UPDATES

ട്രെന്‍ഡിങ്ങ്

കൊലപാതക കേസുകള്‍: റാം റഹിമിന്റെ അന്തിമ വിചാരണ ആരംഭിച്ചു

രഞ്ജിത്ത് സിംഗ്, മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതി എന്നിവരുടെ കൊലപാതകങ്ങളിലെ അന്തിമഘട്ട വിചാരണയാണ് ഇന്ന് ആരംഭിച്ചത്‌

ഇരട്ടക്കൊലപാതക കേസില്‍ ആള്‍ദൈവവും ദേര സച്ച സൗദ മേധാവിയുമായ ഗുര്‍മീത് റാം റഹിമിന്റെ അന്തിമ വിചാരണ ആരംഭിച്ചു. പഞ്ച്കുളയിലെ Ram Chander Chattarpatiപ്രത്യേക സിബിഐ കോടതിയിലാണ് ഇന്ന് അന്തിമ വിചാരണ ആരംഭിച്ചത്. റോഹതക്കിലെ സുനരിയ ജയിലിലാണ് റാം റഹിമിനെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞമാസം 25ന് റാം റഹിമിനെതിരായ ഇരട്ട ബലാത്സംഗക്കേസില്‍ വിധി പറഞ്ഞ പ്രത്യേക സിബിഐ കോടതി ഇയാള്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അഞ്ച് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരുന്നു. റാം റഹിമിന്റെ അനുയായികള്‍ ഇന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലാണ് വിചാരണ നടത്തിയത്.

രഞ്ജിത് സിംഗ് കൊലപാതക കേസിലെ അന്തിമഘട്ട വിചാരണയാണ് ഇന്ന് നടന്നത്. രാവിലെ പത്ത് മണിക്ക് പ്രോസിക്യൂഷന്‍ തങ്ങളുടെ വാദങ്ങള്‍ വിശദീകരിക്കാന്‍ ആരംഭിച്ചു. ഇത് വൈകിട്ട് 4.30 വരെ തുടര്‍ന്നു. വിചാരണയ്ക്കിടെ പുറം വേദന മൂലം റാം റഹിം 15 മിനിറ്റ് ഇടവേളയെടുത്തു. നാളെയും വിചാരണ തുടരും. 2012 ജൂലൈ 10നാണ് രഞ്ജിത്ത് സിംഗ് റാം റഹിമിന്റെ നാല് അനുയായികളുടെ വെടിയേറ്റ് കുരുക്ഷേത്രയ്ക്ക് സമീപത്തെ തന്റെ ഗ്രാമത്തില്‍ വച്ച് കൊല്ലപ്പെട്ടത്. ഈ കേസില്‍ മുഖ്യസൂത്രധരനാണ് റാം റഹിം എന്നാണ് ആരോപണം.

സിര്‍സ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതകത്തിലെ അന്തിമ വിചാരണയാണ് ഇതോടൊപ്പം നടക്കുന്നത്. ഇതിന്റെ വിചാരണ സെപ്തംബര്‍ 22ന് നടക്കും. ഈ കേസില്‍ പുതിയ മൊഴി നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേര മേധാവിയുടെ മുന്‍ ഡ്രൈവര്‍ ഘട്ട സിംഗ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ ഒരു സാക്ഷിയാണ് ഘട്ട. ഘട്ട റാം റഹിമിന്റെയും സംഘത്തിന്റെയും തടവിലായിരുന്നുവെന്നും അവരുടെ സമ്മര്‍ദ്ദത്തിലാണ് 2012ലെ മൊഴി നല്‍കിയതെന്നും അദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരായ നവ്കിരണ്‍ സിംഗ് മാധ്യമങ്ങളെ അറിയിച്ചു.

2002ലാണ് ഛത്രപതി വെടിയേറ്റ് മരിച്ചത്. ദേര ആസ്ഥാനത്ത് സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതിനെക്കുറിച്ച് തനിക്ക് ലഭിച്ച ഊമക്കത്ത് തന്റെ ഉടമസ്ഥതയിലുള്ള പൂര സച്ച് എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു ഛത്രപതി കൊല്ലപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍