UPDATES

സിനിമ

ചലച്ചിത്രമേളയില്‍ അന്താരാഷ്ട്ര സിനിമകളെക്കാള്‍ പ്രാധാന്യത്തോടെ ഇന്ത്യന്‍ സിനിമകള്‍ കാണിക്കണം: സനല്‍ കുമാര്‍ ശശിധരന്‍

രാജ്യത്തിന്റെ സാംസ്‌കാരികപരമായ വൈവിധ്യത്തെ മനസിലാക്കാതെ വരുമ്പോഴാണ് ബീഫ് കഴിക്കാന്‍ പാടില്ല, നമ്മുടെ സംസ്‌കാരമിതാണ് എന്നൊക്കെ ഉത്‌ഘോഷണങ്ങള്‍ ഉണ്ടാകുന്നത്

22ാമത് ഫിലിം ഫെസ്റ്റിവിലില്‍ മലയാളത്തില്‍ നിന്ന് അംഗീകാരം നേടിയ സമാന്തര ചലച്ചിത്രങ്ങളെ തഴിയുന്നുവെന്നതില്‍ പ്രതിഷേധിച്ച് സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ അവതരിപ്പിച്ച സാമന്തര ചലച്ചിത്രമേളയായിരുന്നു കാഴ്ച ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍. ഐഎഫ്എഫ്‌കെയ്‌ക്കൊപ്പം ആരംഭിക്കുന്ന ചലച്ചിത്രമേള ആദ്യ വര്‍ഷത്തില്‍ തന്നെ കാഴ്ച എന്ന ഫിലിം ഫെസ്റ്റിവലായി രൂപാന്തരപ്പെട്ടതിന്റെ കാരണങ്ങള്‍ കൊണ്ടും സിനിമകളുടെ തിരഞ്ഞെടുപ്പുകള്‍ കൊണ്ടും ശ്രദ്ധ നേടിയിരുന്നു. ഇത്തവണയും ഐഎഫ്എഫ്‌കെയുടെ അതേ ദിവസങ്ങളില്‍ തന്നെ മികച്ച ചിത്രങ്ങളുടെ തെരഞ്ഞെടുപ്പുകളുമായി രണ്ടാം കിഫ് ചലച്ചിത്രമേള തുടരുന്നു. കാഴ്ചയുടെ വിശഷേങ്ങള്‍ പങ്കുവെച്ച് സംവിധായകനും കാഴ്ച ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സ്ഥാപകനുമായ സനല്‍കുമാര്‍ ശശിധരന്‍.

രണ്ടാം കാഴ്ച ചലച്ചിത്രമേള കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ട്?

കാഴ്ച ഒരു പ്രതിഷേധമായി രൂപം കൊണ്ടതാണ്. ഇത്തവണ കുറച്ചു കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കാഴ്ചയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമാ ചര്‍ച്ചകള്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ കാഴ്ചയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആളുകളുടെ പങ്കാളിത്തവും കൂടിയിട്ടുണ്ട്. ഇതുവരെയും കാഴ്ചയെപ്പറ്റി നല്ല പ്രതികരണമാണ് കിട്ടിയിട്ടുള്ളത്. ഇത്തവണ കുറച്ചധികം പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാന്‍ പറ്റി. ഒരു പ്രതിഷേധമെന്നതിലുപരി ഒരു ഫിലിം ഫെസ്റ്റിവല്‍ എന്ന തലത്തേക്ക് രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. കാഴ്ച തുടങ്ങാന്‍ ഉണ്ടായ കാരണം നിലവില്‍ ഇല്ല. കഴിഞ്ഞ തവണ മലയാള സിനിമയിലുണ്ടാകുന്ന നല്ല സിനിമകള്‍ക്ക് ഐഎഫ്എഫ്‌കെയില്‍ കാര്യമായ പരിഗണന നല്‍കുന്നില്ല എന്നതായായിരുന്നു പ്രതിഷേധത്തിന് കാരണം. ഇത്തവണ മലയാള സിനിമ ഒഴിവാക്കപ്പെട്ടുവെന്ന് തോന്നുന്നില്ല. സിനിമകളുടെ എണ്ണം കൂടി, കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ട സിനിമകള്‍ക്ക് പ്രത്യേക വിഭാഗമുണ്ടായി. കഴിഞ്ഞ തവണത്തെ പ്രതിഷേധം ഇത്തവണ ഫലം കണ്ടു എന്നുവേണം മനസിലാക്കാന്‍.

കാഴ്ച കൊണ്ട് ഉദ്ദേശിച്ചിരുന്നതും അങ്ങനെയൊരു മാറ്റമാണല്ലോ? അങ്ങനെയെങ്കില്‍ ഇത്തവണ കാഴ്ച ഫിലിം ഫെസ്റ്റിവല്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

അങ്ങനെ സംഭവിച്ചതുകൊണ്ട് നിര്‍ത്തേണ്ട ഫെസ്റ്റിവലല്ല കാഴ്ച. അതിന് പല കാരണങ്ങളുണ്ട്. ഇന്ത്യയില്‍ ധാരാളം ഇന്‍ഡിപ്പെന്‍ഡന്റ്‌ സിനിമകള്‍ ഉണ്ടാകുന്നുണ്ട്. അത്തരം സിനിമകള്‍ക്ക് ഒരു വേദിയുണ്ടാകേണ്ടതുണ്ട്. പിന്നെ ഇന്റര്‍നാഷണല്‍ സിനിമക്ക് കൊടുക്കുന്ന പരിഗണന ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സിനിമകള്‍ക്കും നല്‍കണമെന്ന അഭിപ്രായമാണ് കാഴ്ചയ്ക്ക് മൊത്തത്തില്‍ ഉള്ളത്. അത് വ്യത്യസ്ത സിനിമകളെ തിരിച്ചറിയാനും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഒരു സ്വഭാവം മനസിലാക്കാനും സഹായിക്കും. രാജ്യത്തിന്റെ സാംസ്‌കാരികപരമായ വൈവിധ്യത്തെ മനസിലാക്കാതെ വരുമ്പോഴാണ് ബീഫ് കഴിക്കാന്‍ പാടില്ല, നമ്മുടെ സംസ്‌കാരമിതാണ് എന്നൊക്കെ ഉത്‌ഘോഷണങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് ഇന്റര്‍നാഷണല്‍ സിനിമകള്‍ എത്രത്തോളം പ്രാധാന്യത്തോടെയാണോ വരവേല്‍ക്കുന്നത് ഒരുപക്ഷേ അതിനേക്കാള്‍ പ്രാധാന്യത്തോടെ നമ്മള്‍ വ്യത്യസ്തമായ ഇന്ത്യന്‍ സിനിമകള്‍ കാണിക്കേണ്ടതുണ്ട്.

കാഴ്ചയിലെ സിനിമാ തെരഞ്ഞെടുപ്പുകള്‍ എങ്ങനെയാണ് നടക്കുന്നത്?

സിനിമകളുടെ തെരഞ്ഞെടുപ്പിന് കഴിഞ്ഞ തവണ ജൂറിയെ വെച്ചിരുന്നു. ഇത്തവണ വേറെ രീതിയിലാണ് സിനിമകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കാഴ്ച ഒരു വലിയ കൂട്ടായ്മയാണ്. അതിലെ എല്ലാ അംഗങ്ങളും കാഴ്ച ഫിലിം ഫെസ്റ്റിവലിലെ സിനിമ സെലക്ഷനില്‍ പങ്കാളിയാകുന്നുണ്ട്. അതൊരു പഠനത്തിന്റെ ഭാഗം കൂടിയാണ്. കാഴ്ചയിലും നിവ് ആര്‍ട് മൂവീസിലുമായി നടക്കുന്ന സിനിമാ പ്രവര്‍ത്തനങ്ങളില്‍ മുഴുവനും കാഴ്ചയിലെ ഇന്‍മേറ്റ്‌സായുള്ളവര്‍ പങ്കാളികള്‍ ആകാറുണ്ട്. ഇന്‍ഫോര്‍മല്‍ സ്‌കൂളിങ്ങാണ് യതാര്‍ത്ഥത്തില്‍ ഇതിലൂടെ നടക്കുന്നത്. സിനിമ പ്രൊഡക്ഷന്‍ മുതല്‍ മേളയുടെ നടത്തിപ്പ് വരെ കാഴ്ചയിലെ അംഗങ്ങളാണ് നടത്തുന്നത്.

ഉന്മാദിയുടെ മരണം സിനിമയ്ക്ക് എന്ത് സംഭവിച്ചു?

‘ഉന്മാദിയുടെ മരണം’ പ്രൊഡക്ഷനൊക്കെ കഴിഞ്ഞുവെങ്കിലും പുറത്ത് കാണിക്കാന്‍ പറ്റിയിട്ടില്ല. അതൊരു രാഷ്ട്രീയ സിനിമയാണ്. അതിനെ സെന്‍സര്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. അതൊക്കെ കൊണ്ട് തന്നെ സിനിമ പുറത്ത് കാണിക്കുന്നതില്‍ കുറച്ചധികം സമയമെടുക്കുന്നുണ്ട്. തീയേറ്റര്‍ റിലീസ് സാധ്യമാകുമെന്ന പ്രതീക്ഷയും എനിക്കില്ല.

ഏറ്റവും അവസാനം ചെയ്ത ‘ചോല’ അതിന്റെ പോസ്റ്റര്‍ കൊണ്ട് തന്നെ പ്രേക്ഷകനിരൂപക ശ്രദ്ധ നേടിയിരുന്നല്ലോ.. സെക്‌സി ദുര്‍ഗയ്ക്ക് കിട്ടിയ അംഗീകാരം ചോലയ്ക്ക് പ്രതീക്ഷിക്കാമോ?

സിനിമ എന്ന് പറയുമ്പോള്‍ സിനിമയുടെ പേര് മുതല്‍ എന്‍ഡ്‌ ടൈറ്റില്‍ വരെയുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കാനുണ്ട്. ദിലീപാണ് അത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ കണ്ടന്റിനെ പറ്റിയൊക്കെ ഒരുപാട് ചര്‍ച്ച ചെയ്തതിന് ശേഷമാണ് അത്തരമൊരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. ചോലയ്ക്ക് പ്രത്യക്ഷ രാഷ്ട്രീയമില്ല. അതൊരു ആര്‍ട്ടിസ്റ്റിക് സിനിമയാണ് പക്ഷേ അതേസമയം അതിനൊരു കൊമേഴ്‌സ്യല്‍ വാല്യൂ ഉണ്ട്. രണ്ട് മണിക്കൂര്‍ നീളമുള്ള ത്രില്ലറാണത്. അതുകൊണ്ട് തന്നെ തീയേറ്റര്‍ റിലീസിന് സാധ്യതയുള്ള സിനിമയാണ്.

അപ്പോള്‍ പിന്നെ എന്തിനാണ് റിസര്‍വേഷന്‍? ഐഎഫ്എഫ്‌കെയിലേക്ക് ഇനിയില്ലെന്ന് ജെ. ദേവിക

ഇത് അതിജീവനത്തിന്റെ മേള, അസഹിഷ്ണുതയ്‌ക്കെതിരെയുള്ള പ്രതിരോധങ്ങളുടെ വേദി; ബീന പോള്‍/അഭിമുഖം

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍