UPDATES

ട്രെന്‍ഡിങ്ങ്

സാലറി ചലഞ്ച് : ആളുകളെ കൂടെ നിർത്താനുള്ള വൈഭവം കാണിക്കേണ്ട സമയമാണ്, വെല്ലുവിളിക്കാനുള്ളതല്ല

ആളുകൾ ചെയ്യേണ്ട കാര്യങ്ങൾ തന്നെ സൗമനസ്യത്തോടെ ചെയ്യിച്ചെടുക്കുന്നതും അധികാരമോ സാമൂഹ്യ ശക്തിയോ ഉപയോഗിച്ച് ചെയ്തെടുക്കുന്നതും വ്യത്യസ്തമാണ്. ആദ്യത്തേത് ജനാധിപത്യബോധമാണ്, രണ്ടാമത്തേത് അതിന്റെ അഭാവവും.

പ്രളയാനന്തരം മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു ആരംഭിച്ച ‘ സാലറി ചലഞ്ച്’ നെ കുറിച്ചുള്ള ചർച്ചകൾ നവമാധ്യമങ്ങളിൽ പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കയാണ്. ഒരു മാസത്തെ ശമ്പളം തരാൻ വിസമ്മതിക്കുന്നവരുടെ പേര് വിവരങ്ങൾ ശേഖരിക്കണം എന്നും, അത് പൊതു ജനമധ്യത്തിൽ പ്രസിദ്ധീകരിക്കണമെന്നും ചില കോണുകളിൽ നിന്ന് ആവശ്യമുയർന്നത് ഒട്ടും ജനാധിപത്യപരമായ ഒരു രീതിയായി പരിഗണിക്കാൻ കഴിയില്ല. മുഖ്യമന്ത്രി തീർത്തും  പോസിറ്റിവ് ആയ മാറ്റത്തിനു വേണ്ടി ശ്രമിച്ച ഒരു പദ്ധതിയെ ചിലരുടെ ഇടപെടലുകൾ മൂലം തകരും എന്ന അവസ്ഥയാണുള്ളതെന്നു നവമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് എഴുതിയ കുറിപ്പ്

പ്രളയത്തിന്റെ സമയത്തു മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിവച്ചത് ഒരു പുതിയ രാഷ്ട്രീയ സംസ്കാരം കൂടിയായിരുന്നു. എല്ലാ മനുഷ്യരെയും കഴിയുന്നിടത്തോളം ഒന്നിച്ചുകൊണ്ടുപോവുക, അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽത്തന്നെ അത് പരസ്യമായി പ്രകടിപ്പിക്കാതിരിക്കുക, നടക്കുന്ന കാര്യങ്ങളെപ്പറ്റി പറയുക, നടക്കാത്ത കാര്യങ്ങൾ നടത്തിയെടുക്കുക എന്നിങ്ങനെ. ഒരിക്കൽ പോലും പിണറായി എന്ന രാഷ്ട്രീയ നേതാവിനെ അംഗീകരിക്കാത്തവർ പോലും പിണറായി എന്ന മുഖ്യമന്ത്രിയെ അംഗീകരിച്ചിരുന്നു ആ ദിവസങ്ങളിൽ.

ഒരു മാസത്തെ ശമ്പളം കൊടുക്കണം എന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന വരുന്നത് ആ ഘട്ടത്തിലാണ്. സർക്കാർ ജീവനക്കാരോട് മാത്രമല്ല അദ്ദേഹം ആ അഭ്യർത്ഥന നടത്തിയത്; ലോകമെങ്ങുമുള്ള മലയാളികളോടാണ്. ആ അഭ്യർഥനയ്ക്കു ചെവികൊടുക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമുള്ള ഉത്തരവാദിത്തം കേരളത്തോട് ഏതെങ്കിലും പ്രതിബദ്ധതയുള്ളവർക്കു ഉണ്ട് എന്നാണ് എന്റെ വിശ്വാസം. കാരണം കേരളത്തെ പുനരുദ്ധരിക്കുക എന്ന അടിയന്തിര പദ്ധതിയ്ക്കുവേണ്ടിയാണ്. അത് നമുക്ക് മാറ്റിവയ്ക്കാവുന്നതോ ഒഴിവാക്കാനാകുന്നതോ ആയ കാര്യമല്ല. നമ്മൾ അത് ചെയ്തില്ലെങ്കിൽ ബാക്കിയാകുന്നത് ജീവിതത്തിലേക്ക് തിരിച്ചുവരാൻ പറ്റാതെ പോകുന്ന പതിനായിരക്കണക്കിനു മനുഷ്യരാകും. കേരളം ഇക്കാലം കൊണ്ട് സൃഷ്ടിച്ചെടുത്ത സാമൂഹ്യക്രമത്തിനു കിട്ടാവുന്ന ഏറ്റവും വലിയ തിരിച്ചടിയാകും അത്.

സർക്കാർ ജീവനക്കാർ ഈ പദ്ധതിയിൽ പങ്കെടുക്കണം എന്ന് സർക്കാർ പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്കു പണം കൊടുക്കാൻ പല വഴികൾ സർക്കാർ ഏർപ്പെടുത്തിയിട്ടുമുണ്ട്, പി എഫ് ലോണടക്കം. കുറച്ചൊന്നു മനസ്സുവെച്ചാൽ അത് ചെയ്യാവുന്നതേയുള്ളൂ. അതിനു ഒഴിവുകഴിവു പറയുന്നത് മര്യാദകേടാണ് എന്റെ വിലയിരുത്തൽ.

എന്നാൽ ഈ മുഖ്യമന്ത്രി കാണിച്ച സ്പിരിറ്റിനനുസരിച്ചല്ല സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത് എന്നാണ് എന്റെ തോന്നൽ. ആൾക്കാരെക്കൊണ്ട് ‘നോ’ പറയിപ്പിക്കുന്നതിനുപകരം അന്തസ്സോടെ ‘യെസ്’ പറയിപ്പിക്കാനുള്ള അവസരമായിരുന്നു സർക്കാർ സൃഷ്ടിക്കേണ്ടിയിരിക്കുന്നത്. പത്തുമാസത്തിന്റെ അവസാനം മുഖ്യമന്ത്രി കൈയൊപ്പിട്ടുകൊടുക്കുന്ന ഒരു സർട്ടിഫിക്കറ്റു പുതിയ കേരളത്തിനുള്ള സംഭാവനയായി തലമുറകൾക്കു കാണിച്ചുകൊടുക്കാനുള്ള ഒരു പോസിറ്റിവ് ക്യാംപെയിൻ ആയിരുന്നു നടക്കേണ്ടിയിരുന്നത്.

എന്നാൽ ഇപ്പോൾ കാണുന്നത് നിരാശാജനകമായ കാര്യമാണ്. ‘നോ’ പറഞ്ഞവരുടെ ലിസ്റ്റെടുത്തു പരസ്യമായി പ്രദർശിപ്പിക്കണം എന്ന് പറയുന്ന നിലവരെയെത്തി കാര്യങ്ങൾ. പരസ്പരം സഹകരിക്കാൻ പറ്റുന്ന മേഖലകൾ പരമാവധി വിശാലമാക്കി വേണ്ട കാര്യങ്ങൾ നടത്തിയെടുക്കുന്നതിനുപകരം കാര്യങ്ങൾ വെല്ലുവിളിയിലേക്കെത്തുന്നു. ഇത് പണത്തിന്റെ കാര്യത്തിൽ മാത്രമല്ല ഇനിയങ്ങോട്ട് സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക സഹകരണത്തിലും പ്രതിഫലിച്ചാൽ നമ്മൾ ലക്ഷ്യത്തിലെത്താതെ പോകും.

ആളുകൾ ചെയ്യേണ്ട കാര്യങ്ങൾ തന്നെ സൗമനസ്യത്തോടെ ചെയ്യിച്ചെടുക്കുന്നതും അധികാരമോ സാമൂഹ്യ ശക്തിയോ ഉപയോഗിച്ച് ചെയ്തെടുക്കുന്നതും വ്യത്യസ്തമാണ്. ആദ്യത്തേത് ജനാധിപത്യബോധമാണ്, രണ്ടാമത്തേത് അതിന്റെ അഭാവവും. “നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കിൽ നിങ്ങളില്ലാതെ, നിങ്ങളെതിർത്താൽ നിങ്ങളേയും എതിർത്ത്” എന്നതൊക്കെ ഫാസിസ്റ്റു വർത്തമാനങ്ങളാണ്. അമ്മാതിരി മസിലുപിടുത്തമൊന്നും ആരെയും എവിടെയും എത്തിച്ചില്ല. അത് കാറ്റിനെതിരെ തുഴയാനുള്ള ധൈര്യമൊന്നുമല്ല, പകരം കാറ്റുള്ളപ്പോൾ പാറ്റാനുള്ള സൂത്രവിദ്യയാണ്‌. ഈ വർത്തമാനത്തിന്റെ ഉപജ്ഞാതാവായി കൊണ്ടാടപ്പെടുന്ന വി ഡി സവർക്കർ മാപ്പെഴുത്തു വിദഗ്ധനും മഹാത്മാ ഗാന്ധിയുടെ കൊലപാതക്കേസിൽ പ്രതിക്കൂട്ടിൽ നിന്ന സഹപ്രതികളുടെ മുഖത്തുനോക്കാൻ പോലും പറ്റാത്തത്ര ഭീരുവുമായിരുന്നു എന്നോർക്കുക.

ആളുകളെ കൂടെ നിർത്താനുള്ള വൈഭവം കാണിക്കേണ്ട സമയമാണ്, വെല്ലുവിളിക്കാനുള്ളതല്ല

Facebook Post

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സാലറി ചലഞ്ചില്‍ അള്ള് വയ്ക്കുന്നവര്‍ ഗതികേടുകൊണ്ട് മാത്രം ചെയ്യുന്നതാണ് അതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍