UPDATES

ട്രെന്‍ഡിങ്ങ്

ഓണാട്ടുകരയിലെ ‘ഫെമിനിസ്റ്റു’കളും ഇന്ത്യാ രാജ്യത്തെ പെണ്ണനുഭവങ്ങളും

ഇന്ത്യയിലിപ്പോൾ സ്ത്രീകൾക്കെന്താ തുല്യതക്കുറവ് എന്ന ചോദ്യം കേൾക്കുമ്പോൾ ആ ചാരക്കണ്ണുകളും മുളചീന്തുന്ന കരച്ചിലും എനിക്കോർമ്മവരും

ഓണാട്ടുകരയിലെ പെണ്ണുങ്ങളെക്കുറിച്ച്, സോറി – ഫെമിനിസ്റ്റുകളെക്കുറിച്ച് ഒരു സ്ത്രീ എഴുതിയൊരു പോസ്റ്റ് വായിച്ചു. ഭർത്താവ് രാത്രി വന്നു തല്ലുന്നതുവരെയുള്ള ഓണാട്ടുകരയിലെ ദിനചര്യാവർണ്ണന ഒരു മറുപടിയും അർഹിക്കുന്നില്ല. കാലിലെ ചങ്ങല പാദസരമാണെന്നു തോന്നുന്നവരോട് മറുപടി പറഞ്ഞിട്ടെന്താണ്! പക്ഷേ അതിനു താഴെ വരുന്ന കമന്റുകൾ, “പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി” മട്ടിൽ കണ്ടപ്പോൾ  ചിലത് പറയണമെന്ന് തോന്നി. അവർ കണ്ട സ്ത്രീകൾ അങ്ങനെയാണെങ്കിൽ നമ്മളൊക്കെ കണ്ട സ്ത്രീയനുഭവങ്ങൾ ഇങ്ങനെയുമാണ്. അവരുടെ അനുഭവങ്ങൾ അവരേയും നമ്മുടെ അനുഭവങ്ങൾ നമ്മളെയും നിർമ്മിച്ചിരിക്കുന്നു. അത്രമാത്രം.

പിടിച്ചുകുലുക്കിയ വൈകാരികതകളോ അനുഭവങ്ങളോ, പരമാവധി മനസ്സിന്റെ ഡയറിയിൽ സൂക്ഷിക്കുന്നതാണ് ഭംഗി. അതുകൊണ്ടവയൊന്നും പരമാവധി എഴുതാറുമില്ല. എന്നാലും ഇപ്പൊഴിതാവശ്യമെന്നു തോന്നുന്നു.

ജന്റർ പ്രശ്നങ്ങൾ ഉന്നയിക്കുന്ന ഏതുവേദിയിലും പൊതുവേ കേൾക്കാറുള്ള ഉപദേശം രണ്ടെണ്ണമാണ്. സ്ത്രീകൾക്ക് ഇന്ത്യയിൽ ഒരു അസമത്വവും ഇപ്പോൾ ഇല്ലല്ലോ (!) പിന്നെന്തിനാണ് ഇതിങ്ങനെ പറയുന്നത്, ജന്റർ പ്രശ്നം തന്നെ അതിശയോക്തിപരമാണ് എന്ന വാദം. രണ്ടാമതൊന്ന്, ലിംഗപദവിവിഷയത്തിൽ ഇടപെടാതെ മറ്റു സോഷ്യോ പൊളിറ്റിക്കൽ അന്തരീക്ഷങ്ങളിൽ അഭിരമിക്കുന്നതാണ് ഒരു ഇന്റലക്ച്വലാവാൻ ( !) നല്ലത്.

ഈ സാഹചര്യത്തിൽ എന്നെ പിടിച്ചുകുലുക്കിയ രണ്ട് മുംബൈയ് അനുഭവങ്ങൾ പറയാമെന്നു തോന്നുന്നു. രണ്ടിലും ഒരുശതമാനം അതിശയോക്തിയില്ല. രണ്ടിലും എന്നോടൊപ്പമുണ്ടായിരുന്ന ചില സുഹൃത്തുക്കൾ എഫ് ബിയിൽ തന്നെയുണ്ട്.

1) എന്റെ വാടകഫ്ലാറ്റിൽ ജോലിയ്ക്കു വന്നിരുന്ന സ്ത്രീയ്ക്കൊപ്പം അവരുടെ ഒരു പെൺകുട്ടിയും അന്ന് വരും. ഇളംചാരനിറമുള്ള കണ്ണൂകളുള്ള ആ കുട്ടി അമ്മ തുടച്ചുപോവുന്ന സ്ഥലമൊക്കെ വീണ്ടും വൃത്തികേടാക്കുന്നതും അവളെ അമ്മ മറാഠിയിൽ ചീത്ത പറയുന്നതും അന്നു കൗതുകത്തോടെ കണ്ടിരിക്കുമായിരുന്നു ഞാൻ. ഒരു ദിവസം അവർ പറയുന്നു, കുട്ടിയ്ക് ഹാർട്ടിന്റെ വാൽവിനു പ്രശ്നമാണ്. ഓപ്പറേഷനു പണമില്ലാത്തതുകൊണ്ട് നടത്താതിരിയ്ക്കുകയാണ്. അന്ന് മുംബൈയിൽ ജോലിചെയ്യുമ്പോൾ ഞങ്ങൾ ചില ചെറുപ്പക്കാർ ചേർന്നു കഴിയുന്ന ചില സഹായങ്ങൾ ഹൃദ്രോഗികൾക്ക് നൽകിയിരുന്നു. അവിടെനിന്ന് ഫണ്ട് പാസാക്കി, ഞങ്ങൾ സത്താറയിലുള്ള അവളുടെ വീട്ടിലേക്കു പോയി. ഓപ്പറേഷനാവശ്യമായ അമ്പതിനായിരം രൂപ അവളുടെ അച്ഛനെ ഏൽപ്പിച്ചു. അയാളൂടെ കണ്ണു നിറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പൊൾ ഫ്ലാറ്റിലെ ജോലിക്കാരി മാറി.. പിന്നെ എട്ടുമാസം കഴിഞ്ഞാണ് ലോണാവാലയിൽ വെച്ച് ഞാനാ അച്ഛനെ കാണുന്നത്. പെൺകുട്ടിയുടെ ഓപ്പറേഷനൊക്കെ ഭംഗിയായി കഴിഞ്ഞില്ലേ എന്നു ഞാനയളോട് ചോദിച്ചു.

“ ഓ, ഞങ്ങളതു നടത്തിയില്ല സാബ്.”
“ എന്തുകൊണ്ട്?”
“ വീട്ടിൽ ചില അത്യാവശ്യം വന്നു. ആ പണം അപ്പോഴതിനെടുത്തു.”
“ ഓപ്പറേഷനെന്താ നടത്താതിരുന്നത്?”
“ ഓ, എന്തിനാ. പെൺകുട്ടിയല്ലേ സാബ്. മൂന്നുമാസം മുൻപ് അതു ചത്തു.”

എനിയ്ക്ക് ഒന്നും കുറച്ചുനേരത്തേയ്ക്ക് മനസ്സിലായില്ല. പിന്നെയാണ് കാര്യങ്ങൾ പിടികിട്ടിയത്. പെൺകുട്ടി മരിക്കുന്നത് അവർക്ക് ഒരു വിഷയമല്ല. ആൺകുട്ടിയായിരുന്നെങ്കിൽ ഓപ്പറേഷൻ നടത്തിയേനേ!

ആ ചാരനിറമുള്ള കണ്ണുകൾ കുറേ ദിവസം എന്നെ പിന്തുടർന്നു.

2) മുംബൈയ് മസ്ജിദ് റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു ഗലിയിലൂടെ നടക്കുമ്പോൾ ഞങ്ങൾ മൂന്നു കൂട്ടുകാർക്കു മുന്നിൽ ഒരു കാഴ്ച്ച. ഓടവെള്ളമൊഴുക്കുന്നതിന്റെ അടുത്ത് ഒരു നാലോ അഞ്ചോ വയസ്സുകാരനായ പയ്യൻ ഇരിക്കുന്നു. അവന്റെ മടിയിൽ ഒരു പിഞ്ചു പെൺകുഞ്ഞുണ്ട്. മൂന്നു മാസത്തിൽ കുറവായിരിക്കണം കുഞ്ഞിന്റെ പ്രായം. കുഞ്ഞിന്റെ ശരീരം മുഴുവൻ ചുവന്ന ഉറുമ്പുകൾ പൊതിഞ്ഞിരിയ്ക്കുന്നു! ആ പയ്യൻ അവന്റെ കുഞ്ഞുകൈകൾ രണ്ടും കൊണ്ട് ആ ഉറുമ്പുകളെ തട്ടിമാറ്റാൻ നോക്കുകയാണ്. കഴിയുന്നില്ല. കുഞ്ഞ് മുള ചീന്തുന്ന ശബ്ദത്തിൽ കരയുന്നു. പയ്യനും അലറിക്കരയുന്നു.

തൊട്ടടുത്തുള്ള വി ടി യിലെ ‘ചേതൻ’ എന്ന അനാഥക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിൽ എത്തിച്ച് ഞങ്ങൾ പിന്തിരിയും മുൻപ് ആ പയ്യനോട് ചോദിച്ചു:
“നിങ്ങളുടെ അമ്മ എവിടെ?”
“അമ്മയുണ്ട് ഭയ്യാ. അമ്മ എനിക്ക് പാവ് തരും. പാനി തരും. ഇവൾക്ക് കൊടുക്കില്ല. ഇവൾ പെൺകുട്ടിയല്ലേ. ഇവളെ അമ്മയ്ക്ക് വേണ്ട. എന്റെ പങ്കിൽ നിന്നാ ഞാൻ ഇവള്‍ക്ക് പാവ് കൊടുക്കുന്നത്.”

ഇരുമ്പു കടിച്ചപോലെ തരിച്ചു. യാചകക്കൂട്ടത്തിനിടയിൽ പോലും പെൺകുഞ്ഞിനെ വേണ്ട!
————————————
ഇന്ത്യയിലിപ്പോൾ സ്ത്രീകൾക്കെന്താ തുല്യതക്കുറവ് എന്ന ചോദ്യം കേൾക്കുമ്പോൾ ആ ചാരക്കണ്ണുകളും മുളചീന്തുന്ന കരച്ചിലും എനിക്കോർമ്മവരും. കരുണാനിധി കുറച്ചുകാലം മുൻപാണ് പറഞ്ഞത് – മധുര രാംനാഡ് പ്രദേശങ്ങളിൽ പെൺകുഞ്ഞുങ്ങളെ ജനിക്കുമ്പൊഴേ കൊല്ലുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന്. നാടൻ മരുന്നുകളരച്ച് നാവിൽ തെച്ചും, നവജാതശിശുവിന്റെ തൊണ്ടയിലേക്ക് നെൽമണിയിട്ടും ഉത്തരേന്ത്യയിൽ പതിനായിരക്കണക്കിനു പെൺകുഞ്ഞുങ്ങളെയാണ് കൊല്ലുന്നത്. ഗർഭലിംഗനിർണ്ണയം വഴി നടക്കുന്ന പതിനായിരങ്ങൾ വേറെ. ഡൽഹി ഇംഗ്ലീഷ് ദിനപ്പത്രത്തിൽ മുൻപ് ഗർഭഛിദ്രക്ലിനിക്കുകളുടെ പരസ്യം പരസ്യമായി വന്നിരുന്നു. “പിന്നീട് മൂന്നുലക്ഷം ചെലവാവാതിരിക്കാൻ ഇപ്പോൾ മുപ്പതുരൂപ ചെലവാക്കുക!” എന്നാണ് പരസ്യവാചകം.

ആർഷഭാരതത്തിൽ സ്വാഭാവികമാണിക്കാര്യം. പെൺകുഞ്ഞ് അധികപ്പറ്റാണ് നമുക്ക് മുൻപു തന്നെ. സന്തതിയുണ്ടാവുക എന്നാൽ പുത്രനുണ്ടാവുക എന്നാണ് ഭാരതീയനു പണ്ടുതന്നെ. സ്വർഗപ്രാപ്തിയുണ്ടാവില്ല, പുത്രനുണ്ടായില്ലെങ്കിൽ. അതുകൊണ്ടാണ് സന്താനഗോപാലകഥയിലെ ബ്രാഹ്മണൻ ശ്രീകൃഷ്ണന്റെ തിണ്ണനിരങ്ങിയത്. ദശരഥന്റെ ദുഃഖവും പുത്രനില്ലെന്നുള്ളതായിരുന്നു. പുത്രകാമേഷ്ടി നടത്തും മുൻപേ കൗസല്യയിൽ ദശരഥനു പുത്രിയുണ്ടായിരുന്നു – ശാന്ത. ആ കുട്ടിയെ സുഹൃത്തായ ലോമപാദന് നേരത്തേ കൊടുത്ത് ഭാരമൊഴിച്ചു ദശരഥൻ. പിന്നെ പുത്രനുണ്ടാവാത്ത ദൂഃഖമായി, യാഗം നടത്തി പുത്രന്മാരെ നേടി. തന്റെ മൂത്ത സഹോദരിയെപ്പറ്റി മിസ്റ്റർ ശ്രീരാമചന്ദ്രൻ എപ്പോഴെങ്കിലും ചിന്തിക്കുന്നുണ്ടോ? അതിന്റെ യാതൊരാവശ്യവും ഇല്ല, പെണ്ണല്ലേ. ശൂരസേനൻ പൃഥ്വിയെന്ന തന്റെ പേൺകുട്ടിയെ കുന്തീഭോജന് വിട്ടുകൊടുക്കുമ്പൊഴും യാതൊരു ദുഃഖവും തോന്നിക്കാണില്ല. കുന്തീഭോജന് അവിടെ വരുന്ന ഋഷിമാരെയും ബ്രാഹ്മണൻമാരെയും സംരക്ഷിക്കാൻ ഒരു ഹോസ്റ്റസ് വേണമായിരുന്നു. ആ പെൺകുഞ്ഞാണ് പാണ്ഡവമാതാവായ കുന്തി. ഇതൊക്കെയാണ് നമ്മുടെ കഥകൾ.

അപ്പൊൾ പറയാനുള്ളത്, സ്ത്രീകൾക്കായി സംസാരിച്ചാൽ പുരുഷാധിപത്യവാദികളായ ഭൂരിപക്ഷം വരുന്ന പുരുഷസമൂഹവും പുരുഷാധിപത്യകണ്ടീഷനിംഗിനു വിധേയമായ ഭൂരിപക്ഷം സ്ത്രീകളും എതിരാവുമെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും സംസാരിക്കേണ്ടിവരുന്നത് എന്റെ സഞ്ചിതസംസ്കാരവും ആനുഭവികലോകവും അത്രമേൽ സ്ത്രീവിരുദ്ധതയെപ്പറ്റിയുള്ള കാഴ്ച്ചകൾ മുന്നിൽ തുറന്നുതന്നതുകൊണ്ടാണ്.

ജയമോഹൻ തന്റെ ‘നൂറുസിംഹാസനങ്ങൾ’ എന്ന കോപ്പിലെഫ്റ്റ് നോവലിൽ ഒരു നായാടി കൊലപാതകം ചെയ്താലും ചരിത്രം നായാടിയോട് ചെയ്ത കുറ്റമോർക്കുമ്പോൾ അവൻ നിരപരാധിയായി മാറുന്നു എന്നെഴുതുന്നുണ്ട്. ഒരു നായാടിയെ സംബന്ധിച്ച് അതു രാഷ്ടീയമായ ശരിയാവുമ്പോൾ, സ്ത്രീയെ സംബന്ധിച്ച് അത് അതിലും വലിയ ശരിയാണ്. നായാടിക്ക് ഈ ലോകത്തിലേക്ക് ജനിച്ചുവീഴാനെങ്കിലും അവകാശം കൊടുത്തിരുന്നു. സ്ത്രിക്ക് അതുപോലും നിഷേധിക്കപ്പെട്ട ഭൂതകാലം മാത്രമല്ല വർത്തമാനവുമുണ്ടെന്നിരിക്കേ, പൊളിറ്റിക്കലി കറക്ടായും ഇൻകറക്ടായും സ്ത്രീക്കൊപ്പം നിൽക്കേണ്ടി വന്നേയ്ക്കും. കൃത്യമായ വർഗരാഷ്ടീയപരിപ്രേക്ഷ്യമാണ് എന്റെ സ്ത്രീപക്ഷത്തെ ആനുഭവികമായും സൈദ്ധാന്തികമായും നിലനിർത്തുന്നതും സാക്ഷാത്കരിക്കുന്നതും.

NB: പ്രളയമെത്രമേൽ വ്യർത്ഥമായിപ്പോയി എന്നു ബോദ്ധ്യപ്പെടുന്ന സന്ദർഭം: ഫെമിനിസ്റ്റ് എന്നതിന്റെ വികൃതതൽഭവമായി ഫെമിനിച്ചി എന്നൊരു തെറിവാക്കുണ്ടാക്കി ഉപയോഗിക്കുന്നവർ ഇപ്പോഴും ഈ നാട്ടിലുണ്ട് എന്നു കാണുമ്പോൾ.

ശ്രീചിത്രന്‍ എം ജെ  (ഫേസ്ബുക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ലക്ഷ്മിപ്രിയയുടെ പോസ്റ്റ്

“ഞാൻ രണ്ടു രീതിയിലുള്ള ഫെമിനിസ്റ്റുകളെ കണ്ടിട്ടുണ്ട്.. ആദ്യത്തേത് എന്റെ ഓണാട്ടുകരക്കാരികളായ നല്ല അസ്സല് പെണ്ണുങ്ങൾ ആണ്.. ഇച്ചേയിമാർ വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്ന, പ്രാർത്ഥനയിൽ ഏർപ്പെടുന്ന അതോടൊപ്പം കോഴിമുട്ട വിറ്റും, പാലുവിറ്റും നാളികേരം വിറ്റും ചിട്ടികൂടി കാശ് കൊണ്ടു പെണ്മക്കളുടെ കല്യാണം നടത്തുകയും മക്കളുടെ ഫീസ് അടയ്ക്കുകയും ചെയ്യുന്നവർ, ഇവരാണ് എന്റെ കാഴ്ചപ്പാടിൽ ഫെമിനിസ്റ്റുകൾ. രണ്ടാമത്തെ കൂട്ടരേ പറ്റി ഞാൻ പറയണ്ടല്ലോ!” ലക്ഷ്മിപ്രിയ തന്റെ പോസ്റ്റിൽ പറഞ്ഞതിപ്രകാരം.

ഫെമിനിസ്റ്റ് കൊച്ചമ്മ? ഫെമിനിസ്റ്റ് അമ്മ, ഫെമിനിസ്റ്റ് പെങ്ങള്‍…etc. എന്തെല്ലാം സാധ്യതകള്‍

സിനിമ കണ്ട് വഴിപിഴയ്ക്കുന്ന ഫെമിനിച്ചികളും അഴിഞ്ഞാട്ടക്കാരികളും

കത്തിക്കുത്തുകേസിലോ അതിർത്തിതർക്കത്തിലോ അല്ല ഞാൻ കോടതിയിലെത്തുന്നത്; സംഘപരിവാറിനെതിരെ സംസാരിച്ചിട്ടാണ്-ദീപാ നിശാന്ത്

തെറിവിളിക്കാര്‍ക്കറിയുമോ ഒരു സ്ത്രീയുടെ ജീവിതം എന്താണെന്ന്? ഫെമിനിസ്റ്റ് എന്താണെന്ന്?

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍