UPDATES

ട്രെന്‍ഡിങ്ങ്

ഫ്രാന്‍സില്‍ അവര്‍ തെരുവിലിറങ്ങി ഭരണകൂടത്തെ മുട്ടുകുത്തിക്കുന്നു; നമ്മള്‍ ഇന്ധന വിലയ്ക്കെതിരെ ട്രോളുകളുണ്ടാക്കി ചിരിപ്പിക്കുന്നു

ആയിരക്കണക്കിന് മനുഷ്യർ തുടങ്ങി വെച്ച ഒരു മുന്നേറ്റത്തിൽ ദിവസങ്ങൾക്കുള്ളിൽ 300,000 പേരാണ് പങ്കാളികളായത്

Avatar

ഗിരീഷ്‌ പി

ഫ്രാൻസിലെ ഇന്ധന വില വർദ്ധനക്കെതിരായ പ്രതിഷേധം വിവിധ സർക്കാർ നയങ്ങൾക്കെതിരായി മാറുകയും പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും ചെയ്തത് ലോക മാധ്യമങ്ങളിൽ വലിയ ചർച്ചയായി. പ്രക്ഷോഭത്തിന്‌ മുന്നിൽ പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ആയുധം വെച്ച് കീഴടങ്ങി എന്നാണ്  ഒടുവിൽ ലഭിക്കുന്ന റിപ്പോര്‍ട്ടുകൾ.

പ്രക്ഷോഭത്തിന്റെ തീവ്രതയെ തുടർന്ന് ഇന്ധനവിലയിൽ വരുത്താനുദ്ദേശിച്ചിരുന്ന മാറ്റം വേണ്ടെന്നു വെച്ചിരിക്കുകയാണ് സർക്കാർ. മറ്റു നിരവധി പ്രശ്നങ്ങളും കൂടെ ഉയർത്തിയിരുന്നെങ്കിലും പ്രക്ഷോഭകർ പ്രധാനമായും ഉന്നയിച്ചിരുന്നത് ഇന്ധനവിലയിൽ -പ്രത്യേകിച്ചും ഡീസൽ വിലയില്‍ ഉണ്ടായ വർധനയാണ്. എന്തായാലും ജനങ്ങളുടെ ക്ഷോഭത്തിനും, പോരാട്ട വീര്യത്തിനും മുന്നിൽ ഭരണകൂടത്തിന്റെ മർക്കടമുഷ്ടിക്കു ഒരുപാട് കാലം പിടിച്ചു നിൽക്കാനാവില്ലെന്ന ചരിത്രം ഒരിക്കൽ കൂടി ആവർത്തിച്ചു.

വര്‍ഗ്ഗ സമരങ്ങളുടെ കഥയാണ്‌ ചരിത്രം എന്ന് പറഞ്ഞത് കാറല്‍ മാര്‍ക്സ് ആണെങ്കിൽ, ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാവണം, ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിയമരണം എന്ന് പറഞ്ഞത് ബെര്‍തോള്‍ഡ് ബ്രെഹ്ത് ആണ്. ഇന്ത്യൻ മധ്യവർഗം പക്ഷെ ഒരനീതി നടന്നാൽ ഉച്ചക്ക് മുൻപ് വീട് പിടിക്കണം എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാണോ എന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്.

ഇന്ത്യയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനനുസരിച്ച് വില കൂട്ടുക എന്ന വിരോധാഭാസം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. നാലോ അഞ്ചോ ബന്തും, ഹർത്താലും അല്ലാതെ നാം എങ്ങനെയാണ് ഈ വിരോധാഭാസത്തെ നേരിട്ടതെന്നു സൂക്ഷ്മമായി പരിശോധിക്കേണ്ടത് ആണ്.

നമ്മുടെ തൊട്ടയല്‍പക്ക രാജ്യങ്ങളായ പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലുമെല്ലാം പെട്രോള്‍ വില ഇന്ത്യയിലെ വിലയേക്കാള്‍ പകുതിക്ക് താഴെയാണ്. ആഭ്യന്തര കലഹങ്ങള്‍ കൊണ്ടോ, ദാരിദ്ര്യം നിമിത്തമോ കഷ്ടത അനുഭവിക്കുന്ന രാജ്യങ്ങളാണെന്നോര്‍ക്കണം. അവിടങ്ങളിലെ ഓയില്‍ കമ്പനികള്‍ക്ക് ഭരണകൂടം കൊടുത്തിരിക്കുന്ന കര്‍ശന നിര്‍ദേശം ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വിപണി വിലയെ നിര്‍ബന്ധമായും പിന്‍പറ്റണമെന്നതാണ്. ഇന്ത്യന്‍ കമ്പനികള്‍ക്കും ബാധകമാണിത്. എന്നാല്‍, ഇവിടെ കമ്പനികള്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്ന വിചിത്രമായ രീതിശാസ്ത്രമാണുള്ളത്.

ആഗോളതലത്തില്‍ ദൈനംദിന ജീവിതത്തിന്റെ ഗതിമാറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇന്ധന വിലയുടെ കാര്യത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ പൗരന്മാര്‍ അനുഭവിക്കുന്നത് തികച്ചും അന്യായമായ ഭരണകൂട ഭീകരതയാണ്. രാജ്യത്ത് ഒട്ടനവധി മറ്റു വിഷയങ്ങൾ ഉണ്ട് എന്ന യാഥാർഥ്യം മറച്ചു വെക്കുന്നില്ല. ആൾക്കൂട്ട കൊലപാതകങ്ങൾ, സാമ്പത്തിക അസമത്വം, അവശ്യ സാധനങ്ങളുടെ വില വർധന,കർഷക സമരങ്ങൾ അങ്ങനെ ഗൗരവമായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരേണ്ട ഒട്ടനവധി പ്രശ്നങ്ങളുണ്ട്.

ഫ്രാൻസിൽ നടന്ന പ്രക്ഷോഭത്തിന്റെ സ്വഭാവം നോക്കൂ, ആയിരക്കണക്കിന് മനുഷ്യർ തുടങ്ങി വെച്ച ഒരു മുന്നേറ്റത്തിൽ ദിവസങ്ങൾക്കുള്ളിൽ 300,000 പേരാണ് പങ്കാളികളായത്. റോഡുകൾ ബാരിക്കേഡുകളുയർത്തി റോഡുകൾ തടയാൻ തുടങ്ങി. പ്രക്ഷോഭകർ അന്നേ ദിവസം തന്നെ അക്രമത്തിലേക്ക് നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഒരു ചെറിയ കനലിൽ നിന്ന് ചിലപ്പോ ഒരു അഗ്നിപർവതം തന്നെ രൂപപ്പെട്ടേക്കാം എന്ന് പറയുന്നത് കേവലം കാല്പനികം ആയി മാത്രമല്ല. നിശ്ചയദാർഢ്യമുള്ള, ഇച്ഛ ശക്തിയുള്ള ഒരു കൂട്ടം മനുഷ്യർ ഒരു രാജ്യം നേരിടുന്ന പൊതുപ്രശ്നത്തിന് വേണ്ടി ഒരുമിച്ചാൽ അവരെ അനുഗമിക്കാനും പോരാട്ടത്തിൽ പങ്കാളികളാകാനും ലക്ഷക്കണക്കിന് മനുഷ്യർ തയ്യാറായി വരും. അത്തരം വലിയ മൂവ്മെന്റുകൾക്കു മാത്രമേ ഭരണകൂടത്തെ പിടിച്ചു കുലുക്കാൻ കഴിയു,

ഒരു ഭാഗത്ത് സർക്കാർ ഇന്ധന വില വർധിപ്പിക്കുന്നു, നാം ട്രോളുകൾ ഉണ്ടാക്കാൻ മത്സരിക്കുന്നു. ഏതെങ്കിലും ട്രോൾ ഗ്രൂപ്പിൽ നാല് ട്രോൾ ഇന്ധന വില വർധനയെ കുറിച്ചിട്ടാൽ അത് സ്റ്റേറ്റിന്റെ രോമത്തിൽ പോലും സ്പർശിക്കില്ല, ട്രോളുകളുടെ മുന്നിൽ ഒരു ഭരണകൂടവും തല കുനിച്ച ചരിത്രവുമില്ല. ഫ്രാൻസിലെ കലാപകാരികളിൽ നിന്നും ചൂഷണത്തിന് വിധേയരാക്കപ്പെടുന്നു എന്ന് തിരിച്ചറിയുന്ന ഇന്ത്യൻ ട്രോളന്മാർക്കു ചിലത് പഠിക്കാനുണ്ട് എന്നാണ് സമകാലീക ലോക വാർത്തകൾ നമ്മോടു പറയുന്നത്.

“അയാള്‍ എന്തൊക്കെ രഹസ്യങ്ങളാണ് പുറത്തുവിടുക എന്ന് ആര്‍ക്കറിയാം?” അഗസ്റ്റ വെസ്റ്റ് ലാന്റില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

Explainer: ഡീസൽ-പെട്രോൾ നികുതി: ഫ്രാൻസിലെ ദരിദ്രരും ഇടത്തരക്കാരും സർക്കാരിനെ പരാജയപ്പെടുത്തിയതെങ്ങനെ? എന്താണ് ‘മഞ്ഞക്കോട്ട്’ പ്രക്ഷോഭം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍