UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി എംഎല്‍എയുടെ പീഡനം; യോഗിയുടെ വീടിനു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ച 18 കാരിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ഏപ്രില്‍ അഞ്ചിനായിരുന്നു പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്

തന്നെ പീഡിപ്പിച്ച ബിജെപി എംഎല്‍എയ്‌ക്കേതിരേ പൊലീസ് കേസ് എടുക്കുന്നില്ലെന്നാരോപിച്ച്‌  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ആയിരിക്കെ മരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഗുരുതരാവസ്ഥയിലായ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ അവിടെവച്ച് മരിക്കുകയായിരുന്നു.

ആളുകളെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഇയാളെ ജില്ല ജയിലിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയോടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയുടെ പിതാവ് മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുമെന്നും എന്തെങ്കിലും വീഴ്ച പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ സത്വര നടപടിയുണ്ടാകുമെന്നും ഡി ഐ ജി പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

2017 ജൂലൈ നാലിന് ഉത്തര്‍പ്രദേശിലെ ഊനോ ജില്ലയില്‍പ്പെട്ട ബംഗാര്‍മൗ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സേന്‍ഗാറും അദ്ദേഹത്തിന്റെ സഹോദരനും തന്നെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് 18 കാരിയുടെ പരാതി. താന്‍ പരാതിപ്പെട്ടിട്ടും പൊലീസ് എംഎല്‍എയ്‌ക്കെതിരേ കേസ് എടുക്കാന്‍ തയ്യാറായില്ലെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. തനിക്കു നേരെ എംഎല്‍എയുടെ ആളുകളുടെ അക്രമം ഉണ്ടാകുമെന്ന് ഭയന്ന് ആ സംഭവത്തിനുശേഷം താന്‍ ഡല്‍ഹിയിലേക്ക് മാറിയെന്നും തന്റെ പിതാവിനെ എംഎല്‍എയുടെ ആളുകള്‍ മര്‍ദ്ദിക്കുകയും നിരന്തരം അധിക്ഷേപിക്കുകയും ചെയ്തിരുന്നതായും പെണ്‍കുട്ടിയുടെ പരാതിയില്‍ ഉണ്ട്.

ഏപ്രില്‍ അഞ്ചിനായിരുന്നു പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ചില വ്യക്തികളെ പെണ്‍കുട്ടിയുടെ പിതാവ് അസഭ്യം പറയുന്നതായും ഒരു നാടന്‍ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും ടിങ്കു സിംഗ് എന്നൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിംഗും അയാളുടെ സഹായികളും തന്നെ ഉപദ്രവിച്ചെന്നും ഇവരാണ് പൊലീസിന് തന്നെ കൈമാറിയതെന്നും പെണ്‍കുട്ടിയുടെ പിതാവും പരാതിപ്പെട്ടിരുന്നു. ഏപ്രില്‍ ആറിന് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയില്‍ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് തനിക്ക് ഏല്‍ക്കേണ്ടി വന്ന മര്‍ദ്ദനത്തിന്റെ അടയാളങ്ങളാണവയെന്നായിരുന്നു പിതാവ് പറഞ്ഞത്.

ഞായറാഴ്ച രാത്രിയോടെ ജയില്‍ മുറിയില്‍ അബോധാവസ്ഥയില്‍ വീണ ഇയാളെ അന്ന് രാത്രി 9 മണി കഴിഞ്ഞ ജില്ല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാളെ പരിശോധിച്ച ഡോക്ടര്‍ പറയുന്നത്, രോഗി വയറു വേദനയാല്‍ പുളയുകയായിരുന്നുവെന്നും ഛര്‍ദ്ദിക്കുക ചെയ്തിരുന്നുവെന്നുമാണ്.

ഞായറാഴ്ച വൈകുന്നേരമാണ് പീഡനത്തിനിരയായ 18 കാരിയും കുടുംബത്തിലെ നാല് സ്ത്രീകളും യോഗിയുടെ വസതിക്കു മുന്നില്‍ ആത്മഹത്യശ്രമം നടത്തിയത്. മുഖ്യമന്ത്രി ഇല്ലായിരുന്ന സമയത്തായിരുന്നു ഇവരുടെ ആത്മഹത്യാശ്രമം. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരുടെ ശ്രമം തടയുകയും പൊലീസ് എത്തി എല്ലാവരേയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

തനിക്കെതിരേ പെണ്‍കുട്ടി ഉയര്‍ത്തുന്നത് വ്യാജ ആരോപണമാണെന്നും തന്റെ സത്‌പേര് ഇല്ലാതാക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്നുമാണ് എംഎല്‍എ കുല്‍ദീപ് സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍