UPDATES

ട്രെന്‍ഡിങ്ങ്

‘നുണ പ്രചാരണം അഭിപ്രായ സ്വാതന്ത്ര്യത്തിൽ പെടില്ല’: ജേക്കബ് വടക്കാഞ്ചേരിയെ പിന്തുണയ്ക്കുന്നവരുടെ രാഷ്ട്രീയം

അലോപ്പതി മാത്രവാദം ശരിയാണോ? അതി നിഷ്കളങ്ക വിഭാഗത്തില്‍ പെടുന്ന ഇവര്‍ പല പതികളില്‍ ഒന്നാണ് അലോപ്പതി എന്ന് കരുതുന്നു. പന്തിയില്‍ പക്ഷം പാടുണ്ടോ എന്ന് ചോദിക്കുന്നു. അലോപ്പതി എന്ന ഒരു പതിയില്ല എന്ന് അവര്‍ക്ക് അറിയില്ല എന്ന് വേണം കരുതാന്‍.

പ്രകൃതി ചികിത്സകൻ ജേക്കബ്ബ് വടക്കാഞ്ചേരിയെ അറസ്റ്റുചെയ്ത നടപടിയ്‌ക്കെതിരെ വിയോജിപ്പുമായി ധാരാളം പേർ രംഗത്തെത്തിയിരുന്നു. ജേക്കബ്ബ് വടക്കാഞ്ചേരിയുടെ അറസ്റ്റ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും അഭിപ്രായ സ്വാതന്ത്രത്തോടുള്ള കടന്നു കയറ്റം ആണെന്നും ഇവർ പറയുന്നു. ആധുനിക മരുന്നുകള്‍ക്കെതിരായിരുന്നു എന്നും ജേക്കബ്ബ് വടക്കാഞ്ചേരിയെന്നും വാക്‌സിനേഷന്‍, ആന്റി വൈറസ് ചികിത്സകള്‍, അതിന്റെ ചൂഷണ വ്യവഹാരങ്ങള്‍ എന്നിവയുള്‍പ്പെടെ അദ്ദേഹം എതിര്‍ത്തിരുന്നെന്നും ടി.ടി ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ, സിവിക് ചന്ദ്രൻ, പി കെ പോക്കർ തുടങ്ങിയവരും ജേക്കബ് വടക്കാഞ്ചേരിയെ പിന്തുണച്ചു രംഗത്തെത്തി. എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ പ്രചാരണം നടത്തിയതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുന്നത് ഇവിടെ നില നിൽക്കുന്ന നിയമവ്യവസ്ഥിതിയുടെ ഭാഗമാണ്. അഭിപ്രായ സ്വാതന്ത്രം അല്ല പ്രശ്നം ജനങ്ങളുടെ ആരോഗ്യവും ജീവനും അപകടത്തിലാക്കുന്ന തരത്തിൽ പ്രചരണങ്ങൾ നടത്തിയത് കുറ്റകരം ആണ് എന്ന സ്റ്റേറ്റിന്റെ തിരിച്ചറിവ് ആണ്.

ജേക്കബ് വടക്കുംചേരി സപ്പോര്‍ട്ടര്‍മാരെ പൊതുവില്‍ നാലായി തിരിക്കാം. വിശാഖ് ശങ്കർ എഴുതുന്നു ….

1. അഭിപ്രായ സ്വാതന്ത്ര്യവാദികള്‍- ഏറിയ പങ്കും പോസ്റ്റ് മോഡേണിസ്റ്റുകളാണ് എന്നതുകൊണ്ട് ഇവരോട് സംവാദമൊന്നും സാദ്ധ്യമല്ല. നുണ പ്രചാരണവും അഭിപ്രായ സ്വാതന്ത്ര്യത്തില്‍ പെടും എന്ന് തെറ്റിദ്ധരിച്ചിട്ടോന്നുമല്ല ഇവര്‍ ഇതിനിറങ്ങുന്നത്. അവര്‍ക്ക് വ്യതിരിക്ത അജണ്ടകള്‍ ഉണ്ട്. അതുകൊണ്ട് തന്നെയാണ് അവര്‍ ഈ ധൈഷണിക കോമാളിത്തത്തിനിറങ്ങുന്നത്.

2. തെറ്റെങ്കില്‍ അത് തെളിയിച്ചാല്‍ പോരെ, എന്തിന് അറസ്റ്റും ജയിലും എന്ന് ചോദിക്കുന്നവര്‍- ഇവരില്‍ ഏറിയ പങ്കും നിഷ്കളങ്കരാണ്.അവര്‍ പറയുന്നത് വടക്കുംചേരി പറഞ്ഞത് തെറ്റെങ്കില്‍ അത് തെളിയിച്ചാല്‍ പോരെ, തെറ്റൊരു കുറ്റമാണോ എന്ന ലൈനില്‍ ആണ്. എന്നാല്‍ ഇവര്‍ക്ക് അറിയാത്ത ഒരു കാര്യം ശരിയാണ് എന്നെ തെളിയിക്കാന്‍ പറ്റു, തെറ്റ് എന്ന് തെളിയിക്കാന്‍ പറ്റില്ല എന്നതാണ്. തന്മാത്രയ്ക്ക് ഓര്‍മ്മയുണ്ട് എന്ന് ഒരാള്‍ പറഞ്ഞാല്‍ അയാള്‍ അത് ശരിയെന്ന് എമ്പെരിക്കലായി തെളിയിക്കണം. അല്ലാതെ ഇല്ലാത്ത ഒന്ന് ഇല്ല എന്ന് തെളിയിക്കാനാവില്ല. വടക്കുംചേരിയുടെ അവകാശവാദങ്ങള്‍ ശരിയെന്നുതെളിയിക്കാന്‍ ഇവിടെ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളുണ്ട്. അവയെ അവലംബിക്കാന്‍ അയാള്‍ തയ്യാറല്ല എന്നതാണ് പ്രശ്നം.

3. അലോപ്പതി മാത്രവാദം ശരിയാണോ? അതി നിഷ്കളങ്ക വിഭാഗത്തില്‍ പെടുന്ന ഇവര്‍ പല പതികളില്‍ ഒന്നാണ് അലോപ്പതി എന്ന് കരുതുന്നു. പന്തിയില്‍ പക്ഷം പാടുണ്ടോ എന്ന് ചോദിക്കുന്നു. അലോപ്പതി എന്ന ഒരു പതിയില്ല എന്ന് അവര്‍ക്ക് അറിയില്ല എന്ന് വേണം കരുതാന്‍. അലോപ്പതി കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് എന്തെന്നും വ്യക്തമല്ല. സംഗതി എന്തായാലും മോഡേണ്‍ മെഡിസിന്‍ മറ്റൊരു പതിയല്ല. അതിനെ അങ്ങനെ അല്ലാതാക്കുന്നത് അതിന്റെ രീതിശാസ്ത്രമാണ്.ആധുനിക വൈദ്യം പരമ്പരാഗത വൈദ്യത്തെയോ, അതിലെ മരുന്നുകളെയോ, ചെടിയെയോ, വേരിനെയോ, ഇലയെയോ ഒന്നും നിഷേധിക്കുന്നില്ല. ആകെ ഒരു നിര്‍ബന്ധം മാത്രം. വ്യത്യസ്ത സ്ഥല കാലങ്ങളില്‍ ഒരേ രോഗമുള്ള വ്യത്യസ്ത മനുഷ്യരില്‍ ഒരു മരുന്ന് ഒരേ ഫലം ഉണ്ടാക്കുന്നു എങ്കില്‍ മാത്രമേ അത് ആ രോഗത്തിന്റെ മരുന്നായി അവര്‍ അംഗീകരിക്കു.ആ മരുന്നിലെ ഏതൊക്കെ ഘടകങ്ങളാണ് രോഗ ശാന്തി വരുത്തിയത് എന്നും അവര്‍ അന്വേഷിക്കും. അങ്ങനെ ആ വഴിയില്‍ ഗവേഷണം തുടരും. വടക്കുംചെരിക്കും ഈ വഴി സ്വീകരിക്കാന്‍ ഒരു തടസ്സവുമില്ല, പറയുന്നത് വെറും തള്ളായാല്‍ പോര എന്ന നിബന്ധന ഒഴിച്ചാല്‍.

4. അലോപ്പതി ചികിത്സ തേടിയവരും തട്ടി പോയിട്ടില്ലേ- അന്തംവിട്ട നിഷ്കളങ്കരില്‍ പെടുന്ന ഈ വിഭാഗം അലോപ്പതി എന്ന ഒന്നുണ്ടെന്നും അത് മരണമില്ലായ്മ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നും കരുതുന്നു. അലോപ്പതി എന്ന ഒന്നില്ല എന്ന് നേരത്തെ പറഞ്ഞു. പിന്നെ ഒരു വൈദ്യ ശാഖയും അമരത്വം വാഗ്ദാനം ചെയ്യുന്നുമില്ല. അതുകൊണ്ട് തന്നെ എത്രപേര്‍ മരിച്ചു എന്ന കണക്കല്ല, എത്ര പേര്‍ രക്ഷപ്പെട്ടു, എത്ര രോഗങ്ങള്‍ തുടച്ച് നീക്കാനായി തുടങ്ങിയ കണക്കുകള്‍ വേണം എടുക്കാന്‍.

ഇതില്‍ ആദ്യ വിഭാഗത്തിന് എന്തായാലും വടക്കുംചേരി പ്രതിരോധ കുത്തിവയ്പ്പിന്‍റെ ആവശ്യമില്ല. നുണപറയുന്നവര്‍ക്ക് അവര്‍ പറയുന്നത് നുണയാണെന്ന് അറിയാതെ വയ്യല്ലോ. അതുകൊണ്ട് അവര്‍ ആ നുണയ്ക്ക് ഇമ്യുണ്‍ഡും ആണ്. ബാക്കിയുള്ളവര്‍ ആലോചിക്കുക എന്ന് മാത്രം.

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍