UPDATES

ട്രെന്‍ഡിങ്ങ്

മുജാഹിദ് സ്‌നേഹ സംവാദം സംഘപരിവാറിന് ആളെ കൂട്ടാനോ?

ഇത്രയും ധ്രൂവികൃതമായ ഒരു സാമൂഹ്യസാഹചര്യത്തില്‍ മുസ്ലിം സംഘടനകള്‍ ഹിന്ദുത്വക്ക് ആളെകൂട്ടാനുളള പ്രവര്‍ത്തികള്‍ നടത്തുന്നത് മുസ്ലിംകളുടെ പൊതുതാല്‍പര്യത്തിന് ഏതായാലും സഹായകരമല്ല.

നിരന്തരം പിളര്‍ന്നുകൊണ്ടിരിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിലെ ഒരു ചെറു വിഭാഗമായ വിസ്ഡം ഗ്രൂപ്പിനെതിരായ ആക്രമവും അവരെ അറസറ്റ് ചെയ്തതും തീര്‍ച്ചയായും അപലപനീയമാണ്. കേരളത്തിലെ ക്രമസമാധാനസംവിധാനത്തില്‍ സംഘിമനോഭാവമുളളവര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് ഇത് കാണിക്കുന്നത്. അവര്‍ ഹൈന്ദവഭവനങ്ങള്‍ സന്ദര്‍ശിച്ചത് ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ ആണെങ്കില്‍ പോലും അത് ഇന്ത്യന്‍ ഭരണഘടനയും നിയമവും അനുസരിച്ച് ഒരപരാധമല്ല. പൗരന്/പൗരക്ക് ഇഷ്ടമുളള ആശയം, മതം, കാഴ്ച പ്പാട് എന്നിവ പ്രചരിപ്പിക്കാനുളള അവകാശമുളള റിപ്പബ്ലിക്കാണ് നമ്മുടേത്.

അപ്രസന്നമായ ചില തോന്നലുകള്‍ ഞാനിവിടെ പങ്ക് വെയ്ക്കാനാഗ്രഹിക്കുന്നു. നിയമപരപമായി സാധുവായ എല്ലാ കാര്യങ്ങളും എല്ലായ്‌പ്പോഴും സാമൂഹ്യമായി ഉചിതമോ ആശാസ്യമോ ആയിക്കൊളളണമെന്നില്ല.ഐസിസ് ഇസ്ലാമല്ലെന്ന് പറയാനായിട്ടാണ് വിസ്ഡം പ്രവര്‍ത്തകര്‍ ഹിന്ദു ഭവനങ്ങളില്‍ പോയതെന്ന വാദം അംഗീകരിക്കാന്‍ എനിക്കാവുന്നില്ല. ഐസിസിനെതിരായ പ്രാചാരണമായിരുന്നു ലക്ഷ്യമെങ്കില്‍ അവര്‍ പോകേണ്ടിരുന്നത് മുസ്ലിം വീടുകളിലായിരുന്നു. ഹിന്ദുക്കള്‍ ഐസിസിനോട് അനുഭാവം പുലര്‍ത്തുമെന്ന് നമ്മുക്കേതായാലും ഭയമില്ലല്ലോ. അവര്‍ വിതരണം ചെയ്ത ലഘുലേഖകള്‍ ഞാന്‍ ഓടിച്ചുനോക്കി. പൊതുവെ മതപ്രചാരണങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന ആശയങ്ങളും വാദങ്ങളും എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ചില കാര്യങ്ങളുമായി മിശ്രണം ചെയ്ത ഉളളടക്കമാണ് അവയിലുളളത്. അവയില്‍ ചില സംഗതികള്‍ ബഹുദൈവ വിശ്വാസം പുലര്‍ത്തുന്നവരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്ന വ്യാഖ്യാനത്തിന് ഇടം നല്‍കുന്നവയാണ്.

ദേശീയോദ്ഗ്രഥനത്തിന്റേയോ ഐസിസ് വിരുദ്ധതയുടേയോ പേരില്‍ അവര്‍ സുവിശേഷ പ്രചാരണം നടത്തുകയായിരുന്നുവെന്ന കരുതാന്‍ ന്യായങ്ങളേറെയുണ്ട്. മറ്റുളളവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിന് മുസ്ലിം സമുദായത്തിലെ ആന്തര പരിഷ്കരണത്തിന് പ്രാധാന്യം കൊടുക്കുന്ന പല വിഭാഗങ്ങളും ഇന്ന് സജീവമായി രംഗത്തുണ്ട്. എന്നാലും മതപ്രചാരണം തെറ്റെന്ന് ഞാനൊരിക്കലും കരുതുന്നില്ല. (ഒരു വിശ്വാസത്തില്‍ നിന്നും മറ്റൊരു വിശ്വാസത്തിലേക്ക് മാറുന്നതും തെറ്റെന്നു കരുതന്നില്ല.) മതപ്രബോധനം എന്ന പേരില്‍ ഇന്നരങ്ങേറുന്ന പല നാടകങ്ങളും ഹിന്ദുത്വ ശക്തികള്‍ക്ക് തങ്ങളെ ആക്രമിക്കാനായി അവര്‍ താലത്തില്‍ വെച്ച് നല്‍കുന്ന ആയുധങ്ങളാണ്.

ഒളിഞ്ഞും മറഞ്ഞുമുളള മതപരിവര്‍ത്തന ലക്ഷ്യം കൂടാതെ ഹിന്ദുഭവനങ്ങളിലേക്ക് സന്ദര്‍ശനം നടത്താന്‍ ഞാന്‍ മുസ്ലിം സംഘടനകളെ ക്ഷണിക്കുകയാണ്. എന്നിട്ട് ഞങ്ങള്‍ നിങ്ങളെ കാണാന്‍ വന്നത് സൗഹൃദത്തിന്റേയും മൈത്രിയുടേയും കൈകള്‍ നീട്ടാനാണെന്നും ഹിന്ദുക്കുളും മുസ്ലിംകളും സ്‌നേഹത്തോടെ ജീവിച്ച ഒരു പൈതൃകം നമുക്കുണ്ടെന്നും ഹിന്ദു മുസ്ലിം ഐക്യം നല്ലൊരിന്ത്യയെ കെട്ടിപ്പടുക്കാന്‍ അനിവാര്യമാണെന്നും അവര്‍ പറയട്ടെ. (സ്വന്തം മതത്തിന്റെ സത്യതയും മേല്‍ക്കോയ്മയും തെളിയിക്കാന്‍ വേണ്ടി മുന്നോട്ടവെയ്ക്കുന്ന വാദങ്ങള്‍ തെറ്റിദ്ധാരണ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക) സന്ദര്‍ശനത്തിനു പോകുമ്പോള്‍ സ്ത്രീകളെ കൂടെക്കൂട്ടുന്നത് നല്ലതായിരിക്കും. സാഹോദ്യര്യത്തിന്റേയും സ്‌നേഹത്തിന്റേയും സംഭാഷണം സാധ്യമാക്കുക. (ഇന്ന് നടക്കുന്നപോലയുളള ‘സ്‌നേഹസംവാദ’മല്ല)

അങ്ങനെയെങ്കില്‍ എനിക്കുറപ്പുണ്ട്, നിങ്ങളെ ഇറക്കിവിടുന്നതിനുമുമ്പ്, അല്ലെങ്കില്‍ പൊലീസിനെ വിളിക്കുന്നതിനുമുമ്പ് ഒരു തീവ്രസംഘി പോലും ആയിരം തവണ ആലോചിക്കും. ഈ സാഹചര്യത്തില്‍ ഞാനിതുപറയുന്നത് ഒട്ടും ഉചിതമല്ലെന്നത് എനിക്കു നന്നായിട്ടറിയാം. പക്ഷെ ആരെങ്കിലും ഇതുപറഞ്ഞേ തീരു. ഇത്രയും ധ്രൂവീകൃതമായ ഒരു സാമൂഹ്യസാഹചര്യത്തില്‍ മുസ്ലിം സംഘടനകള്‍ ഹിന്ദുത്വക്ക് ആളെകൂട്ടാനുളള പ്രവര്‍ത്തികള്‍ നടത്തുന്നത് മുസ്ലിംകളുടെ പൊതുതാല്‍പര്യത്തിന് ഏതായാലും സഹായകരമല്ല.

 

ഷാജഹാന്‍ മാടമ്പാട്ട്

ഷാജഹാന്‍ മാടമ്പാട്ട്

എഴുത്തുകാരന്‍, കോളമിസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍