UPDATES

ട്രെന്‍ഡിങ്ങ്

‘എല്ലാത്തിനും കാരണം ഡാമുകൾ തുറന്നത്’- നാസയുടെ പേരിൽ മനോരമയുടെ വ്യാജ പ്രചാരണം

ഈ കൊച്ചുകേരളത്തിലെ പ്രളയത്തെ പറ്റി നാസ ഒരു ആധികാരിക പഠനവും നടത്തിയിട്ടില്ല എന്നത് വ്യക്തമാണ്.

കേരളത്തില്‍ പ്രളയം ഉണ്ടാകാനും ദുരിതങ്ങള്‍ സംഭവിക്കാനും കാരണം മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു വിട്ടതാണെന്നും അല്ലെന്നുമൊക്കെയുള്ള വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് തന്നെ ഇത്തരത്തില്‍ ആരോപണവുമായി രംഗത്തു വന്നപ്പോള്‍ മുഖ്യമന്ത്രി അതിന് കണക്കുകള്‍ വച്ച് മറുപടി പറയുകയും ചെയ്തിരുന്നു. അതിനിടെയാണ് പ്രളയകാരണം ഡാമുകള്‍ തുറന്നതാണെന്ന് ‘നാസ’ പഠനറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു എന്നു വ്യക്തമാക്കി മനോരമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നു പരിശോധിക്കുകയാണ് സയന്‍സ് എഴുത്തുകാരന്‍ കൂടിയായ വൈശാഖന്‍ തമ്പി. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്.

പ്രളയകാരണം ഡാമുകൾ തുറന്നതാണെന്ന് നാസയുടെ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു എന്ന മനോരമ വാർത്ത വായിച്ചപ്പോൾ നാസയ്ക്ക് പറയാനുള്ളത് വായിക്കാൻ കൗതുകമായി. മറ്റ് താൽപ്പര്യങ്ങൾ ഇല്ലാത്ത ഒരു ശാസ്ത്രസാങ്കേതിക സ്ഥാപനത്തിന്റെ റിപ്പോർട്ട് വായിക്കാനുള്ള അക്കാഡമിക് ജിജ്ഞാസ സ്വാഭാവികമാണല്ലോ.

പക്ഷേ ദേ കിടക്കുന്നു! ‘നാസ റിപ്പോർട്ട്’ എന്നും പറഞ്ഞ് മനോരമ റഫർ ചെയ്യുന്നത് നാസയുടെ Earth Observatory ബ്ലോഗിൽ വന്ന ഒരു ലേഖനമാണ്. അതിൽ പറയുന്നതോ ‘അസാധാരണമാം വിധം ശക്തമായ മൺസൂൺ മഴ’ (Abnormally heavy monsoon rains) കാരണം വെള്ളപ്പൊക്കമുണ്ടായി എന്നും! ഇതേ മഴ മ്യാൻമറിൽ മുപ്പത് വർഷത്തിനിടെയുള്ള ഏറ്റവും മോശം വെള്ളപ്പൊക്കം ഉണ്ടാക്കി എന്നും ലേഖനത്തിൽ ഉണ്ട്. ഡാമുകളെ പറ്റി ലേഖനത്തിലെ പരാമർശം “ന്യൂസ് റിപ്പോർട്ടുകൾ അനുസരിച്ച് ഡാമുകൾ തുറന്നത് വെള്ളപ്പൊക്കം കൂടുതൽ മോശമാക്കി” എന്നത് മാത്രമാണ്. ചുരുക്കത്തിൽ നാസ ഇക്കാര്യം പഠിച്ചിട്ടുമില്ല റിപ്പോർട്ടും തയ്യാറാക്കിയിട്ടില്ല. അവരുടെ ശ്രദ്ധ അസാധാരണമായ മഴയിലാണ്. അതാണ് സ്വാഭാവികവും. അല്ലാതെ അമേരിക്ക എന്ന രാജ്യം നാസ എന്നൊരു സ്ഥാപനം നടത്തുന്നത് ഇങ്ങ് കേരളത്തിലെ ഒരു ദുരന്തം നടന്ന് അഞ്ച് ദിവസത്തിനകം ‘വീഴ്ച റിപ്പോർട്ട്’ ഉണ്ടാക്കാനല്ലല്ലോ!

ഇനി മനോരമയ്ക്ക് ഇക്കാര്യത്തിൽ പ്രത്യേക താൽപ്പര്യം വല്ലതും…? അയ്യേ ഛേ! ലേഖകന് ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് പറ്റിയതായിരിക്കും, അല്ലേ?

നാസ റിപ്പോർട്ടി’ലെ ‘തന്ത്രപ്രധാനഭാഗം’ മനഃപൂർവം ഒഴിവാക്കി എന്ന മട്ടിൽ ഉള്ള ചില പ്രതികരണങ്ങൾക്കുള്ള മറുപടി.

“The dam releases came way too late, and it coincided with the heavy rain that was occurring,” said Sujay Kumar, research scientist at NASA’s Goddard Space Flight Center – എന്നൊരു ഭാഗം നാസ ലേഖനത്തിലുണ്ട്. ഇന്ത്യൻ പേരുള്ള ഒരു നാസ സ്റ്റാഫിന്റെ ഒരു മീഡിയാ ബൈറ്റ് എന്നതിനപ്പുറം മറ്റൊന്നും അതിൽ കാണാനില്ല. ഈ കൊച്ചുകേരളത്തിലെ പ്രളയത്തെ പറ്റി നാസ ഒരു ആധികാരിക പഠനവും നടത്തിയിട്ടില്ല എന്നത് വ്യക്തമാണ്. ന്യൂസ് റിപ്പോർട്ട് ആധാരമാക്കിയുള്ള അഭിപ്രായത്തിനെ ‘പഠന റിപ്പോർട്ട്’ എന്ന ലേബലിൽ എഴുന്നള്ളിക്കുന്ന മനോരമയുടെ ഏർപ്പാട് ഈ ഒരു വാചകം കൊണ്ട് സാധുവാകും എങ്കിൽ, ഞാൻ തോറ്റ് തുന്നമ്പാടി! ഇവിടെ വിഷയം ‘മനോരമയുടെ ഉദ്ദേശ്യം’ ആണെന്നത് ഓർമ്മിപ്പിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വൈശാഖന്‍ തമ്പി

വൈശാഖന്‍ തമ്പി

സയന്‍സ് റൈറ്റര്‍, അധ്യാപകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍