നിയമസഭ നടക്കുമ്പോള്‍ ഇടത് എംഎല്‍എമാര്‍ മറ്റ് പരിപാടികളില്‍ പങ്കെടുക്കരുതെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് ഇവര്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്
സുപ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നാല് വനിത ഇടത് എംഎല്‍എമാര്‍ നിയമസഭയില്‍ ഹാജരാകാതെ മനോരമയുടെ പ്രസിദ്ധീകരണമായ വനിത മാസികയുടെ ഫോട്ടോഷൂട്ടിന്റെ തിരക്കില്‍. സി കെ ആശ, പ്രതിഭ ഹരി, ഗീത ഗോപി, വീണ ജോര്‍ജ്ജ് എന്നീ ഇടത് എംഎല്‍എമാരാണ് സഭയില്‍ പങ്കെടുക്കാതെ ഫോട്ടോ ഷൂട്ടിന് പോയത്. വനിതയുടെ ഓണപ്പതിപ്പിനായുള്ള ഫോട്ടോ ഷൂട്ടാണ് തിരുവനന്തപുരം കനകക്കുന്നില്‍ ഇന്ന് നടന്നത്. സെറ്റ് സാരിയും മുല്ലപ്പൂവൊക്കെ ധരിച്ചാണ് എംഎല്‍എമാര്‍ കനകക്കുന്നിലെത്തിയത്.
നിയമസഭ നടക്കുമ്പോള്‍ ഇടത് എംഎല്‍എമാര്‍ മറ്റ് പരിപാടികളില്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശമുള്ളതാണ്. ഈ നിര്‍ദ്ദേശം ലംഘിച്ചാണ് എംഎല്‍എമാര്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്‍, തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന ഭേദഗതി ബില്‍, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഭേദഗതി ബില്‍ തുടങ്ങിയ സുപ്രധാന ബില്ലുകളാണ് ഇന്ന് സഭയില്‍ ചര്‍ച്ച ചെയ്തത്. കൂടാതെ വരാപ്പുഴ കസ്റ്റഡി മരണക്കേസ്, പോലീസിലെ ദാസ്യവേല എന്നീ സുപ്രധാന വിഷയങ്ങളും ഏതാനും ദിവസങ്ങളായി സഭയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനിടെയിലാണ് എംഎല്‍എമാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ വനിത മാസികയുടെ ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാനായി വിട്ടുനിന്നത്.
അതേസമയം പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് മനോരമ ചീഫ് എഡിറ്റര്‍ ഫിലിപ്പ് മാത്യു ഇന്നലെ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ കേരളം പറുദീസയാകുമെന്നാണ് ഫിലിപ്പ് പറഞ്ഞത്. കൂടാതെ വികസന മുന്നേറ്റത്തിന് നേരിടുന്ന തടസ്സങ്ങളെ തരണം ചെയ്യാന്‍ ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്നും കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്നും ഫിലിപ്പ് കൂട്ടിച്ചേര്‍ത്തിരുന്നു.
അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.