UPDATES

ട്രെന്‍ഡിങ്ങ്

ബ്ലൂവെയ്ല്‍ ആത്മഹത്യ കേരളത്തിലും?16 കാരന്‍ മരിച്ചത് കൊലയാളി ഗെയിം മൂലമെന്ന്‌

തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ മനോജ് സി മനു എന്ന 16കാരനാണ് ജൂലൈ 26ന് ആത്മഹത്യ ചെയ്തത്

അപകട ഗെയിം ആയ ബ്ലൂവെയ്‌ലിന് അടിമപ്പെട്ട് കേരളത്തിലും ആത്മഹത്യ. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ മനോജ് സി മനു എന്ന 16കാരനാണ് ജൂലൈ 26ന് ആത്മഹത്യ ചെയ്തത്. മനോരമ ന്യൂസാണ് ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്. മകന്‍ ബ്ലൂ വെയ്ല്‍ ഗെയിമിന് അടിമയായിരുന്നെന്ന അമ്മ അനു മനോരമ ന്യൂസിനോടു വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ്‌ സംഭവം പുറം ലോകം അറിയുന്നത്.

വാര്‍ത്ത മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്;  മകന്‍ ഈ ഗെയിം കളിക്കുന്നുണ്ടെന്ന് നവംബറിലാണ് അമ്മ അറിഞ്ഞത്. മനോജ് ബ്ലൂവെയ്ല്‍ ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മനോജിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് ലോക്ക് ചെയ്ത നിലയിലും ഗെയിം നീക്കം ചെയ്ത നിലയിലുമാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഭയമുള്ള മനോജ് ആരെയും കൂട്ടാതെ ശംഖുമുഖം കടല്‍ കാണാന്‍ പോയിരുന്നു. കൂടാതെ കോട്ടയത്തേക്കും യാത്ര നടത്തി. നീന്തലറിയാതെ ചുഴിയുള്ള പുഴയില്‍ ചാടി കൂട്ടുകാരെക്കൊണ്ട് റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ശരീരത്തില്‍ കോമ്പസ് കൊണ്ട് മുറിവേല്‍പ്പച്ച് അക്ഷരങ്ങള്‍ എഴുതി വച്ചു. കൂടാതെ രാത്രി നേരങ്ങളില്‍ ഒറ്റയ്ക്ക് ദീര്‍ഘനേരം സെമിത്തേരികളില്‍ ചെലവഴിച്ചതായും വ്യക്തമായിട്ടുണ്ട്. പോസിറ്റീവ് എനര്‍ജിയാണോ നെഗറ്റീവ് എനര്‍ജിയാണോ ഇവിടെ നിന്നും ലഭിക്കുകയെന്ന് അറിയാനാണ് ഇത്തരത്തില്‍ ചെയ്തത്.

അമ്മ ബ്ലൂവെയ്ല്‍ കളിക്കുന്നത് വിലക്കിയപ്പോള്‍ ഇനി ഇത് ആവര്‍ത്തിക്കില്ലെന്നാണ് പറഞ്ഞത്. അമ്മ ഒഴികെ വീട്ടില്‍ മറ്റ് അംഗങ്ങളോടൊന്നും ഈ ഗെയിം ആരംഭിച്ചതിന് ശേഷം മനോജ് സംസാരിച്ചിരുന്നില്ല. താന്‍ എപ്പോള്‍ വേണമെങ്കിലും മരിക്കുമെന്ന് ഇയാള്‍ സംശയിച്ചിരുന്നു. ഗെയിമില്‍ പറയുന്നത് പോലെ അനുസരിച്ചില്ലെങ്കില്‍ ഭ്രാന്തനായി പോകുമെന്നാണ് മനോജ് അമ്മയെ അറിയിച്ചത്. തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് കത്ത് എഴുതിവച്ചിരുന്നു. അതേസമയം മനോജിന്റെ മരണം ബ്ലൂവെയ്ല്‍ സ്വാധീനത്തിലാണെന്നതിന് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. വിളപ്പില്‍ശാല പോലീസ് കേസെടുത്തു.

രണ്ടായിരത്തിലേറെ പേര്‍ കേരളത്തില്‍ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഇത്രയധികം പേര്‍ ഇവിടെ അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഗെയിമിന്റെ ടാസ്‌കുകള്‍ പൂര്‍ത്തിയാക്കുകയായിരിക്കും. ഈ കണക്ക് ഒരു ഊഹം മാത്രമാണെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ബ്ലൂവെയ്ല്‍ നിരോധിച്ചു. ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സാപ്പ്, വിന്‍ഡോസ് എന്നിവയില്‍ നിന്നും ഇതിന്റെ ലിങ്ക് നീക്കം ചെയ്യാനും നിര്‍ദ്ദേശം ഉണ്ട്. നേരത്തെ കേന്ദ്രസര്‍ക്കാരിന് ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍