പാഡ് മാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അക്ഷയ്
എല്ലാ ഇന്ത്യന്‍ സ്ത്രീകള്‍ക്കും സാനിറ്ററി പാഡുകള്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് അക്ഷയ് കുമാര്‍. ജനുവരി 25 ന് താരം അഭിനയിച്ച ‘പാഡ് മാന്‍’ റിലീസ് ആകാനിരിക്കെ, പൂനെയില്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയാതിരുന്നു അക്ഷയ്.
”സാനിറ്ററി പാഡുകള്‍ക്ക് മേലുള്ള നികുതി ഒഴിവാക്കണമെന്നാണ് നിലവില്‍ സ്ത്രീകളുടെ ആവശ്യം. ഞാന്‍ പറയുന്നത് അത് പൂര്‍ണ്ണമായും സൗജന്യമാക്കണമെന്നാണ്. യുദ്ധസാമഗ്രികള്‍ക്ക് ചിലവാക്കുന്നതില്‍ നിന്ന് അഞ്ച് ശതമാനം നികുതിപ്പണം എടുത്താല്‍ മതിയാകുമല്ലോ. ഒരു ബോംബ് കുറച്ച് ഉണ്ടാക്കി, ആ പണം സ്ത്രീകള്‍ക്ക് പാഡിനായി നല്‍കൂ. ”
അരുണാചലം മുരുഗാനന്ദം എന്ന തമിഴ്‌നാട് സ്വദേശിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ് ‘പാഡ്മാന്‍’. ചിലവ് കുറഞ്ഞ സാനിറ്ററി പാഡുകള്‍ നിര്‍മിക്കാനും ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍ ആര്‍ത്തവ ശുചിത്വം പ്രചരിപ്പിക്കാനുമായി വര്‍ഷങ്ങള്‍ ചിലവഴിച്ച ആളാണ് അരുണാചലം. ഇദ്ദേഹം കണ്ടെത്തിയ മിനി മെഷീന്‍ ഉപയോഗിച്ച് മാര്‍ക്കറ്റില്‍ ലഭ്യമായവയുടെ മൂന്നിലൊന്ന് വിലയ്ക്ക് പാഡുകള്‍ നിര്‍മിക്കാം. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ സ്ത്രീകളുടെ സംരംഭക സംഘങ്ങള്‍ ഇത് ഉപയോഗിച്ച് കുറഞ്ഞ വിലക്ക് സാനിറ്ററി നാപ്കിനുകള്‍ ഉണ്ടാക്കി വില്‍ക്കുന്നുണ്ട്.
അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച ഇന്ത്യയുടെ ‘ആര്‍ത്തവ മനുഷ്യനെ’ ചിത്രീകരിച്ചിരിക്കുന്ന പാഡ് മാനിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ ആസ്വാദക ശ്രദ്ധ നേടിക്കഴിഞ്ഞു. ആര്‍. ബല്‍ക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോനം കപൂര്‍, രാധിക ആപ്‌തെ എന്നിവരാണ് മറ്റ് താരങ്ങള്‍. സാമൂഹ്യ പ്രാധാന്യമുള്ള ചിത്രം എന്ന നിലക്ക് ഗ്രാമങ്ങളിലേയും ചെറുപട്ടണങ്ങളിലേയും സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കാനും നിര്‍മ്മാതാക്കാള്‍ക്ക് പദ്ധതിയുണ്ട്.
റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ 2800 ഓളം തിയറ്ററുകളില്‍ ‘പാഡ്മാന്‍’ പ്രദര്‍ശനത്തിനെത്തും. ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ‘പത്മാവതി’യും അതേ ആഴ്ച റിലീസ് ചെയ്യുന്നത്. രണ്ട് സിനിമയും ഒരേ ദിവസങ്ങളിലെത്തുന്നതില്‍ ആശങ്കയൊന്നും ഇല്ലെന്നും അക്ഷയ് കുമാര്‍ പറയുന്നു.