UPDATES

ട്രെന്‍ഡിങ്ങ്

ഫാസിസം ഉത്തരേന്ത്യയില്‍ നിന്ന് വണ്ടി വിളിച്ച് കേരളത്തിലേക്ക് വരുന്ന ഒന്നല്ല; നാമവിടെ എത്തിക്കഴിഞ്ഞിരിക്കുന്നു

രക്തശുദ്ധിയുടെ യുക്തിയില്‍ നിന്നും നാമിന്നും മോചിതരായിട്ടില്ലെന്നാണ് കെവിനും ആതിരയും അറിയപ്പെടാതെ പോയ നിരവധി കമിതാക്കളും ഓര്‍മ്മിപ്പിക്കുന്നത്

നസ്രാണികള്‍ എന്നും ജാതിവാദികള്‍ തന്നെ ആയിരുന്നു. ഇനിയും അവര്‍ അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ദളിതരെയും ആദിവാസികളെയും സംബന്ധിച്ച് ക്രിസ്ത്യാനികളും മുസ്ലിങ്ങളും നാനാജാതി ഹിന്ദുക്കളെ പോലെ ജാതിയുടെ പേരില്‍ അവരെ തച്ചുകൊല്ലാന്‍ മടിയില്ലാത്തവരാണ്. അതിപ്പോള്‍ മധുവായാലും, കെവിനായാലും ഒക്കെ ഒരുപോലെ തന്നെ. ഈ ജാതിവാദികളുടെ കൂട്ടങ്ങളായ ഡി.വൈ.എഫ്.ഐ., യൂത്ത് കോണ്‍ഗ്രസ്സ്, യുവമോര്‍ച്ച, യൂത്ത് ലീഗ്, എന്ന് വേണ്ട സകലമാന സംഘടനകള്‍ക്കും ഈ കൊലപാതകത്തില്‍ നേരിട്ടല്ലെങ്കിലും ധാര്‍മ്മികമായ പങ്കുണ്ട്.

ഇത് പൊടുന്നനെ ഉണ്ടായ ഒരു കൊലപാതകമല്ല. നാളിതുവരെ നമ്മള്‍ സൗകര്യപൂര്‍വ്വം മൂടിവെച്ചിരുന്ന ഒരു മുഖംമൂടി അഴിഞ്ഞു വീണു എന്നേയുള്ളു. പണ്ടൊരിക്കല്‍ എഴുതിയതോര്‍ക്കുന്നു. ഇടതുപക്ഷ സുഹൃത്തുക്കളുടെ ഫാസിസം വരുന്നു, വന്നു കഴിഞ്ഞു എന്നൊക്കെയുള്ള മുറവിളികള്‍ കേട്ട് മടുത്തിട്ടു എഴുതിയതാണ്. അതിപ്രകാരമായിരുന്നു. ഈ ഫാസിസം എന്നത് ഉത്തരേന്ത്യയില്‍ നിന്ന് വണ്ടി വിളിച്ചു കേരളത്തിലേക്ക് വരുന്ന ഒന്നല്ല. ഇവിടെ നമുക്ക് ചുറ്റും നാമറിഞ്ഞില്ല എന്ന് നടിക്കുന്ന നീതിനിഷേധങ്ങളില്‍ നിന്നും പിറവി എടുക്കുന്നതാണത്. അങ്ങനെ നോക്കുമ്പോള്‍ കേരളം എന്നേ വെറുപ്പിന്റെ രാഷ്ട്രീയത്തിന് വേരോടാന്‍ പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു! കെവിനും മധുവും അതിന്റെ ആദ്യ പരീക്ഷണങ്ങളിലെ ഇരകള്‍ മാത്രമാണ്.

മധുവുന്റെ കൊലപാതകത്തില്‍ മുസ്ലിങ്ങളുടെ പങ്കിനെ കുറിച്ചു സംസാരിച്ചപ്പോള്‍ അതിനെതിരെ പ്രതികരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിന്റെ ശബ്ദം ഭീഷണിയുടെയും ധാര്‍ഷ്ട്യത്തിന്റെയുമായിരുന്നു. ദളിതനെ പ്രേമിച്ചതിന്റെ പേരില്‍ സ്വന്തം മകളെ പിതാവ് കുത്തിക്കൊന്നപ്പോള്‍ പോലും അയാളെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ പാടുപെട്ടവരാണ് ചില മലയാളികളെങ്കിലും. ജിഷയുടെ അമ്മ ബ്യൂട്ടീഷനെ കാണുന്നുണ്ടോ എന്ന് നോക്കാനാണു നമുക്ക് നേരമുള്ളത്! ഇന്നൊരു ചാനലില്‍ കെവിന്റെ കൊലപാതകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ കൊലപാതകികള്‍ സഞ്ചരിച്ച വണ്ടിയുടെ ഡ്രൈവര്‍ ഡി. വൈ. എഫ്. ഐ അംഗമാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ഈ സംഘടനകളൊക്കെ ജാതിയുടെ പിടിയില്‍ നിന്നും മോചിതരല്ല എന്ന വാദം സാമൂഹ്യ പ്രവര്‍ത്തകയായ ആശ ഉന്നയിച്ചപ്പോള്‍ അതിനെ എതിര്‍ത്ത വി.പി.പി. മുസ്തഫ എന്ന മുസ്ലിം കമ്യൂണിസ്റ്റ് പറഞ്ഞത് പ്രസ്തുത സംഘടനയുടെ പല നേതാക്കന്മാരും മിശ്രവിവാഹം കഴിച്ചവരാണ് എന്നത്രെ! എത്ര ബാലിശമാണ് ആ വാദം എന്ന് ഓര്‍ത്തുനോക്കൂ.

എന്നെ പ്രേമിച്ച ഒരു ഓ.ബി.സി. പെണ്‍കുട്ടിയോട് ‘കുറച്ചുകൂടെ നിലയും വിലയും ഉള്ള ഒരാളെ പ്രണയിച്ചുകൂടെ’ എന്ന് ചോദിച്ചത് പാലാക്കാരി ഒരു നസ്രാണി ടീച്ചറാണ്! ഞാന്‍ മായയെ പ്രണയിച്ചു വിവാഹം കഴിച്ചപ്പോള്‍ ‘നിനക്ക് നമ്മുടെ കൂട്ടത്തീന്നു ഒരു പെങ്കൊച്ചിനെ കെട്ടാമായിരുന്നില്ലേ’ എന്ന് ദണ്ണിച്ചത് ഒരു ദളിത് സുഹൃത്താണ്. ജാതിയെ ജാതികൊണ്ടു തന്നെ നേരിടാമെന്നത് ഒരു വ്യാമോഹം മാത്രമാണ്. അതാണ് അംബേദ്കര്‍ പറയുന്നതും. തീര്‍ച്ചയായും രണ്ടു സവര്‍ണ്ണര്‍ മിശ്രവിവാഹിതരാവുന്നതു പോലെയേ അല്ല സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള മിശ്രവിവാഹം. ജാതി അതിന്റെ എല്ലാ സൂക്ഷ്മാശങ്ങളിലും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കൃത്യമായി മനസ്സിലാക്കാന്‍ പറ്റിയ സന്ദര്‍ഭമാണത്. ചിലപ്പോളെങ്കിലും ആ യാത്ര ദുസ്സഹമായി തോന്നിയേക്കാമെങ്കിലും ആത്യന്തികമായി ഈ മൂല്യവ്യവസ്ഥിതിയുടെ പുറത്തുകടക്കുകയെ മിശ്രവിവാഹിതര്‍ക്കു രക്ഷയുള്ളൂ. ആ അര്‍ത്ഥത്തിലാണ് അതൊരു വിപ്ലവാത്മകമായ തീരുമാനം ആകുന്നത്. അതുകൊണ്ടു തന്നെയാണ് പുതിയ ഒരു സമൂഹനിര്‍മ്മിതിക്ക് ഈ വഴിയാണ് ഉത്തമം എന്ന് അംബേദ്കര്‍ പറയുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ നാമിന്നും രക്തശുദ്ധിയുടെ യുക്തിയില്‍ നിന്നും മോചിതരായിട്ടേയില്ല എന്ന് തന്നെയാണ് കെവിനും ആതിരയും അറിയപ്പെടാതെ പോയ നിരവധി കമിതാക്കളും, ഇനിയും വരാനിരിക്കുന്ന അനേകം പ്രണയിനികളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്! കേരളം ഇന്ത്യയില്‍ തന്നെയാണ്, ഇന്ത്യ ഒരു ജാതിസമൂഹമാണ്, മലയാളികള്‍ ഇന്ത്യക്കാരാണ്, ഇന്ത്യക്കാര്‍ ജാതിവാദികളാണ്.

വാല്‍കഷ്ണം: പെണ്‍കുട്ടികളുടെ യൂണിഫോമിന് ഇറക്കം കുറഞ്ഞുപോയി എന്ന് പറഞ്ഞു എന്‍.ഡി.എഫുകാര്‍ ഒരു സ്‌കൂള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. നാമവിടെ എത്തി കഴിഞ്ഞിരിക്കുന്നു!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍