UPDATES

ഇന്ത്യ

ജോര്‍ജ് – ദ ജയന്റ് കില്ലര്‍: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് അട്ടിമറികളിലൊന്നിനെക്കുറിച്ച്

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അധികമാരും യാതൊരു സാധ്യതയും കല്‍പ്പിക്കാതിരുന്ന കാര്യമാണ് സംഭവിച്ചത്.

ബോംബെയില്‍ കോണ്‍ഗ്രസിന്റെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു എസ്‌കെ പാട്ടീല്‍ എന്ന സദാശിവ് കനോജി പാട്ടീല്‍. പിന്നീട് സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ് എന്നറിയപ്പെട്ട ഇന്ദിരാവിരുദ്ധ സംഘടനാ കോണ്‍ഗ്രസിന്റെ നേതാവായി മാറി പാട്ടീല്‍. ദേശീയ തലത്തില്‍ നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങളുടേയും സോവിയേറ്റ് ചേരിയോടുള്ള മൃദു സ്മീപനത്തിന്റേയും വിമര്‍ശകന്‍. അതേസമയം അമേരിക്കന്‍ ലോബിയുടെ പ്രധാനിയായി അറിയപ്പെട്ടിരുന്ന എസ്‌കെ പാട്ടീല്‍ പാര്‍ട്ടിയുടെ പ്രമുഖ ഫണ്ട് റൈസര്‍ കൂടിയായിരുന്നു. ‘സദോബ പാട്ടീല്‍’ എന്നും അറിയപ്പെട്ടിരുന്ന എസ്‌കെ പാട്ടീല്‍ ആണ് ബോംബെ സൗത്തില്‍ നിന്ന് ആദ്യ മൂന്ന് ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ (1952, 57, 62) വിജയിച്ചത്. ഇത്തരത്തില്‍ കരുത്തനായ എസ് കെ പാട്ടീലിനെതിരെ 1967ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മാംഗ്ലൂര്‍ (മംഗളൂരു) സ്വദേശിയായ ഒരു 37കാരനെയാണ് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ് എസ് പി) സ്ഥാനാര്‍ത്ഥിയാക്കിയത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അധികമാരും യാതൊരു സാധ്യതയും കല്‍പ്പിക്കാതിരുന്ന കാര്യമാണ് സംഭവിച്ചത്.

ബോംബെയിലെ തൊഴിലാളികള്‍ക്കിടയില്‍ അറിയപ്പെട്ട് കഴിഞ്ഞിരുന്ന ട്രേഡ് യൂണിയന്‍ നേതാവായി മാറിക്കഴിഞ്ഞിരുന്നെങ്കിലും എസ്‌കെ പാട്ടീലിന് മുന്നില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ആരുമായിരുന്നില്ല. എന്നാല്‍ തീപ്പൊരി പ്രസംഗങ്ങളിലൂടെയും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയനായ ജോര്‍ജ് ഫെര്‍ണാണ്ടസ് മണ്ഡലത്തിലുടനീളം ഓടിനടന്ന് അതിശക്തമായ പ്രചാരണം നടത്തി. എസ്‌കെ പാട്ടീല്‍ വീണു. 29,434 വോട്ടിന് ജോര്‍ജ് ഫെര്‍ണാണ്ടസ് വിജയിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 48.5 ശതമാനം വോട്ടും നേടി. എസ് കെ പാട്ടീലിന് 38.85 ശതമാനം വോട്ട്. പിറ്റേ ദിവസത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രം ഒന്നാം പേജില്‍ ഇങ്ങനെ തലക്കെട്ട് നല്‍കി – ‘ജോര്‍ജ് ദ ജയന്റ് കില്ലര്‍’ (George the Giant Killer).

ഒരുപക്ഷെ 1969ല്‍ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള ചേരിയും കാമരാജിന്റേയും നിജലിംഗപ്പയുടേയും എസ്‌കെ പാട്ടീലിന്റേയും നേതൃത്വത്തിലുള്ള മറുചേരിയുമായി കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പിളരാനിടയാക്കിയ പൊട്ടിത്തെറിയിലേയ്ക്ക് നയിച്ച സാഹചര്യങ്ങള്‍ 67ലേ രൂപപ്പെട്ട് തുടങ്ങിയതും ജോര്‍ജിന്റെ ഈ വന്‍ അട്ടിമറിയില്‍ ഘടകമായിരുന്നിരിക്കാം. അതേസമയം ബോംബെയിലെ തൊഴിലാളികള്‍ക്കിടയില്‍ അവഗണിക്കാനാവാത്ത നേതാവായി ജോര്‍ജ് ഇതിനോടകം വളര്‍ന്നിരുന്നു എന്നത് വസ്തുതയാണ്. നേരത്തെ ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേയ്ക്ക് ജോര്‍ജ് ഫെര്‍ണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മാത്രമല്ല, 67ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് വളരെയധികം സീറ്റുകള്‍ കുറയുകയും ലോക്‌സഭ തിര്‌ഞ്ഞെടുപ്പിനൊപ്പം തന്നെ കേരളവും പശ്ചിമ ബംഗാളും തമിഴ്‌നാടുമടക്കം (മദ്രാസ്) വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്ത പൊതുതിരഞ്ഞെടുപ്പുമാണ് നാലാം ലോക്‌സഭ തിരഞ്ഞെടുപ്പ്. ഏതായാലും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലെ എക്കാലത്തേയും വലിയ രാഷ്ട്രീയ അട്ടിമറികളിലൊന്നായി ഇത് മാറി. പിന്നീട് അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിലടക്കം സജീവമായി, കേന്ദ്ര മന്ത്രിയായി മൂന്നര പതിറ്റാണ്ടിലധികം ജോര്‍ജ് ഫെര്‍ണാണ്ടസ് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു. എസ്‌കെ പാട്ടീല്‍ അധികം വൈകാതെ സജീവരാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി.

“ബോംബ് വയ്ക്കുന്നത് നിങ്ങള്‍, ഫാഷിസ്റ്റ് എന്ന് വിളിക്കുന്നത് എന്നെ, ഇതെങ്ങനെ ശരിയാകും?” ബാല്‍ താക്കറെ ജോര്‍ജിനോട് ചോദിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍