UPDATES

ട്രെന്‍ഡിങ്ങ്

ലോങ്മാർച്ച് ജനകീയ വിസ്മയം-ഡോ. ടി എം തോമസ് ഐസക്

പദയാത്രകൾ പലതും രാജ്യത്തുണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയും അച്ചടക്കവും ആസൂത്രണവും ഇതുപോലെ സമന്വയിച്ച മറ്റൊരു പ്രക്ഷോഭമില്ല

മഹാരാഷ്ട്രയിലെ ഐതിഹാസികമായ ക‍ര്‍ഷകസമരം ജനകീയ വിസ്മയമാണെന്ന് ഡോ. ടി എം തോമസ് ഐസക്. “പദയാത്രകൾ പലതും രാജ്യത്തുണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയും അച്ചടക്കവും ആസൂത്രണവും ഇതുപോലെ സമന്വയിച്ച മറ്റൊരു പ്രക്ഷോഭമില്ല. സിപിഎമ്മിന്റെയോ ബഹുജനസംഘടനകളുടെയോ അനുകൂലികളല്ലാത്തവർ പോലും ആവേശത്തോടെ അംഗീകരിക്കുന്ന യാഥാർത്ഥ്യമാണത്.” തന്റെ ഫേസ്ബുക്ക് പേജിലാണ് കര്‍ഷക സമരത്തെ ഐതിഹാസിക വിജയമാക്കിയ സമര ഭടന്‍മാരെയും സംഘടകരെയും അതിനെ പിന്തുണച്ച പൊതു സമൂഹത്തെയും അഭിനന്ദിച്ച് പോസ്റ്റിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മഹാരാഷ്ട്രയിലെ ഐതിഹാസികമായ ക‍ര്‍ഷകസമരം വിജയത്തിലെത്തി. കിസാൻ സഭ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും ഫഡ്നാവിസ് സ‍ര്‍ക്കാ‍രിന് അംഗീകരിക്കേണ്ടി വന്നു. വായ്പ എഴുതിത്തള്ളൽ നടപ്പിലാക്കുക, കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചെലവ് സർക്കാർ വഹിക്കുക,‘പിങ്ക് ബോൾ വേം’ ബാധമൂലം നഷ്ടത്തിലായ പരുത്തി കർഷകർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുക, കടുത്ത മഞ്ഞും കാലംതെറ്റി പെയ്ത മഴയും മൂലമുണ്ടായ കഷ്ടതകൾക്ക് പരിഹാരമായി എക്കറിന് 40000 രൂപ നിരക്കിൽ നഷ്ടപരിഹാരം നൽകുക,വികസന പ്രവർത്തനങ്ങൾക്കെന്നപേരിൽ കോർപ്പറേറ്റുകൾ കാർഷിക ഭൂമിയിൽ കടന്നുകയറുന്നത് അവസാനിപ്പിക്കുക,വനഭൂമി കൈകാര്യം ചെയ്തിരുന്ന കർഷകർക്ക് വനത്തിൽ നിന്നു തന്നെ സ്‌ഥലം അനുവദിക്കുക എന്നിങ്ങനെ അഞ്ച് ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെച്ചത്. ഈ ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ട് സ‍ര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ കിസാൻ സഭ തീരുമാനിച്ചത്.

സംഘാടനത്തിന്റെയും ആസൂത്രണത്തിന്റെയും ജനപിന്തുണയുടെയും കാര്യത്തിൽ അക്ഷരാ‍ര്‍ത്ഥത്തിൽ ജനകീയവിസ്മയമായിരുന്നു ലോങ്മാർച്ച്. പദയാത്രകൾ പലതും രാജ്യത്തുണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയും അച്ചടക്കവും ആസൂത്രണവും ഇതുപോലെ സമന്വയിച്ച മറ്റൊരു പ്രക്ഷോഭമില്ല. സിപിഎമ്മിന്റെയോ ബഹുജനസംഘടനകളുടെയോ അനുകൂലികളല്ലാത്തവർ പോലും ആവേശത്തോടെ അംഗീകരിക്കുന്ന യാഥാർത്ഥ്യമാണത്.

പരമദരിദ്രരായ മനുഷ്യരാണ് നിലനിൽപ്പിനുവേണ്ടിയുള്ള അന്തിമസമരത്തിന്റെ പ്രഖ്യാപനവുമായി ഇരുനൂറിലേറെ കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചത്. അവരുടെ ഭക്ഷണം, കുടിവെള്ളം, പ്രാഥമിക കൃത്യങ്ങൾക്കു വേണ്ട സൌകര്യങ്ങൾ ഒക്കെ എങ്ങനെ ഒരുക്കിയെന്ന് ആലോചിക്കുമ്പോഴാണ് ലോങ്മാർച്ചിന്റെ സംഘാടകർ നമുക്കൊരു വിസ്മയമായി മാറുന്നത്. ഒപ്പം, മറ്റൊന്നു കൂടി നാം തിരിച്ചറിയുന്നു. പിന്നിട്ട വഴികളിലുടനീളം ഈ മാർച്ചിനും അതിലുയർന്ന മുദ്രാവാക്യങ്ങൾക്കും ലഭിച്ച സ്വീകാര്യതയും പിന്തുണയും. നഗരങ്ങളും നാട്ടിൻപുറങ്ങളും ഒരുപോലെ ജാഥാംഗങ്ങളെ ഏറ്റുവാങ്ങി. അവർക്കു ഭക്ഷണവും കുടിവെള്ളവും മറ്റു സൌകര്യങ്ങളും ഒരുക്കുന്ന ചുമതല റെസിഡൻസ് അസോസിയേഷനുകൾ ഏറ്റെടുത്തു. അടുക്കളയും ഭക്ഷണശാലയും ജാഥയ്ക്കൊപ്പം നീങ്ങിയിരുന്നു.

ജാഥയിൽ പങ്കെടുക്കുന്നവർ വീടുകളിൽ നിന്നും കൊണ്ടുവന്ന ചപ്പാത്തിയും മറ്റും ഒന്നാം ദിവസം പിന്നിടുമ്പോഴേയ്ക്കും തീർന്നു. വിശ്രമകേന്ദ്രങ്ങളിലെ സംഘാടകർ മുൻകൈയെടുത്ത് ഭക്ഷണം തയ്യാറാക്കിയിരുന്നു. പക്ഷേ, ബഹുജനബാഹുല്യം മൂലം ഇതും അപര്യാപ്തമായിരുന്നു. മാർച്ച് വിജയകരമായി മുന്നേറിയതിന്റെ പിന്നിലെ രഹസ്യം ജാഥ ജനങ്ങളുടെ അനുഭാവവും പിന്തുണയുമായിരുന്നു. ജാഥാ നേതാക്കളിൽ ഒരാളായി വിജു കൃഷ്ണൻ എന്നോടു പറഞ്ഞത് ഗ്രാമങ്ങളിൽ നിന്ന് ഭക്ഷണം പാചകം ചെയ്ത് വിശ്രമകേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുവന്നു എന്നാണ്. ജാഥയുടെ അവസാനദിവസം മുംബെ നഗരത്തിൽ റെസിഡൻസ് അസോസിയേഷനുകളും മറ്റു സംഘടനകളും ജാഥക്കാർക്ക് ഭക്ഷണവും വെള്ളവും മറ്റും നൽകുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. പക്ഷേ, നാട്ടിൻപുറത്ത് ഇത്തരം ഐക്യദാർഢ്യം കൂടുതൽ പ്രകടമായിരുന്നു. ചുരുക്കത്തിൽ ജാഥാവിജയം അടിവരയിടുന്നത് ഈ ജനകീയ പിന്തുണയാണ്.

ജാഥയിലുടനീളം അംഗങ്ങൾ പുലർത്തുന്ന അച്ചടക്കത്തിനു മുന്നിൽ വിസ്മയസ്തംബ്ധമാവുകയാണ് ബാഹ്യ സമൂഹം. ജീവിതം വഴിമുട്ടിയവരാണ് തെരുവിൽ ഒരു മഹാപ്രവാഹമായി നീങ്ങിയത്. ദുസഹമായ ചൂട്. പ്രതീക്ഷവറ്റിയ ജീവിതം. പക്ഷേ, ഒരിക്കൽപ്പോലും മാർച്ച് അക്രമാസക്തമായില്ല. മഹാ ജനപ്രവാഹത്തിന്റെ ആൾക്കൂട്ടക്കരുത്തിൽ ആവേശഭരിതനായി ഏതെങ്കിലുമൊരു ജാഥാംഗം എന്തെങ്കിലുമൊരു അക്രമത്തിനു തുനിഞ്ഞതിന്റെ ലാഞ്ചനപോലും എവിടെയും റിപ്പോർട്ടു ചെയ്തില്ല. അമാനുഷർക്കു മാത്രം പുലർത്താൻ കഴിയുന്ന ഉന്നതമായ അച്ചടക്കബോധമായിരുന്നു ഈ ജാഥയുടെ ഏറ്റവും വലിയ കരുത്ത്. ടാങ്കർ ലോറികളിൽ നിന്ന് ബോട്ടിലുകളിലേയ്ക്കു വെള്ളം പകരുമ്പോഴും പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുമ്പോഴുമൊക്കെ ഒരു വിപ്ലവസംഘടനയ്ക്കു മാത്രം സ്വായത്തമായ അച്ചടക്കം ദൃശ്യമാണ്.

ഇത് സമരത്തിന്റെ അവസാനം വരെ ഓരോ ഘട്ടത്തിലും തെളിഞ്ഞു. മുപ്പതു കിലോമീറ്റര്‍ യാത്രയ്ക്കു ശേഷം ഏതാനും മണിക്കൂര്‍ നേരം വിശ്രമിച്ച് രാത്രി തന്നെ സിയോൺ മൈതാനത്തു നിന്ന് ആസാദി മൈതാനത്തിലേയ്ക്ക് ജാഥ യാത്ര തുടര്‍ന്നു. അതിനു നൽകിയ വിശദീകരണം, ഏതൊരാളെയാണ് അനുഭാവിയല്ലാതാക്കി മാറ്റുക? തീരുമാനിച്ചതു പ്രകാരം രാവിലെ നടന്നാൽ ട്രാഫിക് കുരുക്കുകളിൽ പത്താം ക്ലാസ് കുട്ടികളുടെ പരീക്ഷ അവതാളത്തിലാകും എന്ന തിരിച്ചറിവാണ് ഇത്ര വലിയ പരിപാടിയില്‍ മാറ്റം വരുത്താൻ ഇടയാക്കിയത്. ഏതു സമരവും ജനങ്ങൾക്കും ചില അസൗകര്യങ്ങൾ ഉണ്ടാക്കും. പക്ഷേ, ബഹുജനങ്ങളെ ഒപ്പം അണിനിരത്തിക്കൊണ്ടു മാത്രമേ അന്തിമവിജയം സാധ്യമാകൂ. ഭരണവര്‍ഗമാണ് ശത്രുക്കൾ, ജനങ്ങളല്ല എന്ന ലോങ്മാര്‍ച്ചിന്റെ നിലപാട് വ്യാപകമായി പ്രശംസിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തതിനു കാരണം ഈ നിലപാടാണ്.

സമരം രാഷ്ട്രീയമായും വൻ വിജയമായിരുന്നു. ഭരണമുന്നണിയില്‍ത്തന്നെ സമരാനുഭാവം വളര്‍ന്നു. ബിജെപിയുടെ സഖ്യകക്ഷികള്‍ തന്നെ സമരത്തിന് പരസ്യ പിന്തുണയുമായി രംഗത്തിറങ്ങി. ഈ ഘട്ടത്തിലാണ് ഒത്തുതീര്‍പ്പ് അനിവാര്യമായി മാറിയത്. ഫഡ്നാവിസ് സര്‍ക്കാരിനു മുന്നില്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അതിനുകാരണം സമരവും മുദ്രാവാക്യവും നേടിയ അത്ഭുതകരമായ പൊതുസ്വീകാര്യതയാണ്. ഈ വമ്പിച്ച ജനപിന്തുണയ്ക്കു മുന്നിലാണ് സര്‍ക്കാരിനു മുട്ടുമടക്കേണ്ടി വന്നത്. ആ പൊതുസ്വീകാര്യതയ്ക്കു കാരണമോ, ലോങ്മാര്‍ച്ചു ചെയ്ത സഖാക്കളുടെ ത്യാഗവും ദൃഢനിശ്ചയവും അച്ചടക്കവുമാണ്.

ഇന്ത്യയിലെ കർഷകപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഇതിഹാസമായി മാറിയ ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ അഖിലേന്ത്യാ കിസാൻ സഭയുടെയും പാര്‍ടിയുടെയും സഖാക്കൾക്ക് അഭിവാദ്യങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍