UPDATES

ട്രെന്‍ഡിങ്ങ്

ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറാകാത്ത സർക്കാർ ഉദ്യോഗസ്ഥർ ജനശത്രുക്കളിൽ കുറഞ്ഞൊന്നുമല്ല

സെക്രട്ടേറിയറ്റിൽ സമയത്തിന് വരാൻ സംവിധാനം ഏർപ്പെടുത്താൻ ശ്രമിച്ചപ്പോൾ അതെന്തോ മഹാപാതകമായി എതിർത്തവരാണ് ഈ ഉദ്യോഗസ്ഥർ.

ഒരു മാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസത്തിനു നൽകാൻ തയ്യാറാകാഞ്ഞ ഒരുദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും അത് റദ്ദാക്കുകയും ചെയ്തിരിക്കുന്നു സർക്കാർ. നിങ്ങൾക്ക് വേണമെങ്കിൽ ചെയ്യാനുള്ള ഒരു option നല്കിയതിനുശേഷം, തീരുമാനം എതിരായാൽ സ്ഥലം മാറ്റിയത് ശരിയല്ല. എന്നാൽ, ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറാകാത്ത സർക്കാർ ഉദ്യോഗസ്ഥർ ജനശത്രുക്കളിൽ കുറഞ്ഞൊന്നുമല്ല എന്നാണ് യാതൊരു മറയുമില്ലാതെ പറയേണ്ടത്. ഉദ്യോഗസ്ഥരുടെ ജീവിത ബജറ്റിനെ ഒട്ടും താളം തെറ്റിക്കാത്ത വിധത്തിൽ ഒരു മാസത്തെ ശമ്പളം നൽകാനുള്ള നാനാവിധ സാധ്യതകൾ സർക്കാർ നൽകിയിട്ടുണ്ട്. അപ്പോഴാണ് രണ്ടു സർക്കാർ ഉദ്യോഗസ്ഥരൊക്കെ വീട്ടിലുള്ള കുടുംബങ്ങളിൽ നിന്നും വറുതിയുടെ ചാവുപാട്ട്!

ഒട്ടും മോശമല്ലാത്ത തരത്തിൽ, കേരളത്തിലെ ചുറ്റുപാടുകളിൽ സാമാന്യം ഭേദമായി ജീവിച്ചുപോകാവുന്ന ശമ്പളം കിട്ടുന്നവരാണ് മിക്ക സർക്കാർ ഉദ്യോഗസ്ഥരും. തീർച്ചയായും ഒരു ദരിദ്ര രാജ്യത്തെ, വളരെ കുറഞ്ഞ ആളോഹരി വരുമാനമുള്ള ഒരു സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകാവുന്നതോ അതിലേറെയോ ആണ് മിക്കവർക്കുമുള്ള ശമ്പളം.

അങ്ങനെ ഈ സംസ്ഥാനത്തിന്റെ പൊതുവരുമാനത്തിൽ നിന്നും ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക്, ഈ നാടിനെ അതിനു താങ്ങാനാകാത്ത വിധത്തിൽ അടിസ്ഥാനസൗകര്യങ്ങൾ തകർത്ത ഒരു പ്രളയത്തിന് ശേഷമുള്ള പുനഃ:നിർമാണത്തിന് ഒരു മാസത്തെ ശമ്പളം നൽകാനുള്ള ധാർമിക ബാധ്യത മാത്രമല്ല, സാങ്കേതിക ബാധ്യത കൂടി ഉണ്ടാകേണ്ടതാണ്. പക്ഷെ അത്തരത്തിലൊരു സാങ്കേതിക ബാധ്യത തത്ക്കാലമില്ല, അതവിടെ നിൽക്കട്ടെ. സംസ്ഥാനവും അതിലെ ജനങ്ങളും നശിച്ചു നാറാണക്കല്ലു തോണ്ടിയാലും എന്റെ ശമ്പളം മാത്രം മുടങ്ങാതെ സമയാസമയങ്ങളിൾ വർധിച്ചു കിട്ടണമെന്ന അധമമായ സാമൂഹ്യബോധത്തിനെയാകരുത് നാം തീറ്റിപ്പോറ്റേണ്ടത്.

കാര്യക്ഷമത എന്നത് ഒരു അപഭ്രംശമായും അപരാധമായും കണക്കാക്കുന്ന കാര്യാലയങ്ങളിൽ ചടഞ്ഞിരിക്കുന്നവരാണ് ഇവരിൽ മിക്കവാറും. സർക്കാർ കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കെടുകാര്യസ്ഥതയുടെ ഇരകളാണ് മിക്കപ്പോഴും ജനങ്ങൾ. അഴിമതി നടത്താൻ സാധ്യതയുള്ള ഒരു സർക്കാർ കാര്യാലയത്തിലും അതില്ലാതെ കാര്യങ്ങൾ നടക്കുന്നില്ല. ഒരു വിഭാഗം എന്ന നിലയിൽ ഏതൊരു പുരോഗമനപരമായ നീക്കത്തെയും സ്വാർത്ഥതാത്പര്യങ്ങൾകൊണ്ട് തടയിടാൻ കഴിവുള്ള ഇത്തിക്കണ്ണികളാണ് സർക്കാർ ഉദ്യോഗസ്ഥർ.

വെള്ളം കയറി നശിച്ചുപോയ കൃഷിയിടങ്ങൾ, പറമ്പുകൾ, ആയിരക്കണക്കിന് മനുഷ്യരുടെ അദ്ധ്വാനദിനങ്ങൾ, ചില്ലറ കച്ചവടങ്ങൾ ഇതിൽനിന്നെല്ലാമാണ് ഈ ഉദ്യോഗസ്ഥ പ്രമാണിമാർക്ക് ശമ്പളം നൽകുന്നത്. എല്ലാം കെട്ടുപോയാലും വിത്തെടുത്തുകുത്തിയും നമ്മളത് നൽകുന്നുണ്ട്. ആളോഹരി വരുമാനവും കോളേജ് അധ്യാപകരുടെ ശമ്പളവും തമ്മിൽ ഏറ്റവും കൂടുതൽ അനുപാതാന്തരമുള്ള രാജ്യമാണ് ഇന്ത്യ എന്ന് അമർത്യ സെൻ/ Jean Derez പറയുന്നുണ്ട്. ജോലി ചെയ്യുമ്പോൾ മെച്ചപ്പെട്ട ശമ്പളവും തൊഴിൽ സാഹചര്യങ്ങളും ഓരോ തൊഴിലാളിയുടെയും അവകാശമാണ്. അത് സർക്കാർ ഉദ്യോഗസ്ഥർക്കും ലഭിക്കണം. അതവർക്ക് ലഭിച്ചത് അവർ മാത്രമല്ല, മറ്റു ആയിരക്കണക്കിന് മനുഷ്യരും ചേർന്ന് നടത്തിയ സമരങ്ങളുടെ ഭാഗമായാണ്. ആ ജനങ്ങളുടെ, ആ നാടിന്റെ ദുരിതത്തിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ ഉദ്യോഗസ്ഥർ തയ്യാറല്ലെങ്കിൽ ജനശത്രുക്കൾ എന്നുതന്നെ അവരെ വിളിക്കണം.

സെക്രട്ടേറിയറ്റിൽ സമയത്തിന് വരാൻ സംവിധാനം ഏർപ്പെടുത്താൻ ശ്രമിച്ചപ്പോൾ അതെന്തോ മഹാപാതകമായി എതിർത്തവരാണ് ഈ ഉദ്യോഗസ്ഥർ. യാതൊരു തരത്തിലുള്ള ജനാധിപത്യബോധവും ജനങ്ങളോട് നമ്മുടെ സർക്കാർ കാര്യാലയങ്ങൾ കാണിക്കുന്നില്ല എന്നതൊരു രഹസ്യവുമല്ല. 32 ദിവസം സർക്കാർ ഉദ്യോഗസ്ഥർ സമരം ചെയ്തപ്പോൾ കേരളത്തിലെ തൊഴിലാളികളും കർഷകരും തൊഴിലില്ലാത്തവരുമൊക്കെ സമരസഹായസമിതിയുണ്ടാക്കി ഒപ്പം നിന്നിട്ടുണ്ട്. ആ സമൂഹത്തോടാണ്, സ്വന്തം വീടും വണ്ടിയും മക്കളുടെ സ്വാശ്രയ കോളേജ് പ്രവേശനവും മാത്രം ആകുലതയും രാഷ്ട്രീയം ഒരു ആവേശവിനോദവുമായിക്കാണുന്ന ഈ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾ അവരുടെ ഔദ്ധത്യവുമായി ഇറങ്ങിയിരിക്കുന്നത്.

അവസാനത്തെ മനുഷ്യന്റെ മരണസർട്ടിഫിക്കറ്റിനും കൈക്കൂലി വാങ്ങിച്ചാലും ദുരയടങ്ങാത്ത ജനശത്രുക്കൾ!

(ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍