UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രക്ഷാബന്ധന്‍ ആഘോഷം; യുപിയില്‍ സര്‍ക്കാര്‍ വക പ്രൈമറി സ്‌കൂള്‍ ഡാന്‍സ്ബാര്‍ ആക്കി

ഗ്രാമമുഖ്യന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം

രക്ഷബന്ധന്‍ ദിനം പ്രൈമറി സ്‌കൂള്‍ ഡാന്‍സ് ബാറാക്കി. ഉത്തര്‍പ്രദേശിലാണ് സംഭവം. മിസാപൂര്‍ ജില്ലയിലെ തെത്രിയ ഗ്രാമത്തിലുള്ള സര്‍ക്കാര്‍ വക പ്രൈമറി സ്‌കൂളാണ് ഡാന്‍സ് ബാറാക്കിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറല്‍ ആയിരിക്കുകയാണ്.

ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ സ്‌കൂളിന് അവധിയായിരുന്നുവെന്നും ശനിയാഴ്ച ഗ്രാമപ്രധാന്‍ വന്ന് തന്റെ കൈയില്‍ നിന്നും സ്‌കൂളിന്റെ താക്കോല്‍ വാങ്ങിക്കുകയായിരുന്നുവെന്നും പ്രധാനാധ്യാപകന്‍ പറയുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു ഡാന്‍സ് പാര്‍ട്ടി നടത്തിയത്. ഗ്രാമപ്രധാന്റെ മകന്റെ പിറന്നാള്‍ ആഘോഷവും കൂടിയായിരുന്നു അന്നു നടന്നതെന്നു പറയുന്നു. ഇങ്ങനെയൊരു പാര്‍ട്ടി നടന്നതെന്ന് അധ്യാപകര്‍ അറിയുന്നത് ചൊവ്വാഴ്ച സ്‌കൂളില്‍ എത്തുമ്പോഴാണ്. ഒഴിഞ്ഞ മദ്യക്കുപ്പികളടക്കം തലേന്നത്തെ ആഘോഷത്തിന്റെ അവശിഷ്ടങ്ങളെല്ലാം തന്നെ സ്‌കൂളില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു കുട്ടികളും അധ്യാപകരും ചേര്‍ന്ന് വൃത്തിയാക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ സ്‌കൂളില്‍ ബഞ്ചും ഡസ്‌കുകളും കൂട്ടിയിട്ട് താത്കാലികമായി ഉണ്ടാക്കിയ സ്‌റ്റേജില്‍ സ്ത്രീകള്‍ ഡാന്‍സ് ചെയ്യുന്നതു കാണാം.

സംഭവവുമായി ബന്ധപ്പെട്ട് ബേസിക് ശിക്ഷ അധികാരി(ബിഎസ്എ)യില്‍ നിന്നും പ്രാദേശിക ഭരണകൂടം റിപ്പോര്‍ട്ട് ആവിശ്യപ്പെട്ടിട്ടുണ്ടെങ്കിലും സംഘാടകരില്‍ ആര്‍ക്കുമെതിരേ തന്നെ ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല.

ഞങ്ങള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട് വിശദമായ റിപ്പോര്‍ട്ട് ജില്ല മജിസ്‌ട്രേറ്റിനു സമര്‍പ്പിക്കുമെന്ന് ബിഎസ്എ പ്രവീണ്‍ തിവാരി ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. സംഭവം ഞെട്ടിപ്പിക്കുന്നതാണെങ്കിലും സ്‌കൂള്‍ അധികൃതര്‍ക്കോ അധ്യാപികര്‍ക്കോ ഇതില്‍ പങ്കില്ലെന്നും ബിഎസ്എ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍