UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിങ്ങള്‍; വര്‍ഗീയത പറഞ്ഞ് സെന്‍കുമാര്‍

മതതീവ്രവാദമെന്ന് പറയുമ്പോള്‍ അതില്‍ ആര്‍എസ്എസ് ഇല്ലേയെന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും സെന്‍കുമാര്‍

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിംകുട്ടികളാണെന്ന് വിരമിച്ച പോലീസ് മേധാവി ടി പി സെന്‍കുമാര്‍. ജനസംഖ്യ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ ഏതു രീതിയിലുള്ള മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും സെന്‍കുമാര്‍ സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവും ഇല്ലെന്നും മതതീവ്രവാദമെന്ന് പറയുമ്പോള്‍ അതില്‍ ആര്‍എസ്എസ് ഇല്ലേയെന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും സെന്‍കുമാര്‍ പറയുന്നു. ഒരു മുസ്ലിമിന് സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റ് മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലിങ്ങളെ കൊന്നൊടുക്കുകയുമാണെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു. മതതീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് പുറത്തു വിശദീകരിക്കാന്‍ പറ്റില്ല. കേരളത്തിലെ മതതീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങളുണ്ടാകണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെടുന്നു.

ഒരു റീറാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ 512 പേരെ അതിനായി നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ വാര്‍ത്ത കൊടുത്ത് വലിയ വാര്‍ത്തയാക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതാണ്. മുസ്ലിം സമുദായത്തിലുള്ള ചില നല്ലയാളുകളെ ഉപയോഗിച്ചാണ് മതതീവ്രവാദം നിയന്ത്രിക്കേണ്ടത്. ഐഎസിന്റെ മതതീവ്രവാദവുമായി ആര്‍എസ്എസിനെ താരതമ്യം ചെയ്യേണ്ടതില്ല. അങ്ങനെ താരതമ്യം ചെയ്യുന്നതാണ് പ്രശ്‌നം. നാഷണല്‍ സ്പിരിറ്റിന് എതിരായി മതതീവ്രവാദം വരുമ്പോഴാണ് പ്രശ്‌നമെന്നും സെന്‍കുമാര്‍ പറയുന്നു. മുസ്ലിം സമുദായത്തിന് ഇത്രമനസമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സ്ഥലം വേറെ എവിടെയുണ്ടെന്ന ചോദ്യം അവര്‍ സ്വയം ചോദിക്കണം.

മുസ്ലിമിന്റെ മതേതര മുഖമായി താന്‍ ധൈര്യമായി പറയുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗലൂര്‍ ആണ്. എംഎന്‍ കാരശേരി കുറെയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് കാണുന്നില്ലെന്നും സെന്‍കുമാര്‍ പറയുന്നു. ഇവിടെ ലൗ ജിഹാദ് ഉണ്ടെന്ന് ആരോപിക്കുന്ന സെന്‍കുമാര്‍ കുറെയാളുകള്‍ അതിന് വേണ്ടി നടക്കുകയാണെന്നും ആരോപിക്കുന്നു. അത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടാതെയിരിക്കണം. സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷെ എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നും താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞുപഠിപ്പിക്കണം. സര്‍ക്കാരിന് അവരെ ഗൈഡ് ചെയ്യാനേ സാധിക്കൂ. മദ്രസയിലോ പള്ളിയിലോ പോയി പോലീസ് പറഞ്ഞാല്‍ അവര്‍ കേള്‍ക്കുമോയെന്നും സെന്‍കുമാര്‍ ചോദിക്കുന്നു.

പശുവിന് വേണ്ടി മനുഷ്യരെക്കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിംഗ് കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. ഇങ്ങനെയുള്ളയാള്‍ക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണം.

ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറെയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണെന്ന് സെന്‍കുമാര്‍ പറയുന്നു. എന്നിട്ടുപോലും ഹിന്ദു ക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്. ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ലാത്തനിലാണ് അതെന്നാണ് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനനനിരക്ക് 15 ശതമാനം. ഭാവിയില്‍ ഏത് രീതിയിലുള്ള മാറ്റമായിരിക്കും ഇവിടെ വരാന്‍ പോകുന്നത്.

Read More: കാക്കിയില്‍ നിന്നും ഈ ഏമാന്‍ കാവിയിലേക്കോ? സെന്‍കുമാറിന്റെ വെളിപാടുകള്‍

ഇടതുതീവ്രവാദത്തെ വളരെ എളുപ്പം നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒന്നാണ്. അവരെ നേരിടാന്‍ പോകുമ്പോള്‍ ഇങ്ങോട്ട് വെടിവച്ചാല്‍ വെടിവയ്‌പ്പൊക്കെ ഉണ്ടാകും. പക്ഷെ അവര്‍ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് ഒരു സോഷ്യല്‍ ഓഡിറ്റോടു കൂടിയ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. അവര്‍ക്ക് വീടും ഭക്ഷണവും വിദ്യാഭ്യാസവും ഉള്‍പ്പെടെ എല്ലാം ലഭ്യമാക്കണം. അത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സോഷ്യല്‍ ഓഡിറ്റിംഗ് വേണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം കഷ്ടത്തിലാണ്. അത് മെച്ചപ്പെടുത്തിയാല്‍ അവര്‍ ആരുടെയും പിന്നാലെ പോകില്ല. പക്ഷെ കുറച്ചുപേര്‍ യാതൊരു യാഥാര്‍ത്ഥ്യബോധവുമില്ലാതെ ഇടതുതീവ്രവാദത്തിന് പിന്നാലെ പോകുന്നുണ്ട്. മറ്റു പേരുകളില്‍ പരസ്യമായി പ്രവര്‍ത്തിക്കുന്ന ഇവരുടെ തന്നെ മുന്നണി സംഘടനകളുമുണ്ട്. അവയെ നിയന്ത്രിക്കണം.

മാവോയിസ്റ്റുകളുടെ കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ തന്നെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി കൊടുത്തിരുന്നു. ടി ബ്രാഞ്ചില്‍ നിന്നാണ് അതൊക്കെ വരുന്നത്. എല്ലാം തിരിച്ചുകൊടുത്ത് ഞാന്‍ വേറെ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. തച്ചങ്കരിക്കൊന്നും അതിനെക്കുറിച്ച് ഒന്നും അറിയില്ല. മുഖ്യമന്ത്രിയ്ക്ക് ഏറ്റുമുട്ടല്‍ വിദഗ്ധന്‍ വിജയകുമാറുമായി മീറ്റിംഗ് അറേഞ്ച് ചെയ്തുകൊടുത്തതായും സെന്‍കുമാര്‍ വെളിപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍