UPDATES

ട്രെന്‍ഡിങ്ങ്

ഒരു മന്ത്രി ഇങ്ങനെ മണ്ടത്തരം പറയാമോ? കടകംപള്ളിയുടെ പ്രസ്താവന വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ കള്ളക്കളി

ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സംഘത്തിന്റെ തീരുമാനം നടപ്പാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ അത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് നിരീക്ഷണ സംഘം

മനിതി സംഘടനയിലെ 11 അംഗ സംഘം ശബരിമലയില്‍ ദര്‍ശനം നടത്താനായി പമ്പയില്‍ എത്തിയിരിക്കുകയാണ്. മുന്‍കൂട്ടി പ്രഖ്യാപിച്ച ഈ ദര്‍ശനം ഇന്നലെ മുതല്‍ ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നിരുന്നാലും പമ്പ വരെ എത്തിച്ചേരാന്‍ ഇവര്‍ക്ക് സാധിക്കുകയും പമ്പ ഗണപതി ക്ഷേത്രത്തില്‍ കെട്ടുനിറയ്ക്കാനായി എത്തിച്ചേരുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് കെട്ടുനിറച്ച് നല്‍കാനാകില്ലെന്ന് അവിടുത്തെ പൂജാരിമാര്‍ നിലപാടെടുത്തതോടെ ഇവരുടെ ശബരിമല ദര്‍ശനം സംശയത്തിലായിരിക്കുകയാണ്. അതേസമയം ശബരിമലയിലെ ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതിയുടെ തീരുമാനം നടപ്പാക്കുമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാവിലെ തന്നെ വ്യക്തമാക്കിയത്. ഇത് ഒരു കയ്യൊഴിയലാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.

ഇന്ന് ശബരിമലയിലെത്തുമെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് മനിതി സംഘം നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നതാണ്. ഇതനുസരിച്ച് സുരക്ഷ ഒരുക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്ര നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ തീരുമാനമെടുക്കേണ്ടത് മൂന്നംഗ നിരീക്ഷക സമിതിയാണെന്ന അബദ്ധ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയത്. ഈ നിരീക്ഷക സമിതിയുടെ ചുമതല ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തലാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഹൈക്കോടതി ഡിജിപി എ ഹേമചന്ദ്രന്‍ ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിച്ചപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതുമാണ്. തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയാണ് ഇവരുടെ ചുമതലയെന്ന് മന്ത്രി കടകംപള്ളിയ്ക്കും വ്യക്തമായി അറിയാം. പിന്നെന്തിനാണ് മനിതി സംഘത്തിന്റെ വരവിന്റെ ഉത്തരവാദിത്വം അദ്ദേഹം നിരീക്ഷക സമിതിയുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നത്? മൂന്നംഗ നിരീക്ഷണ സമിതി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടും ഇതുതന്നെയാണ്. തങ്ങളുടെ ഉത്തരവാദിത്വം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കലല്ല എന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പായേ കണക്കാക്കാനാകൂ. സംഘത്തിന് നേതൃത്വം നല്‍കുന്ന ഷെല്‍വിയും സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെക്കുറിച്ചാണ് ചൂണ്ടിക്കാട്ടിയത്.

ശബരിമല LIVE: പ്രാണരക്ഷാര്‍ത്ഥം ഗാര്‍ഡ് റൂമില്‍ ഓടികയറിയ യുവതികളെ പോലീസ് വാഹനത്തില്‍ പമ്പയില്‍ നിന്ന് മടക്കി അയ്‌ച്ചേക്കും

അതേസമയം അനിയന്ത്രിതമായ തിരക്കുള്ളതിനാല്‍ മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകില്ലെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ശബരിമലയില്‍ പ്രവേശിക്കാനെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കുമെന്ന് പറഞ്ഞാലും എത്തിച്ചേരുന്നവരെ നേരിടേണ്ടിവരാനിടയുള്ള അപകടങ്ങള്‍ ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കുകയാണ് പോലീസ് ഇതുവരെ ചെയ്തിട്ടുള്ളത്. മുന്‍കൂട്ടി പ്രഖ്യാപിച്ച പലരെയും വീടുകളിലെത്തി പിന്തിരിപ്പിക്കുന്ന കാഴ്ചയും കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നാം കണ്ടതാണ്. ചുരുക്കത്തില്‍ ശബരിമല യുവതീ പ്രവേശനത്തെ അംഗീകരിക്കുന്നെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോഴും അതിന് എതിര് നില്‍ക്കുന്ന നിലപാടാണ് സര്‍ക്കാരും പോലീസും സ്വീകരിക്കുന്നത്. ഇന്ന് ശബരിമലയില്‍ തങ്കഅങ്കി ഘോഷയാത്ര ആരംഭിക്കുന്ന ദിവസമാണ്. മനിതി സംഘം എത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചിട്ടും മതിയായ സുരക്ഷ പമ്പയിലും സന്നിധാനത്തുമില്ല. കനത്ത പോലീസ് സന്നാഹം ആവശ്യമുള്ള ഈ ദിവസം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് പോലീസുകാര്‍ എണ്ണത്തില്‍ കുറവുമായിരുന്നു. സംഘവുമായി ഇടപെടുന്നതും സംസാരിക്കുന്നതും സുരക്ഷ ഒരുക്കാന്‍ എത്തിയിരിക്കുന്നതും താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്. ഉന്നത ഉദ്യോഗസ്ഥരാരും ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്നതും സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് തെളിവാണ്. ഇതിനിടയില്‍ പോലീസ് ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ തങ്ങള്‍ മടങ്ങിപ്പോകാമെന്ന് മനിതി സംഘം അറിയിച്ചിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ ഇരട്ടത്താപ്പിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് ശെല്‍വി അറിയിച്ചിരിക്കുന്നത്. ഇവര്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരും പോലീസും പ്രതിരോധത്തിലാകുമെന്ന് ഉറപ്പാണ്.

തുടക്കം മറീന ബീച്ചിൽ: ആരാണ് ശബരിമലയിൽ എത്തിയ ‘മനീതി കൂട്ടായ്മ’

കേരള സര്‍ക്കാരിന് മനിതി പ്രവര്‍ത്തകരെയും മറ്റ് സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ട്. പോലീസിന് അവരെ കൗണ്‍സിലിംഗ് നടത്താന്‍ നിയമപരമായോ ധാര്‍മ്മികമായോ യാതൊരു ബാധ്യതയുമില്ല അതിന്റെ കാര്യവുമില്ല. പിന്നെ എന്തിന് വേണ്ടിയാണിതൊക്കെ? തെരുവില്‍ അഴിഞ്ഞാടുന്ന അക്രമിസംഘമാണോ കേരളത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്? ഒരു സ്ത്രീ എങ്കില്‍ ഒരു സ്ത്രീ അവിടെ കയറുക എന്നതിനാണ് ജനാധിപത്യ കേരളം പിന്തുണ കൊടുക്കേണ്ടത്!

ചെറുതായി കാണരുത് ശബരിമലയിലെത്തിയ മനിതി കൂട്ടായ്മയെ: ഓരോ സ്ത്രീക്കും വേണ്ടിയും പൊരുതുന്നവരാണവര്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍