UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല : പോസ്റ്റ് മോഡേണിസ്റ്റുകൾ ഇടംകോലിടാതിരുന്നാൽ രാഹുൽ ഈശ്വറിനെയും ശ്രീധരൻ പിള്ളയെയും കേരളം അതിജീവിക്കും

നാളെ രാഹുൽ ഈശ്വറിന്റെ വാദങ്ങൾക്ക് ന്യായീകരണം ചമയ്ക്കാൻ തന്നെയും കേരളത്തിലെ പോസ്റ്റ് മോഡേണിസ്റ്റുകളെത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല.

ശബരിമല വിഷയത്തിൽ ബിജെപിയുടെ മുതലെടുപ്പ് രാഷ്ട്രീയം പ്രതീക്ഷിച്ചതാണ്. ആർഎസ്എസ് പരസ്യമായി കോടതിവിധിയെ സ്വാഗതം ചെയ്യുമ്പോഴും ബിജെപിയും മറ്റ് ഫ്രിഞ്ച് ഗ്രൂപ്പുകളും അയ്യപ്പ ഭക്തരെ അണിനിരത്താനുള്ള ശ്രമത്തിലാണ്. ഇതാദ്യമായല്ല കേരളത്തിലെ സംഘപരിവാരം ക്ഷേത്ര വിഷയങ്ങൾ പറഞ്ഞുകൊണ്ട് രാഷ്ട്രീയം കളിക്കുന്നത്.

1955 ൽ ശബരിമലയിലെ തീപ്പിടിത്തം ഹിന്ദുവിരോധികൾ കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നായിരുന്നു ആർഎസ്എസിന്റെ ആരോപണം. 1957 ൽ അധികാരത്തിൽ വന്ന ഇഎംഎസ് സർക്കാരിന്റെ കാലത്ത് ആർഎസ്എസും മറ്റ് ഹിന്ദു സംഘടനകളും ഇക്കാര്യം പറഞ്ഞുകൊണ്ട് കുറേ കോലാഹലമുണ്ടാക്കിയിരുന്നു. നിലക്കൽ പ്രക്ഷോഭം എന്നപേരിൽ ശബരിമല കേന്ദ്രമാക്കി സംഘപരിവാരം സമരത്തിനിറങ്ങിയത് എൺപതുകളിലാണ്. ശബരിമല ഉൾപ്പെടുന്ന പതിനെട്ട് മലകളുടെ ഭാഗമായ നിലക്കലിൽ സെന്റ് തോമസ് സ്‌ഥാപിച്ചു എന്നു പറയപ്പെടുന്ന കുരിശിൻറെ ഭാഗങ്ങൾ 1983 മാർച്ച് 24ന് കണ്ടെടുത്തതിനുശേഷമാണ് നിലയ്ക്കലിൽ ഒരു ചാപ്പൽ നിർമ്മിക്കാൻ ക്രിസ്തീയ സഭ തീരുമാനിച്ചത്. ഇത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ നിലക്കൽ പ്രക്ഷോഭം ആരംഭിച്ചത്. ഇന്നുകാണുന്നതിലും ബഹളമായിരുന്നു അക്കാലത്ത്. എന്നാൽ ഈ രണ്ടു സമരങ്ങളും ക്ലച്ചുപിടിക്കാതെ പോവുകയാണുണ്ടായത്. ഇതൊന്നുമല്ല സംഘിന്റെ ഏറ്റവും വലിയ ക്ഷേത്ര സംബന്ധിയായ രാഷ്ട്രീയ പരീക്ഷണം, അത് 1968ലെ തളി ക്ഷേത്ര സമരമാണ്.

ഭാരതീയ ജന സംഘിന്റെ പതിനാലാമത് അഖിലേന്ത്യാ സമ്മേളനം 1967ൽ കോഴിക്കോട്ട് നടന്നപ്പോഴാണ് ദീൻ ദയാൽ ഉപാധ്യായ ജനസംഘത്തിന്റെ അധ്യക്ഷനാവുന്നത്. ആ സമ്മേളനം കൊളുത്തിവിട്ട വർഗ്ഗീയ പ്രചാരണങ്ങളിൽ പിടിച്ചാണ് ആർ എസ് എസ് കേരളത്തിൽ വർഗ്ഗീയ കലാപങ്ങൾക്ക് കോപ്പുകൂട്ടിയത്. അങ്ങാടിപ്പുറത്തെ തളി ക്ഷേത്രവുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ ജന സംഘത്തിന്റെ കോഴിക്കോട് സമ്മേളനത്തിന് ശേഷമാണ് ഉയർന്നുവന്നത്. തുടർന്ന് 1968ൽ കലാപ സമാനമായ അന്തരീക്ഷമാണ് മേഖലയിൽ നിലനിന്നത്. അങ്ങാടിപ്പുറത്തെ സർക്കാർ ഭൂമിയിൽ ശിവലിംഗം കണ്ടെടുക്കുകയും അത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്തെ ടിപ്പു സുൽത്താന്റെ പടയോട്ടസമയത്ത് നശിപ്പിക്കപ്പെട്ടതാണ് എന്ന് സ്‌ഥാപിച്ചെടുക്കുകയും ചെയ്ത സംഘപരിവാരം ക്ഷേത്രം നിർമ്മിച്ചുകിട്ടുന്നതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ മലബാർ ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചതും 1968ൽ തന്നെയാണ്.

സർക്കാർ ഭൂമിയിൽ ശിവ ക്ഷേത്രം നിർമ്മിച്ചുകിട്ടാനായി മലബാർ ക്ഷേത്ര സംരക്ഷണ സമിതി സമർപ്പിച്ച നിവേദനം അന്നത്തെ ഇ.എം.എസ്. സർക്കാർ തള്ളുകയാണുണ്ടായത്. ഇതേത്തുടർന്ന് ഹിന്ദു വികാരം ഇളക്കിവിട്ട് കലാപാഹ്വാനങ്ങൾ നടത്താൻ ആവും വിധം ആർ എസ് എസ് ശ്രമിക്കുകയുണ്ടായി. കോൺഗ്രസ്സ് നേതാവായിരുന്ന, മുൻ കെപിസിസി അധ്യക്ഷൻ കെ. കേളപ്പനായിരുന്നു അന്ന് തളി ക്ഷേത്ര സമരത്തിനും ഹിന്ദു വികാരം പടർത്തുന്നതിനും നേതൃത്വം കൊടുത്തത്.

ആർ എസ് എസുമായി അടുത്ത ബന്ധം സൂക്ഷിച്ച കെ. കേളപ്പൻ ക്ഷേത്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹമിരിക്കുകയും സർക്കാർ ഭൂമിയിലെ ചുറ്റുമതിൽ തകർക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്തു. അന്നത്തെ ജന സംഘം നേതാവായ അടൽ ബിഹാരി വാജ്‌പേയി കേരള സർക്കാരിനെ ഭീഷണിപ്പെടുത്തിയത് തളി ക്ഷേത്രവിവാദം ദേശീയ വിഷയമായി ഉയർത്തുമെന്നും അത് ഓരോ ഹിന്ദുവിന്റെയും കൂടി വിഷയമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു. തുടക്കകാലത്ത് കേളപ്പനും മറ്റും വലിയൊരു ശതമാനം ഹിന്ദു വിശ്വാസികളെ മൊബിലൈസ് ചെയ്‌തെങ്കിലും പിന്നീടങ്ങോട്ട് തളി ക്ഷേത്ര സമരം ക്ഷീണിക്കുകയാണ് ഉണ്ടായത്. വിവാദ ഭൂമി ആർക്കിയോളജിക്കൽ വകുപ്പിന് കൈമാറാനുള്ള സർക്കാർ തീരുമാനം പക്ഷേ കോടതിയുടെ ഇടപെടലിനെത്തുടർന്ന് നടക്കാതെപോയി. കോടതി ഉത്തരവിലാണ് പിന്നീട് തളി ക്ഷേത്ര നിർമ്മാണം നടന്നത്. കൊയിലാണ്ടിക്കടുത്തുള്ള മുചുകുന്നുകാരനായ കെ.കേളപ്പൻ പിന്നീട് ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ‘കേരള ക്ഷേത്ര സംരക്ഷണ സമിതി’ രൂപീകരിക്കുകയും സംഘ പരിവാരത്തിന്റെ കേരളത്തിലെ ഹിന്ദു റിവൈവൽ പദ്ധതികൾക്ക് ഉൾപ്രേരണം പകരുകയും ചെയ്തു. ഇതേ കെ. കേളപ്പൻ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെയും സംഘികൾക്കൊപ്പം മുസ്ലിം വിരുദ്ധതയിലൂന്നിയ പരസ്യ പ്രക്ഷോഭമുറകളുമായി രംഗത്തുവന്നിരുന്നു. ജനങ്ങൾ കൈവിട്ടതുകൊണ്ട് അതിൽ തോൽവിയായിരുന്നു ഫലം.

മലപ്പുറം ജില്ലാ രൂപീകരണം കേളപ്പനും കൂട്ടർക്കും തടയാനായില്ല. അതായത് എല്ലാ അടവുകളും പയറ്റിനോക്കിയിട്ടും സംഘപരിവാറിനും കേളപ്പസേനക്കും തളി ക്ഷേത്രവിഷയത്തിലും ക്ഷേത്രം ഉൾക്കൊള്ളുന്ന മലപ്പുറം ജില്ലാ രൂപീകരണ വിഷയത്തിലും കാര്യമായി ഹിന്ദു വികാരം ഉണർത്താൻ പറ്റിയില്ല എന്നുതന്നെ.

കെ കേളപ്പന് പക്ഷേ കേരളത്തിലെ പോസ്റ്റ് മോഡേണിസ്റ്റുകൾ ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. “വായനയും പ്രതിരോധവും” എന്ന തന്റെ പുസ്തകത്തിലെ “കെ കേളപ്പനും കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യവും” എന്ന അധ്യായത്തിൽ കേരളത്തിലെ പോസ്റ്റ് മോഡേൺ മഹാ ബുദ്ധിജീവി ടിടി ശ്രീകുമാർ എഴുതുന്നത് നോക്കുക.

“ഒന്നോ രണ്ടോ സന്ദർഭങ്ങളിലെ താരതമ്യേനെ അപ്രസക്തമായ നിലപാടുകൾ അടർത്തിയെടുത്ത് അദ്ദേഹത്തെ ഹിന്ദു വർഗ്ഗീയവാദിയാക്കുന്ന രാഷ്ട്രീയം സ്വീകാര്യമല്ല എന്ന് ഉറപ്പിച്ചുതന്നെ പറയേണ്ടിയിരിക്കുന്നു.”കണ്ടയാളുകൾക്കെല്ലാം ഇസ്ലാമോഫോബിക് ചാപ്പയടിച്ചുകൊടുക്കുന്നയാളും ജമാഅത്തെ ഇസ്ലാമിയുടെ വേണ്ടപ്പെട്ട ബുദ്ധിജീവിയുമാണ് ഇപ്പറയുന്ന ടിടി ശ്രീകുമാറെന്നതാണ് കോമഡി.

” (മലപ്പുറം)ജില്ലാ രൂപീകരണത്തോടുള്ള അദ്ദേഹത്തിന്റെ എതിർപ്പുപോലും വർഗ്ഗീയമായ ഒരു കാഴ്ചപ്പാടിലൂടെ ആയിരുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്” എന്നുകൂടെ പറഞ്ഞാണ് ടിടി ശ്രീകുമാർ കെ കേളപ്പനെ ന്യായീകരിക്കുന്നത്. വൈക്കം-ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ കെ കേളപ്പൻ പങ്കുകൊണ്ടത് ഉല്പതിഷ്ണുക്കളായ മറ്റു നേതാക്കളെപ്പോലെ ജാതി വിരുദ്ധമായ ചിന്തയിലൂന്നിയായിരുന്നില്ല, മറിച്ച് കീഴാളരെ ഹിന്ദു ഫോൾഡിൽ ഉറപ്പിച്ചുനിർത്താനുള്ള തന്റെ ഭാവി പരിപാടികൾക്കുള്ള നിക്ഷേപമായിട്ടുതന്നെയാവണം. കേളപ്പൻ ഈ സമരങ്ങളിൽ കണ്ണിചേർന്നത് അതിനുവേണ്ടി തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ പിൽക്കാല ജീവിതം കാട്ടിത്തന്നത്. എന്നാൽ പോസ്റ്റ് മോഡേണിസ്റ്റുകൾക്ക് കേളപ്പനോടാണ് താല്പര്യം.

ശബരിമല വിഷയത്തിലേക്ക് തിരിച്ചുവരുമ്പോൾ നാളെ രാഹുൽ ഈശ്വറിന്റെ വാദങ്ങൾക്ക് ന്യായീകരണം ചമയ്ക്കാൻ തന്നെയും കേരളത്തിലെ പോസ്റ്റ് മോഡേണിസ്റ്റുകളെത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല. അല്ലെങ്കിലും അവരുടെ ഡീ കൺസ്ട്രക്ഷൻ ഫാക്റ്ററികൾ സംഘിനെയാണല്ലോ സഹായിക്കാറുള്ളത്. കെ കേളപ്പനെ കഷ്ട്ടപ്പെട്ട് നല്ല പിള്ളയാക്കുന്ന അതേ ശ്രീകുമാരന്മാരാണ് ഓണത്തെ സവർണ്ണ ഹിന്ദു ആഘോഷമായി പ്രഖ്യാപിച്ചുകളഞ്ഞതും കാമ്പസുകളിൽ ഓണമാഘോഷിക്കുന്ന എസ്എഫ്ഐക്കാരെ കീഴാള വിരുദ്ധരാക്കിയതും. എത്ര എളുപ്പത്തിലാണ് ഓണത്തിനെ ഇക്കൂട്ടർ സംഘിന് വിട്ടുകൊടുക്കുന്നത്. ഒന്നാലോചിച്ചാൽ മനസ്സിലാവും,

കേരളത്തിൽ എത്രയൊക്കെ അനുകൂല ഘടകങ്ങൾ സംഘിനുണ്ടെങ്കിലും അവർക്ക് രാഷ്ട്രീയമായും ഇലക്‌ടറലായും വിജയിക്കാൻ കഴിയാത്തത് പല കാരണങ്ങൾ കൊണ്ടാണ്. ഒന്ന്, മതനിരപേക്ഷ ചേരിയുടെ ശക്തമായ ചെറുത്തുനിൽപ്പാണ്. രണ്ടാമത്തെ കാരണം കേരളത്തിന്റെ സവിശേഷമായ സോഷ്യൽ ഫാബ്രിക്കാണ്. കൂടുതൽ വിശദീകരണം വേണ്ടാത്ത ഈ കാരണങ്ങൾക്കൊപ്പം ഈ ദേശത്തിന്റെ ചരിത്രവും ഓണം പോലുള്ള കേരളത്തിലെ മിത്തുകളുടെയും പുരാണങ്ങളുടെയും ശക്തമായ കൗണ്ടർ നരേട്ടീവുകളും സംഘിനെ ചെറുത്തുതോൽപ്പിക്കാൻ കാരണമാവുന്നു. വിശ്വാസി സമൂഹങ്ങളിൽ പോലും സംഘപരിവാരത്തിന് കടന്നുചെല്ലാനാവാത്തത് ഇതുകൊണ്ടാണ്.

ഹിന്ദു പുരാണങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങൾ ഏതാണ്ടെല്ലാം തന്നെയും സവർണ്ണ ആഘോഷങ്ങളാണ്. ദസറ മുതൽ ദിവാലി വരെ അതങ്ങനെ കീഴാള വിരുദ്ധമായി ഇന്നും തുടരുന്നു. തദ്ദേശീയരുടെ ഇടയിൽ ഈ ആഘോഷങ്ങൾക്കെല്ലാം കീഴാളപക്ഷം പിടിക്കുന്ന കൗണ്ടർ നറേറ്റീവുകളും ഉണ്ട്. എന്നാൽ സവർണ്ണയുക്തിക്കാണ് അസാമാന്യമായ പ്രചാരണം ലഭിച്ചുപോരുന്നതെന്നുമാത്രം. ദുർഗ്ഗക്ക് പകരം ചിലർ മഹിഷാസുരനെയും ആരാധിക്കുന്നുണ്ടെങ്കിലും മുഖ്യധാരയെന്ന് പറയപ്പെടുന്ന ഇടങ്ങളിൽ മഹിഷാസുരന് എന്നും അയിത്തമാണ്.

ഹിന്ദു ആഘോഷങ്ങളുടെ സവിശേഷതയായ ഈ ബ്രാഹ്മണിക് യുക്തിയുടെ പൊളിച്ചെഴുത്ത് കേരളത്തിലെ ഓണത്തിൽ കാണാൻ കഴിയും. കീഴാളനായ മഹാബലി ആഘോഷിക്കപ്പെടുക എന്നത് അത്ര ചില്ലറ കാര്യമൊന്നുമല്ല. അതും സവർണ്ണ ബ്രാഹ്മണിക് മൂല്യങ്ങൾ കൊടികുത്തിവാണ, ഹിന്ദു റിവൈവൽ പദ്ധതിയുടെ തലതൊട്ടപ്പനായ ശങ്കരാചാര്യന്റെ നാട്ടിൽ. ബുദ്ധവിഹാരങ്ങളെ തകർത്തുള്ള ഹിന്ദുമതത്തിന്റെ തിരിച്ചുവരവ് ആരംഭിച്ചതിന് ശബരിമലയുൾപ്പെടെയുള്ള തകർക്കപ്പെട്ട പഴയ ബുദ്ധവിഹാരങ്ങളുടെ തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. അത്തരത്തിൽ ഹിന്ദുത്വത്തിന് ഡെമോഗ്രഫിക് കോമ്പോസിഷൻ ഉൾപ്പെടെ പലരീതിയിൽ പൊട്ടൻഷ്യൽ സ്‌പേസ് ഉള്ള ഒരിടത്താണ് മഹാബലി എന്ന കീഴാള ശരീരം കൊണ്ടാടപ്പെടുന്നത്. കേട്ടുകേൾവിക്കഥകളിൽ കണ്ട ആദ്യത്തെ ഭൂമി കയ്യേറ്റം മാത്രമല്ല വാമനനെന്ന മഹാവിഷ്ണു അവതാരത്തിന്റേത്. അതിനുമപ്പുറം കീഴാളരെ/കീഴാള മുന്നേറ്റങ്ങളെ അടിച്ചമർത്താൻ ബ്രാഹ്മണികാധികാരം എന്നും നടത്തിപ്പോന്ന ഗൂഢാലോചനകളുടെ ചിത്രം കൂടിയാണത്. ആ സ്‌ഥിതിക്ക്‌ കീഴാളവിചാരങ്ങൾക്കും മുന്നേറ്റങ്ങൾക്കുമുള്ള ഒരു സാധ്യതയാണ് ഓണം തുറന്നത്. അപ്പോഴും ഓണം കീഴാള ആഘോഷമാണെന്ന് പോസ്റ്റ് മോഡേണിസ്റ്റുകൾ സമ്മതിച്ചുതരില്ല എന്നതുപോലെത്തന്നെ ബുദ്ധവിഹാരമായിരുന്നു ശബരിമലയെന്ന് സംഘികളും സമ്മതിച്ചുതരില്ല. എന്നാൽ മലയാളിയുടെ ബോധ്യം വേറെയായിരുന്നു.
അതുകൊണ്ടുതന്നെയാണ് വാമനജയന്തിയാണ് ഓണമെന്ന സംഘിവാദങ്ങളെ മലയാളി പുറംകാലുകൊണ്ട് തൊഴിച്ചത്.

ചുരുക്കിപ്പറഞ്ഞാൽ ശബരിമല വിഷയത്തിൽ കോലാഹലം മുഴക്കിക്കൊണ്ടിരിക്കുന്ന ഇക്കാണുന്ന പിഎസ് ശ്രീധരൻ പിള്ളമാരെയും രാഹുൽ ഈശ്വരന്മാരെയും അവരുടെ പരിവാരങ്ങളെയും കൂടി കേരളം അതിജീവിക്കും. ആർ. എസ്.എസ് നേതാക്കളായ ഭയ്യാജി ജോഷിയും ഗോപാലൻകുട്ടിയും വൈക്കം -ഗുരുവായൂർ സത്യാഗ്രഹകാലത്തെ കെ കേളപ്പന്റെ റോളിലാണ്. നാളെ മലകയറി കടന്നുവരാൻ സാധ്യതയുള്ള സ്ത്രീജനങ്ങളെ സംഘിന് നഷ്ടപ്പെടാതിരിക്കാനുള്ള മുൻകൂട്ടിയുള്ള ഏറാണ് കോടതിവിധിയെ അനുകൂലിച്ചുള്ള ആർ എസ് എസ് പ്രസ്താവന. ചരിത്രം പഠിക്കുന്നവരായതുകൊണ്ട് കേരളത്തിലെ ഇടതുപക്ഷത്തിന് ഈ വിഷയത്തിൽ യാതൊരു സന്ദേഹവുമില്ല. പോസ്റ്റ് മോഡേണിസ്റ്റുകൾ ദയവായി രാഹുൽ ഈശ്വരന്മാർക്ക് ന്യായീകരണവാദം ചമയ്ക്കാതിരുന്നാൽ മതി.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിതിന്‍ ഗോപാലകൃഷ്ണന്‍

ജിതിന്‍ ഗോപാലകൃഷ്ണന്‍

ഇൻസ്റ്റിറ്റ്യൂട് ഓഫ് സോഷ്യൽ ആൻഡ് എക്കണോമിക് ചേഞ്ചിലെ ഗവേഷണ വിദ്യാർത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍