304 ചുമത്തിയാലും ശ്രീറാം വെങ്കിട്ടരാമന്‍ ശിക്ഷിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ചില പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു
മാധ്യമപ്രവര്‍ത്തകന്‍ എം കെ ബഷീറിന്റെ മരണത്തിനു കാരണമായ വാഹനാപകടത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് ഒടുവില്‍ പൊലീസ് രേഖപ്പെടുത്തി. വാഹനമോടിക്കുമ്പോള്‍ വരുത്തിയ നിയമലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന പരിഗണനയൊന്നും ലഭിക്കില്ലെന്നും മന്ത്രിമാര്‍ ഉള്‍പ്പെടെ പറഞ്ഞതിനു പിന്നാലെ ഡിജിപിയും സംഭവത്തില്‍ ഇടപെട്ടിരുന്നു. ഇതോടെയാണ് ചികിത്സയില്‍ കഴിയുന്ന കിംസ് ആശുപത്രിയില്‍ എത്തി ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം വലിയ വിവാദമായതോടെയാണ് കടുത്ത വകുപ്പുകള്‍ ഐഎഎസ് ഉദ്യോഗസ്ഥനെതിരേ ചുമത്താന്‍ പോലീസ് നിര്‍ബന്ധിതരായതെന്നാണ് വിവരം. 304 എ വകുപ്പ് പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കുമെന്നായിരുന്നു ആദ്യം പറഞ്ഞു കേട്ടിരുന്നത്. ജാമ്യം കിട്ടുന്ന വകുപ്പായിരുന്നു അത്. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഡിജിപി തന്നെ പ്രത്യേകം നിര്‍ദേശം നല്‍കിയതിന്റെ പുറത്താണ് 304 ചുമത്താന്‍ തീരുമാനിച്ചത്.
പത്തുകൊല്ലം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് 304 പ്രകാരം ചുമത്തുന്നത്. ഇത് ജാമ്യമില്ലാ വകുപ്പാണ്. ഏഴു കൊല്ലത്തിനു മേല്‍ ശിക്ഷ കിട്ടുന്നവയെല്ലാം ജാമ്യമില്ലാ കുറ്റങ്ങളാണ്. പോലീസിന് ശ്രീറാമിന് ജാമ്യം അനുവദിക്കാന്‍ കഴിയില്ല. ജാമ്യം കിട്ടണമെങ്കില്‍ ആദ്യം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കണം. സാധാരണ ഗതിയില്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കാന്‍ സാധ്യതയില്ല. പ്രത്യേക സാഹചര്യങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമാണ് ഇവിടെ നിന്നും ജാമ്യം അനുവദിക്കുക. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം കിട്ടാത്തപക്ഷം ശ്രീറാം സെഷന്‍സ് കോടതിയെ സമീപിച്ചേക്കാം. അവിടെ നിന്നും ജാമ്യം നേടാനും സാഹചര്യമുണ്ട്. അതുവരെ പ്രതിയെ റിമാന്‍ഡ് ചെയ്യണം. ഒരുപക്ഷേ ജാമ്യം കിട്ടുന്നതുവരെ ആശുപത്രി ചികിത്സയില്‍ തുടരുകയാവും ശ്രീറാം ചെയ്യുക.
304 ചുമത്തിയാലും ശ്രീറാം വെങ്കിട്ടരാമന്‍ ശിക്ഷിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ചില പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. ഒരാളെ കരുതിക്കൂട്ടിക്കൊല്ലാന്‍ ഉദ്ദേശിക്കാതിരിക്കുകയും അതേസമയം തന്റെ പ്രവര്‍ത്തികൊണ്ട് അയാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാം എന്നറിഞ്ഞുകൊണ്ട് തന്നെ അങ്ങനെയൊരു പ്രവര്‍ത്തി ചെയ്യാന്‍ തയ്യാറാവുകയും അയാള്‍ മരണപ്പെടുകയും ചെയ്യുമ്പോഴാണ് മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തുന്നത്. കരുതിക്കൂട്ടിയുള്ളതല്ലാത്തതുകൊണ്ട് 302 പ്രകരമുള്ള കൊലപാതകത്തില്‍ ഈ കുറ്റം വരില്ല. അതുകൊണ്ട് തന്നെ സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം നേടിയാല്‍ പിന്നീട് കേസ് എത്രത്തോളം ശക്തമായി നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. പ്രതി ഒരു ഐഎഎസ് ഓഫിസര്‍ ആണെന്നതും പ്രസക്തമാണ്.
പോലീസ് ഇപ്പോള്‍ 304 ചുമത്താന്‍ തയ്യാറായെങ്കിലും തുടക്കത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നതും വ്യക്തമായ കാര്യമാണ്. മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയ ഒരാളെ കസ്റ്റഡിയില്‍ എടുത്ത് ആദ്യം തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. വൈദ്യപരിശോധനയ്ക്കു കൊണ്ടു പോകും മുന്നേ മണിപ്പിച്ച് നോക്കിയോ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചോ പ്രതി മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താം. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് കണ്ടെത്തുന്ന കാര്യവും തെളിവാണ്. എങ്കില്‍ കൂടിയും പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണം. മെഡിക്കല്‍ ഓഫീസര്‍ക്ക് ഈ ആവശ്യം കാണിച്ച് റിക്വസ്റ്റ് കൊടുക്കണം. Under request of a police officer എന്നു പറഞ്ഞാണ് മെഡിക്കല്‍ ഓഫിസര്‍ പ്രതിയുടെ വൈദ്യ പരിശോധന നടത്തുന്നത്. ഇവിടെ പോലീസ് അങ്ങനെയൊരു റിക്വസ്റ്റ് ഡോക്ടര്‍ക്ക് നല്‍കിയില്ലെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. പോലീസിന്റെ റിക്വസ്റ്റ് ഉണ്ടെങ്കില്‍ പ്രതി സമ്മതിച്ചില്ലെങ്കില്‍ പോലും രക്തപരിശോധന നടത്താമെന്ന് സെക്ഷന്‍ 53 സിആര്‍പിസി പ്രകാരം നിയമം അനുവദിക്കുന്നുണ്ട്. മയക്കി കിടത്തിയോ ബലപ്രയോഗത്താലോ ഒക്കെ രക്തം എടുക്കാം. ഐഎഎസ് ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ അങ്ങനെയൊരു ആവശ്യം പോലീസ് ഉന്നയിച്ചില്ല എന്നത് വീഴ്ച്ചയാണ്. പോലീസിന്റെ റിക്വസ്റ്റ് ഇല്ലെങ്കിലും പ്രതിയുടെ വൈദ്യപരിശോധനയുടെ ഭാഗമായി രക്തം എടുക്കാന്‍ ഡോക്ടര്‍ക്ക് അവകാശം ഉണ്ട്. അങ്ങനെ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശ്രീറാം വെങ്കിട്ടരാമന്‍ വേണ്ടായെന്നു പറഞ്ഞത്. അതോടെ താന്‍ പിന്‍വാങ്ങിയെന്നാണ് ഡോക്ടര്‍ പറയുന്നത്. പോലീസ് ഇവിടെ മൗനമായി നിന്നു എന്നാണ് ആക്ഷേപം. ഇനിയഥവാ പ്രതി സമ്മതിച്ചില്ലെങ്കില്‍ തന്നെയും മോട്ടോര്‍ വെഹിക്കള്‍ ആക്ട് 202, 203 പ്രകാരം പോലീസിന് പ്രതി മദ്യപിച്ചിട്ടുണ്ട് എന്ന നിഗമനത്തില്‍ കേസുമായി മുന്നോട്ടുപോകാം എന്നും നിയമത്തില്‍ പറയുന്നുണ്ട്. രക്തപരിശോധനയ്ക്ക് പ്രതി സമ്മതിച്ചില്ലെന്ന രേഖ കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതി. ഇവിടെ അത്തരം കാര്യങ്ങളൊന്നും പോലീസ് ചെയ്യാന്‍ ശ്രമിച്ചില്ല. 12 മണിക്കൂറിനുള്ളില്‍ രക്തപരിശോധന നടത്തിയാല്‍ മതിയെന്ന വാദമുയര്‍ത്തിയാണ് ആരോപണങ്ങളെയെല്ലാം പോലീസ് പ്രതിരോധിക്കുന്നത്.
304 ചുമത്തപ്പെട്ടാലും ശ്രീറാം വെങ്കിട്ടരാമന് ജയില്‍ വാസം ഒന്നും കിട്ടാന്‍ പോകുന്നില്ലെന്നും പോലീസിലെ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. ആറുമാസത്തേക്കോ ഒരു വര്‍ഷത്തേക്കോ ലൈസന്‍സ് റദ്ദ് ചെയ്യാം. ആജീവനാന്തം ഒന്നും ലൈസന്‍സ് റദ്ദ് ചെയ്യില്ല. പിന്നീടുള്ളത് പിഴ ശിക്ഷയായിരിക്കാം. അതിനപ്പുറത്തേക്ക് ശിക്ഷിക്കാന്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ഒന്നുമല്ല. കേരളത്തിലെ റോഡുകളില്‍ മദ്യപിച്ച് വാഹനമോടിച്ച് ആളുകളെ കൊല്ലുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഈ കേസില്‍ മാത്രമായി പ്രത്യേക വിധിയൊന്നും ഉണ്ടാകില്ലെന്നാണ് പോലീസുകാര്‍ പറയുന്നത്.
മറ്റൊരു പ്രശ്‌നമുള്ളത് ബഷീറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടുന്ന കാര്യത്തിലാണ്. ബഷീറിന്റെ ജീവനെടുത്ത വാഹനം മദ്യലഹരിയില്‍ ഓടിച്ചാണ് അപകടം ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് ഇന്‍ഷ്വറന്‍സ് കമ്പനി ക്ലെയിം നല്‍കുന്നതിലാണ് ആശക്കുഴപ്പം. മദ്യപിച്ച് വാഹനമോടിച്ചയാള്‍ക്ക് അപകടമുണ്ടായാല്‍ ഇന്‍ഷ്വറന്‍സ് കിട്ടാതെ വരും. എന്നാല്‍ മദ്യപന്റെ വാഹനം ഉണ്ടാക്കിയ അപകടം നിമിത്തം മരണം സംഭവിച്ചാല്‍ ഇരയ്ക്ക് ക്ലെയിം കിട്ടാന്‍ സാധ്യതയുണ്ടെന്നു പറയുന്നുണ്ടെങ്കിലും അങ്ങനെ സംഭവിക്കാതിരിക്കാനുള്ള സാധ്യതയും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഒരു വാഹനാപകടം ഉണ്ടാകുമ്പോള്‍, അപകടം ഉണ്ടാക്കിയ വാഹനത്തിന് ഫുള്‍ കവര്‍ ഇന്‍ഷ്വറന്‍സ് ഉണ്ടെങ്കില്‍ പോലും ചില സാഹചര്യങ്ങളില്‍ ക്ലെയിം തുക കമ്പനി നല്‍കാതെ വരാറുമുണ്ട്. അവര്‍ കോടതിയില്‍ ചലഞ്ച് ചെയ്യും. മിക്ക ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും അവരുടേതായ അന്വേഷണ സംവിധാനങ്ങളുണ്ട്. പോലീസ് സര്‍വീസില്‍ നിന്നും വിരമിച്ച എസ് ഐ, സി ഐ, എസ് പിമാരെയൊക്കെ വച്ചാണ് ഈ രഹസ്യാന്വേഷണ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. ഒരപകടം നടന്നാല്‍, അവിടെ ഈ സംഘം എത്തും. വളരെ സാധാരണക്കാരായി നിന്നുകൊണ്ട് അപകടം എങ്ങനെയാണ് ഉണ്ടായതെന്നതിനെ കുറിച്ച് മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് കമ്പനിയെ അറിയിക്കും. ലൈസന്‍സ് ഇല്ലാത്തവര്‍, മദ്യപിച്ചവര്‍ ഒക്കെ ഓടിച്ച വാഹനമാണെങ്കില്‍ ഇന്‍ഷ്വറന്‍സ് നല്‍കാന്‍ കമ്പനികള്‍ തയ്യാറാകില്ല. പോലീസ് എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയാല്‍ അത് കണ്ടു പിടിക്കാന്‍ കൂടിയാണ് രഹസ്യാന്വേഷണം കമ്പനി വകയായി നടത്തുന്നത്. തങ്ങള്‍ക്ക് കിട്ടിയ തെളിവുകളുമായവര്‍ കോടതിയില്‍ എത്തി ക്ലെയിമിന്റെ കാര്യത്തില്‍ ചലഞ്ച് ചെയ്യുകയാണ് പതിവ്.
നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കുന്നില്ലെങ്കില്‍ വാഹനമോടിച്ചയാള്‍ നല്‍കണമെന്നു പറയുന്നുണ്ട് (വാഹനം ഉടമയ്ക്കും പങ്കാളിത്തം ഉണ്ട്). അങ്ങനെ വന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്റെ കൈയില്‍ നിന്നും ബഷീറിന്റെ കുടുംബത്തിന് നഷ്ടപപരിഹാരം നല്‍കണം. അതില്‍ കോടതി വഴിയാണ് തീരുമാനം ഉണ്ടാവുക. പോലീസിന്റെ ഭാഗത്തു നിന്നും ഇരയ്ക്കായി ശക്തമായ നിലപാടുകള്‍ ഉണ്ടാവുകയും വേണം. ഇരയുടെ പ്രായം, ജോലി, വരുമാനം, കുടുംബത്തിന്റെ ഏകാശ്രയമായിരുന്നോ എന്നൊക്കെ നോക്കിയാണ് സാധാരണ കോടതി നഷ്ടപരിഹാര തുക വിധിക്കുന്നത്. മരണപ്പെട്ടയാള്‍ ചെയ്തിരുന്ന ജോലി, അതില്‍ നിന്നും കിട്ടുന്ന വാര്‍ഷിക വരുമാനം, എത്രകാലം കൂടി അയാള്‍ക്ക് സര്‍വീസ് ഉണ്ടാകും എന്നൊക്കെ പരിഗണിക്കും. ഇതെല്ലാം ചേര്‍ത്ത് വലിയൊരു തുക നല്‍കണം. ബഷീറിന്റെ കാര്യത്തില്‍ വലിയൊരു തുക തന്നെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടുകയും വേണം. അത് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയില്‍ നിന്നും മേടിച്ച് കൊടുക്കുമോ എന്നത് കേസിന്റെ പോക്കുപോലെയിരിക്കും.