UPDATES

ട്രെന്‍ഡിങ്ങ്

‘ഞാന്‍ മുമ്പും ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്, മാര്‍ക്സിസ്റ്റുകാര്‍ വിളിച്ചാലും പോകും’; കെ. വേണു പ്രതികരിക്കുന്നു

‘കമ്മ്യൂണിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലായിരുന്നു ആര്‍എസ്എസ് കാര്യാലയത്തില്‍ പ്രഭാഷകരായി കെ വേണുവും എന്‍എം പിയേഴ്സണും എത്തിയത്

മുന്‍ നക്സലൈറ്റായ കെ വേണുവും ഇടത് രാഷ്ട്രീയ നിരീക്ഷകനായ എന്‍.എം പിയേഴ്സണും ആര്‍എസ്എസ് സംഘടനയായ തപസ്യയുടെ വേദിയില്‍ പ്രഭാഷകരായി എത്തിയിരുന്നു. എറണാകുളത്ത് ആര്‍എസ്എസ് കാര്യാലയത്തില്‍ നടന്ന തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന വാര്‍ഷികസമ്മേളനത്തിലാണ് ഇരുവരും പങ്കെടുത്തത്. ‘കമ്മ്യൂണിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലായിരുന്ന് പ്രഭാഷണം. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മനുഷ്യ സമൂഹത്തിന്റെ ജനാധിപത്യ മുന്നേറ്റത്തിന് തടസ്സമാണ് എന്നും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യം ഫാസിസം തന്നെയായിരുന്നു, എന്നാലത് അസ്തമിച്ചുകഴിഞ്ഞുവെന്നും കെ. വേണു പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. കമ്മ്യൂണിസത്തെ ഇന്ന് ആരും ഗൗരവമായി കാണുന്നില്ല എന്നും വേണു ആര്‍എസ്എസ് വേദിയില്‍ പറഞ്ഞത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചു കൊണ്ട് കെ. വേണു അഴിമുഖത്തോട് നിലപാട് വിശദീകരിക്കുന്നു.

ഞാന്‍ ഇതിന് മുമ്പും ആര്‍എസ്എസിന്റെ അനവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. തൃശൂര്‍ ആര്‍എസ്എസിന്റെ അമ്പതാംവാര്‍ഷിക സമയം മുതല്‍ക്ക് തന്നെ അതുണ്ട്. ആര് വിളിക്കുന്നു എന്ന് നോക്കിയിട്ടല്ല ഞാന്‍ വേദികളില്‍ പോവുക. ആര് വിളിച്ചാലും പോവും. മാര്‍ക്‌സിസ്റ്റുകാര്‍ വിളിച്ചാലും ആര്‍എസ്എസുകാര്‍ വിളിച്ചാലും പോവും. എന്റെ അഭിപ്രായം മുഖം നോക്കാതെ അവിടെ പ്രകടിപ്പിക്കുകയും ചെയ്യും. ഇന്ന വേദിയില്‍ പോവാന്‍ പാടില്ല, ഇന്ന വേദിയിലേ പോവാന്‍ പാടുള്ളൂ എന്ന നിബന്ധന എനിക്കില്ല. അത് ശരിയല്ല എന്നുമാത്രമല്ല, അത്തരമൊരു സമീപനം ജനാധിപത്യ സമീപനമല്ല എന്നുള്ള നിലപാടും എനിക്കുണ്ട്. ഇന്ന രാഷ്ട്രീയ നിലപാടെടുക്കുന്നവരുടെ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചാല്‍ അത് ജനാധിപത്യവിരുദ്ധമാവും എന്നാണ് എന്റെ ഉത്തമബോധ്യം. അതുകൊണ്ട് ഏത് വേദിയിലും പോവും.

അവരുടെ വേദിയില്‍ പോയി അവരെ വിമര്‍ശിച്ചുകൊണ്ടാണ് എന്റെ പ്രസംഗം തുടങ്ങിയത് തന്നെ. ഇന്ത്യയിലെ ഏറ്റവും അപകടം ഹിന്ദുത്വഫാസിസമാണെന്ന് ഞാന്‍ പറഞ്ഞു. അതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. മൂന്ന് തരം ഫാസിസമാണ് ലോകത്തുള്ളത്. ഒന്ന് സൈനികം, രണ്ട് മതം, മൂന്ന് കമ്മ്യൂണിസ്റ്റ് ഫാസിസം. ഇന്ത്യയില്‍ ഏറ്റവും അപകടകരം മതഫാസിസമാണ്. ഹിന്ദുത്വ ഫാസിസമാണ് ഇവിടെ ജനാധിപത്യത്തിന് അപകടമുണ്ടാക്കുന്നത്. അതില്‍ കമ്മ്യൂണിസത്തിന്റെ പങ്കെന്തെന്നും ഞാന്‍ ആ വേദിയില്‍ സംസാരിച്ചു.

കമ്മ്യൂണിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രമെന്നത് ഞാനെടുക്കുന്ന നിലപാടും കൂടിയാണ്. അതെന്റെ പ്രഖ്യാത നിലപാടാണ്. ഞാന്‍ അതിനെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. അപ്പോള്‍ പിന്നെ എന്റെ നിലപാട് വിശദീകരിക്കുന്നതില്‍ എന്താണ് പ്രശ്‌നം? എന്റെ ഏറ്റവും പുതിയ പുസ്തകം കമ്മ്യൂണിസം എങ്ങനെ പൂര്‍ണമായും പരാജയമായിരുന്നു എന്ന് തെളിയിക്കുന്ന പുസ്തകമാണ്. അത് വിശദീകരിക്കാന്‍ ഏത് വേദിയിലാണ് പോവുന്നത് എന്നൊക്കെ നോക്കേണ്ട കാര്യമെന്താ? അതെല്ലാം ജനാധിപത്യ വിരുദ്ധ സമീപനമുള്ള, ഇടുങ്ങിയ മനസ്സുള്ളയാളുകളുടെ വിമര്‍ശനങ്ങളായേ അതിനെ കാണുന്നുള്ളൂ. പൂര്‍ണമായും അവഗണിക്കുകയും ചെയ്യുന്നു.

Also Read: ‘കമ്മ്യൂണിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രം’; ആര്‍എസ്എസ് കാര്യാലയത്തില്‍ പ്രഭാഷകരായി കെ വേണുവും എന്‍എം പിയേഴ്സണും

ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് ഹൈപ്പ് ഉണ്ടാക്കിക്കാണും. അത് എന്നെ സംബന്ധിച്ച് വിഷയമല്ല. രാഷ്ട്രീയ പരിഗണന ജനാധിപത്യപരമായ ചര്‍ച്ചകളിലേക്ക് കൊണ്ടുവരുന്നത് ശരിയല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേട്ടവും കോട്ടങ്ങളും ഉണ്ടാക്കും. ചലനാത്മകമായ ജനാധിപത്യത്തിന്റെ സ്വഭാവമാണത്. സൂക്ഷ്മമായ കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ വയ്ക്കുന്നയാളല്ല ഞാന്‍. അത് നോക്കിയിട്ടല്ല പരിപാടികളില്‍ പങ്കെടുക്കാറും.

Also Read: ദളിതരും പിന്നോക്കക്കാരും എന്തുകൊണ്ട് ബി.ജെ.പിയിലേക്ക് പോകുന്നു? അഭിമുഖം/കെ. വേണു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍