UPDATES

ട്രെന്‍ഡിങ്ങ്

മതേതര കേരളം എന്നത് ഭൂതകാല രേഖകളിൽ മാത്രമാകുമോ..?

ഇങ്ങനെ പോയാൽ അടുത്ത തെരഞ്ഞെടുപ്പ് വരെ കോൺഗ്രസ് നിലനിൽക്കുമോ.! കാരണം ശബരിമലയെ മുൻനിർത്തി അവർ വലിയ കമ്മ്യൂണൽ പോളറൈസേഷൻ ഇവിടെ ഉണ്ടാക്കിക്കഴിഞ്ഞു.

രാകേഷ് ശർമ്മയുടെ Final Solution എന്ന ഡോക്യുമെൻററിയുണ്ട്.ഗുജറാത്ത് കലാപത്തെക്കുറിച്ചും അതിനുശേഷമുള്ള ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചുമാണത്.ഇന്ത്യയിൽ ദീർഘകാലം നിരോധനത്തിന്റെ പട്ടികയിലുണ്ടായിരുന്നതാണ് ഈ സിനിമ. വംശവിദ്വേഷമുണ്ടാക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും കൊണ്ട് നിറഞ്ഞതെന്നാണ് സെൻസർ ബോർഡ് 2004ൽ പറഞ്ഞത്. ഡോക്യുമെന്ററിയല്ലേ. മറച്ചുവെച്ച യാഥാർത്ഥ്യം കണ്ട് സെൻസർ ബോർഡും ഞെട്ടിക്കാണും.!

ഈ ഡോക്യുമെന്ററിയിൽ കലാപാനന്തരമുള്ള ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പ്രചരണവണ്ടിയിലൊന്നിൽ നിന്ന് ബി.ജെ.പിക്കാരുടെ അനൗൺസ്മെന്റ് കേൾപ്പിക്കുന്ന ഒരു ദൃശ്യം ഓർമ്മയിലുണ്ട്. അതിങ്ങനെയാണ്.

‘പ്രിയപ്പെട്ട വോട്ടർമാരേ.. തിരഞ്ഞെടുപ്പിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി.ഇത് ഹിന്ദു മുസ്ലീങ്ങൾ നേർക്കുനേർ നിന്നുകൊണ്ടുള്ള തിരഞ്ഞെടുപ്പാണ്. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല.ഇതിൽ സോണിയാ ഗാന്ധിയോ അവരുടെ കോൺഗ്രസോ എന്നൊന്നുമില്ല. ഹിന്ദുക്കൾ.ഹിന്ദുക്കൾ. ഹിന്ദുക്കളും മുസ്ലീംങ്ങളും മാത്രം’.

ഒടുവിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നരേന്ദ്ര മോഡി പിന്നെയും മുഖ്യമന്ത്രിയായി. തീർത്തും പൊളിറ്റിക്കലായ വിജയമെന്നവർ വിലയിരുത്തി. വംശീയാക്രമണത്തിന്റെ തെരഞ്ഞെടുപ്പ് വിജയം.കലാപത്തിൽ ജീവൻ പോയവരുടെയും മുറിവേറ്റവരുടെയും പലായനം ചെയ്തവരുടെയും ബന്ധുക്കൾ നിശ്ശബ്ദരായിപ്പോയ വിജയം!പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നിഴലുപോലുമില്ലായ സന്ദർഭം.

പിന്നീട് ആ സിനിമയിൽ കാണിക്കുന്ന മറ്റൊരു സംഭാഷണം ‘Maharashtra is the next lab’ എന്നാണ്. പരീക്ഷണശാലകൾ എന്നു തന്നെ.അങ്ങനെ ഇന്ത്യയിലെ ഓരോ സംസ്ഥാനവും ഓരോ വിഷയങ്ങൾ വെച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ലാബുകളാക്കി മാറ്റുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും നിറഞ്ഞ ഈ സിനിമ കഴിഞ്ഞ ദശകങ്ങളിലെ രാഷ്ട്രീയ ഭൂപടത്തിലേക്കുള്ള നേർരേഖയാണ്.ഈ ദൃശ്യങ്ങൾ കണ്ടാലറിയാം പാർലമെന്റിൽ ഒരു പ്രതിപക്ഷമാവാനുള്ള ബലം പോലുമില്ലാതെ കോൺഗ്രസ് പിൽക്കാലത്ത് ശോഷിച്ചതെങ്ങനെയാണെന്ന്.

കഴിഞ്ഞ ദിവസവും രണ്ട് എം.എൽ.എമാരാണ് ഗോവയിൽ നിന്ന് കോൺഗ്രസ് വിട്ട് അമിത് ഷായ്ക്കൊപ്പം പോയത്. എല്ലാരും പോയിട്ടില്ല.! അവരിൽ അൽപ്പം ബാക്കിയുള്ളവർ പലയിടങ്ങളിലുണ്ട്.കേരളത്തിലുമുണ്ട്. ഇതാ ഇപ്പോൾ അവരിൽ ചിലർ ഇവിടെ ഹിന്ദുത്വകാർഡ് കളിക്കുകയാണ്. അതിന് അവർക്ക് വലിയ വില കൊടുക്കേണ്ടി വരും.കാരണം അടുത്ത തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം കെ.സുരേന്ദ്രൻ ഇതാ ഇന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഏകദേശമിങ്ങനെയാണത്.’ഞങ്ങൾ വിശ്വാസികളാണ് അടുത്ത തിരഞ്ഞെടുപ്പിൽ കടകംപള്ളിയെ തോൽപ്പിക്കുക.ഞങ്ങൾ ഒരുമിച്ച് നിൽക്കും. അതിൽ രാഷ്ട്രീയമില്ല. വിശ്വാസികൾ മാത്രം’. അന്ന് ഗുജറാത്തിൽ കേട്ടതിന്റെ മറ്റൊരു വേർഷൻ. ഗുജറാത്തിൽ മുസ്ലീംങ്ങൾക്കെതിരെ ഹിന്ദുക്കളെയായിരുന്നെങ്കിൽ ഇവിടെ കമ്മ്യൂണിസ്റ്റുകൾക്കെതിരേ വിശ്വാസികളെ ഒരുമിപ്പിച്ച് ഹിന്ദുക്കളെ കൂടെ കൂട്ടുമെന്ന്.!
ശബരിമല വിധിയനന്തരം വിശ്വാസികളെ മുഴുവൻ അവർ തങ്ങളുടേതാക്കി മാറ്റുകയാണ്.ഇതിനിടയിൽ കോൺഗ്രസിന്റെ വഴി എങ്ങനെയാണിനി.? കോൺഗ്രസിനെ രക്ഷിക്കാൻ അതിനകത്തുനിന്ന് ഇനിയാരെങ്കിലും വരുമോ.!കാത്തിരുന്നു കാണാം.

ഇങ്ങനെ പോയാൽ അടുത്ത തെരഞ്ഞെടുപ്പ് വരെ കോൺഗ്രസ് നിലനിൽക്കുമോ.! കാരണം ശബരിമലയെ മുൻനിർത്തി അവർ വലിയ കമ്മ്യൂണൽ പോളറൈസേഷൻ ഇവിടെ ഉണ്ടാക്കിക്കഴിഞ്ഞു. തുടങ്ങിയത് അവരും കൂടിയാണെങ്കിലും കളി തുടരുമ്പോൾ നേട്ടം കോൺഗ്രസിനാവില്ലെന്നുറപ്പാണ്. കാരണം ഗുജറാത്ത് നമ്മുടെ മുന്നിലുണ്ടായിരുന്നു. ഗുജറാത്ത് പിന്നീട് വളർന്ന് ഇന്ത്യയായതും നമ്മുടെ കൺമുന്നിലായിരുന്നു.കാവി എല്ലായിടവും പടരുമ്പോഴും ബാക്കിയായി പ്രതീക്ഷയോടെ ഒരു കേരളമുണ്ടായിരുന്നു.

നമ്മുടെ സെക്കുലർ ഗ്രൗണ്ടിലെ എല്ലാ കളികളിലും അവർ തോറ്റതായിരുന്നു. ഇതാ ഇപ്പോഴവർ മടങ്ങി വന്നിരിക്കുന്നു. പുതിയ കളിയിൽ നടുക്കുറ്റി തെറിപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്.തുടക്കത്തിൽ അവർക്കൊപ്പം നോബോളെറിഞ്ഞു തുടങ്ങിയ കോൺഗ്രസ് കളിസ്ഥലത്തു നിന്നും ഇപ്പോൾ പൂർണമായും പുറത്താക്കപ്പെട്ടു തുടങ്ങി. അല്ലെങ്കിൽ പിള്ളയുടെ പള്ളയിലായിക്കഴിഞ്ഞു!

കൈവിട്ട കളിയിൽ final solution ആയി കോൺഗ്രസുകാരെല്ലാവരും ബി.ജെ.പിക്കൊപ്പമുണ്ടാകുമെന്ന് കെ.സുരേന്ദ്രന്റെ, കെ.സുധാകരന്റെ വാക്കുകളിൽ മുഴങ്ങുന്നുണ്ട്. ആരാണ് കോൺഗ്രസ് ഏതാണ് ബി.ജെ.പി. എന്നൊന്നും ആർക്കും മനസിലാവുന്നില്ല. തൽക്കാലം ആര് ആരിൽ നിന്ന് വേറിട്ട് നിൽക്കുന്നു എന്നറിയാൻ ഇപ്പോൾ വഴിയൊന്നുമില്ല.! രമേശ് ചെന്നിത്തലയുടെയും, കെ.സുധാകന്റെയും ഈ കഴിഞ്ഞ രണ്ടാഴ്ചത്തെ ജീവിതംമാത്രം മതിയാകും ആർ എസ്.എസിന് പത്ത് കൊല്ലംകൂടി ഈ ബോളും കൊണ്ട് ഗ്രൗണ്ടിൽ നിൽക്കാൻ.

ശബരിമലയിലേക്ക് സുപ്രീം കോടതി വിധിക്കു ശേഷം പോയ യുവതികളെയെല്ലാം ‘വിശ്വാസികൾ’ തടഞ്ഞു കൊണ്ടേയിരിക്കുകയാണ്. ഇന്നും പോലീസ് യുവതികളുമായി തിരിച്ചിറങ്ങി.ഒരു കണക്കിന് നന്നായി. ഒരു കലാപം ഒഴിവാക്കിയല്ലോ. പക്ഷെ സംഘപരിവാർ അവിടെ കലാപം ആഗ്രഹിക്കുന്നുണ്ട്. തിരിച്ചു പോന്നതിൽ പുരോഗമനവാദികൾ വരെ അസ്വസ്ഥരാണ്. പക്ഷെ വിവേകം കൊണ്ട് മാത്രമേ ശബരിമലയിൽ ഒരു സ്റ്റെപ്പെടുക്കാവൂ. കാരണം ഈ പൊട്ടിത്തെറിയിൽ നിന്ന് ഒരു രാഷ്ട്രീയം ഇവിടെ പടരും.പോലീസുകാർക്ക് യുവതികളുമായി മുന്നോട്ടു പോകണമെങ്കിൽ ഇന്ന് ലാത്തിച്ചാർജ് അനിവാര്യമായിരുന്നു. തുടങ്ങിയാലത് ലാത്തിച്ചാർജിൽ അവസാനിക്കില്ലെന്നുറപ്പാണ്.അവിടെ തീവ്രവാദികൾ ബോംബെറിയും. ആളുകൾ ചിതറിയോടും. ഇടയിൽ ചിലർ കൊലപാതകങ്ങൾ വരെ നടത്തിയെന്നുവരാം. ശേഷം കേന്ദ്രമിടപെട്ട് സർക്കാറിനെ പിരിച്ചുവിടും. നാളത്തെ ‘സംഘ’ കേരളത്തേക്കാൾ നമുക്കാവശ്യം മതേതര കേരളമാണ്.വിശ്വാസം വേറൊരു തരം ഭ്രാന്താണ്. അതിനോട് വികാരം വെച്ച് ഏറ്റുമുട്ടിയാൽ സംഘപരിവാറിനാണ് ലാഭമെന്ന് പുരോഗമന കേരളത്തിലെ ചിലർക്കെങ്കിലും മനസിലാകാത്തതെന്താണ്.! ഇത് സെമിനാറോ സംവാദമോ അല്ല. ഇത് കളിസ്ഥലം വേറെയാണ്.

അതുകൊണ്ട് പ്രിയപ്പെട്ടവരെ അവസാനമായി പറയട്ടെ.ഫൈനൽ സൊലൂഷൻ സുപ്രീം കോടതി വിധിക്കൊപ്പം നിൽക്കലാണ്. അതു നടപ്പാക്കാൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കലാണ്.
അത് നടപ്പിലാക്കാൻ ഇനിയും സമയമെടുക്കാം. വൈകാതെ തന്നെ. ഇപ്പോൾ എരിതീയിൽ എണ്ണയൊഴിക്കരുത്.കാരണം ശബരിമല ബാബറി മസ്ജിദിനെപ്പോലെ സംഘപരിവാറിന്റെ ആയുധമായാൽ മതേതര കേരളം എന്നത് ഭൂതകാലത്തിന്റെ രേഖകളിൽ മാത്രമാവും.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എടുത്ത് ചാടി, ഒറ്റയടിക്ക് എല്ലാം നടത്തിക്കളയാം എന്ന് കരുതരുത്; രഹന ഫാത്തിമ ശബരിമലയില്‍ പോയതിനെക്കുറിച്ച് കെ അജിത

ഞാന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്; പല മേല്‍ശാന്തികള്‍ക്കും അതറിയാം: വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

ജോബിഷ് വി കെ

ജോബിഷ് വി കെ

അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍