UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യയുടെ യാത്രാ ചെലവ്: ‘മന്ത്രിമാർക്ക് പോലുമില്ലാത്ത ആനുകൂല്യം നൽകാനാവില്ല’ പിഎസ്‌സി ചെയര്‍മാനെ തള്ളി പൊതുഭരണ വകുപ്പ്

മറ്റ് സംസ്ഥാനങ്ങളിലെല്ലാം ചെയര്‍മാന് ഒപ്പം സഞ്ചരിക്കുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ ആണ് വഹിക്കുന്നത്. കേരളവും ഇത് മാതൃകയാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കാന്‍ തനിക്കൊപ്പം വരുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന പി എസ് സി ചെയര്‍മാന്റെ എം കെ സക്കീറിന്റെ ആവശ്യം സർക്കാർ തള്ളി. മന്ത്രിമാര്‍ക്കില്ലാത്ത സൗകര്യം പിഎസ്‌സി ചെയര്‍മാനു നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ വകുപ്പിന്റെ നടപടി. ഇക്കാര്യം വകുപ്പ് രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രില്‍ 30 നാണ് ഔദ്യോഗിക യാത്രകളില്‍ ഉൾപ്പെടെ കുടെ വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ ആവശ്യം ഉന്നയിച്ചത്. ‌‌‌ഇക്കാര്യം പി എസ് സി സെക്രട്ടറി സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു ഇതിന്റെ തെളിവുകളും മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. സംഭവം വിവാദമായതിന് പിറകെയാണ് പൊതുഭരണ വകുപ്പ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും ഇല്ലാത്ത അവകാശം പിഎസ്‌സി ചെയര്‍മാനു മാത്രം അനുവദിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് പൊതുഭരണ വകുപ്പിന്റെ നിലപാട്.

മറ്റ് സംസ്ഥാനങ്ങളിലെല്ലാം ചെയര്‍മാന് ഒപ്പം സഞ്ചരിക്കുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ ആണ് വഹിക്കുന്നത്. കേരളവും ഇത് മാതൃകയാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിന് തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്.

പി എസ് സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാതെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്. സ്വയംഭരണ സ്ഥാപനമായതുകൊണ്ടാണ് പ്രത്യേക ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പി എസ് സി ചെയര്‍മാന്റെ ഭാര്യയുടെ ചെലവു കൂടി സര്‍ക്കാര്‍ ചെലവായി വഹിക്കാന്‍ പി എസ് സി മാത്രം തീരുമാനിച്ചാല്‍ മതി. എന്നാൽ ഈ സാഹര്യത്തെ തടയുന്നതാണ് പൊതുഭരണ വകുപ്പിന്റെ നിലപാട്. അതിനിടെ ചട്ടം ലംഘിച്ച് പിഎസ് സി ചെയർമാൻ എം.കെ. സക്കീര്‍ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

Also Read- തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍