. പിന്നെ പറഞ്ഞു വെർബൽ ഓർഡറുണ്ടെന്ന്. അപ്പൊ ഞാൻ രജിസ്ട്രറിലെഴുതിവച്ച് കയറാൻ പോയപ്പോ അവര് രജിസ്ട്രറെടുത്ത് അടച്ച് പൂട്ടി. എന്നിട്ട് ഒരു സെക്യൂരിറ്റി പറഞ്ഞു. ‘നീ യെന്റെ ബി പി കൂട്ടല്ലെ … ഞാൻ നിന്നെന്തെങ്കിലും ചെയ്യും’ എന്ന്.

എന്നാലെന്നെ ചെയ്യ് കാണട്ടെന്ന് പറഞ്ഞ് കയ്യും കെട്ടി മൂപ്പർടെ മുന്നിങ്ങനെ നിന്നു. അപ്പൊ അയാള് വിഷയം മാറ്റി സംസാരിക്കാൻ തുടങ്ങി; ‘നിന്നെ ഇവടന്ന് പുറത്താക്കീതാണ്. ഇനി ഇവടെ വരാൻ പറ്റില്ലാന്ന് …’. എനിക്ക് ഭയങ്കര ദേഷ്യവും വിഷമവുമൊക്കെ വന്നു. എനിക്കവിടെ കയറാം പക്ഷേ രജിസ്ട്രറിൽ എഴുതാൻ സമ്മതിക്കില്ല. അങ്ങനെ കയറിയാലെനിക്കെതിരെ ‘അതിക്രമിച്ചു കയറിയെന്ന്’ കേസെടുക്കാം. ഇങ്ങനെയൊക്കെ ചിന്തകൾ കടപോവുകയായിരുന്നു. ഞാൻ മേലെ ബസ്റ്റോപ്പിൽ പോയിരുന്നു.

എത്ര നീചമായ രീതിയിൽ പെരുമാറുന്നു, ഇതിനെ ചെറുത്തു നിൽക്കണം എന്നൊക്കെ ആലോചിക്കുന്നുണ്ടായിരുന്നു. കൂട്ടമായി വിദ്യാർത്ഥികൾ വരണം ഇതെല്ലാം ചോദ്യം ചെയ്യണം. പക്ഷേ ഒന്നും ചെയ്യുന്നില്ല. ആരും ചോദിക്കുന്നില്ല. ആ സമയം ഞാൻ കരഞ്ഞു. ഞാൻ പുറത്താക്കപ്പെട്ടതിൽ തരിമ്പ് വിഷമമുണ്ടായിട്ടില്ല ഒരിക്കലും. എന്നാൽ ഇത്രമാത്രം നെറികേട് നടക്കുമ്പോഴും (അതെന്നോടെന്നുള്ളതിൽ മാത്രമല്ല) ചുറ്റുമെല്ലാം സ്വാഭാവികമായി തോന്നിച്ചു, വിദ്യാർത്ഥികൾ വന്ന് ബസ്സിറങ്ങുന്നു ക്ലാസുകളിലേക്ക് പോകുന്നു. അവിടെന്ന് എന്റെ കൂട്ടുകാർ കൂട്ടി കൊണ്ട് പോയി ചായ വാങ്ങി തന്നു. അപ്പൊ അറിഞ്ഞു അവിടെ പോലീസ് വന്നത്രെ പുറത്താക്കപ്പെട്ട ഞാൻ കഞ്ചാവ് വലിച്ച് വന്ന് അവിടെ ബഹളമുണ്ടാക്കുന്നെന്ന പരാതിയിൽ. എനിക്ക് വീണ്ടും എന്തെന്നില്ലാത്ത ദേഷ്യവും വിഷമവും വന്നു.

പിന്നെ കുറേ കഴിഞ്ഞ് മെയിൻ ഗെയ്റ്റിലേക്ക് ചെന്നപ്പോൾ അന്വേഷണ റിപ്പോർട്ടിന്റെ രണ്ട് കോപ്പിയും കൊണ്ട് സെക്യൂരിറ്റി വന്നു. ഒന്നിൽ ‘റിസീവ്ഡ് ‘ എന്ന് എഴുതി വാങ്ങി. അത് കണ്ടപ്പോ ചിരിവന്നു. ഞാൻ സെക്യൂരിറ്റി ചേട്ടനോട് പറഞ്ഞു: ‘ഇനി ടി സി വാങ്ങാൻ വരുമ്പോഴും ഇവിടെ യൂണിവേഴ്സിറ്റിയ്ക്ക് പുറത്ത് കസേരയിട്ടിരുന്നാ മതിയല്ലെ? നിങ്ങള് കൊണ്ട് തരുവല്ലൊ! പ്രൊ വി സി യെക്കാളും പവറാണല്ലൊ എനിക്കിപ്പോ.’

(അഖിൽ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സംഘപരിവാര്‍ തീട്ടൂരങ്ങൾ കാസറഗോഡ് കേരള കേന്ദ്ര സർവ്വകലാശാല നടപ്പാക്കുന്ന വിധം; വിദ്യാർത്ഥികളും അദ്ധ്യാപകരും വേട്ടയാടപ്പെടുന്നു

കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്നത് ബിജെപി – ആര്‍എസ്എസ് റിക്രൂട്ട്മെന്‍റ്: പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി അഖില്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍