UPDATES

ട്രെന്‍ഡിങ്ങ്

‘എനിക്കെന്റെ മകൾക്കൊപ്പം നിന്നേ പറ്റൂ’; ശബരിമല വിഷയത്തിൽ കെജെ ജേക്കബ് എഴുതുന്നു

മനുഷ്യർ ചൊവ്വയിലേക്ക് കണ്ണുനട്ടിരിക്കുമ്പോൾ, സ്ത്രീകൾ ലോകത്തിന്റെ ചിത്രം മാറ്റിവരച്ചുകൊണ്ടിരിക്കുന്ന ചരിത്രസന്ധിയിൽ മലമുകളിലെ ദൈവത്തെക്കാണാൻ പോകാൻ അ/ശുദ്ധിയുള്ളവർ ആരെന്നതിനെക്കുറിച്ചാണ് ആ തെരഞ്ഞെടുപ്പ്.

ശബരിമല യുവതിപ്രവേശത്തിന്റെ നാൾവഴികൾ തെരഞ്ഞുനടക്കുമ്പോൾ ചരിത്രകാരൻ ഒന്നമ്പരക്കും. വിശ്വാസകാര്യത്തിൽ തീരുമാനമെടുക്കുംമുമ്പ് പണ്ഡിതരോടൊലാചിക്കണമെന്നു കോടതിയോട് പറഞ്ഞ ഇടതുസർക്കാരും അതിന്റെ മുഖ്യമന്ത്രിയും തെരുവിൽ തെറികേട്ടിരുന്നു.

ഒരേസമയം യുവതിപ്രവേശനത്തിനനുകൂലമായി വർത്തമാനം പറയുകയും പത്രത്തിലെഴുത്തുകയും അതിനെതിരെ വഴിയിലിറങ്ങി മുണ്ടുപൊക്കിക്കാണിക്കുകയും ചെയ്ത പരിവാറുകാർ അയ്യപ്പ സംരക്ഷകരായി മാറിയിരുന്നു. കുറെ സ്ത്രീകളെ വെർബൽ റേപ്പ് ചെയ്യുകയും ബാക്കിയുള്ളവരെ ബലാൽസംഗം ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തവർ ബ്രഹ്മചര്യ സംരക്ഷക സദസ്സുകൾ സൃഷ്ടിച്ചിരുന്നു. ദേശീയപ്രസ്‌ഥാനത്തിന്റെ മൂല്യങ്ങൾ ഭാരമായി കൊണ്ടുനടന്നവർ വോട്ടുകണക്കിലേക്കു ചുരുണ്ടിരുന്നു. ചരിത്രകാരന് ഇതൊക്കെയൊരു കൗതുകമായിരിക്കും. അപൂർവ്വമായ ഒരു കൗതുകം.

അയാൾക്ക്‌ പണിതുടങ്ങാൻ ഇനിയും സമയമുണ്ട്; നമ്മൾക്ക് പക്ഷെ ഒരു കണക്കെടുത്തല്ലേ മതിയാകൂ. ആര് എവിടെ എന്നൊക്കെ നമ്മൾ ഒന്ന് നോക്കേണ്ടി വരും. ഞാനിപ്പോൾ കാണുന്നത് ഇതാണ്: കറുപ്പും വെളുപ്പുമായി ഈ വിഷയത്തിൽ സ്‌ഥിരതയുള്ള നിലപാട് സ്‌ഥിരമായും പരസ്യമായും പറഞ്ഞവർ ആകെ രണ്ടുപേരാണ്: പിണറായി വിജയനും രാഹുൽ ഈശ്വറും. ബാക്കിയുള്ളവർ അവരോടൊപ്പമോ അവരോട് കലഹിക്കുന്നവരോ ആണ്.

ഒരർത്ഥത്തിൽ അവരിരുവരോടും കലഹിച്ചിട്ടു കാര്യമില്ല; അവരുടെ തീരുമാനങ്ങൾ അവരുടേത് മാത്രമല്ല; അവർ വന്ന വഴികൾ തന്നെയാണ് അവ നിർണ്ണയിക്കുക. ഈ പ്രായംവരെ നടത്തിയ സാർത്ഥകവും നിരർത്ഥകവുമായ അനേക സമരങ്ങൾപോലല്ല ഇത് പിണറായി വിജയന്. ചരിത്രം അയാൾക്കുമുൻപിൽ പെട്ടെന്നൊരു നേർക്കുനേർ പ്രത്യക്ഷം നടത്തുകയാണ്. നമ്മൾ ഒന്നമ്പരന്നേക്കും; പക്ഷെ പ്രതിസന്ധികളോട് പൊരുതാനും ഒരടിയെങ്കിൽ ഒന്ന്, മുന്നോട്ടുവയ്ക്കാനും പറ്റിയെങ്കിൽ മാത്രമേ മുണ്ടയിൽ കോരന്റെ മകന് അയാളുടെ പിരിയൻ ഗോവണിയിലെ സമവാക്യങ്ങളെ തൃപ്തിപ്പെടുത്താനാകൂ.അത്തരം വിഷമ സന്ധികൾ നിർധാരണം ചെയ്തിവിടെവരെയെത്തിയവന്റെ ജനിതകഘടന മറ്റൊരു തീർപ്പിനു വഴങ്ങാൻ വഴിയില്ല. അതിനു മുണ്ടുപൊക്കികാണിച്ചിട്ടു കാര്യമില്ല.

രാഹുൽ ഈശ്വരനും അതുതന്നെ. യുക്തിയില്ലാത്തിടത്തു യുക്തികണ്ടെത്തി അതിനെ സങ്കീർണ്ണമന്ത്രങ്ങളിലേക്കു മാറ്റിയെഴുതി കാലക്ഷേപം നടത്തിയതിന്റെ കണക്കാണ് അയാൾക്കറിയുക.ഇവിടെ അയാൾ തോറ്റാൽ ആ കോഡുകൾ തുറന്നുകാണിക്കപ്പെടുകയും ആ കണക്കുകൾ വിചാരണയ്ക്ക് വെക്കപ്പെടുകയും ചെയ്യുക എന്ന സാധ്യതയാണ് അയാളെ തുറിച്ചുനോക്കുക. അതയാൾക്കു മരണമാണ്; അയാൾക്കൊപ്പം കോഡെഴുതുന്നവരുടെയും. അതുകൊണ്ടാണ് അയാൾക്കുവേണ്ടി പറക്കാൻ കൃഷ്ണപ്പരുന്തിനെ അവർ പറഞ്ഞുവിടുക. പരുന്ത് പറന്നുവരുന്ന വഴി യാദൃശ്ചികമല്ല എന്നർത്ഥം.

അവർക്കിടയിൽ നിഴലിൽ, ചാരനിറത്തിൽ നിൽക്കുന്നവർ ഞാനടക്കം ഒട്ടേറെയുണ്ട്; അവർക്കതിന് ഒട്ടേറെ കാരണങ്ങളുമുണ്ട്. കെട്ടുപിണഞ്ഞുകിടക്കുന്ന ജനിതകയുക്തിയും കുത്തിത്തിരുപ്പുണ്ടാക്കാൻ കച്ചകെട്ടിയിറങ്ങിയവർ മെനഞ്ഞെടുത്ത കഥകളും ധർമ്മച്യുതിയെക്കുറിച്ചുള്ള സാത്വികവ്യഥകളും ചങ്ങലയെ തിരിച്ചറിയാൻ വയ്യാത്തവിധം സമരസപ്പെട്ടുപോയ കാലുകളും. കാരണങ്ങൾ അങ്ങിനെയങ്ങിനെ. കലിയുഗ വരദനു എന്തോ അത്യാപത്തു വരാനിരിക്കുന്നു, അതാ വന്നുകഴിഞ്ഞു എന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. ആചാരങ്ങളെ മതമായി കണ്ടുപോയവരുണ്ട്; അതിന്റെ മൂല്യങ്ങളെ വേർതിരിച്ചറിയാൻ ഭാഗ്യമില്ലാതെ പോയവരുണ്ട്. ദൈവത്തെ രക്ഷിക്കുക തങ്ങളുടെ നിയോഗമാണ് എന്നുധരിച്ച് വഴിയിലിറങ്ങിയവരുണ്ട്; വോട്ടുപെട്ടിയുടെയും പണപ്പെട്ടിയുടെയും കണക്കുകൾ സ്വപ്നങ്ങളിൽ സൂക്ഷിക്കുന്നവരുണ്ട്.

അവരോടാണ് ഇന്നലെ തെളിഞ്ഞ സ്വരത്തിൽ, കാലുഷ്യത്തിന്റെ കലർപ്പില്ലാതെ മുഖ്യമന്ത്രി സംസാരിച്ചത്; അവരോടു യുദ്ധത്തിനില്ല എന്നറിയിച്ചത്. ഇരുളുമാറി വെളിച്ചമുണ്ടാകാൻ ആവതുചെയ്യാം എന്ന് വാക്കുപറഞ്ഞത്. താനടക്കമുള്ള സമൂഹം ഇപ്പോഴെത്തി നിൽക്കുന്നത് എവിടെയാണ് എന്നും, അവിടെയെത്തിയത് എങ്ങിനെയാണ് എന്നും, ഇനിയെങ്ങോട്ടാണ് പോക്ക് എന്നും വരച്ചുകാണിച്ചത്; ഒപ്പം കൂടാൻ ക്ഷണിച്ചത്; ക്ഷണം നിരസിച്ചവരോട് സന്ധിയില്ലെന്നുറപ്പിച്ചത്.

ഇതിൽക്കൂടുതലൊന്നും പറയാനില്ല. കുറച്ചും.

ഒരു കാര്യം കൂടി.

മണ്ണുവീണും മറവിപറ്റിയും മറഞ്ഞുകിടന്ന നവോത്ഥാന യാത്രയുടെ അടയാളക്കല്ലുകൾ മാന്തിയെടുത്തു മലയാളിയെ ഓർമ്മിപ്പിച്ച പിണറായിയുടെ നാവിൽനിന്ന് ഇതുവരെ ഒരു മുഖ്യമന്ത്രിയും പറഞ്ഞു ഞാൻ കേൾക്കാത്ത ഒരു വാക്ക് ഇന്നലെ കേട്ടു: ആർത്തവം. ലോകമെങ്ങും വേരുകൾ താഴ്ത്തിയെങ്കിലും മനസുകൊണ്ട് മണ്ഡൂകങ്ങളായിപ്പോയി ആർത്തവാശുദ്ധിയെപ്പറ്റി ആകുലപ്പെട്ടുനടക്കുന്ന മലയാളിയോടാണ് മനുഷ്യന്റെ മറ്റേതൊരു ജൈവപ്രക്രിയയുമെന്നപോലെ ആ പ്രതിഭാസത്തെ കാണാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്‌. ഇത് എന്റെ മകളുടെകൂടി നിമിഷമാണ്. അവൾക്കിനി അശുദ്ധി ഭയപ്പെടേണ്ടതില്ല. കോടതി അത് നേരത്തെ പ്രഖ്യാപിച്ചതാണ്; ഇപ്പോളത് ഭരണാധികാരിയുടെ നാവില്നിന്നും വന്നു. അവളുടെ അമ്മയ്ക്കും അമ്മൂമ്മമാർക്കും അവർക്കുമുമ്പുള്ളവർക്കും കിട്ടാതിരുന്ന ഒരു ഭാഗ്യം.

ഈ കൊച്ചുഭാഗ്യങ്ങൾ മാറ്റിവച്ചാൽ മലയാളി വിചിത്രമായ ഒരു തെരെഞ്ഞെടുപ്പ് നടത്താൻ വിധിക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യർ ചൊവ്വയിലേക്ക് കണ്ണുനട്ടിരിക്കുമ്പോൾ, സ്ത്രീകൾ ലോകത്തിന്റെ ചിത്രം മാറ്റിവരച്ചുകൊണ്ടിരിക്കുന്ന ചരിത്രസന്ധിയിൽ മലമുകളിലെ ദൈവത്തെക്കാണാൻ പോകാൻ അ/ശുദ്ധിയുള്ളവർ ആരെന്നതിനെക്കുറിച്ചാണ് ആ തെരഞ്ഞെടുപ്പ്. പിണറായി വിജയനും രാഹുൽ ഈശ്വരനുമാണ് അവിടെ ദ്വാരപാലകർ.

എനിക്കെന്റെ മകൾക്കൊപ്പം നിന്നേ പറ്റൂ.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശബരിമലയില്‍ നൂറ്റാണ്ടുകളുടെ അവകാശവാദം ഉന്നയിക്കുന്ന താഴമണ്‍ തന്ത്രിമാര്‍ ആരാണ്? രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബമാണോ?

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍