UPDATES

‘മൊട്ട് സൂചി പോലും അവിടേക്കെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്’:ഒറ്റപ്പെട്ട് നെല്ലിയാമ്പതി

നാനൂറോളം തോട്ടംതൊഴിലാളി കുടുംബങ്ങളും ആദിവാസി കുടുംബങ്ങളും ഉള്‍പ്പെടെ അയ്യായിരത്തോളം പേര്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

പൂര്‍ണമായും ഒറ്റപ്പെട്ട് നെല്ലിയാമ്പതി. ‘ ഒരു മൊട്ട് സൂചി പോലും അവിടേക്കെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരാഴ്ചത്തേക്കുള്ള ഭക്ഷണം മാത്രം സംഭരിച്ച് വെയ്ക്കുന്നവരാണ് നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികള്‍. ഭക്ഷണ സാധനങ്ങള്‍ ഏറെക്കുറെ തീര്‍ന്നിരിക്കുന്നു. എന്നാല്‍ ഒന്നും അവിടേക്കെത്തിക്കാന്‍ കഴിയില്ല. റോഡും പാലങ്ങളും പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ആകാശമാര്‍ഗം അതെത്തിച്ചാല്‍ മാത്രമേ ഇവിടെ കുടുങ്ങിപ്പോയവരെ രക്ഷിക്കാനാവൂ.’ നെല്ലിയാമ്പതി സ്വദേശിയായ വിശ്വനാഥന്‍ പറയുന്നു.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമായി മൂന്ന് ദിവസമായി ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ് നെല്ലിയാമ്പതിയിലെ ജനങ്ങള്‍. ഇന്നലെ ചെറുനെല്ലി ആദിവാസി കോളനിക്ക് സമീപമുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ നെല്ലിയാമ്പതിയിലേക്കെത്തുന്ന രണ്ട് പാലങ്ങളും റോഡും പൂര്‍ണമായും തകര്‍ന്നു. ഇതോടെ ആ പ്രദേശത്തേക്ക് നടന്ന് കയറാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടാവുന്നതിന് മുമ്പ് തന്നെ ചെറുനെല്ലി ഊരിലെ ആദിവാസികളെ നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് നെന്മാറ സ്‌കൂളിലേക്ക് മാറ്റിയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നെല്ലിയാമ്പതിയില്‍ നിന്ന് നെന്മാറയിലെത്തിയ ചുരുക്കം ചിലരെ മാത്രമാണ് ഫോണ്‍ വഴി ബന്ധപ്പെടാനാവുന്നത്. മറ്റുള്ളവര്‍ വൈദ്യുതിയോ ഫോണോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണ്.
നാനൂറോളം തോട്ടംതൊഴിലാളി കുടുംബങ്ങളും ആദിവാസി കുടുംബങ്ങളും ഉള്‍പ്പെടെ അയ്യായിരത്തോളം പേര്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. വിവിധ റിസോര്‍ട്ടുകളിലായി വിദേശികളടക്കമുള്ളവരും ഇവിടെ കുടുങ്ങിയിരിക്കുകയാണെന്ന വിവരവുമുണ്ട്. ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുന്നൂറ് മീറ്ററോളം ദൂരത്തില്‍ പാലങ്ങളും റോഡും ഒലിച്ചുപോയി. വലിയപാറക്കഷ്ടണങ്ങളും, അഞ്ഞൂറോളം മരങ്ങളും റോഡിന് കുറുകെ കിടക്കുന്നതിനാല്‍ ആര്‍ക്കും തന്നെ ഇവിടേക്ക് എത്തിപ്പെടാനാവാത്ത അവസ്ഥയാണ്. ഇവ മാറ്റാതെ നെല്ലി.ാമ്പതിയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാനാവില്ല. നെന്മാറയില്‍ നിന്ന് 20ഉും 40ഉും കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് നെല്ലിയാമ്പതിയില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാറ്. റേഷന്‍കടകളിലെ ഭക്ഷ്യസാധനങ്ങള്‍ ഏറെക്കുറെ തീര്‍ന്നതായാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍