UPDATES

ട്രെന്‍ഡിങ്ങ്

അങ്ങനെ അതും കണ്ടുപിടിച്ചു: തെങ്ങിന്റെ ജനിതകരഹസ്യം

തെങ്ങിന്റെ ഉയരം, തേങ്ങയുടെ നിറം, തെങ്ങിന് ഉണ്ടാകാവുന്ന രോഗങ്ങള്‍, വെളിച്ചെണ്ണയുടെ അളവും ഗുണവും തുടങ്ങിയ അടിസ്ഥാനഘടകങ്ങള്‍ നിര്‍ണയിക്കുന്ന മിക്ക ജീനുകളും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു.

കേരളത്തിന്റെ കാര്‍ഷിക രംഗത്തിന് വലിയ കുതിപ്പുണ്ടാക്കുന്ന ഒരു രഹസ്യം കണ്ടെത്തിയതായി ഇന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സ്വന്തം പേര് തന്നെ തെങ്ങില്‍ നിന്ന് കിട്ടിയ കേരളത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നത് തെങ്ങിന്റെ ജനിതക രഹസ്യമാണ്. തേങ്ങ അല്ലെങ്കില്‍ നാളികേരം പ്രധാന കാര്‍ഷികവിളകളിലൊന്നായ കേരളത്തെ സംബന്ധിച്ച് വലിയ സാധ്യതകള്‍ക്ക് വഴിതുറക്കുന്നതാണ് ഈ കണ്ടുപിടിത്തം. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും ന്യൂഡല്‍ഹി ദേശീയ തോട്ടവിള, ജനിതക സാങ്കേതികവിദ്യാ ഗവേഷേണ കേന്ദ്രത്തിലെയും ശാസ്ത്രജ്ഞരാണ് തെങ്ങിന്‍റെ ജനിതകഘടന കണ്ടെത്തിയിരിക്കുന്നത്.

ജീവികളിലെ പാരമ്പര്യസ്വഭാവങ്ങളെ വഹിക്കുന്ന അടിസ്ഥാന തന്മാത്രകളാണ് ജീനുകള്‍. ഇവ പാരമ്പര്യസ്വഭാവങ്ങളെ നിയന്ത്രിക്കുകയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. കോശത്തിലെ ഡിഎന്‍എയുടെ ഭാഗങ്ങളാണ് ഇവ. ഓരോ ജീനും ഉണ്ടാക്കുന്ന പ്രോട്ടീനുകളാണ് ജീവിക്ക് പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നത്. ജീനുകള്‍ മുറിച്ചുമാറ്റുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുകവഴി ജീവികളില്‍ മാറ്റങ്ങളുണ്ടാക്കാം. ജീവിയുടെ ജനിതകഘടന കണ്ടെത്തുന്നതിലൂടെ ഏതൊക്കെ ജീനുകളാണുള്ളത്, ഏത് ജീന്‍, ഏത് തരം പ്രോട്ടീനുകളാണ് ഉണ്ടാക്കുന്നത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നു. തെങ്ങിന്‍റെ ഉയരം, തേങ്ങയുടെ നിറം, തെങ്ങിന് ഉണ്ടാകാവുന്ന രോഗങ്ങള്‍, വെളിച്ചെണ്ണയുടെ അളവും ഗുണവും തുടങ്ങിയ അടിസ്ഥാനഘടകങ്ങള്‍ നിര്‍ണയിക്കുന്ന മിക്ക ജീനുകളും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഡയറക്ടര്‍ ഡോ.പി.ചൗഡപ്പയടക്കം രണ്ട് ശാസ്ത്രജ്ഞരാണ്  ഗവേഷണത്തില്‍ പങ്കെടുത്തത്.

‘പത്തൊന്‍പത് പട്ടത്തെങ്ങ്’ എന്നറിയപ്പെടുന്ന ‘ചാവക്കാട് പച്ചക്കുള്ളന്‍’ തെങ്ങിലാണ് പരീക്ഷണം നടത്തിയത്. പല കോശങ്ങളെടുത്ത് ഓരോരുത്തര്‍ ഓരോ ജീനുകളെ മനസിലാക്കി ഒന്നിപ്പിക്കുകയായിരുന്നു. തെങ്ങിന്‍റെ ഒരു കോശത്തില്‍ 25,000 മുതല്‍ 30,000 വരെ ജീനുകളുണ്ട്. മനുഷ്യന് 20,000 മുതല്‍ 25,000 വരെ ജീനുകളാണുള്ളത്. ഒരു വര്‍ഷത്തിനകം ഗവേഷണഫലങ്ങള്‍ കൃഷിയിടത്തില്‍ പരീക്ഷിക്കുകയാണ് ലക്ഷ്യം. അടുത്ത മാസത്തോടെ അന്താരാഷ്ട്ര ജേണലിലും പ്രസിദ്ധപ്പെടുത്തും. ഇന്‍ഡൊനേഷ്യ, ചൈന, ഫിലിപ്പീന്‍സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും തെങ്ങിന്റെ ജനിതകഘടന കണ്ടെത്താനുള്ള ഗവേഷണത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഈ ഗവേഷണങ്ങളുടെ ഫലം പുറത്തുവിട്ടിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച്, പ്രത്യേകിച്ച് കേരളമടക്കം തെങ്ങ് കൃഷിക്ക് പ്രാധാന്യമുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ച് വലിയ നേട്ടമാണിത്.

തെങ്ങിന്‍റെ ജനിതക ഘടന കണ്ടെത്തുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങള്‍:

* ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാം

* മനുഷ്യന്റെ ജനിതകഘടന കണ്ടെത്തിയത് രോഗപ്രതിരോധത്തിലും മരുന്നുഗവേഷണത്തിലും സാധ്യതകള്‍ തുറന്നതുപോലെ
തെങ്ങുകളുടെ കാര്യത്തിലും രോഗപ്രതിരോധ സാദ്ധ്യതകള്‍

* തൈകളെ അവയുടെ സ്വഭാവം നോക്കി ഉയരം കുറഞ്ഞത്, കൂടിയത്, കൂടുതല്‍ എണ്ണയുള്ള തേങ്ങ കായ്ക്കുന്നത്, പച്ച, മഞ്ഞ
നിറമുള്ള തേങ്ങകളുള്ളത്, രോഗം വരാവുന്നത് എന്നിങ്ങനെ തരംതിരിക്കാം. അങ്ങനെ ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ള
ഇനത്തിന്റെ തൈ തിരഞ്ഞെടുത്ത് നടാനും രോഗസാധ്യതയുള്ളത് ഒഴിവാക്കാനും സാധിക്കും.

* എണ്ണപ്പനയുടെ ജനിതകഘടന, മലേഷ്യ നാല് വര്‍ഷം മുമ്പ് കണ്ടെത്തിയിരുന്നു. അതിനുശേഷം കൂടുതല്‍ എണ്ണ കിട്ടുന്ന
തൈകള്‍ മാത്രം വളര്‍ത്തുകയും ശേഷി കുറഞ്ഞവ ഒഴിവാക്കുകയും ചെയ്തു. ഇതുവഴി വലിയ സാമ്പത്തികനേട്ടമുണ്ടായി.
കേരളത്തിനും ഈ പാത പിന്തുടരാവുന്നതാണ്.

* ജനിതകഘടന കണ്ടുപിടിച്ചതോടെ സങ്കരയിനം തൈകളുടെ ഉല്‍പ്പാദനത്തിന് ഇനി ചുരുങ്ങിയ കാലം മതിയാകും. നിലവില്‍
14 വര്‍ഷമെടുക്കുന്നുണ്ട്.

* കൃത്രിമ പരാഗണം വഴി ഉല്‍പ്പാദിപ്പിച്ച തേങ്ങയില്‍ നിന്ന് തൈയുണ്ടാക്കി അത് വലുതാകുമ്പോള്‍ ഫലമെടുത്ത് വിശകലനം
ചെയ്യുകയായിരുന്നു ഇത്രയും കാലം ചെയ്തുകൊണ്ടിരുന്നത്. ഇനി തൈ ആയിരിക്കുമ്പോള്‍ തന്നെ തെങ്ങിന്‍റെ ഗുണം
കൃത്യമായി അറിയാം.

* ഇന്ത്യയിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളിലായി 454 ഇനം തെങ്ങുകളുടെ വിത്തുശേഖരമുണ്ട്. പല ഗുണങ്ങളുള്ള ഇവയുടെ
സങ്കരയിനങ്ങള്‍ ഇനി വേഗത്തില്‍ പരീക്ഷിക്കാന്‍ കഴിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍