UPDATES

ട്രെന്‍ഡിങ്ങ്

സമത്വത്തിലും സാമൂഹികനീതിയിലും ഊന്നിയ നവകേരളത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ച്ചപ്പാടാണ് വനിതാമതില്‍ മുന്നോട്ടുവയ്ക്കുന്നത്: അതിനൊപ്പം അണിചേരണമെന്ന് പ്രമുഖ വനിതകള്‍

സ്ത്രീകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിക്കഴിഞ്ഞ ഒരു മഹാമുന്നേറ്റമാണ് വനിതാ മതില്‍: അതിനൊപ്പം അണിചേരണമെന്ന് പ്രമുഖ വനിതകള്‍

ഇരുനൂറിലധികം പ്രമുഖ വനിതാ വ്യക്തിത്വങ്ങള്‍ വനിതാ മതിലിനൊപ്പം കണ്ണിചേരുന്നു. കേരളത്തിലെ കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹിക, അക്കാദമിക് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ സ്ത്രീകളാണ് വനിതാ മതിലിനൊപ്പം അണിചേരുന്നതായി പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

ഡോ. എം. ലീലാവതി, സി കെ ജാനു, കെ അജിത, പി വത്സല, പാര്‍വതി തിരുവോത്ത്, റീമ കല്ലിങ്കല്‍, ബീന പോള്‍, രമ്യാ നമ്പീശന്‍, ലിഡാ ജേക്കബ് ഐ എ എസ്, പി കെ മേദിനി, മീര വേലായുധന്‍, ഗീതു മോഹന്‍ദാസ്, ഭാഗ്യലക്ഷ്മി, സജിതാ മഠത്തില്‍, രജിത മധു, ഡോ. എസ് ശാരദക്കുട്ടി, തനൂജ ഭട്ടതിരി, ബി എം സുഹറ, ഗീത നസീര്‍, ജമീല പ്രകാശം, ശോഭനാ ജോര്‍ജ്ജ്, സി എസ് ചന്ദ്രിക, വി സി ബിന്ദു, ഡോ മെര്‍ലിന്‍ ജെ എന്‍, ഡോ. ടി. എന്‍. സീമ, ഡോ. ടി കെ ആനന്ദി, ഡോ. പി. എസ് ശ്രീകല, ചിന്ത ജെറോം, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് തുടങ്ങിയവരാണ് പ്രസ്താവന പുറത്തിറക്കിയത്.

കേരളത്തിലെ സ്ത്രീകളോടും തങ്ങള്‍ക്കൊപ്പം വനിതാ മതിലില്‍ അണിചേരാന്‍ പ്രസ്താവനയിലൂടെ ഇവര്‍ അഭ്യര്‍ഥിക്കുന്നു. പ്രസ്താവനയുടെ പൂര്‍ണരൂപം ചുവടെ.

സ്ത്രീ മുന്നേറ്റചരിത്രത്തില്‍ കേരളം മറ്റൊരു നാഴികക്കല്ലു കൂടി സ്ഥാപിക്കുകയാണ്. പുതുവത്സരദിനത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ വനിതാ മതില്‍ സൃഷ്ടിച്ചുകൊണ്ടാണ് ഈയൊരു കുതിപ്പിലേക്ക് നാം എത്തിച്ചേരുന്നത്. സമത്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള തങ്ങളുടെ അവകാശം കേരളത്തിലെ സ്ത്രീകള്‍ പ്രഖ്യാപിക്കുന്നതിന്റെ പ്രത്യക്ഷ രൂപം കൂടിയാണിത്.
കേരളത്തിന്റെ ജനാധിപത്യവത്കരണത്തിന്റെ അടിസ്ഥാനമായിത്തീര്‍ന്ന നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് വനിതാ മതില്‍ മുന്നോട്ടുവയ്ക്കുന്നത്. ലിംഗപദവി ഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തുക എന്ന ഭരണഘടനാ തത്വം പ്രായോഗികമാക്കുന്നതിനുള്ള ഇടപെടലാണിത്.

സ്ത്രീവിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെ നിരവധി മേഖലകളിലെ സാമൂഹികവികസന സൂചകങ്ങളില്‍ കേരളം മുന്നിലായിരിക്കുന്നത് ‘നാം മനുഷ്യര്‍’ എന്ന നവോത്ഥാന മൂല്യബോധത്തില്‍ ഊന്നിനിന്നു പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, പൊയ്കയില്‍ യോഹന്നാന്‍ മുതലായ നവോത്ഥാന നായകര്‍ക്കൊപ്പം ദാക്ഷായണി വേലായുധന്‍, കാളിക്കുട്ടി ആശാട്ടി, സൈനബ (മലബാര്‍ കലാപം), ആനി മസ്‌ക്രീന്‍, കെ ദേവയാനി, ഹലീമാ ബീവി, പാര്‍വതി നെന്മേനിമംഗലം, ആര്യാ പള്ളം, അക്കമ്മ ചെറിയാന്‍, പാര്‍വതി അയ്യപ്പന്‍ മുതലായ ഒട്ടനവധി സ്ത്രീകളും ചേര്‍ന്നാണ് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും നവോത്ഥാന ചിന്തകള്‍ കേരളത്തില്‍ രൂപപ്പെടുത്തിയത്. അടുക്കളയിലും അരങ്ങിലും തൊഴിലിടങ്ങളിലും സമരപഥങ്ങളിലും കേരളത്തിലെ സ്ത്രീകള്‍ നടത്തിയ അക്ഷീണപ്രയത്‌നം ആധുനിക കേരള സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്.

എങ്കിലും സ്ത്രീസമൂഹം ഇന്നും അനീതിയും വിവേചനവും നേരിടുന്നുണ്ട്. ഭരണഘടനയും നിയമങ്ങളും എന്തുപറഞ്ഞാലും അനാചാരങ്ങളും അടിച്ചമര്‍ത്തലുകളും വിവേചനങ്ങളും സ്ത്രീകള്‍ അര്‍ഹിക്കുന്നതാണെന്നും അവ ഇനിയും നിലനില്‍ക്കണമെന്നും വാദിക്കുന്നവരുമുണ്ട്. പിന്നാക്ക പ്രവണതകളിലേക്ക് കേരളത്തെ തിരിച്ചുനടത്തുവാന്‍ സ്ത്രീകളെത്തന്നെ കരുവാക്കുകയും ചെയ്യുന്നു. അതിനെതിരായുള്ള ബോധവത്കരണം കൂടിയാണ് ഈ മതില്‍ മുന്നോട്ടുവയ്ക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തോടല്ല, സമൂഹത്തിലെ ചിലയിടങ്ങളില്‍ പ്രകടമായ വര്‍ഗീയ, വിധ്വംസക, വിഭാഗീയ പ്രവണതകളോടാണ് വനിതാ മതിലിലൂടെ സ്ത്രീകള്‍ പ്രതികരിക്കുന്നത്.

ക്രമാനുഗതവും നിരന്തരവുമായ സമര-പ്രതിഷേധങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയുമാണ് ഏതൊരു സമൂഹവും പുരോഗതി പ്രാപിച്ചിട്ടുള്ളത്. സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും തുല്യാവകാശങ്ങളും ഉറപ്പാക്കി കേരളം പുരോഗമനപാതയില്‍ മുന്നേറുമെന്ന് പ്രഖ്യാപിക്കുന്ന നമ്മുടെ നാടിന്റെ അഭിമാനമതില്‍ കൂടിയാണ് ഇവിടെ ഉയരുന്നത്. ആധുനിക സാമൂഹികജീവിതത്തിന്റെ മുഖമുദ്രയാണ് എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യത ലഭിക്കുക എന്നത്. സ്ത്രീ വിമോചനം സമൂഹത്തിന്റെയാകെ വിമോചനത്തിന്റെ ഭാഗവുമാണ്. വനിതാമതിലില്‍ സ്ത്രീകളോടൊപ്പം ട്രാന്‍സ് വിമനും അണിനിരക്കുന്നുണ്ട്. വനിതാമതിലിനെ ആശയപരമായി പിന്തുണയ്ക്കുവാന്‍ ലിംഗപദവിഭേദമില്ലാതെ ഏവര്‍ക്കും സാധിക്കും. അതിനാല്‍ സാമൂഹിക വിമോചനത്തിനായി നിലകൊള്ളുന്ന ഏതൊരാളും ഈ മതിലില്‍ അണിചേരേണ്ടതാണ്. സമത്വത്തിലും സാമൂഹികനീതിയിലും ഊന്നിയ നവകേരളത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ച്ചപ്പാടാണ് വനിതാമതില്‍ മുന്നോട്ടുവയ്ക്കുന്നത്. കേരളം കാത്തുസൂക്ഷിച്ചുവന്ന നവോത്ഥാന മൂല്യങ്ങള്‍ക്ക് വര്‍ഗീയശക്തികളില്‍നിന്ന് വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ‘ഇതിനോടൊപ്പമല്ല ഞങ്ങള്‍’ എന്നു പ്രഖ്യാപിക്കാന്‍ നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തിലെ സ്ത്രീകള്‍ പ്രത്യക്ഷത്തില്‍ ആരംഭിക്കുന്ന ആശയപ്രചരണരൂപമാണിത്. സമൂഹം നേരിടുന്ന പിന്നാക്കപ്രവണതകളോടുള്ള സ്ത്രീകളുടെ പുരോഗമനപരമായ ചെറുത്തുനില്‍പ്പും കൂടിയാണ് ഈ മതില്‍. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തോടല്ല സമൂഹത്തിലെ ചിലയിടങ്ങളില്‍ പ്രകടമാകുന്ന വര്‍ഗീയ, വിധ്വംസക, വിഭാഗീയ പ്രവണതകളോടാണ് വനിതാമതിലില്‍ അണിചേര്‍ന്നുകൊണ്ട് സ്ത്രീകള്‍ പ്രതികരിക്കുന്നത്.

ജനങ്ങള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിക്കഴിഞ്ഞ ഒരു മഹാമുന്നേറ്റമാണ് വനിതാ മതില്‍. ചരിത്രത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ എതിര്‍ത്തവരുടെ പേരുകള്‍ ഇന്ന് നാമാരും ഓര്‍ക്കുന്നില്ല. അതേസമയം ആ പോരാട്ടങ്ങള്‍ക്ക് നേതൃത്വം
നല്‍കിയവരെ ജനങ്ങള്‍ എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ചരിത്രത്തിന്റെ രീതി അങ്ങനെയാണ്. നവോത്ഥാനത്തിലും നവകേരളനിര്‍മിതിയിലും സ്ത്രീയുടെ പങ്കാളിത്തം ഉയര്‍ത്തിക്കാട്ടിക്കൊണ്ടും, കേരളസമൂഹത്തെ ധ്രുവീകരിക്കാന്‍ ശ്രമിക്കുന്ന മതവര്‍ഗീയ ശക്തികളെ നിഷേധിക്കുന്നുവെന്ന് വ്യക്തമാക്കികൊണ്ടുമാണ് ഈ മനുഷ്യശൃംഖലയില്‍ സ്ത്രീകള്‍ കണ്ണിചേരുന്നത്. മനുഷ്യവംശം ഒന്നിച്ചുനിന്നു നേടിയ പുരോഗതിയെ പിന്നോട്ടടിക്കുന്ന വര്‍ഗീയശക്തികള്‍ക്കെതിരെ തന്നാലാവുംവിധം പ്രതിരോധിക്കേണ്ടത് ഓരോ സ്ത്രീയുടെയും കടമയാണ്. നാം ജീവിക്കുന്ന കാലം ആവശ്യപ്പെടുന്ന ഒരു ഇടപെടല്‍ കൂടിയാണിത്. കേരള നവോത്ഥാനത്തിന്റെ നേരവകാശികള്‍ എന്ന നിലയില്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചറിയുന്ന പൗരബോധത്തോടെ ഈ വനിതാമതിലില്‍ കേരളത്തിലെ ഓരോ സ്ത്രീയോടുമൊപ്പം ഞങ്ങളും കണ്ണിചേരുന്നു. ഞങ്ങളോടൊപ്പം അണിചേരുവാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍