UPDATES

ട്രെന്‍ഡിങ്ങ്

ഗോരഖ്പുര്‍ ദുരന്തം: കുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിച്ച ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

ഇന്നലെ ഇദ്ദേഹത്തിനും മറ്റ് ഏഴുപേര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു

ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ നടന്ന കുട്ടികളുടെ കൂട്ടമരണത്തില്‍ ശിശുവിഭാഗം മുന്‍മേധാവി ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ഓക്‌സിജന്‍ സിലിണ്ടറുകളുടെ ദൗര്‍ലഭ്യം മൂലം കുട്ടികള്‍ മരിച്ചതിന് തൊട്ടുപിന്നാലെ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ച് കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് തന്റെ സ്വകാര്യ ആശുപത്രിയിലേക്ക് ഇദ്ദേഹം തന്നെ മെഡിക്കല്‍ കോളേജില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ കഫീല്‍ ഖാനെ ആശുപത്രിയിലെ എല്ലാ ചുമതലകളില്‍ നിന്നും നീക്കം ചെയ്തിരുന്നു. ബിആര്‍ഡി മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് മിശ്ര, അദ്ദേഹത്തിന്റെ ഭാര്യ പുര്‍ണിമ ശുക്ല എന്നിവര്‍ക്കൊപ്പം 68 രോഗികളുടെ മരണത്തിന് ഉത്തരവാദിയായെന്ന കുറ്റമാണ് കഫീല്‍ ഖാനെതിരെ ചുമത്തിയിരിക്കുന്നത്. രാജീവിനെയും പുര്‍ണിമയെയും കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റം. ദുരന്തം നടക്കുമ്പോള്‍ കഫീല്‍ ഖാനായിരുന്ന ശിശുരോഗ വിഭാഗത്തിന്റെ തലവനായിരുന്നത്. ഇന്നലെ ഇദ്ദേഹത്തിനും മറ്റ് ഏഴുപേര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമായിരുന്നു ഗോരഖ്പുര്‍ ദുരന്തത്തിന് വഴിവച്ചത്. കുടിശിക വരുത്തിയിരിക്കുന്നതിനാല്‍ വിതരണക്കമ്പനി ആശുപത്രിയിലേക്ക് ആവശ്യമായ സിലിണ്ടറുകള്‍ നല്‍കിയിരുന്നില്ല. അതേസമയം സ്വന്തം കയ്യില്‍ നിന്നും പണം നല്‍കി ആവശ്യമായ സിലിണ്ടറുകള്‍ എത്തിച്ച കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തത് വിവാദമാകുകയും ചെയ്തു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണ് ഇത്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഓഗസ്റ്റില്‍ മാത്രം 290 കുട്ടികളുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ 213 കുട്ടികള്‍ നവജാതശിശുക്കള്‍ക്കുള്ള തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയിലായിരുന്നു. ഈവര്‍ഷം ഇതുവരെ 1250 കുട്ടികള്‍ മരിച്ചെന്നാണ് കണക്കാക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍