UPDATES

ട്രെന്‍ഡിങ്ങ്

മോദി സര്‍ക്കാരിന്റെ മണ്ടത്തരത്തില്‍ നിന്നും മറ്റ് രാജ്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ട നാല് പാഠങ്ങള്‍

‘ഇന്ത്യ പണത്തെ കൊന്ന് ഒരു വര്‍ഷത്തിന് ശേഷം മറ്റ് രാജ്യങ്ങള്‍ക്ക് അതില്‍ നിന്നും എന്താണ് പഠിക്കാനുള്ളത്’ എന്ന തലക്കെട്ടില്‍ ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂവില്‍ ഭാസ്‌കര്‍ ചക്രവര്‍ത്തി എഴുതിയ ലേഖനത്തിലാണ് വിശദീകരണം

ചിന്താദാരിദ്ര്യവും നടപ്പാക്കലിലെ ശോചനീയവസ്ഥയും കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചതാണ് ഇന്ത്യയില്‍ ഒരു വര്‍ഷം മുമ്പ് നടപ്പിലാക്കപ്പെട്ട നോട്ട് നിരോധനം എന്ന് ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂ. നടപടിയുടെ അന്തരഫലം പ്രതികൂലമാണെന്ന് മാത്രമല്ല, ദരിദ്രവര്‍ഗ്ഗങ്ങള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചതെന്നും ഭാസ്‌കര്‍ ചക്രവര്‍ത്തി എഴുതിയ ലേഖനം വ്യക്തമാക്കുന്നു. ‘ഇന്ത്യ പണത്തെ കൊന്ന് ഒരു വര്‍ഷത്തിന് ശേഷം മറ്റ് രാജ്യങ്ങള്‍ക്ക് അതില്‍ നിന്നും എന്താണ് പഠിക്കാനുള്ളത്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മോദി സര്‍ക്കാരിന്റെ മണ്ടത്തരത്തില്‍ നിന്നും മറ്റ് രാജ്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ട നാല് പാഠങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാമ്പത്തിക നയങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ വേണം രൂപീകരിക്കാനെന്നും ആ വിദഗ്ധരെ തിരഞ്ഞെടുക്കുന്നതില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് എന്നുമാണ് ആദ്യപാഠം. സാമ്പത്തിക, വ്യാപാര, സാങ്കേതിക, നയനിര്‍വഹണ മേഖലകളില്‍ നിന്നുള്ളവരായിരിക്കണം ഈ വിദഗ്ധര്‍. എന്നാല്‍ ഇന്ത്യയില്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടി ഏതെങ്കിലും വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചതാണോ എന്ന് ഇനിയും വ്യക്തമല്ല. ഇന്ത്യയെ പോലെ സങ്കീര്‍ണമായ ഒരു സാമ്പത്തികഘടനയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുകൊണ്ടിരുന്ന നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മുമ്പ് വിവിധ രംഗങ്ങളിലുള്ള വിദഗ്ധരുടെ ഉപദേശം തേടേണ്ടിയിരുന്നു. നടപടിയുടെ അനന്തരഫലം എന്തായാലും മതിയായ ഗൃഹപാഠം ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കണമെന്നും ഭാസ്‌കര്‍ ചക്രവര്‍ത്തി ചൂണ്ടിക്കാണിക്കുന്നു.

അടിസ്ഥാന കണക്കുകള്‍ അവഗണിച്ചുകൊണ്ട് രൂപീകരിക്കുന്ന ഏതൊരു നയവും വലിയ തിരിച്ചടിയാവും എന്നതാണ് രണ്ടാമത്തെ പാഠം. ചിലവ്-നോട്ട് അവലോകനത്തിന്റെ അടിസ്ഥാനത്തിലാവണം നയങ്ങള്‍ രൂപീകരിക്കേണ്ടത്. പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും വലിയ പ്രത്യഘാതങ്ങള്‍ ഉണ്ടായേക്കുമെന്നുമാണ് അടിസ്ഥാന കണക്കുകള്‍ സൂചിപ്പിക്കുന്നതെങ്കില്‍ അവിടെ വച്ച് നയം നടപ്പിലാക്കുന്നത് നിറുത്തിവെക്കാനും കൂടുതല്‍ സംശയനിവാരണത്തിനുമുള്ള ക്ഷമ സര്‍ക്കാരുകള്‍ പ്രകടിപ്പിക്കണം. നോട്ട് നിരോധനത്തിന് മുമ്പ് ഇത്തരത്തിലുള്ള നിരവധി ഘടകങ്ങള്‍ മോദി സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടിയിരുന്നു. വിനിമയത്തിലുള്ള 86 ശതമാനം നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, ഇന്ത്യന്‍ തൊഴില്‍സേനയുടെ 90 ശതമാനവും അസംഘടിത മേഖലയിലാണ് എന്ന വസ്തുത, വെളിപ്പെടുത്താത്ത സമ്പത്ത് വെറും ആറ് ശതമാനം മാത്രമാണെന്നാണ് കണക്കുകള്‍. ഇവ കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചതെന്നും ഭാസ്‌കര്‍ ചക്രവര്‍ത്തി വിശദീകരിക്കുന്നു.

മനുഷ്യരുടെ സ്വഭാവരീതികള്‍ പരിഗണിക്കുക എന്നതാണ് ഏതൊരു നയം രൂപീകരിക്കുന്നതിനും മുമ്പ് സര്‍ക്കാരുകള്‍ കൈക്കൊള്ളേണ്ട മുന്‍കരുതല്‍ എന്നതാണ് ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ത്യന്‍ നോട്ടുനിരോധനം നല്‍കുന്ന മറ്റൊരു പാഠം. നയം എങ്ങനെ ഫലപ്രാപ്തിയിലേക്ക് പരിവര്‍ത്തിപ്പിക്കാം എന്നതാണ് കണക്കിലെടുക്കേണ്ട മറ്റൊരു വിഷയം. തങ്ങളുടെ പരിതസ്ഥിതിയില്‍ വരുന്ന മാറ്റങ്ങളോട് ജനം എങ്ങനെ പ്രതികരിക്കും എന്നതിന്റെ അടിസ്ഥാനത്തിലാവണം ഈ പരിവര്‍ത്തന സംവിധാനം പ്രവര്‍ത്തിക്കേണ്ടത്. ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ എന്ന പോലെ ഇന്ത്യയിലും പണം വെളുപ്പിക്കുന്നതിനും നിയമങ്ങളും നിയന്ത്രണങ്ങളും മറികടക്കുന്നതിനും ജനങ്ങളെ സഹായിക്കുന്ന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം നോട്ട് നിരോധിക്കുന്നതിന് മുമ്പ് മോദി സര്‍ക്കാര്‍ മറന്നേപോയി. നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളിലേക്ക് മടങ്ങിയെത്തി എന്ന റിസര്‍വ് ബാങ്കിന്റെ കണക്ക് ഇതിനുള്ള തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘ഡിജിറ്റല്‍ വെള്ളി വെടിയുണ്ടകളെ കരുതിയിരിക്കുക’ എന്നതാണ് ലോകരാഷ്ട്രങ്ങള്‍ മനസിലാക്കേണ്ട നാലാമത്തെ പാഠമെന്ന് ഭാസ്‌കര്‍ ചക്രവര്‍ത്തി പറയുന്നു. സാങ്കേതികവിദ്യ ഉപദേശിക്കാനും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് സമ്പദ് വ്യവസ്ഥയെ നയിക്കാനും ഭരണാധികരികള്‍ക്ക് പ്രലോഭനം ഉണ്ടാവുക സ്വാഭാവികമാണ്. കള്ളപ്പണം എന്ന ആഖ്യാനം പൊളിഞ്ഞപ്പോള്‍, ഇന്ത്യയെ പണരഹിത സമ്പദ് വ്യവസ്ഥ ആക്കുകയാണ് നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്ന് മോദി ഭരണകൂടം കളംമാറ്റി ചവിട്ടി. എന്നാല്‍ ഇപ്പോള്‍ ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നോട്ട് നിരോധനത്തിന്റെ സമീപ മാസങ്ങളില്‍ മറ്റ് മാര്‍ഗ്ഗമില്ലാത്തതുകൊണ്ടു മാത്രമാണ് ജനം ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തിയതെന്ന് വ്യക്തമാകുന്നു. പിന്നീടുള്ള ഒരോ മാസവും ഡിജിറ്റല്‍ പണമിടപാടുകള്‍ കുറഞ്ഞുവരുന്നതിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചതെന്നും ലേഖനത്തില്‍ ഭാസ്‌കര്‍ ചക്രവര്‍ത്തി തെളിവ് സഹിതം ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍