UPDATES

ട്രെന്‍ഡിങ്ങ്

ചൈനയുമായുള്ള ബന്ധം വഷളാകുന്നു: ദലൈ ലാമയുടെ ചടങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ദലൈ ലാമയുടെ നാടുകടത്തലിന്റെ വാര്‍ഷികം വളരെ സെന്‍സിറ്റീവ് ആയ സമയത്താണെന്നും സര്‍ക്കാരിന്റെ പങ്കാളിത്തം ഉണ്ടാകരുതെന്നുമാണ് നിര്‍ദ്ദേശം

ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം വളരെ സങ്കീര്‍ണമായ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളും സര്‍ക്കാര്‍ സംവിധാനങ്ങളും തിബറ്റന്‍ നേതാവ് ദലൈ ലാമയുടെ ചടങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. മാര്‍ച്ച് അവസാനവും ഏപ്രിലിലുമായാണ് ദലൈ ലാമയുടെ നാടുകടത്തലിന്റെ അറുപതാം വാര്‍ഷികം ഇന്ത്യയിലെ തിബറ്റന്‍ നേതൃത്വം ആഘോഷിക്കാനിരിക്കുന്നത്. ഈ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ കുറിപ്പ് പുറത്തു വിട്ടു.

ഫെബ്രുവരി 22 മുതല്‍ പ്രാബല്യത്തില്‍ വന്ന കുറിപ്പ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹയ്ക്ക് അയച്ചിരിക്കുന്നത്. നാല് ദിവസത്തിന് ശേഷം സിന്‍ഹ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. നാടുകടത്തല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കന്നത് അഭികാമ്യമല്ലെന്നാണ് നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. തിബറ്റിന്റെ ആത്മീയാചാര്യനായ ദലൈ ലാമ അപകടകാരിയായ വിഘടനവാദിയാണെന്നും വിഭജനവാദിയാണെന്നുമാണ് ചൈന വിശേഷിപ്പിക്കുന്നത്.

സെക്രട്ടറിമാര്‍ക്കും സര്‍ക്കാര്‍ വകുപ്പുകളിലെ തലവന്മാര്‍ക്കുമായി അയച്ച കത്തില്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തടയണമെന്നാണ് സിന്‍ഹ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. ഗോഖലെയുടെ കത്ത് അടിവരയിട്ട് വിഷയത്തിന്റെ സെന്‍സിറ്റീവ് സ്വഭാവം വ്യക്തമാക്കുന്നുമുണ്ട് അദ്ദേഹം.

ബെയ്ജിംഗിലെ മുന്‍ ഇന്ത്യന്‍ അംബാസഡറാണ് ഗോഖലെ. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഇത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാന്‍ അദ്ദേഹം സിന്‍ഹയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് ന്യൂഡല്‍ഹിയിലെ ത്യാഗരാജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നന്ദി ഇന്ത്യ എന്ന പേരില്‍ വന്‍ പരിപാടി ഉള്‍പ്പെടെയാണ് ഇന്ത്യയിലെ തിബറ്റന്‍ നേതൃത്വം ആസൂത്രണം ചെയ്തിരുന്നത്. ഡല്‍ഹി കൂടാതെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

എന്നാല്‍ ഇന്ത്യ-ചൈന ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഈ കാലഘട്ടം വളരെ സെന്‍സിറ്റീവ് ആയ കാലഘട്ടമാണെന്നാണ് വിദേശകാര്യ സെക്രട്ടറി പറയുന്നത്. ആത്മീയ നേതാവെന്ന നിലയില്‍ ദലൈ ലാമയ്ക്ക് ഇന്ത്യയിലുള്ള ആദരവിനും സ്ഥാനത്തിനും യാതൊരു മാറ്റവും വരുന്നില്ല. അദ്ദേഹത്തിന് തന്റെ അനുഷ്ഠാനങ്ങളുമായി മുന്നോട്ട് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഇവിടെയുണ്ടെന്നും ഗോഖലെയുടെ കത്തില്‍ വിശദമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍