UPDATES

വിപണി/സാമ്പത്തികം

നീക്കിയിരുപ്പ് തുക കഴിഞ്ഞു; തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയില്‍

തൊഴിലുറപ്പ് പദ്ധതി ഏറ്റവും അധികം പ്രയോജനപെടുക നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള മാസങ്ങളിലാണ്. എന്നാല്‍ ഈ മാസങ്ങളില്‍ ചിലവഴിക്കാനുളള തുക വെറും 6,000 കോടി രൂപ മാത്രം

ഈ സാമ്പത്തിക വര്‍ഷം പകുതി ആയപ്പോഴേക്കും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുളള നീക്കിയിരുപ്പ് തുകയുടെ 88 ശതമാനവും ചിലവഴിച്ചു. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ ഏറ്റവും വലിയ തുക നീക്കിവെച്ചത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു വേണ്ടിയായിരുന്നുവെന്ന് സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നിട്ടും സാമ്പത്തിക വര്‍ഷം പകുതിയായിരിക്കെ ഫണ്ട് പ്രതിസന്ധി അനുഭവപെടുന്നതായി ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നീക്കിയിരിപ്പു തുകയായ 48,000 കോടി രൂപയില്‍ അടുത്ത ആഴ്ചയോടെ പദ്ധതി നിര്‍വ്വഹണത്തിനായി 6,000 കോടി രൂപ മാത്രമാണ് ശേഷിപ്പ്.

അടുത്ത ആറുമാസത്തേക്കുളള നീക്കിയിരിപ്പായി ഇനി 6,000 കോടി മാത്രമേയുളളൂ. ഒക്ടോബറില്‍ വിളവെടുപ്പ് സീസണ്‍ അവസാനിക്കുന്നതോടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധി നേരിട്ടു തുടങ്ങുമെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് മുന്നറിയിപ്പ് നല്‍കുന്നു. അവിദഗ്ധ മേഖലയില്‍ തൊഴില്‍ നല്‍കി സാമൂഹ്യ സുരക്ഷിതത്വം ഉറപ്പ് വരുത്താനായി 100 ദിവസത്തെ കൂലി നല്‍കുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. വരള്‍ച്ചയോ കാര്‍ഷിക പ്രതിസന്ധിയോ ഇല്ലാത്ത പക്ഷം, വര്‍ഷകാലം കഴിഞ്ഞ് ഒക്ടോബര്‍ മാസം വരെ ഏറെക്കുറെ മന്ദഗതിയിലാണ് തൊഴിലുറപ്പ് പദ്ധതി നീങ്ങുക. എന്നാല്‍ വിളവെടുപ്പ് കഴിയുന്നതോടെയാണ് പദ്ധതി സജീവമാവുക. നവംമ്പര്‍ മുതല്‍ മാര്‍ച്ച് വരെയാണ് തൊഴിലുറപ്പ് പദ്ധതി ഏറ്റവും ഉന്നതിയിലെത്തുക. ഈ ഘട്ടത്തിലാണ് പദ്ധതിക്കായി കൂടുതല്‍ ഫണ്ട് ആവശ്യം വരുകയെന്നാണ് ആസുത്രകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇതിനായി ഗ്രാമവികസന മന്ത്രാലയം 17,600 കോടിയുടെ അധിക ധനം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഡിസംമ്പറില്‍ നടക്കാനിരിക്കുന്ന പാര്‍ലിമെന്റ് ശീതകാല സമ്മേളനത്തില്‍ അനുവദിച്ചു കിട്ടണം. സഭയില്‍ ആവശ്യം അംഗീകരിച്ചാല്‍ തന്നെ അധിക ധനസഹായം ലഭിക്കണമെങ്കില്‍ അടുത്തവര്‍ഷം ജനുവരിയാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രാമ വികസന മന്ത്രാലയം 15,000 കോടി രൂപ അധിക ധനം ആവിശ്യപ്പെട്ടപ്പോള്‍ ധനമന്ത്രാലയം അനുവദിച്ചു നല്‍കിയത് 9,000 കോടി രൂപയാണ്.

കാലവര്‍ഷം വൈകിയതിനാലും വരള്‍ച്ച കാരണവും ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഫണ്ട് ചിലവഴിച്ചു കഴിഞ്ഞതായി വകുപ്പ് തല ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ”മദ്ധ്യപ്രദേശിന് നല്‍കാനുളള തുക ഈ ആഴ്ചയിലും തമിഴ്നാടിനും ഉത്തരപ്രദേശിനും നല്‍കാനുളള തുക അടുത്ത വാരവും നല്‍കിയാല്‍ 6,000 കോടി രൂപ മാത്രമേ ബാക്കിയുണ്ടാവൂ. മദ്ധ്യപ്രദേശിലെ പല ജില്ലകളിലും വരള്‍ച്ച രൂക്ഷമായിരുന്നു. യുപിയില്‍ മഴക്കുറവ് കാരണം സെപറ്റംബറിനു ശേഷം വലിയ പ്രതിസന്ധിയാണ്” ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. അധികധനമായി ആവിശ്യപെട്ട തുക ലഭിച്ചാല്‍ പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍