UPDATES

ട്രെന്‍ഡിങ്ങ്

നീ ആണല്ലേ..? എന്തിനാണ് വേഷം കെട്ടുന്നത്? ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റ് ശ്യാമയെ പി സി ജോര്‍ജ്ജ് അപമാനിച്ചു

കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹം വേഷം കെട്ടി നടക്കുന്നവരാണ് എന്നുള്ള ധ്വനിയാണ് ആ മാന്യന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്

ക്വീർ റിതം സെക്രട്ടറിയും, ആക്ടിവിസ്റ്റുമായ ട്രാൻസ്‌ജെൻഡർ ശ്യാമയോട് പി സി ജോര്‍ജ്ജ് എം എല്‍ എ അപമര്യാദയായി പെരുമാറി എന്ന് പരാതി. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് ശ്യാമ പരാതി ഉന്നയിച്ചിരിക്കുന്നത്. ജൂൺ 14ന് നടക്കുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിനെ കാണുന്നതിനായി ഇന്ന് നിയമസഭയിൽ എത്തിയ ശ്യാമ പി സി ജോർജിനെ മുൻപരിചയം ഉള്ളതുകൊണ്ട് അടുത്തേക്ക് ചെല്ലുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ “നീ ആണല്ലേ..? എന്താ ഇവിടെ? എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? മീശ അറിയുന്നുണ്ടല്ലോ” എന്നായിരുന്നു ജോർജിന്റെ ആദ്യ പ്രതികരണം. ട്രാൻസ്‌ജെൻഡർ ആണെന്ന് അറിയിച്ചപ്പോൾ “എനിക്ക് തിരക്കാണ്…. അതാണ്… ഇതാണ്… പിന്നെ”… എന്നുപറഞ്ഞ് തടിയൂരി പോകാനുള്ള ശ്രമമാണത്രെ പിന്നീടുണ്ടായത്. എന്തിനാണ് ഇങ്ങനെ വേഷം കെട്ടുന്നത് എന്ന ഭാവമായിരുന്നു പി സി ജോര്‍ജ്ജിനെന്ന് ശ്യാമ പറയുന്നു.

സമൂഹത്തിൽ നടക്കുന്ന സാമാന്യം വിഷയങ്ങളെക്കുറിച്ചോ ഇത്തരം ജീവിതങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതെ മുൻവിധിയോടുകൂടി സമീപിക്കുന്ന ഇത്തരം ജനപ്രതിനിധികളോട് പുച്ഛം മാത്രമാണ് ഈ അവസരത്തിൽ രേഖപ്പെടുത്താൻ ഉള്ളത് എന്ന് ശ്യാമ തുറന്നടിച്ചു. ഇത്തരം നിലപാടുകളുള്ള പിസി ജോർജ് എംഎൽഎ യോട് കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ പ്രതിനിധി എന്നുള്ള നിലയിൽ കടുത്ത വിദ്വേഷവും പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നതായും അവർ അറിയിച്ചു.
ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം എടുത്തിരിക്കുന്ന പ്രതിജ്ഞക്ക് വിപരീതമായി, ഭരണഘടനയുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇത് ഗൗരവപൂർവ്വം കാണേണ്ട ഒരു വസ്തുതയാണെന്നും ശ്യാമ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജൂൺ 14ന് നടക്കുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചറിനെ കാണുന്നതിനായി ഇന്ന് നിയമസഭയിൽ പോകേണ്ടി വന്നിരുന്നു. ആദ്യമായാണ് നിയമസഭയ്ക്കുള്ളിൽ നടക്കുന്ന കാര്യക്രമങ്ങൾ നേരിൽ കാണുന്നതും അനുഭവിക്കുന്നതും. ആ സന്തോഷത്തിൽ പുറത്തേക്ക് വരുന്ന അവസരത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം എം എൽ എ പി സി ജോർജിനെ കാണാനിടയായി.

മാന്യമഹാജനങ്ങളേ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്ന അവസരത്തിൽ വിധികർത്താവായി വന്ന പി സി ജോർജിനെ വീണ്ടും കണ്ട സന്തോഷത്തിൽ സംസാരിക്കാൻ മുതിർന്നപ്പോൾ അദ്ദേഹത്തിൻറെ മറുപടി ഇപ്രകാരമായിരുന്നു, “നീ ആണല്ലേ..? എന്താ ഇവിടെ? എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? മീശ അറിയുന്നുണ്ടല്ലോ” എന്‍റെ മറുപടി ഞാനൊരു ട്രാൻസ്ജെൻഡർ വ്യക്തി ആണ് എന്നതായിരുന്നു. ഞാൻ തിരികെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ “എനിക്ക് തിരക്കാണ്…. അതാണ്… ഇതാണ്… പിന്നെ” എന്നുപറഞ്ഞ് തടിയൂരി പോകാനുള്ള ശ്രമമാണ് നടത്തിയത്. ഒരുപക്ഷേ സുഹൃത്തുക്കൾ കൂടെയുള്ളതുകൊണ്ട് ആയിരിക്കും. എന്നാലും എന്തിനാണ് ഈ വേഷം കെട്ടൽ കാണിക്കുന്നത് എന്നുള്ളതായിരുന്നു വീണ്ടും അദ്ദേഹത്തിൻറെ മറുപടിയും മുഖത്തുള്ള ഭാവവും.

ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിൻറെ നിലപാടിനോട് വീക്ഷണത്തോട് കടുത്ത വിയോജിപ്പാണ് ഈ അവസരത്തിൽ പ്രകടിപ്പിക്കാനുള്ളത്. കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹം വേഷം കെട്ടി നടക്കുന്നവരാണ് എന്നുള്ള ധ്വനിയാണ് ആ മാന്യന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നുള്ളതിൽ അതിയായ ദുഃഖമുണ്ട്. സമൂഹത്തിൽ നടക്കുന്ന സാമാന്യം വിഷയങ്ങളെക്കുറിച്ചോ ഇത്തരം ജീവിതങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതെ മുൻവിധിയോടുകൂടി സമീപിക്കുന്ന ഇത്തരം ജനപ്രതിനിധികളോട് പുച്ഛം മാത്രമാണ് ഈ അവസരത്തിൽ രേഖപ്പെടുത്താൻ ഉള്ളത്. ഇന്നും ഇത് വേഷംകെട്ടൽ ആണെന്നും, ഇത് മനോവിഭ്രാന്തി ആണെന്നും കരുതുന്ന ഒരു വിഭാഗത്തിന് മുതൽക്കൂട്ടാകുന്ന പ്രതികരണമാണ് ഈ സാമാജികന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

വ്യക്തി എന്താണെന്നും, ജീവിതം എന്താണെന്നും, മനുഷ്യർ അനുഭവിക്കുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകൾ എന്താണെന്നും, എത്രത്തോളം മാനസികസംഘർഷം നേരിടുന്ന വ്യക്തികളാണ് ട്രാൻസ്ജെൻഡർ സമൂഹത്തിലുള്ള വരെന്നും ഇനിയും പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് വലിയ രീതിയിലുള്ള അപമാനമാണ് എൻറെ സ്വത്വബോധത്തിൽ ഉറച്ചു നിൽക്കുന്ന അവസരത്തിൽ എനിക്ക് നേരിടേണ്ടി വന്നത്. ഇത്തരം നിലപാടുകളുള്ള പിസി ജോർജ് എംഎൽഎ യോട് കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ പ്രതിനിധി എന്നുള്ള നിലയിൽ കടുത്ത വിദ്വേഷവും പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നു. എന്റെ വ്യക്തിത്വത്തെ, ജൻഡർ ഐഡന്റിറ്റിയെ ചോദ്യം ചെയ്ത പി സി ജോർജ് എം എൽ എ നിങ്ങൾക്ക് ആള് തെറ്റി..

അടിയന്തരമായി സർക്കാർ ഇടപെട്ടു കൊണ്ട് ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് സാമാജികർക്ക് അവബോധം നൽകേണ്ടത് അനിവാര്യമാണ്. നിയമസഭയ്ക്കുള്ളിൽ വെച്ച് അപമാനം നേരിടേണ്ടി വന്ന സാഹചര്യത്തിൽ പൊതുനിരത്തിലേക്ക് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ലല്ലോ? നിയമസഭയ്ക്കുള്ളിൽ വച്ച് ട്രാൻസ്ജെൻഡർ വ്യക്തിയോട് ഇത്തരത്തിൽ പെരുമാറുന്ന ഒരു ജനപ്രതിനിധിക്ക്, തന്‍റെ സ്വന്തം മണ്ഡലത്തിൽ ഉള്ള ട്രാൻസ്ജൻഡർ സമൂഹത്തിനോടുള്ള പേരുമാറ്റം എത്തരത്തിലുള്ളതായിരിക്കും എന്ന് ഊഹിക്കാമല്ലോ. നിയമപരമായി നാം അർഹിക്കുന്ന അവകാശങ്ങൾ പോലും ഒരുപക്ഷേ നമുക്ക് ലഭിക്കുകയില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം എടുത്തിരിക്കുന്ന പ്രതിജ്ഞക്ക് വിപരീതമായി, ഭരണഘടനയുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇത് ഗൗരവപൂർവ്വം കാണേണ്ട ഒരു വസ്തുതയാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍