UPDATES

ഗംഗ നദിയെ ദ്രോഹിച്ചാല്‍ പിഴ നൂറു കോടി, ഏഴുവര്‍ഷം തടവ്; കരട് നിയമത്തിനു രൂപമായി

ഗംഗ, യമുന നദികള്‍ ജീവിക്കുന്ന അസ്തിത്വങ്ങളാണെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ പ്രഖ്യാപനം

ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം മോഷണം, പിടിച്ചുപറി, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഇനി ഗംഗ നദിയെ ഏതെങ്കിലും തരത്തില്‍ ദ്രോഹിക്കുന്നവര്‍ക്കും ഇതേ ശിക്ഷ തന്നെ ലഭിച്ചേക്കും. ഇതു സംബന്ധിച്ച കരട് നിയമത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഗംഗ നദിയുടെ സംരക്ഷണത്തിനായി ബില്ല് രൂപപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പാനലാണ് കരട് നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്.

ദേശീയ ഗംഗ നദി (പുനരുജ്ജീവനം, സംരക്ഷണം, പരിപാലനം) ബില്‍ 2017 എന്ന് പേരിട്ടിരിക്കുന്ന കരട് നിയമം പാസാവുന്നപക്ഷം നദിയുടെ നിലനില്‍പ്പിന് ആഘാതം ഏല്‍പ്പിക്കുന്ന ഏതൊരാള്‍ക്കും നൂറു കോടി രൂപ വരെ പിഴയും ഏഴ് വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കും. നദിയുടെ സ്വാഭാവിക ഒഴുക്ക് തടയല്‍, കരകളിലുള്ള ഖനനം, അനുവാദമില്ലാതെ കടവുകള്‍ നിര്‍മ്മിക്കല്‍ തുടങ്ങിയവയെല്ലാം കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പെടും. കഴിഞ്ഞ മാസം ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗ, യമുന നദികള്‍ ‘ജീവിക്കുന്ന അസ്തിത്വങ്ങളാണെന്ന് പ്രഖ്യാപിച്ചിരുന്നു. ബില്‍ പാസാക്കപ്പെടുന്നപക്ഷം ഒരു നദിയുടെ പേരില്‍ രാജ്യത്ത് രൂപപ്പെടുന്ന ആദ്യത്തെ ചട്ടമായിരിക്കും ഇത്.

ഗംഗയുടേയും അതിന്റെ പ്രധാന പോഷകനദികളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ‘ജല രക്ഷാമേഖലകള്‍’ ആയി പ്രഖ്യാപിക്കണമെന്നും വിരമിച്ച ജസ്റ്റിസ് ഗിരിധര്‍ മാളവ്യ അദ്ധ്യക്ഷനായ പാനല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബില്‍ പാസാക്കി ആറുമാസത്തിനുള്ള ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയതിന് ശേഷം വേണം ജല രക്ഷാമേഖലകള്‍ പ്രഖ്യാപിക്കാന്‍. കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് സമര്‍പ്പിച്ച ബില്ലിന്റെ കരട് രൂപം ഇപ്പോള്‍ മറ്റൊരു വിദഗ്ധ സമിതിക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് ബന്ധപ്പെട്ട സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്താനാണ് ജലവിഭവ മന്ത്രാലയം ഉദ്ദേശിക്കുന്നത്.

നദി മലിനീകരണ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെ ജനങ്ങള്‍ നിയമങ്ങള്‍ ലംഘിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള കര്‍ക്കശമായ വ്യവസ്ഥകള്‍ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് ഇപ്പോള്‍ കരട് ബില്ല് പഠിച്ചുകൊണ്ടിരിക്കുന്ന നാലംഗ വിദഗ്ധ സമിതിയിലെ അഡ്വ. അരുണ്‍ കുമാര്‍ ഗുപ്ത പറഞ്ഞു. നേരത്തെ ഗംഗയുടെ ശുചീകരണത്തിനായി കോടികള്‍ ചിലവഴിച്ചെങ്കിലും അതെല്ലാം പാഴായി പോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഉത്തരവാദിത്വങ്ങള്‍ ഇപ്പോള്‍ തന്നെ നിര്‍ണയിച്ച് നല്‍കിയില്ലെങ്കില്‍ ഈ ശ്രമവും പാഴാവുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ അമിക്കസ് ക്യൂറി കൂടിയായ ഗുപ്ത പിടിഐയോട് പറഞ്ഞു.

നദിയുടെ കരയില്‍ നിന്നും പാറ പൊട്ടിക്കല്‍, പാറ പൊടിക്കല്‍, കൊത്തി വൃത്തിയാക്കല്‍, മണല്‍ ഖനനം എന്നിവയ്ക്ക് അഞ്ച് വര്‍ഷം വെറും തടവോ അമ്പതിനായിരും രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് പാനല്‍ ശുപര്‍ശ ചെയ്തിരിക്കുന്നത്. കുറ്റം ആവര്‍ത്തിക്കുന്നപക്ഷം പ്രതിദിനം 20,000 രൂപ വച്ച് പിഴ ഈടാക്കാം. എന്നാല്‍ നിര്‍ദ്ദിഷ്ട് അധികാരികളുടെ അനുമതിയില്ലാതെ ഗംഗയുടെയും പോഷകനദികളുടെയും ഒഴുക്ക് തടയുന്നതിനാണ് ഏറ്റവും കടുത്ത ശിക്ഷ ശുപാര്‍ശ ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയെ ശുപാര്‍ശ ചെയ്തിട്ടുള്ളുവെങ്കിലും നൂറു കോടി രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമായി ഇതിനെ കണക്കാക്കും.

കടവുകള്‍, തുറമുഖം തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് ഒരു വര്‍ഷം പിഴയും അമ്പത് കോടി രൂപ വരെ പിഴയുമായിരിക്കും ശിക്ഷ. അനുമതി കൂടാതെ ഗംഗയില്‍ നിന്നോ പോഷക നദികളില്‍ നിന്നോ അല്ലെങ്കില്‍ തിരിച്ചോ വെള്ളത്തിന്റെ ഗതിമാറ്റുന്നതിനും നിയന്ത്രിക്കുന്നതിനും തിരിച്ചുവിടുന്നതിനും സംഭരിക്കുന്നതിനുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും സമാനശിക്ഷയാവും ഉണ്ടാവുക.

കീടനാശിനികള്‍, ജീര്‍ണ്ണിക്കാത്ത പ്ലാസിറ്റിക് സാധനങ്ങള്‍ , കേടായ ബാറ്ററികള്‍, അപകടകരമായ രാസവസ്തുക്കള്‍ തുടങ്ങിയവ വലിച്ചെറിഞ്ഞ് ഗംഗയും പോഷക നദികളും മലിനപ്പെടുത്തുന്നവര്‍ക്ക് ഒരു വര്‍ഷം തടവും അമ്പതിനായിരം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്ന പക്ഷം ഒരോ തവണയും അയ്യായിരം രുപ പിഴയൊടുക്കേണ്ടി വരും. നദീ തടത്തില്‍ നിന്നും വൈദ്യുതി/ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുഴല്‍കിണറുകള്‍ വഴി ജലമെടുക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവോ 2000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ശിക്ഷ വിധിച്ച് ഒരു വര്‍ഷത്തിന് ശേഷവും കുറ്റം തുടരുകയാണെങ്കില്‍ തടവ് അഞ്ച് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം തുടങ്ങിയവയാണ് പാനല്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന ശിക്ഷകളില്‍ ചിലത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍