UPDATES

ട്രെന്‍ഡിങ്ങ്

ഗെയ്ല്‍ പദ്ധതി: മുന്‍ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി എം പി സത്യം പറയണം

ഗെയ്ല്‍ പൈപ്പ്‌ലൈനെതിരായ സമരത്തില്‍ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ മുന്നണിയും പങ്കാളികളാകുമ്പോള്‍ കേവലം രണ്ട് വര്‍ഷം മുമ്പ് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളും നാം ശ്രദ്ധിച്ച് വായിക്കേണ്ടതുണ്ട്‌

മുക്കത്തെ ഗെയ്ല്‍ പൈപ്പ്‌ലൈന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം ചേരാനിരിക്കുകയാണ്. മുക്കത്തെ ജനകീയ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആണിത്. കഴിഞ്ഞ ദിവസം സമരപന്തലിലെത്തിയ യുഡിഎഫ് നേതാക്കളായ വിഎം സുധീരനും പികെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടതും സര്‍വകക്ഷി യോഗം തന്നെയായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പികെ കുഞ്ഞാലക്കുട്ടി നിയമസഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിയെക്കുറിച്ച് പറഞ്ഞ മറുപടികളില്‍ ശ്രദ്ധേയമായ ഒരു വാചകം ഇങ്ങനെയാണ്. ‘ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ഉത്തമബോധ്യമുള്ളതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമഫലമായി ഗെയ്‌ലിനെ അനുനയിപ്പിക്കുന്നതില്‍ വിജയിക്കുകയും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഗെയ്ല്‍ സമ്മതിക്കുകയും ചെയ്തു. ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ഗെയ്ല്‍ അധികൃതര്‍ നേരിട്ടും സര്‍ക്കാര്‍ വകുപ്പുകള്‍ വിവിധ എന്‍ജിഒകള്‍ മുഖാന്തിരവും നിരന്തരം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക അകറ്റുവാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ട്.’

അതേസമയം ഇന്ന് ഗെയ്ല്‍ പദ്ധതിക്കെതിരായ സമരത്തില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പങ്കാളികളാകുമ്പോള്‍ ഭരിക്കുമ്പോള്‍ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോള്‍ മറ്റൊന്നുമോ എന്നു ചോദിക്കേണ്ടി വരികയാണ്. പൈപ്പ്‌ലൈന്‍ ഏകോപിപ്പിക്കുന്ന നടപടികള്‍ക്കായി ചീഫ് സെക്രട്ടറി അധ്യക്ഷനായും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഏഴ് ജില്ലകളിലെ കളക്ടര്‍മാര്‍, ഗെയ്ല്‍ പെട്രോനെറ്റ് എല്‍എന്‍ജി എന്നിവയിലെ പ്രതിനിധികള്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം ജി വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളായ ഒരു ഉന്നതാധികാര സമിതിയെ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഈ സമിതി സമയാസമയം യോഗം ചേരുകയും പൈപ്പ്‌ലൈന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തിട്ടുണ്ടെന്നും സമിതിയുടെ പ്രവര്‍ത്തന ഫലമായി പദ്ധതിയുടെ നടത്തിപ്പില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുമാണ് അന്ന് കുഞ്ഞാലിക്കുട്ടി സഭയില്‍ മറുപടി പറഞ്ഞത്.

വിയോജിക്കാം, പക്ഷെ ഗ്യാസ് ലൈന്‍ ആയതുകൊണ്ട് എന്ത് ‘ഗ്യാസും’ അടിക്കാം എന്ന് കരുതരുത്

അതോടൊപ്പം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി വൈകിക്കുന്നത് മൂലം സംസ്ഥാനത്തിന് പ്രതിവര്‍ഷം 398 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ഇന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസകിന്റെ മറ്റൊരു ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. 2015 ജൂണ്‍ 29ന് നടന്ന സഭാ സമ്മേളനത്തിലായിരുന്നു ഈ ചോദ്യവും ഉത്തരവും. മുക്കത്ത് വെള്ളിയാഴ്ച അതായത് 2017 നവംബര്‍ മൂന്നാം തിയതി പികെ കുഞ്ഞാലിക്കുട്ടിയും മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ചേര്‍ന്ന് സന്ദര്‍ശനം നടത്തുകയുണ്ടായി. ജനവാസ മേഖലയില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ വേണ്ടെന്ന നിലപാടിനൊപ്പമാണ് യുഡിഎഫ് എന്നാണ് കുഞ്ഞാലിക്കുട്ടിയെ സാക്ഷിനിര്‍ത്തി സുധീരന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേവലം രണ്ട് വര്‍ഷം മുമ്പ് മാത്രം ഇതേ പൈപ്പ്‌ലൈന്‍ പദ്ധതിക്ക് വേണ്ടി ശക്തിയുക്തം സംസാരിച്ചിട്ടുള്ള കുഞ്ഞാലിക്കുട്ടി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും യുഡിഎഫ് ഈ സമരത്തെ ഏറ്റെടുക്കാനൊരുങ്ങുകയാണെന്നുമാണ് ഇപ്പോള്‍ പറയുന്നത്.

ഗ്യാസ് പൈപ്പ്‌ലൈന്‍ വിഷയത്തില്‍ ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ശ്രമിക്കാത്തതെന്നും അന്ന് തോമസ് ഐസക് ചോദിച്ചിരുന്നു. സെന്റര്‍ ഫോര്‍ ഗ്രീന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് എന്ന എന്‍ജിഒ വഴി അതിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും എല്ലാ ജില്ലകളിലും താലൂക്കുകളിലും ഉദ്യോഗസ്ഥ, ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നുവെന്നും അന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. ഹരിതവാതകമായ ദ്രവീകൃത പ്രകൃതി വാതകം അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത ദോഷവിമുക്തമായ സമ്പത്താണെന്നും നാഫ്ത, കല്‍ക്കരി, ഫര്‍ണസ് ഓയില്‍, ഡീസല്‍, പെട്രോള്‍ എന്നിവയെക്കാള്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ ദ്രവീകൃത പ്രകൃതി വാതകം ഇതിലൂടെ ലഭിക്കുന്നുവെന്നും ഈ പദ്ധതികൊണ്ട് കേരളത്തിനുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. കൂടാതെ എല്‍എന്‍ജിയുടെ ഉപയോഗം ചെറുകിട, വന്‍കിട വ്യാപാര സ്ഥാപനങ്ങളെ മുന്‍പന്തിയിലെത്തിക്കുമെന്നും സംസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട വന്‍കിട വ്യാപാര സ്ഥാപനങ്ങളെയും അനുബന്ധ മേഖലകളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുമെന്നും രാജ്യത്തിന്റെ മറ്റ് ഗ്യാസ് പൈപ്പ്‌ലൈനുകളുമായി ബന്ധപ്പെടുത്തി വാതക ലഭ്യത ഉറപ്പുവരുത്താന്‍ സഹായിക്കുമെന്നും എല്‍എന്‍ജി ഉപയോഗിച്ച് പവര്‍പ്ലാന്റ് സ്ഥാപിക്കുവന്നതു വഴി രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യത ഉറപ്പുവരുത്താനും സഹായിക്കുമെന്നുമെല്ലാ ഗുണങ്ങളും ഈ മറുപടിക്കൊപ്പം കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നുണ്ട്. ഈ പദ്ധതിയുടെ ഗുണങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്ന വ്യക്തികളില്‍ ഒരാളാണ് കുഞ്ഞാലിക്കുട്ടിയെന്ന് വ്യക്തം.

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ ; നിയമം പറയുന്ന അധികാരികളും ആശങ്കകള്‍ അടങ്ങാത്ത ജനങ്ങളും

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിക്കെതിരെ ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ എന്തുകൊണ്ട് അന്ന് ഇതേ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന ചോദ്യത്തിന് കൂടി കുഞ്ഞാലിക്കുട്ടി മറുപടി പറയേണ്ടിവരും. ഗെയ്ല്‍ സമരക്കാര്‍ക്കെതിരെ പോലീസ് നടത്തിയ നരനായാട്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതി സ്ഥാനത്ത് ആക്കിയിരിക്കുകയാണ്. എന്നാല്‍ പദ്ധതി അനാവശ്യ പ്രചരണങ്ങള്‍ മൂലം തടസ്സപ്പെട്ടിരിക്കുകയാണെന്ന് 2014 ജനുവരി സഭയില്‍ നല്‍കിയ ഒരു മറുപടിയില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. സംഘടനകളുടെ തടസ്സവാദങ്ങളാണ് അന്നും അദ്ദേഹം എടുത്തു പറഞ്ഞത്. ഒരുകാലത്ത് ഇത്തരം സംഘടനകള്‍ക്കെതിരെ സംസാരിച്ച കുഞ്ഞാലിക്കുട്ടിയും മറ്റ് യുഡിഎഫ് നേതാക്കളും ഇന്ന് അതിന് വിരുദ്ധമായ ഒരു നിലപാടെടുക്കുമ്പോള്‍ ഇവരുടെ രാഷ്ട്രീയം ആര്‍ക്കൊപ്പമാണെന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്.

ഗെയ്ല്‍ പൈപ്പ് ലൈന്‍; അസത്യങ്ങള്‍ പ്രചരിപ്പിച്ച് ഈ പദ്ധതി കുഴിച്ചു മൂടരുത്‌

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍