UPDATES

മുന്‍ ലോക്‌സഭ സ്പീക്കറും കമ്മ്യൂണിസ്റ്റ് നേതാവുമായ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

10 തവണ പശ്ചിമബംഗാളില്‍ നിന്നുള്ള സിപിഎമ്മിന്റെ ലോക്സഭ എംപിയായിരുന്നു. ഏറെക്കാലം സിപിഎമ്മിന്റെ ലോക്സഭ കക്ഷി നേതാവുമായിരുന്നു. 1968ലാണ് സിപിഎമ്മില്‍ ചേര്‍ന്നത്.

മുന്‍ ലോക്സഭ സ്പീക്കറും സിപിഎം മുന്‍ നേതാവുമായ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം. വൃക്ക സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് 89കാരനായ ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് നില മോശമാവുകയായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉള്‍പ്പെടെ അലട്ടിയിരുന്ന ചാറ്റര്‍ജി ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. രേണു ചാറ്റര്‍ജിയാണ് ഭാര്യ.

നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി, ബനാപാനി ദേബി എന്നിവരുടെ മകനായി 1926 ജൂലൈ 25 നായിരുന്നു സോമനാഥി ചാറ്റര്‍ജിയുടെ ജനനം. കൊല്‍ക്കത്ത പ്രസിഡന്‍സി യൂനിവേഴ്‌സിറ്റി, കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി, യൂനിവേഴ്‌സിറ്റി ഓഫ് കല്‍ക്കത്ത എന്നിവിടങ്ങളിയിലായിരുന്നു വിദ്യാഭ്യാസം. 2004 ജൂണ്‍ 4 മുതല്‍ 2009 മേയ് 16 വരെയായിരുന്നു ലോക് സഭയുടെ 13 മത് സ്പീക്കറായി സോമനാഥ് ചാറ്റജിയുടെ സേവനകാലം.

10 തവണ പശ്ചിമബംഗാളില്‍ നിന്നുള്ള സിപിഎമ്മിന്റെ ലോക്സഭ എംപിയായിരുന്നു. ഏറെക്കാലം സിപിഎമ്മിന്റെ ലോക്സഭ കക്ഷി നേതാവുമായിരുന്നു. 1968ലാണ് സിപിഎമ്മില്‍ ചേര്‍ന്നത്. 2004ല്‍ സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്തുണ നല്‍കിയ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലോക്സഭ സ്പീക്കറായി. 2008ല്‍ യുഎസുമായുള്ള ആണവ കരാറിനെ തുടര്‍ന്ന് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചപ്പോള്‍ പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരം സ്പീക്കര്‍ സ്ഥാനം രാജി വയ്ക്കാന്‍ സോമനാഥ് ചാറ്റര്‍ജി തയ്യാറായില്ല. ഇതേത്തുടര്‍ന്ന് അച്ചടക്ക ലംഘനത്തിന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കളെ നിശിതമായി വിമര്‍ശിച്ച് സോമനാഥ് ചാറ്റര്‍ജി പലപ്പോളും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം സോമനാഥ് ചാറ്റര്‍ജിക്ക് ഹെമറേജിക് സ്ട്രോക് ഉണ്ടായതിനെ തുടര്‍ന്ന് 40 ദിവസമായി ആശുപത്രിയിലായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് വിട്ടിരുന്നെങ്കിലും മൂന്ന് ദിവസത്തിന് ശേഷം വീണ്ടും അഡ്മിറ്റ് ചെയ്യേണ്ടി വരുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍