UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസിന് സാമ്പത്തിക പ്രതിസന്ധി: 2019ലെ തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്ന് ആശങ്ക

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ അധികാരം നഷ്ടമായത് ഫണ്ട് ഇല്ലാത്തതിനാല്‍

2019-ലെ ലോകസഭാ തെരെഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയേയും ബി.ജെ.പിയേയും നേരിടാനുള്ള സാമ്പത്തികശേഷി കോണ്ഗ്രസിന് ഇല്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് മാസമായി പല സംസ്ഥാനങ്ങളിലേയും ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പണം അയക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കൃത്യമായ പ്രതികരണം നടത്താന്‍ പാര്‍ട്ടി വക്താക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങളോട് സംഭാവന നല്‍കാനും ചെലവുകള്‍ വെട്ടിച്ചുരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷനായ ശേഷം വ്യവസായികളില്‍ നിന്ന് ലഭിക്കുന്ന ഫണ്ടില്‍ ഗണ്യമായ ഇടിവുണ്ടായതിനാല്‍ പൊതുജനങ്ങളില്‍ നിന്നും പണം പിരിക്കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് പാര്‍ട്ടിയെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന വ്യക്തമാക്കി. ബി.ജെ.പിയെപ്പോലെ ഇലക്ട്രല്‍ ബോണ്ട് വഴി പണം ലഭിക്കുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്നും, പണം സ്വരൂപിക്കാന്‍ വേറെ വഴികള്‍ തേടേണ്ട അവസ്ഥയിലാണെന്നും അവര്‍ പറഞ്ഞു.

ഒരുകാലത്ത് കോണ്‍ഗ്രസിന് ഫണ്ട് നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന പ്രമുഖ വ്യവസായികളെല്ലാം ഇന്ന് നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും നേതൃത്വത്തില്‍ 21 സംസ്ഥാനനങ്ങളില്‍ ഭരണം നടത്തുന്ന ബിജെപിയോടൊപ്പമാണ്. സമീപകാല തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കാഴ്ച്ചവയ്ക്കുന്ന മുന്നേറ്റങ്ങളും, മോദി ഏറ്റവും ജനകീയനായ നേതാവായി തുടരുന്നതും കോര്‍പ്പറേറ്റുകളേയും വ്യവസായികളേയും സ്വാധീനിക്കുന്ന ഘടകമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബി.ജെ.പി സമാഹരിച്ച ഫണ്ടിനേക്കാള്‍ കേവലം നാലിലൊന്ന് നേടാനേ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുള്ളൂ. ഇക്കാലയളവില്‍ 10.34 ബില്യണ്‍ രൂപയുടെ വരുമാനമാണ് ബി.ജെ.പി നേടിയതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന് 2.25 ബില്ല്യണ്‍ രൂപയുടെ വര്‍ധനവാണ് ഉണ്ടാക്കാനായത്, തൊട്ടു മുന്‍പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിന്റെ കുറവ്. ഫണ്ടിന്റെ അഭാവം മൂലം കൃത്യമായ സമയത്ത് വിമാന ടിക്കറ്റെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു മുതിര്‍ന്ന നേതാവിന് ഈ വര്‍ഷം നടന്ന പല തെരഞ്ഞെടുപ്പുകളിലും മേല്‍നോട്ടം വഹിക്കാന്‍ കഴിഞ്ഞില്ലത്രേ. ബി.ജെ.പിയുമായി താരതമ്യം ചെയ്യുമ്പോള്‍ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പ്രചാരണ പരിപാടികളോട് കിടപിടിക്കാന്‍ സാധിക്കാതിരുന്നതിലും ആ സംസ്ഥാനങ്ങളില്‍ അധികാരം നേടിയെടുക്കാന്‍ കഴിയാതിരുന്നതിലും ഫണ്ടിന്റെ അഭാവം മുഖ്യ കാരണമായാണ് വിലയിരുത്തപ്പെടുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍